കൊവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചു; ബാങ്ക് അടപ്പിച്ച് കളക്ടര്‍

നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന യൂണിയന്‍ ബാങ്ക് ശാഖയാണ് കളക്ടര്‍ അദീല അബ്ദുള്ള  അടപ്പിച്ചത്. സ്ഥാപനത്തില്‍ സാമൂഹിക അകലം പാലിക്കാതെ  ഇടപാടുകള്‍ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 

didnt follow covid 19 restrictions collector order to close bank branch

ബത്തേരി: കൊവിഡ്-19 സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വയനാട് സുല്‍ത്താന്‍ബത്തേരിയിലെ ബാങ്ക് അടച്ചിടാന്‍ ജില്ല കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന യൂണിയന്‍ ബാങ്ക് ശാഖയാണ് കളക്ടര്‍ അദീല അബ്ദുള്ള  അടപ്പിച്ചത്. സ്ഥാപനത്തില്‍ സാമൂഹിക അകലം പാലിക്കാതെ  ഇടപാടുകള്‍ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നാളെ (ജൂണ്‍ 30) ബാങ്ക് തുറക്കരുതെന്നാണ് കളക്ടറുടെ നിര്‍ദ്ദേശം.  

സാമൂഹിക അകലം പാലിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷമേ ബാങ്ക് പ്രവര്‍ത്തിക്കാവൂ എന്നും കളക്ടര്‍ നിര്‍ദേശിച്ചു. ബത്തേരി തഹസില്‍ദാര്‍ ബാങ്ക്  ശാഖ പരിശോധിച്ച് സ്ഥിതി വിലയിരുത്തും. റിപ്പോര്‍ട്ട് വൈകിട്ട് നാലിനകം സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. സാമൂഹിക അകലം പാലിച്ചില്ലെന്ന് ആരോപിച്ച് ബത്തേരിയിലെ മത്സ്യ-മാംസ മാര്‍ക്കറ്റ് കഴിഞ്ഞ മാസം കളക്ടര്‍ അടപ്പിച്ചിരുന്നു. 

അതേസമയം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തിങ്കളാഴ്ച്ച ജില്ലയില്‍ 235 പേര്‍ കൂടി നിരീക്ഷണത്തിലായി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുളളവരുടെ എണ്ണം 3676 പേരായി. 45 പേര്‍ മാനന്തവാടി ജില്ല ആശുപത്രിയിലും 1707 പേര്‍ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലുമാണ് നിരീക്ഷണത്തിലുളളത്.

ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനക്ക് അയച്ച 3120 സാമ്പിളുകളില്‍ 2616 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2553 നെഗറ്റീവും 63 സാമ്പിള്‍ പോസിറ്റീവുമാണ്. 500 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സാമൂഹ്യ വ്യാപന പരിശോധനയുടെ ഭാഗമായി ശേഖരിച്ച 4713 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ ഫലം ലഭിച്ച 3866 ല്‍ 3833 നെഗറ്റീവും 33 പോസിറ്റീവുമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios