പുരുഷന്മാർ സ്ത്രീകളുടെ അളവെടുക്കേണ്ട, സ്ത്രീകളുടെ മുടി മുറിക്കേണ്ട; നിർദേശവുമായി യുപി വനിതാ കമ്മീഷൻ
മോശം സ്പർശനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കാനാണ് ഈ നിർദേശം മുന്നോട്ടുവെയ്ക്കുന്നതെന്ന് വനിതാ കമ്മീഷൻ
ലഖ്നൌ: പുരുഷൻമാരായ തയ്യൽക്കാർ സ്ത്രീകളുടെ വസ്ത്രങ്ങളുടെ അളവെടുക്കുകയോ സലൂണിലെ പുരുഷന്മാർ സ്ത്രീകളുടെ മുടി മുറിക്കുകയോ ചെയ്യരുതെന്ന നിർദേശവുമായി ഉത്തർപ്രദേശിലെ വനിതാ കമ്മീഷൻ. മോശം സ്പർശനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കാനാണ് ഈ നിർദേശം മുന്നോട്ടുവെയ്ക്കുന്നതെന്ന് വനിതാ കമ്മീഷൻ വിശദീകരിച്ചു. ഒക്‌ടോബർ 28ന് നടന്ന വനിതാ കമ്മീഷൻ യോഗത്തിലാണ് ഈ നിർദേശം ഉയർന്നത്.
വസ്ത്രം തയ്ക്കാൻ സ്ത്രീകളുടെ അളവെടുക്കുന്നത് വനിതാ തയ്യൽക്കാർ ആയിരിക്കണമെന്നും ഈ ഭാഗങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും യോഗത്തിൽ നിർദേശം ഉയർന്നെന്ന് വനിതാ കമ്മീഷൻ അംഗം ഹിമാനി അഗർവാൾ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ ബബിത ചൗഹാനാണ് ഈ നിർദ്ദേശം മുന്നോട്ട് വച്ചതെന്നും യോഗത്തിൽ പങ്കെടുത്ത അംഗങ്ങൾ ഇതിനെ പിന്തുണച്ചെന്നും ഹിമാനി പറഞ്ഞു.
സലൂണുകളിൽ സ്ത്രീകളുടെ മുടി വെട്ടുന്നത് സ്ത്രീകളായിരിക്കണമെന്ന നിർദേശവും യോഗത്തിൽ ഉയർന്നു. പുരുഷന്മാരുടെ മോശം സ്പർശനം ഒഴിവാക്കാനാണ് ഇതെന്നാണ് വിശദീകരണം. ചില പുരുഷന്മാരുടെ ഉദ്ദേശ്യം നല്ലതല്ലെന്നും ഹിമാനി അഭിപ്രായപ്പെട്ടു. എല്ലാ പുരുഷന്മാർക്കും മോശമായ ഉദ്ദേശ്യങ്ങളുണ്ടെന്നല്ല ഈ പറഞ്ഞതിന്‍റെ അർത്ഥമെന്നും വനിതാ കമ്മീഷൻ അംഗം വ്യക്തമാക്കി. ഇപ്പോൾ ഇതൊരു നിർദ്ദേശം മാത്രമാണ്. ഇക്കാര്യത്തിൽ നിയമനിർമ്മാണം നടത്താൻ വനിതാ കമ്മീഷൻ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുമെന്ന് ഹിമാനി അഗർവാൾ വിശദീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം