സ്കൂട്ടറിൽ നിന്ന് ഒരു ചാക്ക്, കമ്പനിയിൽ നിന്ന് 29 ചാക്ക്; തിരുവല്ലയിൽ 10 ലക്ഷത്തിന്റെ പുകയില ഉത്പന്നം പിടികൂടി
സ്ഥാപന നടത്തിപ്പുകാരൻ കുന്നന്താനം സ്വദേശി ജയന് വേണ്ടി അന്വേഷണം ഊർജ്ജിതമാണ്.
പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല കുന്നന്താനത്ത് പത്ത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് പിടികൂടി. ഹോളോബ്രിക്സ് നിർമ്മാണ കമ്പനിയുടെ മറവിൽ ആയിരുന്നു വൻതോതിൽ ലഹരിവില്പന. അമ്പലപ്പുഴ കരുമാടി സ്വദേശി ഗിരീഷ് കുമാർ അറസ്റ്റിലായി. മുത്തൂർ - കാവുംഭാഗം റോഡിൽ എക്സൈസ് സംഘം പരിശോധനയിലായിരുന്നു. ഇതുവഴി സ്കൂട്ടറിൽ പോയ ഗിരീഷ്കുമാറിനെ സംശയം തോന്നി പരിശോധിച്ചു.
ഒരു ചാക്ക് നിരോധിത പുകയില ഉത്പന്നം പിടികൂടി. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ പാമലയിലെ ഹോളോബ്രിക്സ് കമ്പനിയെ കുറിച്ച് വിവരം ലഭിച്ചു. അർദ്ധരാത്രി സ്ഥാപനത്തിൽ എക്സൈസ് റെയ്ഡ് നടത്തി. 29 ചാക്ക് പുകയില ഉത്പന്നങ്ങൾ കൂടി കണ്ടെടുത്തു. സ്ഥാപന നടത്തിപ്പുകാരൻ കുന്നന്താനം സ്വദേശി ജയന് വേണ്ടി അന്വേഷണം ഊർജ്ജിതമാണ്. പിടിയിലായ ഗിരീഷ്കുമാർ ചില്ലറ വില്പനക്കാരനാണെന്ന് എക്സൈസ് പറഞ്ഞു. തുടർനടപടിക്കായി പ്രതിയെ തിരുവല്ല പൊലീസിന് കൈമാറി.