മാൾ തുടങ്ങാൻ വന്നവരെ ഓഫീസ് കയറ്റിയറക്കിയത് മാസങ്ങൾ, തഹസിൽദാർക്ക് ആവശ്യങ്ങളും പലത്; അറ്റകൈ പ്രയോഗത്തിൽ കുടുങ്ങി

വലിയൊരു പദ്ധതിക്ക് വേണ്ടി ആയതിനാൽ ചെലവ് വേണ്ടിവരുമെന്നായിരുന്നു തഹസിൽദാറുടെ ന്യായീകരണം. മദ്യവും കേക്കും ചോക്ലേറ്റും ഒക്കെ കഴിഞ്ഞ് ഒടുവിൽ അഞ്ച് ലക്ഷം രൂപ വേണമെന്നായി.

Government officer made businessmen roaming around his office for many months to open a mall later trapped afe

പാലക്കാട്: പാലക്കാട് ന​ഗരത്തിൽ തുടങ്ങാനിരിക്കുന്ന മാളിന്റെ ഉടമസ്ഥാവകാശ സർടിഫിക്കറ്റിനായി ഉടമകൾ തഹസിൽദാറെ സമീപിക്കാൻ തുടങ്ങിയിട്ട് വര്‍ഷങ്ങളായിരുന്നു. ഓരോ തവണയും ഓരോരോ ആവശ്യങ്ങള്‍ പറഞ്ഞ് അദ്ദേഹം അപേക്ഷ മടക്കും. ഹൈക്കോടതി ഉത്തരവുമായി എത്തിയിട്ടും ഒരു വര്‍ഷത്തോളം അപേക്ഷകരെ ഉദ്യോഗസ്ഥൻ ഓഫീസ് കയറ്റിയിറക്കി. ഒടുവിൽ കഴിഞ്ഞ ദിവസം നടത്തിയ അറ്റകൈ പ്രയോഗത്തിൽ തഹസിൽദാര്‍ കുടുങ്ങുകയായിരുന്നു. പാലക്കാട് തഹസിൽദാരുടെ അധിക ചുമതല വഹിച്ചിരുന്ന ഭൂരേഖ തഹസില്‍ദാർ വി സുധാകരനാണ് അറസ്റ്റിലായത്.

കോടതി ഉത്തരവിന്റെ പകര്‍പ്പ് ഉൾപ്പെടെ ചേര്‍ത്താണ് പുതുവര്‍ഷത്തലേന്ന് മാൾ ഉടമകള്‍ അപേക്ഷ നല്‍കിയത്. അപ്പോൾ വലിയ ചെലവ് ചെയ്യേണ്ടി വരുമെന്നായി.  വിദേശമദ്യവും കേക്കും ചോക്ലേറ്റും ആവശ്യപ്പെട്ടു. പറഞ്ഞത് പോലെ എല്ലാം കൊണ്ടുവന്ന് കൊടുത്തപ്പോൾ പിന്നെ അഞ്ച് ലക്ഷം രൂപ കൂടി വേണമെന്നായി ആവശ്യം. വലിയൊരു പദ്ധതിക്ക് വേണ്ടി ആയതിനാൽ ചെലവ് വേണ്ടിവരുമെന്നായിരുന്നു ന്യായീകരണം. ഇതിന്റെ ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ വേണം. അത് ഉടനെ നല്‍കണമെന്നും ആവശ്യപ്പെട്ടു. ഒരു വിധത്തിലും കൈവശാവകാശ രേഖ കിട്ടാതായതോടെയാണ് ഉടമകള്‍ വിജിലന്‍സിനെ സമീപിച്ചത്.

വിജിലന്‍സ് നിർദേശിച്ചത് പ്രകാരം 50,000 രൂപയുമായി മാൾ ഉടമകള്‍ എത്തി. വൈകുന്നേരം അഞ്ച് മണിയോടോ ഓഫീസിൽ വെച്ച് പണം കൈമാറുന്നതിനിടെ കൈയോടെ വിജിലന്‍സ് സംഘം പിടികൂടുകയും ചെയ്തു. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി വിജിലൻസ് കോടതിയിൽ ഹാജരാക്കിയ വി സുധാകരനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പിന്നാലെ ജോലിയിൽ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. സുധാകരന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. തഹസിൽദാറുടെ ഇടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വിജിലന്‍സ് സംഘം അറിയിച്ചിരിക്കുകയാണ്. പാലക്കാട് വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സി.എം. ദേവദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തഹസിൽദാറെ കുടുക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios