റോഡ് പണിക്കായി പൈപ്പുകള്‍ നീക്കി, കുടിക്കാൻ ഒരു തുള്ളി വെള്ളമില്ല; അനാസ്ഥയിൽ ദുരിതത്തിലായി പാണഞ്ചേരി നിവാസികൾ

മലയോര ഹൈവേ നിര്‍മാണം ആരംഭിച്ചു മാസങ്ങള്‍ പിന്നിട്ടിട്ടും വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കാന്‍ അധികൃതര്‍ തയാറാകാതിരുന്നതാണ് ഇപ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം. 

water pipe removed for highway construction drinking water crisis in thrissur pananchery

തൃശൂര്‍: മലയോര ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായി കുടിവെള്ള പൈപ്പുകള്‍ നീക്കം ചെയ്തതോടെ പഞ്ചായത്തിന്റെ പലഭാഗത്തും കുടിവെള്ളം കിട്ടാതായി. കണ്ണാറ ഹണി പാര്‍ക്ക് റോഡ് വഴി ചീനിക്കടവ് ഭാഗത്തേക്കും പള്ളിക്കണ്ടം മുതല്‍ ഇടപ്പലം വരെയുള്ള ഭാഗത്തുമാണ് ഇപ്പോള്‍ കുടിവെള്ളം കിട്ടാതെ ദിവസങ്ങളായി ജനങ്ങള്‍ വലയുന്നത്. മലയോര ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായി കേന്ദ്രപ്പടിയിലും പള്ളിക്കണ്ടത്തുമാണ് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനുകള്‍ മുറിച്ച് നീക്കം ചെയ്തത്. 

കണ്ണാറ സെന്റര്‍ വരെ പുതിയ പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിച്ചെങ്കിലും തുടര്‍ന്നുള്ള പണികള്‍ നിര്‍ത്തിവക്കുകയായിരുന്നു എന്ന് പ്രദേശവാസികള്‍ പറഞ്ഞു. എന്നാല്‍ മലയോര ഹൈവേ നിര്‍മാണം ആരംഭിച്ചു മാസങ്ങള്‍ പിന്നിട്ടിട്ടും വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കാന്‍ അധികൃതര്‍ തയാറാകാതിരുന്നതാണ് ഇപ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം. 

റോഡിന്റെ പണികള്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ യൂട്ടിലിറ്റികള്‍ മാറ്റി സ്ഥാപിക്കാനായി വാട്ടര്‍ അതോറിറ്റിക്ക് 88 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ റോഡിന്റെ പണികള്‍ അന്തിമഘട്ടത്തിലെത്തിയിട്ടും പലയിടത്തും വാട്ടര്‍ അതോറിറ്റി ചെയ്യേണ്ട പണികള്‍ പൂര്‍ത്തീകരിച്ചില്ല. എത്രയും വേഗം ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം.

Read More : എത്തിയത് മുംബൈയിൽ നിന്ന്, ലക്ഷ്യം മലപ്പുറത്തും കോഴിക്കോടും കച്ചവടം; പാനൂരിൽ ബ്രൗൺ ഷുഗറുമായി 54 കാരൻ പിടിയിൽ

Latest Videos
Follow Us:
Download App:
  • android
  • ios