Asianet News MalayalamAsianet News Malayalam

ആ പൂട്ട് അങ്ങ് അഴിച്ചേക്ക്..! കണ്ടക്ടർ ഇല്ലാതെ ബസ് സർവീസ്; മന്ത്രിയുടെ 'മാസ്' ഇടപെടല്‍

പണമില്ലെങ്കിൽ അടുത്ത ദിവസങ്ങളില്‍ പണം അടച്ചാൽ മതി.മാതൃകാപരമായ ഒരു പുതിയ രീതി എന്ന നിലയിലും യാത്രക്കാരുടെയും പൊതുജനങ്ങളുടെയും നാട്ടുകാരുടെയും സത്യസന്ധതയെ മാനിക്കുന്ന പുതിയ പരീക്ഷണം എന്ന നിലയിലും ഇത് പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും മന്ത്രി

conductor less cng bus service minister antony raju gives permission
Author
Palakkad, First Published May 1, 2022, 10:08 PM IST | Last Updated May 1, 2022, 10:14 PM IST

തിരുവനന്തപുരം: കണ്ടക്ടറില്ലാതെ പരീക്ഷണ ഓട്ടം തുടങ്ങിയ സ്വകാര്യ ബസിന്‍റെ ഓട്ടം മോട്ടോര്‍ വാഹനവകുപ്പ് കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. കണ്ടക്ടറില്ലാതെ ബസിന് ഓടാനാവില്ലെന്ന് വ്യക്തമാക്കിയാണ് മോട്ടോര്‍ വാഹനവകുപ്പിന്‍റെ വിലക്കെന്നും ഇതോടെ സര്‍വീസ് ആരംഭിച്ച് ദിവസങ്ങള്‍ക്കകം ബസ് ഓട്ടം നിര്‍ത്തി എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിലായിരുന്നു സംഭവം.  ജില്ലയിലെ ആദ്യ സിഎൻജി ബസാണ് മോട്ടോർ വാഹന വകുപ്പിന്റെ നിർദേശത്തെത്തുടർന്ന് അന്ന് സർവീസ് നിർത്തിയത്. രണ്ട് ട്രിപ്പ് കഴിഞ്ഞ ശേഷമാണ് മോട്ടർ വാഹന വകുപ്പ് അധികൃതർ സർവീസ്‌ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്. കണ്ടക്ടറെ നിയമിച്ചശേഷമേ സർവീസ് നടത്താവു എന്ന് ബസ് ഉടമയ്ക്ക് നിർദേശം നല്‍കിയിരുന്നു. എന്നാല്‍, വിഷയത്തില്‍ ഇപ്പോള്‍ ഗതാഗത മന്ത്രി ആന്‍റണി രാജു ഇടപ്പെട്ടിരിക്കുകയാണ്. 

കണ്ടക്ടർ ഇല്ലാതെ സർവീസ് നടത്തിയ പാലക്കാട്ടെ കാടൻകാവിൽ ബസ്സ് സർവീസിന് അനുമതി നിഷേധിച്ചതിനെതിരെ നിരവധി പരാതികളാണ് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. മോട്ടോർ വാഹന നിയമപ്രകാരം ടിക്കറ്റ് നൽകി സർവീസ് നടത്തുമ്പോൾ കണ്ടക്ടർ വേണമെന്നാണ് നിയമം. പക്ഷേ ഈ ബസ്സുടമ ടിക്കറ്റ് നൽകുന്നില്ല. യാത്രക്കാർ പണപ്പെട്ടിയിൽ പണം ഇടുകയാണ് ചെയുന്നത്. ടിക്കറ്റില്ലാത്ത ബസ് ആയതിനാൽ അത്തരം ബസുകൾക്ക് കണ്ടക്ടർ വേണമെന്നില്ല.

അതുകൊണ്ട് അവർക്ക് പെർമിറ്റ്‌ നൽകാൻ നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു. കണ്ടക്ടർ ഇല്ലാതെ യാത്രക്കാരുടെ സത്യസന്ധതയെ മാനിച്ച് ബസിൽ പണപ്പെട്ടി സ്ഥാപിച്ച് പൊതുജനങ്ങൾക്ക്‌ യാത്രക്ക്‌ സൗകര്യം ഒരുക്കുകയാണ് ബസ്സുടമ ചെയ്തത്. മോട്ടോർ വാഹനനിയമ പ്രകാരം ബസ് സർവീസിന് കണ്ടക്ടർ അനിവാര്യമായതിനാൽ നേരത്തെ അനുമതി നിഷേധിച്ചിരുന്നു. എന്നാൽ വിവിധ കോണുകളിൽ നിന്ന് ഇതിനെതിരെ വിമർശനം ഉയർന്നിരുന്നു. കണ്ടക്ടറില്ലാതെ കഴിഞ്ഞയാഴ്ച്ചയാണ് പാലക്കാട്‌ സ്വകാര്യ സിഎന്‍ജി ബസ് സര്‍വ്വീസ് ആരംഭിച്ചത്. യാത്രക്കാര്‍ ബസില്‍ സ്ഥാപിച്ച ബോക്‌സില്‍ യാത്രാ ചാര്‍ജ് നിക്ഷേപിച്ച് യാത്ര ചെയ്യാം.

പണമില്ലെങ്കിൽ അടുത്ത ദിവസങ്ങളില്‍ പണം അടച്ചാൽ മതി.മാതൃകാപരമായ ഒരു പുതിയ രീതി എന്ന നിലയിലും യാത്രക്കാരുടെയും പൊതുജനങ്ങളുടെയും നാട്ടുകാരുടെയും സത്യസന്ധതയെ മാനിക്കുന്ന പുതിയ പരീക്ഷണം എന്ന നിലയിലും ഇത് പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. സ്വകാര്യബസ് മേഖലയുടെ പ്രതിസന്ധി മറികടക്കാന്‍ നടത്തിയ ഉടമ നടത്തിയ പരീക്ഷണം വൈറലായിരുന്നു.  

വടക്കഞ്ചേരി സ്വദേശി തോമസ് മാത്യു ആണ് ഇന്ധന വില വര്‍ദ്ധനവിനെ മറി കടക്കാന്‍ പ്രകൃതിവാതകം ഇന്ധനമാക്കിയ ബസ് റോഡില്‍ ഇറക്കിയത്. ഡ്രൈവര്‍ മാത്രമായിരുന്നു  കാടന്‍കാവില്‍ എന്നു പേരുള്ള ഈ ബസിലെ ജീവനക്കാരന്‍. വടക്കഞ്ചേരിയില്‍ നിന്ന് തുടങ്ങി നെല്ലിയാമ്പാടം, പുളിങ്കൂട്ടം, തെന്നിലാപുരം വഴി ആലത്തൂര്‍വരെയും തിരിച്ചുമായിരുന്നു ഈ ബസിന്‍റെ റൂട്ട്. കണ്ടക്ടറോ ക്ലീനറോ ഇല്ലാത്ത ബസായിരുന്നു ഇത്. യാത്രക്കൂലി ബസിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള പെട്ടികളില്‍ ഇടുന്നതായിരുന്നു രീതി. ഗൂഗിള്‍ പേ സംവിധാനവും ഒരുക്കിയിരുന്നു. പണമില്ലാത്തവര്‍ക്കും യാത്രചെയ്യാനാകും എന്നും പുതിയ പരീക്ഷണത്തിന് യാത്രക്കാരില്‍നിന്ന് പൂര്‍ണ പിന്തുണ കിട്ടിയതായും ബസ് ഉടമ നേരത്തെ പറഞ്ഞിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios