കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ 5708 പേര്‍ നിരീക്ഷണത്തില്‍, 566 പ്രവാസികളും
ജില്ലയില്‍ ഇന്ന് വന്ന 78 പേര്‍ ഉള്‍പ്പെടെ ആകെ 566 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 222 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയര്‍ സെന്ററുകളിലും 330 പേര്‍ വീടുകളിലുമാണ്.
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് പുതുതായി വന്ന 406 പേര്‍ ഉള്‍പ്പെടെ 5708 പേര്‍ നിരീക്ഷണത്തിലുള്ളതായും ഇതുവരെ 24,159 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇന്ന് വന്ന 13 പേര്‍ ഉള്‍പ്പെടെ 31 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 15 പേര്‍ ആശുപത്രി വിട്ടു.
ജില്ലയില്‍ ഇന്ന് വന്ന 78 പേര്‍ ഉള്‍പ്പെടെ ആകെ 566 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 222 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയര്‍ സെന്ററുകളിലും 330 പേര്‍ വീടുകളിലുമാണ്. 14 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 74 പേര്‍ ഗര്‍ഭിണികളാണ്.
ജില്ലയില്‍ ഇന്ന് പുതുതായി ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ 11 കോഴിക്കോട് സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും ഒരു കാസര്‍കോട് സ്വദേശിയും കൊവിഡ് പോസിറ്റീവായി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിൽ തുടരുന്നുണ്ട്.
ഇന്ന് 62 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2958 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2934 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2891 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 24 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരുടെ യോഗം ചേര്‍ന്ന് ബ്ലോക്ക് തല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാര്‍ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 12 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 164 പേര്‍ക്ക് ഫോണിലൂടെയും സേവനം നല്‍കി. ജില്ലയില്‍ 2628 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 7623 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.