'അങ്കിളും വാറ്റാപ്പി'യും എടുത്ത വാടക വീട്; കുലുക്കി സർബത്ത് വണ്ടിയുമായി കറക്കം, രഹസ്യം പൊളിച്ച് എക്സൈസ്
തേവക്കലിൽ വീട് വാടകക്ക് എടുത്തായിരുന്നു ചാരായം വാറ്റിയത്. വീടിന് കാവലായി വിദേശ ഇനം നായ്ക്കളുമുണ്ട്. വെറുതെ ഉണ്ടാക്കിവെക്കലല്ല. ഓർഡർ അനുസരിച്ച് അപ്പപ്പോൾ വാറ്റി നൽകുന്നതായിരുന്നു ഇവരുടെ രീതി
കൊച്ചി: ഓണം പ്രമാണിച്ച് സംസ്ഥാനമാകെ എക്സൈസിന്റെ കർശന പരിശോധന തുടരുന്നു. ഇതിൽ കുലുക്കി സർബത്തിന്റെ മറവിൽ നടന്ന ചാരായ വിൽപ്പന എക്സൈസിനെ പോലും അമ്പരിപ്പിച്ചിരിക്കുകയാണ്. ചാരായം വിൽക്കാൻ ശ്രമിച്ച രണ്ട് പേർ എറണാകുളത്താണ് പിടിയിലായത്. 20 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തിട്ടുമുണ്ട്. ഓണം സ്പെഷ്യൽ കുലുക്കി സർബത്ത് എന്നാണ് ബോർഡ്, പക്ഷേ വിറ്റത് ചാരായവും.
തേവക്കലിൽ വീട് വാടകക്ക് എടുത്തായിരുന്നു ചാരായം വാറ്റിയത്. വീടിന് കാവലായി വിദേശ ഇനം നായ്ക്കളുമുണ്ട്. വെറുതെ ഉണ്ടാക്കിവെക്കലല്ല. ഓർഡർ അനുസരിച്ച് അപ്പപ്പോൾ വാറ്റി നൽകുന്നതായിരുന്നു ഇവരുടെ രീതി. മണം പുറത്തുവരാതിരിക്കാൻ സുഗന്ധ വ്യഞ്ജനങ്ങളൊക്കെ കത്തിക്കും. വീട് വാടകക്ക് എടുത്തത് അങ്കിൾ എന്ന് വിളിപ്പേരുള്ള പൂക്കാട്ടുപുടി സ്വദേശി സന്തോഷാണ്. ഓർഡർ എടുത്തിരുന്നത് വാറ്റാപ്പി എന്ന് പേരുള്ള കൊല്ലംകുടി മുകൾ സ്വദേശി കിരൺ കുമാറും.
വാറ്റാനെത്തിയത് മട്ടാഞ്ചേരിക്കാരൻ ലൈബിൻ. ഓർഡർ നൽകിയ ആളു പറഞ്ഞ സ്ഥലത്ത കിരൺ ഓട്ടോറിക്ഷയിൽ എത്തും. പണം വാങ്ങി, പരിസരം നിരീക്ഷിച്ച് കുഴപ്പമില്ലെന്ന് ബോധ്യപ്പെട്ടാൽ സന്തോഷിന് സിഗ്നൽ നൽകും. അപ്പോൾ തൊട്ടപ്പുറത്ത് നിന്ന് നാടൻ കുലുക്കി സർബത്ത് എന്ന് ബോർഡ് വെച്ച കാറിൽ നിന്ന് ചാരായം സന്തോഷ് എത്തിക്കും. ഇതായിരുന്നു ഇവരുടെ വിൽപന രീതി. കഴിഞ്ഞയാഴ്ച അങ്ങാടി മരുന്നിന്റെ മറവിൽ വ്യാജമ ദ്യം വിറ്റ മൂന്നംഗസംഘം എക്സെൈസ് പിടിയിലായിരുന്നു.
ഇതിന്റെ തുടരന്വേഷണത്തിലാണ് കുലുക്കി സർബത്തിന്റെ മറവിൽ ചാരായം വിൽക്കുന്ന കാര്യം അറിഞ്ഞതും അന്വേഷണം തുടങ്ങിയതും. ഒടുവിൽ വിൽപനക്കെത്തിയ രണ്ട് പേരെയും എക്സൈസ് ഉദ്യോഗസ്ഥർ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. എക്സൈസിന്റെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുത്ത സംയുക്ത നടപടിയായിരുന്നു. തുടർന്ന് തേവക്കലിലെ വീട്ടിൽ വിശദമായ റെയ്ഡ് നടത്തി. 20 ലിറ്റർ ചാരായം, 950 ലിറ്റർ വാഷ്, വാറ്റുപകരണങ്ങൾ തുടങ്ങിയവയെല്ലാം പിടിച്ചെടുത്തു. വീടനകത്തും പുറത്തുമായി മൂന്ന് വിദേശ ഇനം നായകളെ അഴിച്ച് വിട്ടിരുന്നതിനാൽ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് എക്സൈസ് സംഘത്തിന് വീട്ടിൽ കയറിയത്. ഓണത്തോടനുബന്ധിച്ചുള്ള പ്രത്യേക പരിശോധനകൾ ശക്തമായി തുടരുമെന്ന് എക്സൈസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം