കൊടൈക്കനാലിലേക്ക് വിനോദയാത്ര, 135 വിദ്യാർത്ഥികൾ പെരുവഴിയിൽ, നരകയാതന; ടൂർ ഓപ്പറേറ്റർക്ക് പണി കിട്ടി, അന്വേഷണം
സംഭവത്തിന് ഉത്തരവാദികളായ ടൂർ ഓപ്പറേറ്റർമാരുടെ പെർമിറ്റ് റദ്ദാക്കാൻ പര്യാപ്തമായ പാളിച്ചകളാണോ സംഭവിച്ചതെന്ന കാര്യത്തിൽ ആർ.റ്റി.ഒ യുടെ അഭിപ്രായവും കമ്മീഷനിൽ സമർപ്പിക്കണമെന്ന് ഉത്തരവിൽ പറഞ്ഞു
എറണാകുളം: ആലുവ എസ്.എൻ.ഡി.പി ഹയർസെക്കന്‍ററി സ്കൂളിൽ നിന്നും കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ 135 പ്ലസ്ടു വിദ്യാർത്ഥികൾ പെരുവഴിയിൽ നരകയാതന അനുഭവിച്ചെന്ന പരാതിയിൽ ശക്തമായ നടപടികളുമായി മനുഷ്യാവകാശ കമ്മീഷൻ. പരാതിയെക്കുറിച്ച് വിശദവും ഫലപ്രദവുമായ അന്വേഷണം നടത്താൻ ബന്ധപ്പെട്ട ആർ.റ്റി.ഒ യെ സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർ ചുമതലപ്പെടുത്തണമെന്ന് നുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
ആർ.റ്റി.ഒ യുടെ അന്വേഷണ റിപ്പോർട്ട് മൂന്ന് ആഴ്ചക്കുള്ളിൽ കമ്മീഷനിൽ സമർപ്പിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകണമെന്ന് ഉത്തരവിൽ പറയുന്നു. സംഭവത്തിന് ഉത്തരവാദികളായ ടൂർ ഓപ്പറേറ്റർമാരുടെ പെർമിറ്റ് റദ്ദാക്കാൻ പര്യാപ്തമായ പാളിച്ചകളാണോ സംഭവിച്ചതെന്ന കാര്യത്തിൽ ആർ.റ്റി.ഒ യുടെ അഭിപ്രായവും കമ്മീഷനിൽ സമർപ്പിക്കണമെന്ന് ഉത്തരവിൽ പറഞ്ഞു. ആലുവഎസ്.എൻ.ഡി.പി ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പലും റിപ്പോർട്ട് സമർപ്പിക്കണം. റിപ്പോർട്ട് ലഭിച്ചാലുടൻ കേസ് എറണാകുളത്ത് നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.
വെള്ളിയാഴ്‌ച പുലർച്ചെ പുറപ്പെട്ട സംഘത്തിന് കൊടൈക്കനാലിൽ താമസ സൗകര്യം ഏർപ്പെടുത്താൻ ടൂർ പാക്കേജ് കണ്ടെക്റ്റിംഗ് സ്ഥാപനം തയ്യാറായില്ലെന്നാണ് പരാതി. തുടർന്ന് ബസിൽ കഴിച്ചുകൂട്ടിയ സംഘത്തെ ഊട്ടിയിലേക്ക് കൊണ്ടുപോയി. ഊട്ടിയിൽ പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാൻ മാത്രം സൗകര്യം നൽകിയതായി പരാതിയിലുണ്ട്. പത്രവാർത്തയുടെ അടിസ്ഥാത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
Read More : 'വമ്പൻ പ്ലാനിംഗ്, വ്യാജ രേഖയുമുണ്ടാക്കി'; കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ തട്ടിയത് 1.5 ലക്ഷം; 3 വർഷം കഠിന തടവ്