Asianet News MalayalamAsianet News Malayalam

17.09.50: മോദി, 24.05.45: പിണറായി, തീര്‍ന്നില്ല എംഎൽഎമാരുടെയും ജന്മദിനങ്ങൾ 'ഒരു രൂപയിൽ', അര്‍വിന്ദിന്റെ ശേഖരം

ഒരു രൂപാ നോട്ടിലെ നമ്പർ ഉപയോഗിച്ച് ജന്മദിനവും വർഷവും ക്രമീകരിച്ച് അർവിന്ദ് കുമാർ

Arvind Kumar with the collection of Rs 1 Rupee note number setting political leaders birthday and year
Author
First Published Jul 23, 2024, 9:08 PM IST | Last Updated Jul 23, 2024, 9:09 PM IST

ചേർത്തല: ദിവസവും നമ്മൾ ക്രയവിക്രയം നടത്തുന്ന നോട്ടുകളിലുള്ള പ്രത്യേകതകൾ ഒന്നും ശ്രദ്ധിക്കാറില്ല. എന്നാൽ ഒരു രൂപയിലെ നമ്പർ കൊണ്ട് ഇഎംഎസ് മുതൽ പിണറായി വിജയന്റെ വരെ ജന്മദിനവും വർഷവും ദിവസവും ക്രമീകരിച്ച അധ്യാപകനുണ്ട് ചേർത്തലയിൽ. നഗരത്തിലെ പ്രധാന സ്കൂളായ ടൗൺ എൽപി എസിലെ അധ്യാപകനും നഗരസഭ 34-ാം വാർഡിൽ പ്രഥമേഷ് മന്ദിറിലെ അർവിന്ദ് കുമാറാണ് വേറിട്ട ശേഖരത്തിന് മാതൃകയാവുന്നത്. 

ഒരു രൂപാ നോട്ടിലെ നമ്പർ ഉപയോഗിച്ച് 140 നിയമസഭാ സാമാജികരുടെ ജന്മദിനവും വർഷവും ക്രമപ്പെടുത്തുകയും അവരുടെതായ ലഘു വിവരണവും ചേർത്ത് പുതു തലമുറയ്ക്ക് അറിവും പകരുകയാണ് അർവിന്ദ് കുമാർ. ഗൂഗിൾ, വിക്കിപീഡിയ, സർക്കാർ വെബ് സൈറ്റുകൾ എന്നിവയാണ് വിവരശേഖരണത്തിന് ആശ്രയിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിലെ പ്രധാന സംഭവങ്ങൾ, ശാസ്ത്ര കണ്ടുപിടുത്തങ്ങൾ നടന്നവർഷം, പുന്നപ്ര - വയലാർ സമരം, ചാന്ദ്രയാൻ തുടങ്ങിയവയുടെയെല്ലാം തീയതികളുള്ള നോട്ടുകൾ അർവിന്ദിന്റെ ശേഖരത്തിലുണ്ട്. 

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ 17 09 50 മുതൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മദിനമായ 24 05 45 വരെ കൂടാതെ എല്ലാ മന്ത്രിമാരുടെയും ജന്മദിനവും വർഷവും ദിവസം വരെയും കേരളത്തിലെ ആദ്യ മന്ത്രിസഭ രൂപം കൊണ്ട ദിവസമായ 05 04 57 ഉം ഒരു രൂപയുടെ നമ്പറിൽ അർവിന്ദ് ക്രമപ്പെടുത്തീയിട്ടുണ്ട്. മറ്റത്തിൽ ഭാഗം ഹൈസ്കൂളിലെ മുൻ പ്രധമാധ്യാപകൻ അശോക് കുമാറാണ് അര്‍വിന്ദിന് നോട്ട് ശേഖരത്തിന് പ്രചോദനമായത്. 17-ാം വയസുമുതൽ നോട്ടുകൾ ശേഖരിച്ച് തുടങ്ങി. കേരളത്തിന് പുറമെ ഡൽഹി, കർണ്ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമാണ് ഒരു രൂപ നോട്ടുകൾ ശേഖരിച്ചത്. ഇപ്പോൾ ഒരു ലക്ഷം രൂപയുടെ ഒരു രൂപ നോട്ടുകൾ അർവിന്ദ് കുമാറിന്റെ പക്കലുണ്ട്.

നോട്ട് ശേഖരണത്തിനൊപ്പം സ്റ്റാമ്പുകളുടെ വിപുലമായ ശേഖരവും അർവിന്ദിനുണ്ട്. ഗാന്ധിജിയെക്കുറിച്ചുള്ള സ്റ്റാമ്പുകളാണ് ഏറെയും. കൂടാതെ വിവിധ രാജ്യങ്ങളിലെ രാഷ്ട്ര തലവൻമാരുടെയും ചരിത്ര ദിവസങ്ങളിലെയും സ്റ്റാമ്പുകളുടെ അമൂല്യ ശേഖരവും ഇദ്ദേഹത്തിനുണ്ട്. 50 ഓളം സ്കൂളുകളിലും കോളജുകളിലുമായി സ്റ്റാമ്പ് കളക്ഷൻ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്. 2013 മുതൽ 2019 വരെ തുടർച്ചയായി ലിംകാ റിക്കാർഡ്സിലും ഇടം നേടി. കുട്ടിക്കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഇടയ്ക്ക് വച്ച് പഠനം നിർത്തേണ്ടി വന്ന അർവിന്ദ് എൽഐസി എജന്റായി കുറെക്കാലം പ്രവർത്തിച്ചു. 

പിന്നീട് ഓൺലൈൻ വിദ്യാഭ്യാസം വഴി ബിരുദത്തിന് റാങ്ക് നേടി. കുറേക്കാലം സ്വകാര്യ കമ്പനികളിൽ പ്രവർത്തിച്ചു. ഇപ്പോൾ ചേർത്തല ടൗൺ എൽ പി സ്കൂളിൽ അധ്യാപകനാണ്. കറൻസി -നാണയശേഖരം കൂടാതെ സ്റ്റാമ്പും, തീപ്പട്ടിക്കവറുകളുടെയും വൻ ശേഖരമാണ് അർവിന്ദ് കുമാറിന്റെ വീട്ടിലുള്ളത്. ഞായറാഴ്ച ഉച്ചയോടെ ഈ അമൂല്യ ശേഖരംനേരിട്ട് കാണാൻ മന്ത്രി പി പ്രസാദ് അർവിന്ദിന്റെ വീട്ടിൽ എത്തിയിരുന്നു. ഒരു മണിക്കൂറോളം എല്ലാംനേരിട്ട് കണ്ട് കഴിവിനെ പ്രോത്സാഹിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. അധ്യാപികയായ ജ്യോതി ലക്ഷ്മിയാണ് ഭാര്യ. ഏക മകൾ സിദ്ധി രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

കൊച്ചിയിൽ ഹോട്ടൽ ജീവനക്കാരിയെ വനിതാ കൗൺസിലർ മർദിച്ചതായി പരാതി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios