വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാവിനെ കടത്തിക്കൊണ്ട് പോയി; മുഖ്യപ്രതി അറസ്റ്റിൽ

കൊല്ലം വെള്ളിമൺ സ്വദേശി പ്രവീൺ (26) ആണ് പിടിയിലായത്. കിളിക്കൊല്ലൂർ സ്വദേശി അമൽ അശോകിൻ്റെ പരാതിയിലാണ് കൊല്ലം ഈസ്റ്റ് പൊലീസ് പ്രതിയെ പിടികൂടിയത്. 

fraud abroad job agency scam main accused arrested in kollam

കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാവിനെ കടത്തിക്കൊണ്ട് പോയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കൊല്ലം വെള്ളിമൺ സ്വദേശി പ്രവീൺ (26) ആണ് പിടിയിലായത്. കിളിക്കൊല്ലൂർ സ്വദേശി അമൽ അശോകിൻ്റെ പരാതിയിലാണ് കൊല്ലം ഈസ്റ്റ് പൊലീസ് പ്രതിയെ പിടികൂടിയത്. മനുഷ്യക്കടത്തിന് സമാനമായ തട്ടിപ്പ് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്.

വിയറ്റ്നാമിൽ ഒരു പരസ്യ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്താണ് കൊല്ലം കിളിക്കൊല്ലൂർ സ്വദേശി അമൽ അശോകിനെ വിദേശത്തേക്ക് കടത്തിയത്. 2,20,000 രൂപ യുവാവിൽ നിന്ന് പ്രതികൾ കൈക്കലാക്കി. 2023 നവംബർ 4ന് ഒന്നാം പ്രതി പ്രവീണിൻ്റെ വെള്ളിമണിലെ വീട്ടിൽവച്ചാണ് തുക കൈമാറിയത്. നവംബർ 23ന് കൊച്ചിൻ എയർപോർട്ട് വഴി യുവാവിനെ വിയറ്റ്നാമിൽ എത്തിച്ചു. തുടർന്ന് വിയറ്റ്നാം ബോർഡർ കടത്തി കാറിൽ കംബോഡിയയിൽ കൊണ്ടുപോയി. യുവാവിൽ നിന്നും പാസ്പോർട്ടും കൈവശം ഉണ്ടായിരുന്ന പണവും വാങ്ങി. ബോർഡറിനടുത്തുള്ള റസ്റ്റോറൻ്റിൽ 15 ദിവസം പാർപ്പിച്ചു. പല കമ്പനികളിലായി നിയമ വിരുദ്ധ ജോലികൾ ചെയ്യിപ്പിച്ചു.

വൻ തട്ടിപ്പിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് മുഖ്യപ്രതി കുടുങ്ങിയത്. കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയ പ്രവീണിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിശദമായ അന്വേഷണത്തിനായി പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങും. പ്രവീണും വിദേശത്തുള്ള ഏജൻ്റും അടക്കം 4 പേരാണ് പ്രതികൾ. പിടിയിലാകാനുള്ളവർക്കായി അന്വേഷണം ഊർജിതമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios