അനുയാത്ര, സീന ശ്രീവത്സന്‍ എഴുതിയ കവിതകള്‍
വാക്കുല്‍സവത്തില്‍ ഇന്ന് സീന ശ്രീവത്സന്‍ എഴുതിയ കവിതകള്‍
ആണ്‍കോയ്മയിലധിഷ്ഠിതമായ സാമാന്യവല്‍ക്കരണങ്ങളുടെയും പൊതുധാരണകളുടെയും ആഖ്യാനങ്ങളെ പെണ്‍മയുടെ മൂര്‍ച്ചയേറിയ നേരുകളാല്‍ മായ്ക്കാനുള്ള ശ്രമങ്ങളാണ് സീന ശ്രീവല്‍സന്റെ കവിതകള്‍. തികച്ചും വൈയക്തികമെന്ന പ്രതീതിയാണ് ഒറ്റവായനയില്‍ അതു സൃഷ്ടിക്കുക. ആഴങ്ങളിലിറങ്ങുമ്പോള്‍, എന്നാല്‍ നമുക്ക് കാണാം, സാമൂഹ്യ ഉല്‍ക്കണ്ഠകള്‍, ലിംഗരാഷ്ട്രീയത്തിന്റെ പൊടിപ്പുകള്‍, പൊതുആഖ്യാനങ്ങളോടുള്ള രോഷങ്ങള്‍. എന്നാല്‍, മുദ്രാവാക്യത്തിന്റെ ഭാഷയല്ല അതിന്. കവിതയ്ക്ക് മാത്രം കഴിയുന്ന സൂക്ഷ്മമായ പ്രകാശനങ്ങള്‍.
അനുയാത്ര
പഞ്ചബാണമെയ്യുന്നു
അരങ്ങില്‍ സ്വാതികീര്‍ത്തനം.
ഇടതുകയ്യില്‍ വില്ലും
വലതുകയ്യില്‍ ഞാണും
തൈതൈ ചവിട്ടി
ഹംസപാദത്തില്‍ കാമദേവന്‍.
ഉള്ളിലുന്മാദം നിറച്ച്
താളവട്ടത്തില്‍ മനസ്സ് കൂര്‍പ്പിച്ച്
നര്‍ത്തകി ബാണമെയ്യുന്നു.
മറുനിമിഷം
നോവുതിര്‍പ്പിന്‍ സ്‌നേഹദീക്ഷയില്‍
അവള്‍ അമ്പേറ്റ് വലയുന്നു.
വേദിക്ക് താഴെ ധ്യാനത്തിലെന്നപോലെ
അവളിലേക്കൂന്നിയ താമരക്കണ്ണുകള്‍
കൈമുദ്രകളില്‍ മന്ദമാരുതനണയുന്നൂ
വസന്തമെത്തുന്നൂ.
പൂവമ്പിന്റെ ഗന്ധം
ഉള്‍പ്പൂവിലേക്കമരുന്നബാണം
തകധിമി തകധിമി തത്തജം
തകതക്കിട്ട തകതക്കിട്ട തൈ
തകധിമി തകതക്കിട്ട
കൊടും താപമാണ് സഖീ
ഇടത്തുനോക്കി അവള്‍മൊഴിഞ്ഞു.
വിരഹത്താല്‍ തപിച്ചും
ഉന്മാദത്താല്‍ വിറച്ചും
രണ്ടാംകാലവും കഴിഞ്ഞ് അവളുടെ ചുവടുകള്‍
തീരുമാനം ചവിട്ടിത്തീര്‍ന്നതും
തുടകള്‍ക്കിടയിലാരും കാണാതൊഴുകിയ
നദിയുടെ കൂടിയ വേഗം.
ജലതരംഗങ്ങള്‍.
സാഹിത്യത്തിലേക്ക്
അനായാസമായി ഊര്‍ന്നിറങ്ങിയ ഗായകന്‍.
നോക്കൂ, അവിടെ താമരക്കണ്ണുകള്‍
ശിഖരമുദ്രയാല്‍ കണ്ണുഴിഞ്ഞ്
ഹംസാസ്യത്തിലും ഊര്‍ണനാഭത്തിലുമേറി
വേദിനിറയെ വിരിയിച്ച താമരകള്‍.
പാടാത്തപാട്ടിലേറി കാണാമുദ്രകളില്‍
മൂന്നുകാലവുംകടന്നവള്‍
ഗായകനിടറുന്നു
നട്ടുവാങ്കം ചിലമ്പുന്നു.
അവളുടെ
ചിത്രമെഴുതിയപാദങ്ങളില്‍
വിരലില്‍നിന്നൂര്‍ന്ന
താമരയിതളുകള്‍ ചുംബിക്കുന്നു.
വേദിക്ക് മുന്നില്‍ അയാള്‍
ധ്യാനത്തിലെന്നപോലെ.
..........................
Read more: അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍
..........................
ഭൗമം
സൗമ്യം വന്യം ഗാഢം
ഏതുവാക്കിന്നുടല്‍ പറ്റി വരയ്ക്കണം
ജലസ്ഥലഭ്രമം ബാധിച്ചു
വിരലുകള്‍ ചോദിക്കുന്നു.
ഇലത്താളങ്ങളില്‍
കാറ്റുപോലൊന്ന് നീട്ടി വിളിക്കുന്നു.
കാണാത്തതെന്തൊ പറഞ്ഞപോലെ
മെയ് വഴങ്ങാത്ത കാടകപ്പച്ചകള്‍
മൗനം മുറിച്ചിട്ട് വേരു നീട്ടുന്നു,
മേലെ മഴക്കാറിനു ദൂതയയ്ക്കുന്നു.
ജലജന്യരാഗങ്ങളില്‍ താണിറങ്ങുന്നു.
ഇളം നാരുവേരിലും
തായ് വേരിന്‍ ദൃഢത്വത്തിലും
മാറ്റുരയ്ക്കുന്നു.
ഭൂമി പാടുന്നു
ഭൂമിയാടുന്നു
ചിറകുനീര്‍ത്തുന്നു
വിരല്‍പ്പൂക്കളില്‍
കാട്ടുതേന്‍ ചുരത്തുന്നു
തുടുത്ത മാറില്‍
നീലനദികളെ പോറ്റുന്നു.
ഉള്ളിലതിരഹസ്യമാം കൂട്ടില്‍
തൂവല്‍മീട്ടും പക്ഷികള്‍.
അതിസൂക്ഷ്മതരംഗമായാപ്പാട്ടിന്‍
തുടിയേറ്റും കാട്ടുവള്ളിപ്പടര്‍പ്പില്‍
ഊറിനിറയുന്ന ജടാലങ്കാരങ്ങള്‍.
മുടിപറിച്ചെറിയുന്ന
തീകായും നേരങ്ങള്‍
ഉടല്‍പൊഴിക്കുന്ന
വന്യസഞ്ചാരങ്ങള്‍
ജീവസ്ഥലികളില്‍
ഭൂമിയുടെ ജലാര്‍ദ്രമാം വാക്കുകള്‍
വിരല്‍മുറിക്കുന്നൂ...
.........................
Read more: വീട് ജലാശയമാവുമ്പോള്‍, മഞ്ജു പി.എന്‍ എഴുതിയ കവിതകള്‍
.........................
നിന്നിലേക്ക്
1..2...3...4
പടികളെണ്ണിക്കയറാം
മുകളിലേക്കുള്ള വഴി
ചെറുതാണ്.
കിതപ്പ് വിളിച്ചു വരുത്തുന്നത്.
കിതപ്പറിയാതിരിക്കാന്‍
ഒരു പാട്ട് കേട്ടാലോ?
'മധുരം ജീവാമൃതബിന്ദു...
മധുരം ജീവാമൃതബിന്ദു...'
യേശുദാസാണ്
പാട്ടുപെട്ടി മനസ്സില്‍തന്നെ.
മധുരമെന്നു പാടിപ്പറഞ്ഞപ്പോള്‍
ഇത്തിരിചക്കരക്കാപ്പി
കുടിച്ചെങ്കിലെന്ന്
അകത്തൊരാള്‍
ഉറിയിലടച്ച ചക്കര രണ്ടച്ച്
ഇത്തിരിക്കുരുമുളക്
ഒരിഞ്ച് ചുക്ക് ചതച്ചത്
ഒരു നുള്ള് കാപ്പിപ്പൊടി
അത്രമാത്രം.
ആ കുപ്പിഗ്ലാസ് നീട്ടുമ്പോഴൊക്കെ
നിനക്ക് റബ്ബറിന്റെ ചില്ലകത്തിയ മണം.
കാപ്പിപ്പൊടിപറ്റിയ വിരലുകള്‍
നെറ്റിയിലെ വിയര്‍പ്പ്
ഞാന്‍ ദഹിച്ച കണ്ണുകള്‍
കണ്ണുകളെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ
മഴത്തുമ്പികള്‍
ഒഴുക്കിവിട്ട പച്ചപ്ലാവിലകളെ
തിരഞ്ഞുനിന്നനേരങ്ങള്‍
അലച്ചെത്തുന്നു.
മണ്ണെടുക്കാന്‍ മടിച്ച വിഷാദങ്ങള്‍
കിനിഞ്ഞിറങ്ങുന്നു.
വിഷാദത്തിലേക്ക് ഊര്‍ന്നിറങ്ങുന്ന
നേരങ്ങളിലൊന്നിലാവണം
കാഴ്ചയുടെ പാടകളെ കബളിപ്പിച്ച്
അയാള്‍ അപ്രത്യക്ഷനായത്.
കണ്ടവരുണ്ടോ
കേട്ടവരുണ്ടോ
കൊണ്ടവരുണ്ടോ
ചവിട്ടിയും കുത്തിയും എറിഞ്ഞുവീഴ്ത്തിയും
ചുട്ടെടുത്തവരുടെ
എണ്ണമെടുക്കുമ്പോഴാണ്
94,95,96,.......99........
എന്നിങ്ങനെ സംഖ്യകള്‍ അനന്തമാകുന്നത്.
എത്ര കിതച്ചാണ്
ഈ മണ്ണിലെരിഞ്ഞുതീരുന്നത്
മലയാളത്തിലെ മികച്ച കവിതകള്‍ ഇവിടെ വായിക്കാം