രണ്ട് ലക്ഷത്തിലേറെ പൊതിച്ചോറുകള്‍; ഡിവൈഎഫ്ഐയുടെ 'ഹൃദയപൂർവ്വം' നൂറ് ദിവസം പിന്നിട്ടു
ഓരോ ദിവസവും ഡിവൈഎഫ്ഐ മേഖല കമ്മറ്റികൾക്ക് കീഴിലെ യൂണിറ്റുകളിലുള്ള വീടുകളിൽ നിന്നും പ്രവർത്തകർ നേരിട്ടെത്തി ശേഖരിക്കുന്നത് മൂവായിരത്തിലധികം ഭക്ഷണപ്പൊതികളാണ്.
കോഴിക്കോട്: ഗവ. മെഡിക്കൽ കോളജിൽ (Kozhikode ,Medical College) രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഡിവൈഎഫ്ഐയുടെ ഹൃദയപൂർവ്വം പദ്ധതി (DYFI Hridayapoorvam) നൂറ് ദിവസം പിന്നിടുന്നു. ഇത് വരെ രണ്ടര ലക്ഷത്തിൽപ്പരം പൊതിച്ചോറുകളാണ് (lunch food distribution) ആശുപത്രിയിൽ ഡിവൈഎഫ്ഐ വിതരണം ചെയ്തത്.
ഓരോ ദിവസവും ഡിവൈഎഫ്ഐ മേഖല കമ്മറ്റികൾക്ക് കീഴിലെ യൂണിറ്റുകളിലുള്ള വീടുകളിൽ നിന്നും പ്രവർത്തകർ നേരിട്ടെത്തി ശേഖരിക്കുന്നത് മൂവായിരത്തിലധികം ഭക്ഷണപ്പൊതികളാണ്. ഇവ പിന്നീട് വാഹനങ്ങളിലാക്കി മെഡിക്കൽ കോളജിലെത്തിക്കും. വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാനുള്ള കരുതലാണിത്.
2021 ആഗസ്റ്റ് 21 മുതലാണ് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ പൊതിച്ചോറ് വിതരണം തുടങ്ങിയത്. കൊവിഡ്കാലം തൊഴിൽ നഷ്ടപ്പെട്ടവരടക്കമുള്ള രോഗികൾക്കും കൂട്ടിരിപ്പ്കാർക്കും പദ്ധതി ഏറെ സഹായകരമായി. തൊഴിലൊന്നുമില്ലാതെ മെഡിക്കൽ കോളജ് പരിസരത്ത് കഴിയുന്ന രോഗികളല്ലാത്തവരും ഇവിടെയെത്തി ഭക്ഷണം കഴിക്കുന്നു. രണ്ട് ലക്ഷത്തിൽ കൂടുതൽ പൊതിച്ചോറുകൾ ഇതിനകം വിതരണം ചെയ്തു.