ബൈഡൻ സമ്മതം മൂളി, പിന്നാലെ റഷ്യയിലേക്ക് മിസൈലുകൾ പായിച്ച് യുക്രൈൻ; ആക്രമണം സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രാലയം
റഷ്യയുടെ ബ്രയാൻസ്ക് മേഖലയിലേക്ക് മിസൈലുകൾ യുക്രൈൻ തൊടുത്തുവിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചതായി സിഎൻഎൻ റിപ്പോര്‍ട്ട് ചെയ്യുന്നു.
മോസ്കോ: രാജ്യത്തേക്ക് യുക്രൈൻ ദീര്‍ഘദൂര മിസൈൽ ആക്രമണം നടത്തിയതായി റഷ്യ. ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കുന്നതില്‍ യുക്രൈന് മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് യുഎസ് നീക്കിയതിന് പിന്നാലെ യുഎസ് നിർമ്മിത എടിഎസിഎംഎസ് മിസൈൽ ആക്രമണം നടന്നത്. റഷ്യയുടെ ബ്രയാൻസ്ക് മേഖലയിലേക്ക് മിസൈലുകൾ യുക്രൈൻ തൊടുത്തുവിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചതായി സിഎൻഎൻ റിപ്പോര്‍ട്ട് ചെയ്യുന്നു.
റഷ്യയിലേക്ക് ദീർഘദൂര അമേരിക്കൻ ആയുധങ്ങൾ ഉപയോഗിക്കുന്നതിന് ബൈഡൻ ഭരണകൂടം കൈവിന് പച്ചക്കൊടി നൽകിയതിന് രണ്ട് ദിവസത്തിന് ശേഷമാണ് ആക്രമണം നടന്നത്. റിപ്പോർട്ടിനോട് കിവ് ഇതുവരെ പ്രതികരിച്ചിട്ടില്ല. റഷ്യയ്ക്കകത്തെ സൈനിക കേന്ദ്രങ്ങളെ അടക്കം ലക്ഷ്യമിട്ടുള്ള ആക്രമണം നടത്താൻ യുക്രൈൻ ആദ്യമായാണ് ദീർഘദൂര അമേരിക്കൻ ആയുധങ്ങൾ ഉപയോഗിക്കുന്നത്.
പ്രാദേശിക സമയം ചൊവ്വാഴ്ച പുലർച്ചെ 3:25 ന് ബ്രയാൻസ്കിലെ ഒരു കേന്ദ്രത്തിലേക്ക് യുക്രൈൻ ആറ് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതായാണ് മന്ത്രാലയം അറിയിക്കുന്നത്. അമേരിക്കൻ നിർമ്മിത എടിഎസിഎംഎസ് മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. അഞ്ച് മിസൈലുകൾ ആക്രമിച്ചു തകർത്തു. മറ്റൊന്ന് തകർന്നുവീണു. തകർന്ന മിസൈലിന്റെ ഭാഗങ്ങൾ സൈനിക കേന്ദ്രത്തിനടുത്ത് പതിച്ച് തീപിടിത്തത്തിന് കാരണമായി. അത് അണച്ചു. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും റഷ്യൻ വ്യോമ പ്രതിരോധ സേന അറിയിച്ചു.
റഷ്യ യുക്രൈൻ വാറിൽ യുഎസ് നയത്തിലുണ്ടാകുന്ന സുപ്രധാന മാറ്റമായിരുന്നു ദീര്‍ഘദൂര മിസൈലുകള്‍ക്കുള്ള വിലക്ക് നീക്കിക്കൊണ്ട് ബൈഡനെടുത്ത തീരുമാനം. യുദ്ധമവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കുമെന്ന നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ബൈഡന്‍റെ പുതിയ നീക്കമെന്നതും ശ്രദ്ധേയമായിരുന്നു. വിലക്ക് നീക്കയിതിന് പിന്നാലെ ആദ്യഘട്ടമായി പശ്ചിമ റഷ്യയിലെ കസ്‌ക് മേഖലയില്‍ വിന്യസിച്ചിരിക്കുന്ന റഷ്യന്‍ - ഉത്തര കൊറിയന്‍ സംയുക്ത സേനയ്ക്കെതിരെയാകും യുക്രൈന്‍റെ നീക്കമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
പുതിയ തീരുമാനം സംബന്ധിച്ച് വൈറ്റ് ഹൗസിന്റെ ഭാഗത്ത് നിന്നും പ്രതികരണങ്ങളുണ്ടായില്ലെങ്കിലും, യുക്രൈൻ പ്രസിഡന്‍റ് വൊളോദിമർ സെലൻസ്കിയുടെ പ്രതികരണം ഇത് സ്ഥിരീകരിക്കുന്ന തരത്തിലായിരുന്നു. മാധ്യമ ചർച്ച ഉചിതമായ നടപടി സ്വീകരിക്കാൻ അനുമതി ലഭിച്ചെു എന്നാണ്, വാക്കുകൾ കൊണ്ടല്ല പോരാട്ടം നടക്കേണ്ടത്. അതിനാൽ അത്തരം കാര്യങ്ങളൊന്നും പ്രഖ്യാപിക്കുന്നില്ല. മറുപടി മിസൈലുകൾ പറയും, എന്നുമായിരുന്നു സെലൻസിയുടെ പ്രതികരണം.
ഇങ്ങനെ വന്നാല്‍ ഇന്ത്യ- അമേരിക്ക വ്യാപാരയുദ്ധം, മുന്നറിയിപ്പുമായി യുഎസ് കോണ്‍ഗ്രസ് അംഗം