Asianet News MalayalamAsianet News Malayalam

ആറ്റുകാൽ പൊങ്കാലയ്ക്ക് മുന്‍പ് തിരുവനന്തപുരത്ത് മഴ; ക്ഷേത്ര പരിസരത്തടക്കം മഴ തുടരുന്നു

അടുത്ത മൂന്നു മണിക്കൂറില്‍ തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

attukal pongala rain in trivandrum city joy
Author
First Published Feb 25, 2024, 8:17 AM IST | Last Updated Feb 25, 2024, 8:22 AM IST

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ തിരുവനന്തപുരത്ത് മഴ. ക്ഷേത്രപരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ചാറ്റല്‍ മഴ തുടരുകയാണ്. അടുത്ത മൂന്നു മണിക്കൂറില്‍ തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചു. 

അതേസമയം, പൊങ്കാല അര്‍പ്പിക്കാനെത്തിയവരുടെ തിരക്കിലാണ് പുലര്‍ച്ചെ തന്നെ തിരുവനന്തപുരം നഗരം. പത്തരക്ക് പണ്ടാര അടുപ്പില്‍ തീ പകരുന്നതോടെയാണ് പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കുക. രണ്ടരയ്ക്കാണ് നിവേദ്യം. വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമാണ് നഗരത്തിലുടനീളം ഒരുക്കിയിട്ടുള്ളത്. മറ്റ് ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ ഭക്തരുടെ തിരക്കാണ് നഗരത്തില്‍. ക്ഷേത്രത്തിന്റെ സമീപത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. റെയില്‍വേയും കെഎസ്ആര്‍ടിസിയും പൊങ്കാലയോട് അനുബന്ധിച്ച് പ്രത്യേകം സര്‍വീസ് നടത്തും. കെഎസ്ആര്‍ടിസിയുടെ 300 ബസുകള്‍ ജില്ലയിലും 200 ബസ് ദീര്‍ഘദൂര സര്‍വീസുകളും നടത്തും. 

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിപുലമായ ആരോഗ്യ സേവനങ്ങള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഉയര്‍ന്ന ചൂട് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മതിയായ പരിചരണവും ചികിത്സയും നല്‍കാനായി 4 ഹീറ്റ് ക്ലിനിക്കുകള്‍ കൂടി ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ജനറല്‍ ആശുപത്രി, ഫോര്‍ട്ട് താലൂക്ക് ആശുപത്രി, ഐരാണിമുട്ടം സാമൂഹികാരോഗ്യ കേന്ദ്രം, ചാല അര്‍ബന്‍ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങിലാണ് ഹീറ്റ് ക്ലിനിക്കുകള്‍ ആരംഭിച്ചത്. സൂര്യാതപം പോലുള്ള പ്രശ്നങ്ങള്‍ ബാധിക്കുന്നവരെ പരിചരിക്കുന്നതിനായി കൂളര്‍, ഫാന്‍, കമ്പിളി, ഐസ് പായ്ക്ക്, ഐവി ഫ്ളൂയിഡ്, ഒആര്‍എസ്, ക്രീമുകള്‍ എന്നിവ ഈ ക്ലിനിക്കുകളില്‍ സജ്ജമാക്കി. ഉയര്‍ന്ന ചൂട് കൊണ്ടുള്ള എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ ഈ ക്ലിനിക്കുകളുടെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. നഗര പരിധിയിലുള്ള 16 അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകള്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കുന്ന ഫീല്‍ഡ് ഹോസ്പിറ്റലുകളായി പ്രവര്‍ത്തിക്കും. ചുറ്റുപാടുള്ള 6 സര്‍ക്കാര്‍ ആശുപത്രികള്‍, 10 സ്വകാര്യ ആശുപത്രികള്‍ എന്നിവ തീവ്രമല്ലാത്ത സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കണ്ടിജന്റ് സെന്ററുകളായി പ്രവര്‍ത്തിക്കും. ഏത് അടിയന്തിര സാഹചര്യവും നേരിടുന്ന സെന്ററായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു. 
 

'ചെറിയൊരു തീപ്പൊരി മതി, വന്‍ ദുരന്തത്തിന് കാരണമാകാന്‍'; വാഹനങ്ങള്‍ക്കുള്ളിലെ പുകവലിക്കാര്‍ക്കെതിരെ എംവിഡി 

 

Latest Videos
Follow Us:
Download App:
  • android
  • ios