ഹാർബറിൽ നിന്ന് മത്സ്യത്തൊഴിലാളികളുടെ വലകൾ മോഷ്ടിച്ച് വിറ്റ യുവാവ് പിടിയിലായി
രാത്രിയിൽ മത്സ്യബന്ധന ഉപകരണങ്ങൾ ഹാർബറിൽ നിന്ന് മോഷ്ടിച്ച് വിൽപ്പന നടത്തിയിരുന്നയാളാണ് അറസ്റ്റിലായത്.
മലപ്പുറം: പൊന്നാനിയിലെ മത്സ്യത്തൊഴിലാളികളുടെ വലകൾ മോഷ്ടിച്ച് വിൽപ്പന നടത്തിയ പ്രതിയെ പോലീസ് പിടികൂടി. പൊന്നാനി കോടതിപടി കുട്ടൂസാക്കാനകത്ത് സഫീൽ (24) ആണ് അറസ്റ്റിലായത്. പൊന്നാനി ഹാർബർ, കോടതിപടി ഭാഗങ്ങളിൽനിന്ന് മത്സ്യബന്ധന ഉപകരണങ്ങൾ രാത്രികാലങ്ങളിൽ മോഷ്ടിച്ച് വിൽപന നടത്തിയ യുവാവിനെയാണ് പൊന്നാനി പൊലീസ് പിടികൂടിയത്.
കോടതിപടിയിലെ തവനൂർ സ്വദേശി ഷംനാദിന്റെ കടയിൽനിന്ന് പല തവണകളായി ഏകദേശം 40,000 രൂപ വിലവരുന്ന 15 കെട്ടോളം വലകളാണ് സഫീൽ മോഷ്ടിച്ച് വിറ്റത്. ഹാർബർ കേന്ദ്രീകരിച്ച് ചില്ലറ മോഷണങ്ങൾ നടത്തിയതായി പ്രതിയെ ചോദ്യം ചെയ്തതിൽനിന്ന് പൊലീസിന് വിവരം ലഭിച്ചു. പൊന്നാനി പൊലീസ് ഇൻസ്‌പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ എസ്.ഐ ആർ.യു. അരുൺ, എ.എസ്.ഐ. മധുസൂദനൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ നാസർ, എസ്. പ്രശാന്ത് കുമാർ, ഗഫൂർ, സി.പി.ഒമാരായ പ്രഭാത്, സബിത പി. ഔസേപ്പ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം