'നീല ഷർട്ടും ബാഗും തെളിവ്', കറുച്ചാലിൽ മോഷ്ടാവ് കുടുങ്ങിയത് ഇങ്ങനെ, പാളിയത് മോഷ്ടാവിന്റെ കണക്കുകൂട്ടൽ
സ്വർണവും പണവുമായി ഇയാൾ ഓടിക്കയറിയത് പെട്രോളിംഗ് വാഹനത്തിന് മുന്നിലായിരുന്നു. ബാഗ് വലിച്ചെറിഞ്ഞ് രക്ഷപ്പെട്ടെങ്കിലും ബാഗിൽ നിന്ന് കണ്ടെത്തിയ നീല ഷർട്ട് പൊലീസിന് പിടിവള്ളിയാവുകയായിരുന്നു
കറുകച്ചാൽ: ചങ്ങനാശ്ശേരി ശാന്തിപുരത്ത് മോഷണം കഴിഞ്ഞ് മുങ്ങിയ യുവാവിനെ പൊലീസ് കുടുക്കിയത് അതിസമർത്ഥമായി. കോന്നി, കൊടുമൺ, അടൂർ, കറുകച്ചാൽ അടക്കമുള്ള പൊലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിലെ പ്രതിയായ പത്തനംതിട്ട എഴുമറ്റൂർ അഞ്ചാനി കുഴിക്കാലയിൽ രാജേഷ് എന്ന 45കാരനെയാണ് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ മാസം 20ന് കറുകച്ചാലിന് സമീപത്തുള്ള ശാന്തിപുരത്തെ മുതിരപ്പറമ്പിൽ ജെസി സെബാസ്റ്റ്യന്റെ വീട്ടിൽ നടന്ന മോഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. വീടിന്റെ വാതിൽ തുറന്ന് അകത്ത് കയറി പെൺകുട്ടിയുടെ കഴുത്തിലെ മാലയും അലമാരയിലുണ്ടായിരുന്ന കമ്മലും ബാഗിലുണ്ടായിരുന്ന പണവും അടക്കമാണ് 45കാരൻ അടിച്ച് മാറ്റിയത്. ജനൽ കൊളുത്ത് തുറന്ന് വീടിനുള്ളിൽ കയറിയ ശേഷം മുൻവാതിൽ തുറന്നിട്ട ശേഷമായിരുന്നു മോഷണം.
വീട്ടുകാർ ശബ്ദം കേട്ട് ഉണർന്നതോടെ ഇയാൾ മുൻവാതിൽ വഴി രക്ഷപ്പെടുകയായിരുന്നു. എന്നാൽ വീട്ടുകാർ വിവരം അറിയിച്ചതിനേ തുടർന്ന് മേഖലയിൽ പട്രോളിംഗ് നടത്തിയിരുന്ന പൊലീസ് സംഘം വീട്ടിലേക്ക് എത്തിയതാണ് രാജേഷിന്റെ കണക്കുകൂട്ടൽ തെറ്റിച്ചത്. സ്വർണവും പണവുമായി ഇയാൾ ഓടിക്കയറിയത് പെട്രോളിംഗ് വാഹനത്തിന് മുന്നിലായിരുന്നു.
രക്ഷപ്പെടാനുള്ള തന്ത്രപ്പാടിൽ കയ്യിലുണ്ടായിരുന്ന ബാഗ് ഇയാൾ വലിച്ചെറിഞ്ഞ് കാട്ടിലേക്ക് കയറി 45കാരൻ മുങ്ങി. എന്നാൽ ബാഗിൽ നിന്ന് പൊലീസിന് ലഭിച്ച നീല ഷർട്ടും വീട് കുത്തിത്തുറക്കാനുള്ള ആയുധങ്ങളും പൊലീസിന് ലഭിച്ചു. ഇതോടെയാണ് മോഷണ ശേഷം വസ്ത്രം മാറി രക്ഷപ്പെടുന്ന സ്ഥിരം കുറ്റവാളികളിലേക്ക് അന്വേഷണം എത്തിയത്. അന്വേഷണത്തിൽ രാജേഷിനെ മേഖലയിലെ സിസിടിവി ദൃശ്യങ്ങളിലും കണ്ടെത്തിയത്. ഇതിന് പിന്നാലെ പൊലീസ് ഒളിവിൽ പോയ രാജേഷിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം