'മുന്നിലോ പിന്നിലോ നടക്കാനല്ല, നിങ്ങള്‍ക്കൊപ്പം നടക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്'
ഞങ്ങളില്‍ ചില മാലാഖമാരില്‍ പെട്ടെന്നൊരു അപസ്മാരം വരുമ്പോള്‍ ഇത് വരെ അവര്‍ ചെയ്ത കാര്യങ്ങളെല്ലാം പെട്ടെന്ന് ഇല്ലാതാവുന്നു. തലച്ചോറിനേറ്റ ക്ഷതം അവരുടെ വളര്‍ച്ചയെ ബാധിക്കുന്നു. അങ്ങനെ പെട്ടെന്ന് സംഭവിക്കുമ്പോള്‍ മാലാഖമാരുടെ അമ്മമാര്‍ക്കുണ്ടാകുന്ന മാനസികാവസ്ഥയെ പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
മുഖവുര
ഞാന്‍ ഒരമ്മയാണ്. ഭിന്നശേഷിയുള്ള ഒരു കുഞ്ഞിന്റെ അമ്മ. വാക്കുകളിലൂടെ സ്വയം പ്രകാശിപ്പിക്കാന്‍ പറ്റാത്ത ഒരു കുഞ്ഞാണ് എന്‍േറത്. എങ്കിലും, വാക്കുകളില്ലാതെ അവന്‍ പറയുന്നത്, അമ്മ എന്ന നിലയില്‍ കേള്‍ക്കാനാവാറുണ്ട്. വാക്കുകള്‍ ഇല്ലാതെ പോയ അവന്റെ മനോഗതങ്ങളും ആത്മഗതങ്ങളും പകര്‍ത്താനുള്ള ഒരു ശ്രമമാണിത്. അവനു പറയാനുള്ളത് അമ്മ എന്ന നിലയില്‍ ഞാന്‍ പകര്‍ത്തിവെക്കുകയാണ് ഇവിടെ
മാലാഖക്കുഞ്ഞുങ്ങള്‍
ഞങ്ങള്‍ ദൈവത്തിന്റെ വരദാനം ലഭിച്ച ഭൂമിയിലെ മാലാഖമാരാണ്. ഭിന്നശേഷിക്കാരെന്നും, സുഖമില്ലാത്ത കുട്ടിയെന്നും, വൈകല്യമുള്ള കുട്ടിയെന്നും ഒക്കെയാണ് ഞങ്ങളുടെ വിളിപ്പേര്.
ഞങ്ങളുടെ അമ്മമാര്‍ ഞങ്ങളെ മാലാഖമാരെന്നാണ് വിളിക്കാറുള്ളത്. അവരുടെ ജീവന്റെ പാതിയായ കുഞ്ഞ് മാലാഖമാര്‍.
ഞങ്ങളില്‍ പലര്‍ക്കും പലതരം അവസ്ഥകളാണുള്ളത്. അതില്‍ ചില മാലാഖമാര്‍ ജനന സമയത്ത് തന്നെ ഒരു സാധാരണ കുഞ്ഞല്ലെന്ന് ഡോക്ടര്‍മാര്‍ ഞങ്ങളുടെ മാതാപിതാക്കളോട് പറയും. ശാരീരികമായും, മാനസികമായും അവരപ്പോള്‍ തളര്‍ന്നു പോകുന്നു. തന്റെ കുഞ്ഞിന്റെ മുന്നോട്ടുള്ള യാത്ര എങ്ങനെയാണെന്ന് ആലോചിച്ച് പകച്ചു നില്‍ക്കുന്നു.
എന്നാല്‍ ചില മാലാഖമാര്‍ നല്ല ആരോഗ്യത്തോടെ ജനിച്ച് വളര്‍ന്നു കൊണ്ടിരിക്കുമ്പോഴാണ് അമ്മയ്ക്ക് തന്റെ കുഞ്ഞ് മറ്റുള്ള സമപ്രായക്കാരില്‍ നിന്നും വ്യത്യസ്തനായ കുട്ടിയാണെന്ന് മനസ്സിലാകുന്നത്. ആ അമ്മയ്ക്ക് കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്നങ്ങളെല്ലാം പെട്ടെന്ന് ഇല്ലാതാവുന്നു.
എന്നാല്‍ ഞങ്ങളില്‍ ചില മാലാഖമാരില്‍ പെട്ടെന്നൊരു അപസ്മാരം വരുമ്പോള്‍ ഇത് വരെ അവര്‍ ചെയ്ത കാര്യങ്ങളെല്ലാം പെട്ടെന്ന് ഇല്ലാതാവുന്നു. തലച്ചോറിനേറ്റ ക്ഷതം അവരുടെ വളര്‍ച്ചയെ ബാധിക്കുന്നു. അങ്ങനെ പെട്ടെന്ന് സംഭവിക്കുമ്പോള്‍ മാലാഖമാരുടെ അമ്മമാര്‍ക്കുണ്ടാകുന്ന മാനസികാവസ്ഥയെ പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
ഈ അവസ്ഥയെ ഉള്‍ക്കൊള്ളാന്‍ ആദ്യം ഞങ്ങളുടെ മാതാപിതാക്കള്‍ക്ക് കഴിയാറില്ല. വിധിയെ പഴിക്കാതെ, ദൈവം നല്‍കിയ അനുഗ്രഹമാണ് ഞങ്ങളെന്ന് അവര്‍ മനസ്സിലാക്കുന്നു.
സാധാരണ കുഞ്ഞുങ്ങളെക്കാള്‍ അല്പം കൂടി ശ്രദ്ധയും, കരുതലും, സ്‌നേഹവും, പരിഗണനയും ആവശ്യമുള്ള കുഞ്ഞുങ്ങളാണെന്ന് മനസ്സിലാക്കി തോറ്റ് കൊടുക്കാതെ സന്തോഷത്തോടെ മുന്നോട്ട് ജീവിക്കാന്‍ അവര്‍ തയ്യാറാകുന്നു.
അമ്മമാര്‍
ഞങ്ങളുടെ അമ്മമാരെ കുറിച്ച് പറയട്ടെ.
ഞങ്ങള്‍ കുറവുകള്‍ ഉള്ളവര്‍ എന്നല്ല, എല്ലാം തികഞ്ഞവരാണെന്ന് പറഞ്ഞ് സ്‌നേഹിക്കുന്ന അമ്മമാരാണ് ഞങ്ങളുടെ കരുത്ത്. ഞങ്ങളെ പുഞ്ചിരിപ്പിയ്ക്കാനും, മുഖം പ്രകാശം നിറയ്ക്കാനും വേണ്ടി ജീവിക്കുന്ന 'അമ്മ.'
എത്ര ഭാരമുണ്ടങ്കിലും നടക്കാന്‍ കഴിയാത്ത മക്കളെ ഭാരമറിയാതെ തോളിലേറ്റി നടക്കുന്ന അമ്മ. മക്കള്‍ക്ക് സംസാരിക്കാന്‍ കഴിവില്ലെങ്കിലും അവരുടെ ശബ്ദമായി മാറുന്ന അമ്മ. ശ്രവണ ശേഷിയില്ലാത്ത മക്കളെ ആംഗ്യത്തിലൂടെ ഈ ലോകത്തെ പരിചയപെടുത്തുന്ന അമ്മ. കാഴ്ചയില്ലാത്തവര്‍ക്ക് വെളിച്ചവും ഉള്‍ക്കാഴ്ചയും തന്റെ കണ്ണിലൂടെ പകര്‍ന്നു നല്‍കുന്ന അമ്മ. ഞങ്ങളുടെ ഓരോ ചെറിയ മാറ്റങ്ങളും ആഘോഷിക്കുന്ന അമ്മ. ലോകത്തിന് വേണ്ടി ഞങ്ങളെ മാറ്റുമെന്നല്ല, ഞങ്ങള്‍ക്ക് വേണ്ടി ലോകത്തെ മാറ്റുമെന്ന് പറയുന്ന അമ്മ.'
'അമ്മേ' എന്ന ഒരു വിളി കേള്‍ക്കാനായി വര്‍ഷങ്ങളോളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാരുണ്യത്തിന്റെ അമ്മ മുഖങ്ങള്‍?
പിതാക്കന്‍മാര്‍
ഇത്രയും പറഞ്ഞപ്പോള്‍ ഞങ്ങളുടെ അച്ഛന്മാരെ കുറിച്ച് കൂടി പറയട്ടെ!
അച്ഛന്‍ നല്‍കുന്ന പിന്തുണയാണ് അമ്മയുടെ ഏറ്റവും വലിയ ശക്തി. എന്നും എപ്പോഴും ഞങ്ങളുടെ കൂടെ കിട്ടുന്ന സമയങ്ങളില്‍ ഒന്നിച്ചു കളിക്കാന്‍, പഠിപ്പിക്കാന്‍, പുറത്ത് കൊണ്ടു പോയി കാഴ്ചകള്‍ കാണിച്ചു തരാന്‍ ഇതിനൊക്കെ അച്ഛന്മാര്‍ ഞങ്ങളുടെ കൂടെയുണ്ട്.
എന്നാല്‍ ഞങ്ങളില്‍ കുറച്ച് മാലാഖമാരുടെ അച്ഛന്മാര്‍ക്ക് അവരെ ഒട്ടും ഇഷ്ടമല്ല. മാലാഖമാരെയും, അമ്മയെയും ഉപേക്ഷിച്ചു പോകുന്ന അച്ഛന്മാരുമുണ്ട്.
ആ മാലാഖമാരുടെ അമ്മമാര്‍ അങ്ങനെയൊന്നും തളരില്ല. തന്റെ മാലാഖക്ക് വേണ്ടി അവര്‍ ഒറ്റക്ക് തന്നെ സന്തോഷത്തോടെ ജീവിതം നയിക്കുന്നു.
ഞങ്ങളുടെ ഉള്ളിലുള്ളത്
ഇത്രയും പറഞ്ഞപ്പോള്‍ ഞങ്ങള്‍ മാലാഖമാരെ കുറിച്ച് കൂടുതലായി നിങ്ങള്‍ക്ക് അറിയണ്ടേ?
മാലാഖമാര്‍ എല്ലാവരും ഒരു പോലെയല്ല. പലരും വ്യത്യസ്ഥരാണ്. അതില്‍ ഒരേ അവസ്ഥയിലുള്ളവരും ഒരു പോലെയല്ല.
ഞങ്ങളില്‍ ചിലര്‍ക്ക് സംസാരിക്കാന്‍ സാധിക്കാത്തവരുണ്ട്. അവരുടെ സ്‌നേഹത്തിന്റെ ഭാഷ നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ? അവരുടെ ഉള്ളില്‍ അവര്‍ സംസാരിക്കുന്നുണ്ടാകും. നിങ്ങളോട് അവര്‍ക്ക് പറയാന്‍ ഒന്നുമില്ലെങ്കിലും അവരെ മനസ്സ് കൊണ്ട് കേള്‍ക്കാന്‍ ശ്രമിച്ചു നോക്കിയിട്ടുണ്ടോ?
ആ മാലാഖമാര്‍ക്ക് പറയാനുള്ളത് എന്താണെന്ന് ഒന്ന് കേട്ടു നോക്കൂ!
'എനിക്ക് നിങ്ങളോട് സംസാരിക്കാന്‍ കഴിയില്ല, പക്ഷെ നിങ്ങള്‍ പറയുന്നത് എനിക്ക് കേള്‍ക്കാം. നിങ്ങളോട് പറയാന്‍ പലതും ഞാന്‍ ഉള്ളില്‍ നിന്നും ശ്രമിക്കുന്നുണ്ട്. പക്ഷെ അത് വാക്കുകളായി പുറത്ത് വരുന്നില്ലെന്നേയുള്ളു.
ചില സമയങ്ങളില്‍ എനിക്ക് എന്തെങ്കിലും വേദനയോ, ദേഷ്യമോ വന്നാല്‍ ഞാന്‍ ഉച്ചത്തില്‍ ശബ്ദങ്ങള്‍ ഉണ്ടാക്കിയെന്ന് വരാം. അത് ഞാന്‍ അറിഞ്ഞു കൊണ്ട് ചെയ്യുന്നതല്ല. ആ സമയം അത് നിങ്ങളോട് പറയാന്‍ പറ്റാതെ വന്നപ്പോള്‍ അങ്ങനെ പെരുമാറിയതാണ്.
എന്റെ ഉള്ളില്‍ നിങ്ങളോടുള്ള സ്‌നേഹം വാക്കുകള്‍ കൊണ്ട് പ്രകടിപ്പിക്കാന്‍ കഴിയില്ല. പക്ഷെ എനിക്ക് നിങ്ങള്‍ക്കൊരു മുത്തം നല്‍കാനും, കെട്ടിപ്പിക്കാനും സാധിക്കും. ഞങ്ങളുടെ സ്‌നേഹത്തിന്റെ ഭാഷ അത് വാക്കുകള്‍ കൊണ്ടല്ല, ഹൃദയത്തില്‍ നിന്നാണ്. ഞങ്ങളുടെ കണ്ണില്‍ കാണാം വാക്കുകളേക്കാള്‍ വലിയൊരു സ്‌നേഹം.'
മറ്റ് ചില മാലാഖമാര്‍ക്ക് സംസാരിക്കാന്‍ സാധിക്കുമെങ്കിലും ആശയ വിനിമയങ്ങള്‍ വളരെ കുറവായിരിക്കും. നിങ്ങള്‍ ചോദിക്കുമ്പോള്‍ ആ സമയത്ത് അവര്‍ക്ക് ഉത്തരം നല്‍കാന്‍ പറ്റിയില്ലെങ്കില്‍, അതവരുടെ അവസ്ഥയാണെന്ന് നിങ്ങള്‍ മനസ്സിലാക്കിയാല്‍ മതി.
ഞങ്ങളില്‍ ചിലര്‍ക്ക് നടക്കാന്‍ പറ്റില്ല. നിങ്ങള്‍ പലപ്പോഴും ആ മാലാഖമാരെ വീല്‍ ചെയറിലായിരിക്കും കാണാറുള്ളത്.
പലര്‍ക്കും ഞങ്ങളെ അങ്ങനെ കാണുമ്പോള്‍ സഹതാപം കൂടുതല്‍ കാണിക്കുന്നതായി തോന്നിയിട്ടുണ്ട്. വീല്‍ ചെയര്‍ ഞങ്ങള്‍ക്ക് പറക്കാനുള്ള ചിറകുകളാണ്.
അവര്‍ക്ക് നിങ്ങളോട് പറയാനുള്ളത് കേള്‍ക്കൂ!
'നിങ്ങളെ പോലെ നടക്കാനും, ഓടാനും, ചാടാനും ഞങ്ങള്‍ക്കും ആഗ്രഹമുണ്ട്. അതിന് വേണ്ടി ഞങ്ങള്‍ പരിശ്രമിച്ചു കൊണ്ടേയിരിക്കുന്നു. പാര്‍ക്കിലും, ബീച്ചിലും, മറ്റ് പല സ്ഥലങ്ങളിലും ഞങ്ങളെ കണ്ടാല്‍ പരിഗണന കൂടുതല്‍ തരാന്‍ ശ്രമിക്കുക. വീല്‍ ചെയര്‍ റാമ്പുകള്‍ സ്ഥാപിക്കുക.''
കേള്‍വി കുറവുള്ള മാലാഖമാരെ ശ്രദ്ധിച്ചിട്ടുണ്ടോ. അവരുടെ സ്‌നേഹത്തിന്റെ ഭാഷയെ നമ്മള്‍ തിരിച്ചറിയണം. ആംഗ്യത്തിലൂടെ അവരുടെ സ്‌നേഹത്തെ നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടോ? അവര്‍ ചെവിയില്‍ വെക്കുന്ന ഹിയറിങ് പാഡ് അവരുടെ ജീവനാണ്.
കാഴ്ചയില്ലാത്തവര്‍ക്ക് കാഴ്ചയാവാനാകണം.
കേള്‍വിയില്ലാത്തവര്‍ക്കായി കേള്‍ക്കാനാകണം.
മിണ്ടാനാകാത്തവരുടെ ശബ്ദമാകണം.
നടക്കാനായില്ലെങ്കില്‍ അവര്‍ക്കായി നടക്കണം.
മാറിക്കൂടേ, സമൂഹമേ...
എന്നാല്‍ സമൂഹം ഞങ്ങളോട് സഹതാപത്തോടെയാണ് പെരുമാറുന്നത്. സമൂഹത്തെ ഭയന്ന് നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിട്ടുണ്ടെങ്കിലും ആ ചങ്ങലപ്പൂട്ടുകളെല്ലാം പൊട്ടിച്ച് സന്തോഷത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ദിനരാത്രങ്ങള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ചവരാണ് ഞങ്ങളുടെ അമ്മമാര്‍. അമ്മമാരുടെ ജീവന്റെ അംശം ബാക്കിയുള്ള കാലം വരെ ഞങ്ങള്‍ മാലാഖമാരുടെ ജീവിതം അകത്തളങ്ങളില്‍ കുരുങ്ങാന്‍ അനുവദിക്കുകയുമില്ല.
ഞങ്ങള്‍ക്കും മറ്റുള്ള കുട്ടികളെ പോലെ ഒരു സാധാരണ സ്‌ക്കൂളില്‍ പഠിക്കാനുള്ള പൂര്‍ണ്ണ അവകാശമുണ്ട്.
മാലാഖമാരെ കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളില്‍ മാറ്റങ്ങള്‍ വരണം. ഞങ്ങള്‍ക്കും അവസരങ്ങള്‍ നല്‍കണം. അങ്ങനെ നല്‍കിയാല്‍ ഞങ്ങളുടെ മനസ്സില്‍, ഞാനും അംഗീകരിക്കപ്പെടുന്നു എന്നൊരു സന്തോഷം നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.
നിഷ്‌കളങ്കമായ ചിരി-അതാണ് ഞങ്ങളുടെ പ്രത്യേകത. ഉപാധികളില്ലാത്ത സ്‌നേഹം എന്തെന്ന് അക്ഷരാര്‍ത്ഥത്തില്‍ പറഞ്ഞു തരുന്ന സ്‌നേഹമാണ് ഞങ്ങള്‍. ഞങ്ങളെ സ്‌നേഹിച്ചാല്‍ അതിന്റെ ഇരട്ടി സ്‌നേഹം ഞങ്ങള്‍ തരും. കുറവെന്നും, വൈകല്യമെന്നും പറഞ്ഞു ഞങ്ങളെ മാറ്റി നിര്‍ത്താതെ സ്‌നേഹിക്കുക. കൃത്യമായ പരിശീലനത്തിലൂടെ ഞങ്ങള്‍ക്ക് സമൂഹത്തില്‍ സ്വയം പര്യാപ്തമായി ജോലി ചെയ്തു വരെ ജീവിക്കാന്‍ സാധിക്കും.
സമൂഹമേ ഞങ്ങള്‍ക്ക് പറയാനുള്ളത് ഇതാണ്
ആശുപത്രികളിലും, മറ്റ് പൊതുസ്ഥലങ്ങളിലും ഞങ്ങള്‍ക്കൊരല്പം പരിഗണന നല്‍കണം. സഹതാപത്തിനപ്പുറം സ്‌നേഹത്തോടെയുള്ള സാമീപ്യവും, കരുതലുമാണ് ഞങ്ങള്‍ക്കാവശ്യം. ഒരായിരം ചോദ്യങ്ങള്‍ക്കും, സഹതാപങ്ങള്‍ക്കും പകരമൊരു പുഞ്ചിരി ഞങ്ങള്‍ക്ക് നല്‍കാം.
അതെ, ഞങ്ങള്‍ വ്യത്യസ്തരാണ്.
ആ വ്യത്യസ്തതയോടെ ഞങ്ങളെ അംഗീകരിക്കുന്ന നിങ്ങള്‍ അതാണ് ഞങ്ങളുടെ കരുത്ത്.
ഒരു പുഞ്ചിരി ഞങ്ങള്‍ക്കായും കരുതാം. ഒപ്പം കരുതലും.
നിങ്ങളില്‍ ഒരാള്‍ ആവാന്‍ ഞങ്ങള്‍ക്ക് വേണ്ടത് സ്‌നേഹവും, പരിഗണനയും കൈകോര്‍ക്കാന്‍ കൈകളുമാണ്. കുറവുകളുണ്ടെന്നു പറഞ്ഞു മാറ്റി നിര്‍ത്താതെ, കഴിവുകളുണ്ടെന്നു പറഞ്ഞു നിങ്ങള്‍ക്കൊപ്പം ഞങ്ങള്‍ക്കും അവസരങ്ങള്‍ നല്‍കുക. നിങ്ങളുടെ മുന്നിലോ, പിന്നിലോ നടക്കാനല്ല, നിങ്ങള്‍ക്കൊപ്പം നടക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.