Asianet News MalayalamAsianet News Malayalam

കബനി വരണ്ടു; ഉണര്‍ന്നു പ്രവര്‍ത്തിച്ച് കര്‍ണാടക, ഡാമുകളില്‍ ഇപ്പോഴും വെള്ളം സുലഭം

കബനിയോട് ചേര്‍ന്ന് കിടക്കുന്ന പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ കടുത്ത ജലക്ഷാമം തുടരുമ്പോഴും മുന്‍കൂട്ടി ഉണര്‍ന്നു പ്രവര്‍ത്തിച്ച കര്‍ണാടകയുടെ ഡാമുകളില്‍ കബനിയിലൂടെ ഒഴുകിയെത്തിയ വെള്ളം സുലഭമാണ്. 

kabani river is dry but water is still available in dams vcd
Author
First Published Apr 28, 2023, 5:43 AM IST | Last Updated Apr 28, 2023, 5:43 AM IST

സുല്‍ത്താന്‍ബത്തേരി: കനത്ത ചൂടില്‍ കബനി നദി വറ്റിവരണ്ടിട്ടും ആശങ്കയില്ലാതെ കര്‍ണാടക. കബനിയോട് ചേര്‍ന്ന് കിടക്കുന്ന പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ കടുത്ത ജലക്ഷാമം തുടരുമ്പോഴും മുന്‍കൂട്ടി ഉണര്‍ന്നു പ്രവര്‍ത്തിച്ച കര്‍ണാടകയുടെ ഡാമുകളില്‍ കബനിയിലൂടെ ഒഴുകിയെത്തിയ വെള്ളം സുലഭമാണ്. 

ഇപ്പോള്‍ കാര്‍ഷിക ആവശ്യത്തിനായി എച്ച്.ഡി കോട്ടയിലെ ബീച്ചനഹള്ളി ഡാമില്‍ നിന്നും നൂഗു, താര്‍ക്ക ഡാമുകളിലേക്ക് ടണലുകള്‍ വഴി വെള്ളം കൊണ്ടുപോകുകയാണ് കര്‍ണാടക. അതേ സമയം വയനാട്ടിലെ കാര്‍ഷിക മേഖലകളില്‍ വരള്‍ച്ച താണ്ഡവമാടുകയുമാണ്. വേനല്‍ കടുത്തതോടെ മുമ്പെങ്ങുമില്ലാത്ത വിധം പാറക്കെട്ടുകള്‍ പുറത്തുകാണത്തക്ക വിധത്തില്‍ കബനി നദി വറ്റി വരണ്ടിരിക്കുകയാണ്. കടത്തുതോണിയിറക്കുന്ന ഇടങ്ങളില്‍ അല്ലാതെ എവിടെയും പേരിന് പോലും വെള്ളമില്ല. പല സ്ഥലങ്ങളിലും കാല് നനയാതെ മറുകരയെത്താനാകും എന്നതാണ് സ്ഥിതി. സമീപകാലം വരെ വയനാട്ടിലെ കര്‍ഷകര്‍ ചെറുമോട്ടോറുകളുപയോഗിച്ച് കൃഷിയിടങ്ങള്‍ നനക്കാന്‍ വെള്ളം പമ്പ് ചെയ്തിരുന്നു. അതിന് പോലും പറ്റാത്ത അവസ്ഥയാണിപ്പോള്‍. 

ഓരോ ദിവസം കഴിയുംതോറും നദി കൂടുതല്‍ വരണ്ടുകൊണ്ടിരിക്കുകയാണെന്ന് പ്രദേശത്തെ കര്‍ഷകര്‍ ചൂണ്ടിക്കാട്ടി. കബനിയുടെ കൈവഴികളായ കന്നാരം പുഴ, കടമാന്‍തോട്, ബാവലി പുഴ തുടങ്ങിയിടങ്ങളില്‍ നിന്നുള്ള വെള്ളം ഇപ്പോഴും കബനിയിലേക്ക് എത്തുന്നുണ്ടെങ്കിലും തീരത്തെ കാര്‍ഷികമേഖലയെ പച്ചപ്പണിയിക്കാന്‍ ഈ ജലമൊന്നും തികയില്ല എന്നതാണ് അവസ്ഥ. 1974 ലാണ് കര്‍ണാടക ബീച്ചനഹള്ളി അണക്കെട്ട് നിര്‍മിച്ചച്ചെതെങ്കിലും കാലാവസ്ഥ മാറ്റം കണ്ടറിഞ്ഞ് പത്ത് വര്‍ഷം മുമ്പ് മാത്രമാണ് നൂഗു, താര്‍ക്ക ഡാമുകള്‍ നിര്‍മിച്ചത്. ബീച്ചനഹള്ളിയില്‍ അളവില്‍ കൂടുതല്‍ ജലമെത്തുമ്പോള്‍ അധികമുള്ള ജലം ഇവിടെ നിന്നും വെള്ളം ടണല്‍ വഴി ഈ ഡാമുകളിലേക്ക് എത്തിച്ച് വേനലില്‍ കൃഷി ആവശ്യത്തിന് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. 

വരുംകാലത്തെ പ്രതിസന്ധി മനസിലാക്കി കര്‍ണാടക പ്രവര്‍ത്തിക്കുമ്പോള്‍ കടാമന്‍ തോട് പദ്ധതി എവിടെയും എത്താത്ത സ്ഥിതിയിലാണ്. കബനിയെ തൊട്ടുചാരി നില്‍കുന്ന തോട്ടങ്ങള്‍ പോലും വരണ്ടുണങ്ങുമ്പോള്‍ ജില്ല പഞ്ചായത്തിനോ പഞ്ചായത്തുകള്‍ക്കോ കാര്യമായി ഒന്നും ചെയ്യാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

Read Also: വളർത്തുനായ കടിക്കാൻ ചെന്നു; അയൽവാസികൾ തമ്മിൽ അടിപിടിയായി, കേസായി; ട്രാൻസ്മാനും പരിക്ക്

Latest Videos
Follow Us:
Download App:
  • android
  • ios