തേനൂറും മുന്തിരി തേടി തേനിയിൽ പോകണ്ട, മനസു വെച്ചാൽ മുന്തിരി ഹൈറേഞ്ചിലും വിളയും, ഇത് 'കുഞ്ഞുമോൻ' മോഡൽ

തമിഴ്നാട്ടിലെ കമ്പം, തേനി മേഖലകളിൽ കണ്ണെത്താ ദൂരത്തോളം മുന്തിരി പാടങ്ങൾ പടർന്നു കിടക്കാറുണ്ടെങ്കിലും ഇടുക്കിയിൽ ഇവ പച്ച പിടിക്കാറില്ലായിരുന്നു. എന്നാൽ ഇത്തരം മുൻധാരണകളെല്ലാം തിരുത്തി കുറിച്ചിരിക്കുകയാണ് കുഞ്ഞുമോൻ എന്ന മധ്യവയസ്കനായ കർഷകൻ.  വീടിൻ്റെ മുറ്റത്ത് റോഡിനോട് ചേർന്നുള്ള പുരയിടത്തിൽ പടർന്ന് പന്തലിച്ച് കിടക്കുന്ന മുന്തിരിവള്ളികളിലായി നൂറിലേറെ മുന്തിരി കുലകളാണ് കായ്ച്ച് കിടക്കുന്നത്

farmer who succeeded to harvest grapes in idukki

ഇടുക്കി: തമിഴ്നാട്ടിലെ മുന്തിരിപ്പാടങ്ങളിൽ മാത്രമല്ല, ഹൈറേഞ്ചിലെ വീട്ടുമുറ്റത്തും മുന്തിരിയും മുന്തിരി കുലകളും കായ്ക്കും. ഉപ്പുതറ വളകോട് കോത പാറ പുലിക്കുഴിയിൽ കുഞ്ഞുമോൻ്റെ വീടിന് മുന്നിലാണ് മുന്തിരി ചെടി പടർന്ന് കുലകളായി മുന്തിരികൾ പഴുത്തും വിളഞ്ഞും കിടക്കുന്നത്. ഇടുക്കി ജില്ലയുടെ അതിർത്തി സംസ്ഥാനമായ തമിഴ്നാട്ടിലെ കമ്പം, തേനി മേഖലകളിൽ കണ്ണെത്താ ദൂരത്തോളം മുന്തിരി പാടങ്ങൾ പടർന്നു കിടക്കാറുണ്ടെങ്കിലും ഇടുക്കിയിൽ ഇവ പച്ച പിടിക്കാറില്ലായിരുന്നു. എന്നാൽ ഇത്തരം മുൻധാരണകളെല്ലാം തിരുത്തി കുറിച്ചിരിക്കുകയാണ് കുഞ്ഞുമോൻ എന്ന മധ്യവയസ്കനായ കർഷകൻ.  വീടിൻ്റെ മുറ്റത്ത് റോഡിനോട് ചേർന്നുള്ള പുരയിടത്തിൽ പടർന്ന് പന്തലിച്ച് കിടക്കുന്ന മുന്തിരിവള്ളികളിലായി നൂറിലേറെ മുന്തിരി കുലകളാണ് കായ്ച്ച് കിടക്കുന്നത്. പഴുത്തതും പകുതി പാകമായതുമൊക്കെയായി കിടക്കുന്ന ഇവയിൽ പകുതിയിലേറെ വീട്ടുകാർ ഇതിനോടകം വിളവെടുത്തു കഴിഞ്ഞു. വലിയ പ്രതീക്ഷകളൊന്നുമില്ലാതെ നട്ട മുന്തിരി ചെടി അപ്രതീക്ഷിതമായി വിളവ് തന്ന സന്തോഷത്തിലാണ് കുഞ്ഞുമോനും കുടുംബാംഗങ്ങളുമുള്ളത്.

തുക്കുപാലത്തുള്ള മകളുടെ വീട്ടിൽ പോയപ്പോൾ അയൽവാസി തന്ന ഒരു മുന്തിരി തണ്ട് മരുമകൻ കുഞ്ഞുമോന് നൽകി. ഇത് വീട്ടിൽ കൊണ്ട് വന്ന് മകൻ സാജുവിനെ നടാൻ ഏൽപ്പിക്കുകയായിരുന്നു. ആദ്യ വർഷം മുന്തിരി വളർന്നുവെങ്കിലും പേരിന് കുറച്ചു മുന്തിരികൾ മാത്രമാണ് ഉണ്ടായത്. പിന്നീട് ഒരിക്കൽ അയൽവാസികളായ ദമ്പതികളാണ് ഇവയുടെ നല്ല വളർച്ചയ്ക്കായി സെപ്തംബർ മാസത്തിൽ തളിരിലകൾ നുള്ളി കളയണമെന്നു പറഞ്ഞു. ഇതനുസരിച്ച് തളിരിലകൾ നുള്ളി കളഞ്ഞ് ചെടി ഒരുക്കിയപ്പോഴാണ് മുന്തിരിയിൽ വ്യാപകമായി ഫലങ്ങൾ ഉണ്ടാകുകയും ചെടി നന്നായി പടരുകയും ചെയ്തത്. ഇപ്പോൾ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ മുന്തിരി ചെടികൾ പടർന്നു പന്തലിച്ചു കിടക്കുകയാണ്. അവയ്ക്കിടയിൽ ആരെയും കൊതിക്കും വിധം പഴുത്തും പച്ചയുമായ നിരവധിയായ മുന്തിരി കുലകളും.

കാര്യം വീട്ടുമുറ്റത്ത് മുന്തിരി കായ്ച്ചെങ്കിലും മുന്തിരി പഴങ്ങൾക്ക് നല്ല പുളിയാണിപ്പോൾ. ആദ്യ വർഷങ്ങളിലെ മുന്തിരിക്ക് പുളിയായിരിക്കുമെന്നാണ് കൃഷി ചെയ്യുന്നവർ പറയുന്നതെന്ന് കുഞ്ഞുമോൻ പറഞ്ഞു. പുളി മാറാനും മധുരം കൂടാനും വിളവ് വർധിക്കാനുമൊക്കൊ നിരവധിയായ രാസവളങ്ങൾ തമിഴ്നാട്ടിലെ കർഷകരെ വിളിച്ചപ്പോൾ പറഞ്ഞെങ്കിലും രാസവള പ്രയോഗമില്ലാതെ തൻ്റെ മുന്തിരിത്തോട്ടം വളർത്തിയെടുക്കാനാണ് കുഞ്ഞുമോന് താത്പര്യം. വീട്ടുമുറ്റത്ത് ചെറുതെങ്കിലും ഒരു മുന്തിരിത്തോട്ടം ഉണ്ടായതറിഞ്ഞ് പരിചയക്കാരടക്കം നിരവധിപ്പേരാണ് കുഞ്ഞുമോൻ്റ വീട്ടിലെത്തുന്നത്. സാജുവിൻ്റെ മക്കളായ ഡിസ്ന മരിയ, ഡെന്ന തെരേസ്, ഡാർണിയ എൽസ എന്നിവരാണ് ഇപ്പോൾ ഈ മുന്തിരിത്തോട്ടത്തിൻ്റെ കാവൽക്കാർ. കിളികളെ ഓടിച്ചും പഴങ്ങൾ പറിച്ച് വിളവെടുത്തും നേരം കിട്ടുമ്പോഴെല്ലാം അവർ മുന്തിരി ചുവട്ടിലുണ്ടാകും. ഇപ്പോൾ വീട്ടുമുറ്റത്ത് വിജയകരമായ മുന്തിരി കൃഷി പുരയിടത്തിൽ ഒരു പത്ത് സെൻ്റ് സ്ഥലത്തേയ്ക്കെങ്കിലും വ്യാപിപ്പിക്കാനൊരുങ്ങുകയാണ് കുഞ്ഞുമോൻ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios