'സിനിമാ ആസ്വാദകരുടെ അടുത്ത സുഹൃത്ത്'; അപകടത്തില്‍ മരിച്ച തിയേറ്റര്‍ ഉടമയെ കുറിച്ച് സുഹൃത്തുകള്‍
മുക്കത്ത് അഭിലാഷ് തിയേറ്റര്‍ സ്ഥാപിച്ചാണ് ജോസഫ് മേഖലയിലേക്ക് ചുവടു വച്ചത്.
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ തിയേറ്ററുകളില്‍ ആധുനിക സംവിധാനങ്ങള്‍ ആദ്യമായി കൊണ്ടുവന്ന വ്യക്തിയായിരുന്നു അപകടത്തില്‍ മരിച്ച തിയേറ്റര്‍ ഉടമ കെ.ഒ ജോസഫ് എന്ന് സുഹൃത്തുക്കള്‍. പ്രൊജക്ഷന്‍, ശബ്ദവിന്യാസം എന്നിവയില്‍ വിട്ടുവീഴ്ചക്ക് തയ്യാറാവാതിരുന്ന ജോസഫ് മലബാറിലെ സിനിമാ ആസ്വാദകരുടെ അടുത്ത സുഹൃത്തായിരുന്നു. 3ഡി 4കെ, ഡോള്‍ബി അറ്റ്‌മോസ് സിനിമകള്‍ പൂര്‍ണതയോടെ, ദൃശ്യ മികവ് ചോര്‍ന്നു പോകാതെ പ്രേക്ഷകരിലേക്കെത്തിക്കാന്‍ ജോസഫ് പുലര്‍ത്തിയ ജാഗ്രത ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.
കോഴിക്കോട് എആര്‍സി കോറണേഷന്‍ ഉള്‍പ്പെടെ എട്ടോളം സിനിമാ തിയേറ്ററുകളുടെ ഉടമയായ കെ.ഒ ജോസഫ് (75) കെട്ടിടത്തില്‍ നിന്ന് വീണാണ് മരിച്ചത്. ചങ്ങരംകുളത്തെ തന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ നിന്ന് കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. തലയടിച്ച് വീണ ജോസഫിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്.
മുക്കം കിഴുക്കാരകാട്ട് സ്വദേശിയായ ജോസഫ്, മുക്കത്ത് അഭിലാഷ് തിയേറ്റര്‍ സ്ഥാപിച്ചാണ് മേഖലയിലേക്ക് ചുവടു വച്ചത്. കോഴിക്കോട് നഗരത്തിലെ എആര്‍സി കോറണേഷന്‍ മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ കൂടാതെ റോസ്, അന്ന തുടങ്ങിയവയും ജോസഫിന്റെ ഉടമസ്ഥതയിലുള്ളത്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായിരുന്നു ജോസഫ്.
മാനനഷ്ട കേസിലെ പിഴ: ആദ്യം സമ്മതിച്ചു, പിന്നീട് കാലുമാറി; നടൻ മൻസൂർ അലി ഖാന് വീണ്ടും തിരിച്ചടി