ടർഫിൽ കളിക്കുന്നതിനിടെ വിളിച്ചുവരുത്തി, അരുംകൊല ചെയ്തത് ലഹരിക്കെതിരെ പൊരുതിയ 19കാരനെ, നടുങ്ങി കരിമഠം കോളനി
പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞാണ് വിളിച്ചുവരുത്തിയതെന്ന് സുഹൃത്തുക്കള്‍
തിരുവനന്തപുരം: കരിമഠം കോളനിയിൽ യുവാവിനെ വെട്ടിക്കൊന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. ധനുഷ് എന്നയാളാണ് അറസ്റ്റിലായത്. ധനുഷിന്‍റെ രണ്ട് സഹോദരന്മാര്‍ ഒളിവിലാണ്. 19 വയസുള്ള അർഷാദ് ആണ് കൊല്ലപ്പെട്ടത്. പൂര്‍വ്വ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
അര്‍ഷാദും കൂട്ടുകാരും കോളനിയിലെ ലഹരി സംഘത്തിനെതിരെ നിലകൊള്ളുകയും ലഹരി വില്‍പ്പന തടയുകയും ചെയ്തിരുന്നു. അര്‍ഷാദ് ലഹരിക്കെതിരെ യുവജന കൂട്ടായ്മ രൂപീകരിക്കുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്തു. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. അര്‍ഷാദിന്‍റെ കഴുത്തിനാണ് വെട്ടേറ്റത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. അര്‍ഷാദിന്‍റെ സഹോദരനും ആക്രമണത്തില്‍ പരിക്കേറ്റു.
ഇന്നലെ വൈകീട്ട് ടര്‍ഫില്‍ കളിക്കുകയായിരുന്ന അര്‍ഷാദിനെ വിളിച്ചുവരുത്തി ഒരു സംഘം വെട്ടിക്കൊല്ലുകയായിരുന്നു. പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞാണ് അര്‍ഷാദിനെ വിളിച്ചുവരുത്തിയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. നേരത്തെയും ഇരു സംഘങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ദീപാവലിക്കും ഇരു സംഘവും തമ്മില്‍ അടിപിടിയുണ്ടായി.
അര്‍ഷാദിന്‍റെ മരണത്തിന്‍റെ ഞെട്ടലിലാണ് കൂട്ടുകാര്‍. മികച്ച ഫുട്ബോള്‍ കളിക്കാരനായിരുന്ന അര്‍ഷാദ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യാറുണ്ടായിരുന്നു. നല്ല ജോലി നേടി, സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബത്തിന് കൈത്താങ്ങാവാന്‍ ആഗ്രഹിച്ച 19കാരനാണ് അരുംകൊല ചെയ്യപ്പെട്ടത്.