കണ്ണൂരിൽ നിന്നുള്ള പൊലീസ് വാഹനം പൊന്നാനിക്കടുത്ത് അപകടത്തിൽപെട്ടു; പൊലീസുകാര്‍ക്ക് പരിക്കേറ്റു
പരിക്കേറ്റ പൊലീസുകാരെ തൃശ്ശൂരിൽ ചാവക്കാടുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കണ്ണൂർ: ആറളം പോലീസ് സ്റ്റേഷനിലെ പോലീസുകാർ സഞ്ചരിച്ച ജീപ്പ് പൊന്നാനി വെളിയംകോട് വെച്ച് തലകീഴായി മറഞ്ഞു. സ്കൂട്ടർ യാത്രക്കാരെ രക്ഷിക്കാൻ ശ്രമിച്ച പൊലീസ് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞെന്നാണ് വിവരം. പൊലീസുകാര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ ചാവക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് പോക്സോ കേസിലെ പ്രതിയെ പിടികൂടാനായി എറണാകുളത്തേക്ക് പോകുമ്പോഴാണ് അപകടം നടന്നത്.
സംസ്ഥാനത്ത് പലയിടത്തായി അപകടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആലുവ മുട്ടത്ത് പച്ചക്കറിയുമായി എത്തിയ ലോറി, യു ടേൺ എടുത്ത വാഹനത്തിൽ തട്ടി മറിഞ്ഞു. അളപായം ഉണ്ടായിട്ടില്ല. കോഴിക്കോട് കോരപ്പുഴ പാലത്തിന് സമീപം ടിപ്പർ ലോറിയിൽ ഇടിച്ച് സ്വകാര്യബസ് മറിഞ്ഞു. 34 പേര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. രണ്ട് പേരുടെ നില ഗുരുതരമാണ്.
പറവൂർ വടക്കേക്കര ലേബർ ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം ഉണ്ടായി. ഇന്ന് രാവിലെയോടെയാണ് സംഭവം നടന്നത്. ഗുരുവായൂരിൽ നിന്നും എറണാകുളത്ത് വരികയായിരുന്നു കെ.എസ്.ആർ.ടി.സി ബസും എറണാകുളത്ത് നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. വടക്കേക്കരയിലേ ലേബർ ജംഗ്ഷനു സമീപമായിരുന്നു അപകടം. റോഡിൽ കുഴിയായതിനാൽ വീഴാതിരിക്കാൻ തിരിച്ചതാണെന്നും അപ്പോൾ ടാങ്കര്‍ ലോറിയിൽ ഇടിക്കുകയായിരുന്നു എന്നുമാണ് ബസ് ജീവനക്കാര്‍ പറയുന്നുത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല.