'മേവാത്തി' മോഷ്ടാക്കൾ സഞ്ചരിച്ച വഴിയേ പൊലീസും, കേരള പൊലീസിനോട് സഹകരിച്ച് എടിഎം മോഷ്ടാക്കൾ
കേരളാ പൊലീസിനോട് സഹകരിച്ച് തൃശൂരിലെ മൂന്നു എ.ടി.എമ്മുകളില്‍നിന്നായി 65 ലക്ഷം രൂപ കവര്‍ന്ന ഹരിയാന സ്വദേശികളായ 'മേവാത്തി' കൊള്ള സംഘം. പിന്നാലെ തെളിവുകൾ ഒന്നൊന്നായ് വീണ്ടെടുത്ത് പൊലീസ്
തൃശൂര്‍: തൃശൂരിനെ ഞെട്ടിച്ച എ.ടി.എം. മോഷണ പരമ്പര കേസില്‍ പിടിയിലായ പ്രതികളെയും കൊണ്ട് പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതികള്‍ സഞ്ചരിച്ച അതേ വഴിയിലൂടെ പൊലീസ് സഞ്ചരിച്ച് തൊണ്ടി സാധനങ്ങള്‍ കണ്ടെത്തി. ഷൊര്‍ണ്ണൂര്‍ റോഡിലെ എ.ടി.എമ്മിലാണ് ആദ്യം എത്തിച്ചത്. താണികൂടം പുഴയില്‍നിന്ന് മോഷടക്കള്‍ വലിച്ചെറിഞ്ഞ 12 ക്യാഷ് ട്രേകളും രണ്ട് ഗ്യാസ് കട്ടറുകളും മുങ്ങി എടുത്തു. എടിഎമ്മില്‍ പണം സൂക്ഷിക്കുന്ന 12 ബോക്സ് പോലത്തെ ട്രേകളാണ് മുങ്ങൽ വിദഗ്ധർ ഏറെ നേരം പണിപ്പെട്ട് കണ്ടെടുത്തത്.
അഗ്‌നിശമന വിഭാഗത്തിലെ സ്‌കൂബാ ഡൈവേഴ്സിനെ എത്തിച്ചാണ് പുഴയില്‍നിന്നും ആയുധങ്ങള്‍ കണ്ടെടുത്തത്. തൃശൂര്‍ സിറ്റി പൊലീസ് അസിസ്റ്റന്റെ് കമ്മിഷണര്‍ സലീഷ് ശങ്കരന്റെയും ഈസ്റ്റ് എസ്.എച്ച്.ഒ. എം.ജെ. ജിജോയുടെയും നേതൃത്വത്തില്‍ ആധുനിക തോക്കുകളുമായി വന്‍ പൊലീസ് സംഘത്തിന്റെ കാവലിലാണ് നാല് പ്രതികളെ തൃശൂര്‍-ഷൊര്‍ണ്ണൂര്‍ റോഡിലെ എ.ടി.എമ്മിലും താണികൂടം പുഴയക്ക് അടുത്തും എത്തിച്ചത്.
തൃശൂരിലെ മൂന്നു എ.ടി.എമ്മുകളില്‍നിന്നായി 65 ലക്ഷം രൂപ കവര്‍ന്ന ഹരിയാന സ്വദേശികളായ 'മേവാത്തി' കൊള്ള സംഘത്തെയാണ് തമിഴ്‌നാട്ടില്‍നിന്ന് രണ്ട് ദിവസം മുമ്പ് തൃശൂരിലെത്തിച്ചത്. ഇവരെ തൃശൂര്‍ ജില്ലാ ഹോസ്പിറ്റലില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയതിനുശേഷം കോടതിയില്‍ ഹാജരാക്കി. എ.ടി.എം. കവര്‍ച്ചയ്ക്ക് ശേഷം തമിഴ്‌നാട് നാമക്കലില്‍ വച്ചാണ് മണിക്കൂറുകള്‍ക്കകം പ്രതികള്‍ പൊലീസിന്റെ പിടിയിലായത്. 7 പ്രതികളില്‍ ഒരാള്‍ തമിഴ്‌നാട് പോലീസുമായി നടന്ന ഏറ്റുമുട്ടലില്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
ശേഷിച്ച ആറു പേരില്‍ ഒരാള്‍ക്ക് ഗുരുതരമായ പരുക്കേറ്റ് കാല് മുറിച്ച് മാറ്റേണ്ടി വന്നതിനാല്‍ തമിഴ്‌നാട്ടില്‍ ചികിത്സയിലാണ്. മറ്റ് 5 പേരെയാണ് തൃശൂരിലെത്തിച്ചത്. ഇതില്‍ നാല് പേരെയാണ് പൊലീസ് തെളിവെടുപ്പിനെ വേണ്ടി കൊണ്ടു വന്നത്. തൃശൂരില്‍ മൂന്ന് എഫ്.ഐ.ആറുകളാണ് പ്രതികള്‍ക്കെതിരേയുള്ളത്. തൃശൂര്‍ റൂറല്‍ പൊലീസിന്റെ കീഴിലുള്ള ഇരിങ്ങാലക്കുട സ്റ്റേഷനില്‍ മാപ്രാണത്തെ എ.ടി.എം. തകര്‍ത്തതിനും തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷന് കീഴില്‍ ഷൊര്‍ണൂര്‍ റോഡിലെ എ.ടി.എം. തകര്‍ത്തതിനും കോലഴിയിലെ എ.ടി.എം. തകര്‍ത്തതിനു വിയ്യൂര്‍ പൊലീസുമാണ് കേസ് എടുത്തിട്ടുള്ളത്. ഈസ്റ്റ് പൊലീസിന്റെ അന്വേഷണം പൂര്‍ത്തികരിച്ചതിനുശേഷം അടുത്ത ദിവസം വിയ്യൂര്‍ പൊലീസ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിക്കും.
മൂന്നു പൊലീസ് സ്റ്റേഷന്‍ പരിധികളിലും ഓരോ എസ്.ബി.ഐ. എ.ടി.എം. വീതം തകര്‍ത്താണ് ഇവര്‍ പണം കൊള്ളയടിച്ചത്. ഓരോ കേസുകളിലും പ്രത്യേകം കസ്റ്റഡിയില്‍ വാങ്ങി പ്രതികളുമായി തെളിവെടുപ്പ് നടത്താനാണ് സാധ്യത. കവര്‍ച്ച നടത്തിയ രീതിയും എ.ടി.എം. അലര്‍ട്ട് മുഴങ്ങാന്‍ ഏകദേശം 50 മിനിറ്റോളം വൈകിയതെങ്ങനെ എന്നും മറ്റു സഹായങ്ങള്‍ ഇവര്‍ക്ക് ലഭിച്ചോ എന്നും പൊലീസ് തെളിവെടുപ്പില്‍ പരിശോധിക്കുന്നുണ്ട്. എന്നാല്‍ മറ്റു സഹായങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നാണ് സൂചന.
കേരളത്തില്‍ ഇവര്‍ ദിവസങ്ങോളം തങ്ങി ഗൂഗുള്‍ മാപ്പ് നോക്കിയാണ് റൂട്ടുകള്‍ നിശ്വയിച്ചത്. പഴയ എ.ടി.എം. മെഷീനുകള്‍ വാങ്ങി ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്ത് പരിശീലനം നേടിയതിന് ശേഷമാണ് പ്രതികള്‍ കവര്‍ച്ചയ്‌ക്കെത്തിയത്. തൃശൂരിലെ എസ്.ബി.ഐ. എ.ടി.എമ്മുകള്‍ തന്നെ തെരഞ്ഞെടുത്തുവെന്നും കാര്യം എന്തു കൊണ്ട് എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
മോഷ്ടിച്ച കാറിലാണ് സംഘം എത്തിയത്. പുലര്‍ച്ചെ രണ്ട് മണി മുതല്‍ 3.45 വരെയുള്ള സമയത്തിനുള്ളില്‍ മൂന്ന് ഇടങ്ങളില്‍ കവര്‍ച്ച നടത്തിയ സംഘം താണികൂടം പാലത്തിന്റെ മുകളില്‍ വെച്ച് ട്രേകളില്‍നിന്ന് പണം പുറത്ത് എടുത്ത് ബാഗില്‍ നിറച്ച് കട്ടറും ട്രേകളും പാലത്തിന്റെ ഇരുവശത്തേക്കും വലിച്ചെറിയുകയായിരുന്നു. സമീപ പ്രദേശത്ത് വീടുകള്‍ കുറവായിതുകൊണ്ട് ആരും സംഭവം കണ്ടില്ല. പാലത്തിന്റെ അടുത്തുള്ള ഒരു വിട്ടിലെ താമസക്കാര്‍ പുഴയില്‍ എന്തോ വീഴുന്ന ശബദം കേട്ടുവെങ്കിലും മരണാനന്തരചടങ്ങള്‍ക്ക് ശേഷം വീടുകളില്‍നിന്നും കളയുന്ന സാധനങ്ങള്‍ കൊണ്ട് ഇടുക പതിവാണ്. അങ്ങനെയുള്ള എന്തെങ്കിലും ആയിരിക്കും എന്നും കരുതി. പുഴയുടെ അടുത്താണ് താണികൂടം ആറാട്ട് നടക്കുന്ന ക്ഷേത്രം. കവര്‍ച്ചയ്ക്കുശേഷം പട്ടിക്കാട് വരെ കാറിലെത്തിയ സംഘം കണ്ടെയ്‌നര്‍ ലോറിയില്‍ കാര്‍ ഒളിപ്പിച്ചാണ് തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടത്.
പ്രതികള്‍ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നും വിവരങ്ങള്‍ കൃത്യമായി നല്‍കുന്നില്ലെന്നുമാണ് നേരത്തെ തമിഴ്‌നാട് പൊലീസ് വിശദമാക്കിയിരുന്നത്. എന്നാല്‍ കേരള പോലിീസിനോട് ഇവര്‍ വിവരങ്ങള്‍ നല്‍കാന്‍ മടി കാണിച്ചിട്ടില്ല. ഇതിനാലാണ് താണികൂടത്തെ ഉപേക്ഷിച്ച സാധനങ്ങളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. പ്രതികള്‍ എല്ലാം കൊടും ക്രിമിനലുകളാണെന്നും ഹരിയാനയിലെ കവര്‍ച്ചാ സംഘങ്ങളുടെ ഗ്രൂപ്പിലുള്ളവരാണെന്നുമാണ് വിവരം. ഇവരുടെ താവളങ്ങളില്‍ എത്തിച്ചേരുന്നതിന് മുമ്പ് പിടിയിലായതാണ് പ്രതികളെ കുരുക്കിയത്.
പ്രതികളില്‍ ഒരാളായ മുഹമ്മദ് അക്രം കൃഷ്ണഗിരി ജില്ലയില്‍ എ.ടി.എം. തകര്‍ത്ത് പണം കവര്‍ന്ന കേസില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതാണ്. ഇയാള്‍ ആണ് കവര്‍ച്ചയ്ക്ക് ഉപയോഗിച്ചിരുന്ന കാര്‍ ഓടിച്ചിരുന്നത്. നേരത്തെയുള്ള കേസില്‍ ശിക്ഷ കഴിഞ്ഞ പുറത്ത വന്ന് ഒരു മാസം തികയുന്നതിന് മുമ്പേയാണ് മോഷ്ടാക്കൾ സംഘമായി കവര്‍ച്ചയ്ക്കിറങ്ങിയത്. ഒരാളൊഴികെ മറ്റു മൂന്നു പ്രതികള്‍ക്കും മോഷണ പശ്ചാത്തലമുണ്ട്. ഒരാള്‍ അടിപിടി കേസുകളില്‍ പ്രതിയാണ്. മോഷടിച്ച് കിട്ടുന്ന പണം ധൂര്‍ത്തടിക്കാനും റമ്മികളിക്കാനും വേണ്ടിയാണ് ഇവര്‍ ചെലവിട്ടിരുന്നതെന്നാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം