ബോട്ടിന്റെ വശത്ത് പിടിച്ചുനിന്ന പ്രസാദ് തെറിച്ചുവീണു, മത്സ്യബന്ധനത്തിനിടെ തൊഴിലാളിയെ കാണാതായി, തിരച്ചിൽ
പൂവാർ , വിഴിഞ്ഞം തീരദേശ പോലീസും മറൈൻ എൻഫോഴ്സ്മെൻ്റും ബോട്ടുകാരും ഇന്നലെ മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്ന് വീണ്ടും തിരച്ചിൽ തുടരുമെന്നും അധികൃതർ അറിയിച്ചു.
തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ വിഴിഞ്ഞം സ്വദേശിയെ ബോട്ടിൽ നിന്ന് കടലിൽ വീണ് കാണാതായതായി പരാതി. വിഴിഞ്ഞം കോട്ടപ്പുറം കുഴിവിള പുരയിടത്തിൽ ജസ്റ്റിൻ്റെ മകൻ പ്രസാദ് (34)നെയാണ് കാണാതായത്. തിങ്കളാഴ്ച രാത്രി ഒൻപതോടെ പൂവാറിൽ നിന്ന് പതിനൊന്ന് നോട്ടിക്കൽ മൈൽ ഉൾക്കടലിലായിരുന്നു സംഭവം. കുളച്ചൽ സ്വദേശി ഫ്രാങ്ക്ളിൻ്റെ യഹോവ ശാലോം എന്ന ട്രോളർ ബോട്ടിൽ തേങ്ങാപ്പട്ടണത്തിൽ നിന്ന് പ്രസാദടക്കമുള്ള പതിനാലംഗ സംഘം കൊച്ചിയിലേക്ക് മീൻ പിടിക്കാൻ പോകുന്നതിനിടെ ബോട്ടിൻ്റെ വശത്ത് പിടിച്ച് നിന്ന പ്രസാദ് തെറിച്ച് കടലിൽ വീഴുകയായിരുന്നു.
സഹപ്രവർത്തകർ ഉടൻ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് സംഘം വിഴിഞ്ഞം തീരദേശ പൊലീസിൻ്റെ സഹായം തേടി. തുടർന്ന് പൂവാർ , വിഴിഞ്ഞം തീരദേശ പൊലീസും മറൈൻ എൻഫോഴ്സ്മെൻ്റും ബോട്ടുകാരും ഇന്നലെ മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്ന് വീണ്ടും തിരച്ചിൽ തുടരുമെന്നും അധികൃതർ അറിയിച്ചു.