ചുഴലിക്കാറ്റും ഉരുൾപൊട്ടലും തീവ്രമഴയും ബാലുശ്ശേരിക്കാർ നേരത്തെ അറിയും; വരുന്നു പ്രാദേശിക കാലാവസ്ഥാ കേന്ദ്രം
ബ്ലോക്ക് പരിധിയില്‍ ഓരോ അഞ്ച് കിലോമീറ്ററിലും കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
കോഴിക്കോട്: പ്രകൃതിക്ഷോഭവും ദുരന്തവും മുന്‍കൂട്ടി അറിഞ്ഞ് പ്രതിരോധിക്കാന്‍ ബാലുശ്ശേരിയില്‍ പുതിയ സംവിധാനം ഒരുങ്ങുന്നു. തീവ്രമഴ, ഉരുള്‍പൊട്ടല്‍, ചുഴലിക്കാറ്റ് തുടങ്ങിയ പ്രതിഭാസങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ പ്രാദേശിക കാലാവസ്ഥാ കേന്ദ്ര ശൃംഖലക്കാണ് രൂപം നല്‍കുന്നത്. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിക്കുന്നത്.
ബ്ലോക്ക് പരിധിയില്‍ ഓരോ അഞ്ച് കിലോമീറ്ററിലും കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഈ കേന്ദ്രങ്ങളില്‍ നിന്നും എല്ലാ ദിവസവും മഴയുടെ അളവ്, അന്തരീക്ഷ ഊഷ്മാവ്, കാറ്റിന്റെ ഗതി, ആര്‍ദ്രത, അന്തരീക്ഷ മര്‍ദ്ദം എന്നീ ഘടകങ്ങള്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ക്ക് കൈമാറും. കുസാറ്റിന്റെ സഹായത്തോടെ വിവരങ്ങള്‍ വിശകലനം ചെയ്ത് ഈ കേന്ദ്രങ്ങള്‍ക്ക് പ്രത്യേകമായി കാലാവസ്ഥ മുന്നറിയിപ്പ് നല്‍കും.
മേഘവിസ്‌ഫോടനം പോലെയുള്ള പ്രതിഭാസങ്ങളുടെ ഭാഗമായി മലയോര പ്രദേശങ്ങളില്‍ അമിതമായി മഴ ലഭിച്ചാല്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഇത് മുന്‍കൂട്ടി അറിയിക്കാന്‍ സാധിക്കും. കാലാവസ്ഥക്ക് അനുയോജ്യമായ വിളകളും നടീല്‍ സമയവും വിളവെടുപ്പ് സമയവും കര്‍ഷകരെ അറിയിച്ച് കാര്‍ഷിക മേഖലക്ക് കൃത്യമായ സഹായം ലഭ്യമാക്കാനും പുതിയ പദ്ധതിയിലൂടെ സാധ്യമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം