Asianet News MalayalamAsianet News Malayalam

ലോറി നിറയെ ലോഡുമായി ഗൂഗിൾ മാപ്പ് നോക്കി യാത്ര, എടത്താനാട്ടുകര വരെ പെർഫക്ട്; പിന്നെ കിട്ടിയത് 8 ന്‍റെ പണി!

ഒടുവിൽ ജെ സി ബി എത്തിച്ച് കയർ കെട്ടി വലിച്ചെങ്കിലും കയർ പൊട്ടി

Google Map trapped latest news lorry with load in palakkad
Author
First Published Jul 3, 2024, 7:53 PM IST

പാലക്കാട്: വൈക്കോൽ കയറ്റി വന്ന ലോറിക്ക് ഗൂഗിൾ മാപ്പിന്റെ വക 8 ന്‍റെ പണികിട്ടി. തമിഴ്നാട്ടിൽ നിന്നും വൈക്കോലുമായി കരുവാരകുണ്ടിലേക്ക് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ വന്ന ലോറി പാലക്കാട് എടത്തനാട്ടുകര പൊൻപാറ റോഡിലാണ് കുടുങ്ങിയത്. ഇന്ന് രാവിലെ 8:30 ഓടെയാണ് സംഭവം.

ഗൂഗിൾ മാപ്പിന്റെ നിർദേശ പ്രകാരം സംസ്ഥാന പാതയിൽ അലനല്ലൂരിൽ നിന്നും വലത്തോട്ട് തിരിഞ് എടത്താനാട്ടുകര റോഡിലേക്ക് പ്രവേശിച്ചു. അതുവരെയുള്ള യാത്ര പെർഫക്ട് ആയിരുന്നു. എടത്താനാട്ടുകരയിൽ എത്തിയപ്പോൾ ഗൂഗിൾ മാപ്പ് കരുവാരകുണ്ടിലേക്കുള്ള ഏറ്റവും എളുപ്പ വഴിയായ പൊൻപാറ റോഡിലേക്ക് തിരിയാൻ നിർദേശം നൽകി. ഈ യാത്ര 100 മീറ്റർ കഴിഞ്ഞപ്പോഴേക്കും ഡ്രൈവർക്ക് പന്തികേട് തോന്നി. ഇടുങ്ങിയ റോഡ്, വൈദ്യുതി കേബിളുകൾക്ക് റോഡിൽ നിന്നും അധികം ഉയരമില്ല. എതിരെ വണ്ടി വന്നാൽ സൈഡ് നല്കാനും കഴിയില്ല എന്നതൊക്കെയായിരുന്നു അവസ്ഥ. ഊരാകുടിക്കിലേക്കാണ് പോകുന്നതെന്ന് തോന്നിയ ഡ്രൈവർ തിരിച്ചു പോവാം എന്ന് കരുതി വാഹനം തിരിക്കാൻ ശ്രമിച്ചതോടെ ഒരു വശം ചെളിയിൽ താഴ്ന്നു. പിന്നെ ഒരടി മുന്നോട്ടോ, പിന്നോട്ടോ പോവാൻ കഴിയാതെ ലോറി അക്ഷരാർത്ഥത്തിൽ പെട്ടു.

ഒടുവിൽ ജെ സി ബി എത്തിച്ച് കയർ കെട്ടി വലിച്ചെങ്കിലും കയർ പൊട്ടി. പിന്നീട് ഇരുമ്പ് ചങ്ങല ഉപയോഗിച്ച് കെട്ടിവലിച്ചാണ് വാഹനം കുഴിയിൽ നിന്നും നീക്കിയത്. എടത്തനാട്ടുകരയിൽ നിന്നും വലത്തോട്ട് തിരിഞ്ഞു പൊൻപാറ വഴി കരവാരകുണ്ടിലേക്ക് എളുപ്പമാണെങ്കിലും വലിയ വാഹനങ്ങൾക്ക് ഈ വഴി അത്ര എളുപ്പമല്ല.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios