Asianet News MalayalamAsianet News Malayalam

മൂല്യനിർണയത്തില്‍ മാർക്ക് നഷ്ടപ്പെട്ട സംഭവം, അധ്യാപകർക്കെതിരെ വകുപ്പ്തല നടപടി എടുക്കണമെന്ന് ബാലാവകാശ കമ്മിഷൻ

അനയ ആർ സാബുവിന് ഏഴ് മാർക്ക് നഷ്ടപ്പെട്ട സംഭവത്തിലാണ് ബലാവകാശ കമ്മിഷന്റെ ഉത്തരവ്

child rights commission asks to action against teachers responsible for the loss of marks due to negligence
Author
First Published Jun 29, 2024, 12:07 AM IST

ഹരിപ്പാട്: പരീക്ഷ പേപ്പർ മൂല്യനിർണയം നടത്തിയ അധ്യാപകന്റെ അശ്രദ്ധ മൂലം എസ് എസ് എൽ സിക്ക് മാർക്ക് നഷ്ടപ്പെട്ട സംഭവത്തിൽ അധ്യാപകർക്കെതിരെ വകുപ്പ് തല നടപടി എടുക്കണമെന്ന് ബാലാവകാശ കമ്മിഷൻ. നങ്ങ്യാർകുളങ്ങര ബഥനി ബാലികാ മഠത്തിലെ വിദ്യാർഥിനി തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി കൂട്ടുങ്കൽ വീട്ടിൽ സാബു രജി ദമ്പതികളുടെ മകൾ അനയ ആർ സാബുവിന് ഏഴ് മാർക്ക് നഷ്ടപ്പെട്ട സംഭവത്തിലാണ് ബലാവകാശ കമ്മിഷന്റെ ഉത്തരവ്.

മാർക്ക് തിരികെ ലഭിക്കാൻ അനയയുടെ രക്ഷിതാക്കൾ മുട്ടാത്ത വാതിലുകളില്ല. സമയബന്ധിതമായി നഷ്ടപ്പെട്ട മാർക്ക് തിരികെ നൽകാൻ ബന്ധപ്പെട്ടവർ ഗൗരവൻ കാണിച്ചില്ല. തുടർന്നാണ് മുഖ്യമന്ത്രി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി, ബാലവകാശ കമ്മിഷൻ തുടങ്ങിയവരെ സമീപിച്ചത്. രണ്ടാം അലൗട്ട്മെന്റ് പൂർത്തിയായതിന് ശേഷമാണ് മാർക്കിന്റെ കാര്യത്തിൽ നടപടിയുണ്ടായത്. പൊതു വിദ്യാഭ്യാസ ഡയറക്ടർ, പരീക്ഷ ഭവൻ സെക്രട്ടറി, സ്കൂൾ ഹെഡ്മാസ്റ്റർ എന്നിവരെ എതിർ കക്ഷികളാക്കിയാണ് അയന ആർ സാബു ബലാവകാശ കമ്മിഷനെ സമീപിച്ചത്.

പരീക്ഷ ഭവൻ സെക്രട്ടറിക്ക് ജൂൺ ആറിന് പരാതി നൽകിയെങ്കിലും കമ്മിഷന് പരാതി നൽകുന്ന 20-ാം തീയതി വരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും എന്റെ അവസരങ്ങൾ നഷ്ടപ്പെടാനും പഠനത്തെ പ്രതികൂലമായി ബാധിക്കാനും കാരണമാകുന്നതിനാൽ സത്വര നടപടിയുണ്ടാകണമെന്നാണ് അനയ ഹര്‍ജിയിൽ ആവശ്യപ്പെട്ടത്. ഹര്‍ജി പരിഗണിച്ച കമ്മിഷൻ എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കുകയും ഓൺലൈനായി ഹിയറിങ്ങ് നടത്തുകയും ചെയ്തു. വിദ്യാർഥിയുടെ ഭാവി നിർണയിക്കുന്നതിൽ പ്രാധാന്യത്തോടെ കാണുന്ന വിഷയത്തിൽ പരീക്ഷ പേപ്പർ പരിശോധിച്ച അധ്യാപകർക്ക് ഗുരുതരമായ ജാഗ്രതക്കുറവ് സംഭവിച്ചതായി കമ്മിഷൻ നിരീക്ഷിച്ചു.

മൂല്യനിർണയം നടത്തിയ അധ്യാപകരുടെ ഉദാസീനത മൂലം കുട്ടിക്ക് അർഹതപ്പെട്ട മാർക്ക് ലഭിക്കാതെ പോയതിന് ബന്ധപ്പെട്ട അധ്യാപകർക്കെതിരെ വകുപ്പ് തല നടപടിക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടറും പരീക്ഷഭവൻ സെക്രട്ടറിയും നടപടി സ്വീകരിക്കണമെന്നാണ് ബാലവകാശ കമ്മിഷന്റെ ഉത്തരവ്. ഹർജിക്കാർക്കുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിന് അനുയോജ്യ നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്. ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് അധികാരികൾ സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് ഒരുമാസത്തിനകം കമ്മിഷന് ലഭ്യമാക്കണമെന്നും ഉത്തരവിൽ പറയുന്നു. സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗം ടി സി ജലജമോളാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

അനയക്ക് ഒമ്പത് എ പ്ലസും ഒരു ബി പ്ലസുമാണ് ലഭിച്ചത്. സോഷ്യൽ സയൻസിനാണ് ബി പ്ലസ് ഗ്രേഡ് ലഭിച്ചത്. പുനർമൂല്യയനിർണയും നടത്തിയപ്പോൾ മാർക്കിൽ മാറ്റമില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് ഉത്തര പേപ്പറിന്റെ പകർപ്പെടുത്തപ്പോഴാണ് മൂല്യ നിർണയത്തിലെ പിഴവ് കണ്ടെത്തുന്നത്. ഏഴു മാർക്ക് കൂടി ലഭിക്കുമ്പോൾ നിലവിലുള്ള ബി പ്ലസ് ഗ്രേഡ് എ ഗ്രേഡായി മാറും. ഉത്തരത്തിന്റെ ഭാഗത്ത് ഇട്ട മാർക്ക് സ്കോർ ഷീറ്റിലേക്ക് പകർത്തി എഴുതാതിരുന്നതാണ് കാരണം.

Latest Videos
Follow Us:
Download App:
  • android
  • ios