പെട്ടിമുടിയില്‍ മണ്ണിനടിലായത് ഇടമലക്കുടി ആദിവാസികളുടെ അഭയകേന്ദ്രം
ഇടമലക്കുടിയില്‍ നിന്നും മൂന്നാറിലേക്കും തിരികെ വീടുകളിലേക്ക് മടങ്ങുമ്പോഴും ഇടമലക്കുടിയിലെ ആദിവാസികള്‍ക്ക് ആശ്രമായിരുന്ന പ്രദേശമാണ് ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞത്. രാത്രി വൈകിയാലോ കാലാവസ്ഥ പ്രതികൂലമായാലോ ആദിവാസികള്‍ പെട്ടിമുടിയിലെ കാന്റീന്‍ കെട്ടിടത്തില്‍ തങ്ങുന്നത് പതിവായിരുന്നു.
ഇടുക്കി: രാജമലയിലെ ഉരുള്‍പൊട്ടലില്‍ പെട്ടിമുടിയിലെ ലയങ്ങള്‍ മണ്ണിനടിലായിപ്പോള്‍ ഇല്ലാതായത് ഇടമലക്കുടി ആദിവാസികളുടെ അഭയകേന്ദ്രം. ഇടമലക്കുടിയില്‍ നിന്നും മൂന്നാറിലേക്കും തിരികെ വീടുകളിലേക്ക് മടങ്ങുമ്പോഴും ഇടമലക്കുടിയിലെ ആദിവാസികള്‍ക്ക് ആശ്രമായിരുന്ന പ്രദേശമാണ് ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞത്. രാത്രി വൈകിയാലോ കാലാവസ്ഥ പ്രതികൂലമായാലോ ആദിവാസികള്‍ പെട്ടിമുടിയിലെ കാന്റീന്‍ കെട്ടിടത്തില്‍ തങ്ങുന്നത് പതിവായിരുന്നു.
രാവിലെ വീടുകളില്‍ നിന്ന് പുറപ്പെട്ട് നീണ്ടനേരത്തേ കാനനയാത്രയ്ക്കു ശേഷം മലയിറങ്ങുമ്പോള്‍ ദാഹവും വിശപ്പും ശമിപ്പിക്കുവാന്‍ ആകെയുണ്ടായിരുന്നത് ഈ കാന്റീന്‍ മാത്രമായിരുന്നു. വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടാകുന്ന വേളകളിലും ഇവിടെ തങ്ങിയ ശേഷം പുലര്‍ച്ചെയോടെ യാത്ര തുടരുന്ന ആദിവാസികളും കുറവായിരുന്നില്ല. പലപ്പോഴും കാന്റീന്‍ കെട്ടിടത്തിന്റെയും ലേബര്‍ ക്ലബ് കെട്ടിടത്തിന്റെയും സമീപത്തും തിണ്ണയിലുമാണ് ഇവര്‍ അഭയം കണ്ടിരുന്നത്. ഇടമലക്കുടിയിലേക്കുള്ള യാത്രയില്‍ പ്രമുഖരെത്തുമ്പോള്‍ നല്ല ചൂടന്‍ പരിപ്പുപടയും ചായയും ലഭിച്ചിരുന്നതും പെട്ടിമുടിയിലെ കാന്റീന്‍ കെട്ടിടത്തില്‍ നിന്നായിരുന്നു.
ഇടമലക്കുടിയില്‍ നിന്നും കുന്നിറങ്ങി വരുന്ന ആദിവാസികള്‍ക്ക് പെട്ടിമുടിയുമായി കാലങ്ങളായുളള അത്മബന്ധമാണുണ്ടായിരുന്നത്. സംഭവം നടന്ന ദിവസം ഇടമലക്കുടിയിലും ശക്തമായ മഴയാണുണ്ടായിരുന്നത്. അന്നു രാത്രി ചിലയിടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടാകുകയും മരം കടപുഴകി വീഴുകയും ചെയ്തിരുന്നു. റോഡിലെ പല ഭാഗത്തും മണ്ണിടിച്ചിലും കൂടി ഉണ്ടായതോടെ അപകടത്തിന്റെ രണ്ടാം ദിവസമാണ് ഇടമലക്കുടിയില്‍ നിന്നും ആദിവാസികള്‍ പെട്ടിമുടിയിലെത്തിയത്. പെട്ടിമുടിയില്‍ നിന്നും ഇടമലയിലേക്ക് കടക്കുമ്പോളുള്ള ആദ്യ കുടിയായ സൊസൈറ്റി കുടിയിലെ ആദിവാസികളും പെട്ടിമുടിയിലെ താമസക്കാരും തമ്മില്‍ നല്ല അടുപ്പമാണ് ഉണ്ടായിരുന്നത്.