Asianet News MalayalamAsianet News Malayalam

വീട്ടുമുറ്റത്തുനിന്ന വീട്ടമ്മയുടെ കൈവിരലും കാലും കഴുത്തും കടിച്ചുപറിച്ചു; തെരുവുനായക്ക് പേവിഷബാധ സംശയം

വീട്ടമ്മയെ തെരുവുനായ ഓടിച്ചിട്ട് കടിച്ചു: നായയ്ക്ക് പേവിഷബാധയുള്ളതായി സംശയം

Housewife chased and bitten by street dog in Thrissur dog is suspected to have rabies ppp
Author
First Published Jun 26, 2023, 9:50 PM IST | Last Updated Jun 26, 2023, 9:51 PM IST

തൃശൂര്‍: ഒല്ലൂര്‍ ഇളംതുരുത്തിയില്‍ തെരുവുനായ കടിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്. ഇവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇളംതുരുത്തി പല്ലുതേവര്‍ റോഡില്‍ പയ്യപ്പിള്ളി ജോസിന്റെ ഭാര്യ ഉഷ (52) ക്കാണ് പരുക്ക് പറ്റിയത്. നായയ്ക്ക് പേവിഷബാധയുള്ളതായി നാട്ടുകാര്‍ സംശയിക്കുന്നു. ഇന്നലെ രാവിലെ 10.30നാണ് സംഭവം.  ഉഷ വീട്ടുമുറ്റത്ത് നില്‍ക്കുമ്പോള്‍ തെരുവ് നായ ഓടിച്ചിട്ട് കടിക്കുകയായിരുന്നു. കഴുത്തിലും കൈവിരലുകളിലും കാലിലുമാണ് കടിയേറ്റത്.

എല്ലായിടത്തും ആഴത്തിലുള്ള മുറിവുണ്ട്. ആക്രമണം കണ്ട് ഓടിയെത്തിയ നാട്ടുകാരെയും നായ ആക്രമിക്കാന്‍ ശ്രമിച്ചു. നാട്ടുകാര്‍ ഒഴിഞ്ഞ് മാറി നായയെ ഓടിച്ചശേഷമാണ് ഉഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ഉച്ചയോടെ മറ്റു പലരെയും കടിച്ചതായാണ് പറയുന്നത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ആളെയും പാല്‍ കൊണ്ടുപോയ ആളെയും നായ കടിച്ചതായി പറയുന്നു. ഉഷയെ കടിച്ച നായ തന്നെയാണ് മറ്റുള്ളവരെയും കടിച്ചതെന്ന് സംശയിക്കുന്നു. കൂടുതല്‍ പേരെ കടിച്ചതോടെ സമീപവാസികള്‍ ആശങ്കയിലാണ്. നായയെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

നടത്തറയിലും തെരുവുനായ ആക്രമണമുണ്ടായി. നടത്തറ, മൈനര്‍ റോഡ് പതിനേഴാം വാര്‍ഡ് മുന്‍ പഞ്ചായത്ത് മെംബര്‍ എന്‍.കെ. രഘുവിനെ തെരുവുനായ കടിച്ചു. പാതിരിക്കാട്ട് വിഷ്ണു ക്ഷേത്രം പരിസരത്ത് വച്ചാണ് തെരുവുനായകടിച്ചു പരുക്കേല്‍പ്പിച്ചത്. ജില്ലാ ആശുപത്രിയിലെത്തിച്ച അദ്ദേഹത്തെ അവിടെനിന്നും മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

Read more:    തൃശൂരിൽ മക്കളുടെ മുന്നിൽ വച്ച് അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

അതേസമയം സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായി തുടരുകയാണ്. അതിനിടെ, മന്ത്രി എംബി രാജേഷും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. തെരുവു നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. മാരകമായ മുറിവുള്ള, എന്നാൽ ചികിസിച്ചു ഭേദമാക്കാൻ പറ്റാത്ത രോഗങ്ങളുള്ള തെരുവുനായ്ക്കളെ ദയാവധത്തിന് ഇരയാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആവശ്യത്തിന് വാക്സീൻ ഉണ്ട്. നിലവിൽ 20 എബിസി കേന്ദ്രങ്ങളാണ് ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

Latest Videos
Follow Us:
Download App:
  • android
  • ios