പ്രസവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെത്തിയ യുവതിക്ക് കൊവിഡ്
ഇവരെ പരിശോധിച്ച മൂന്നു ഡോക്ടര്‍മാരടക്കം 15 ജീവനക്കാര്‍ ക്വാറന്റീനിലായി. പ്രസവ വാര്‍ഡിന്റെ പ്രവര്‍ത്തനം ഭാഗികമായി ക്രമപ്പെടുത്തിയിട്ടുണ്ട്.
ചേര്‍ത്തല: താലൂക്കാശുപത്രിയിൽ പ്രസവവുമായി ബന്ധപ്പെട്ടെത്തിയ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസമായി പ്രസവ വാര്‍ഡിലുള്ള പള്ളിത്തോട് സ്വദേശിനിയായ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ പരിശോധിച്ച മൂന്നു ഡോക്ടര്‍മാരടക്കം 15 ജീവനക്കാര്‍ ക്വാറന്റീനിലായി. പ്രസവ വാര്‍ഡിന്റെ പ്രവര്‍ത്തനം ഭാഗികമായി ക്രമപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ചികിത്സയിലുള്ള ഗര്‍ഭിണികളെയും പ്രത്യേക നിരീക്ഷണത്തിലായിരിക്കും.
രോഗം സ്ഥിരീകരിച്ച യുവതിയെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്കുമാറ്റി. സമ്പര്‍ക്കത്തിലൂടെയാണിവര്‍ക്ക് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഉറവിടം വ്യക്തമായിട്ടില്ല. ഇവര്‍ക്ക് ആശുപത്രിയില്‍ മറ്റിടങ്ങളില്‍ സമ്പര്‍ക്കമുണ്ടായിട്ടില്ലെന്നാണ് കണക്കാക്കുന്നത്. പ്രസവാര്‍ഡിലുളളവരുമായി പ്രാഥമിക സമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ആരോഗ്യ, റവന്യൂ വകുപ്പധികൃതര്‍ പറയുന്നത്.
ചൊവ്വാഴ്ച രാത്രിയിലാണ് ഡോക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച സ്രവം പരിശോധനയ്ക്ക് അയച്ചു. ഉറവിടം കണ്ടെത്താത്ത സാഹചര്യത്തില്‍ പള്ളിത്തോട് പ്രദേശത്തും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യുവതിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനും നിരീക്ഷണത്തിനും ആരോഗ്യവകുപ്പ് നടപടികള്‍ തുടങ്ങി. രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തി. അനാവശ്യമായി ആശുപത്രിയില്‍ എത്തുന്ന സാഹചര്യമൊഴിവാക്കും.