കൊവിഡ് പ്രതിരോധത്തില്‍ പങ്കാളിയായാല്‍, ഒരു നോവലിലെ കഥാപാത്രത്തിന് പേരിടാം; ഒരപൂര്‍വ്വ ട്വിറ്റര്‍ കഥ

ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരില്‍ ശ്രദ്ധേയനായ മലയാളി സിദിന്‍ വടുകുട്ടിന്റെ അപൂര്‍വ്വമായ പിറന്നാള്‍ സമ്മാനത്തിന്റെ കഥ. കെ. പി റഷീദ് എഴുതുന്നു

indian english novelist sidin vadukuts rare birthday gift to anti covid 19 struggle in india

ഇതെല്ലാം കണ്ട്, മഹാ സീരിയസായ ഒരു നന്‍മമരമായോ മിടുമിടുക്കനായ സെല്‍ഫ് മാര്‍ക്കറ്റിംഗ് വിദഗ്ധനോ ആയി സിദിനെ കാണണമെന്നില്ല. ആള്‍ ഇതൊന്നുമല്ല. കടുംവെട്ട് തമാശയാണ് ആയുധം. മുനകൂര്‍ത്ത സറ്റയര്‍. ആളെ വായിപ്പിക്കുന്ന വിരുതും ഗംഭീര ആഖ്യാനവും ചേരുമ്പോള്‍, ഇംഗ്ലീഷില്‍ ഈ മലയാളിയുടെ അങ്കം വെട്ടിന് ആമുഖമാവുന്നു.

 

indian english novelist sidin vadukuts rare birthday gift to anti covid 19 struggle in india

 

''അടുത്ത 24 മണിക്കൂറിനകം, ഇന്ത്യയിലെ കൊവിഡ് രോഗികള്‍ക്ക് ആശ്വാസം നല്‍കുന്ന എന്തിനെങ്കിലും വേണ്ടി  25000 രൂപ സംഭാവന ചെയ്താല്‍ എന്റെ അടുത്ത നോവലിലെ ഒരു കഥാപാത്രത്തിന്റെ പേര് നിങ്ങള്‍ക്കിടാം.''

ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരില്‍ ശ്രദ്ധേയനായ മലയാളി സിദിന്‍ വടുകുട്ട് ഇന്നലെ രാത്രി 10. 12-ന് ചെയ്ത ട്വീറ്റാണിത്. പിറന്നാള്‍ സമ്മാനമായി ഇതിനെ വിശേഷിപ്പിച്ച സിദിന്‍ ഇതോടൊപ്പം ഒരു വ്യവസ്ഥയും മുന്നോട്ടു വെച്ചിരുന്നു. 'ഈ അവസരം ആദ്യം വരുന്ന അഞ്ചു പേര്‍ക്ക് മാത്രം.'

കൃത്യം 19 മിനിറ്റിനകം സിദിന്റെ അടുത്ത ട്വീറ്റ് വന്നു. 'നല്ലവരായ നാലുപേര്‍ വന്നു. അഞ്ചു പേരുകള്‍ വിറ്റു.'

മിനിറ്റുകള്‍ക്കകം അടുത്ത ട്വീറ്റ്. 'എങ്കില്‍, ഒരാള്‍ക്ക് കൂടി അവസരം.'

തീര്‍ന്നില്ല, 35 മിനിറ്റുകള്‍ക്ക് ശേഷം, സിദിന്‍ കളി അവസാനിപ്പിച്ചു. 'തീര്‍ന്നു. അഞ്ചിനു പകരം, ഏഴ് പേരുകള്‍ വിറ്റു.'

എന്നിട്ടും ആളുകള്‍ കമന്റുകള്‍ തുടര്‍ന്നു. 'എണ്ണം കൂട്ടിക്കൂടേ, അളിയാ' എന്ന് ചോദ്യം. 'കൊവിഡ് കാലത്തെ ഇന്ത്യ ആയതു കൊണ്ട് ഒരു രണ്ടു ലക്ഷം കഥാപാത്രങ്ങളെങ്കിലും ആവാം' എന്ന് മറ്റൊരു കമന്റ്. വൈകാതെ, അയ്യോ, നിര്‍ത്തു നിര്‍ത്ത് എന്ന് എഴുത്തുകാരന് തന്നെ ട്വീറ്റ് ചെയ്യേണ്ടി വന്നു.

എങ്കിലും, അത്ര തമാശയല്ലായിരുന്നു കാര്യങ്ങള്‍.  കേവലം ഒരൊറ്റ ട്വീറ്റ് കൊണ്ട്, ആ 35 മിനിറ്റു കൊണ്ട്, ലണ്ടനില്‍ ജീവിക്കുന്ന മലയാളി എഴുത്തുകാരന്റെ ആ പിറന്നാള്‍ സമ്മാനം കൊണ്ട് ഇന്ത്യയുടെ കൊവിഡ് പോര്‍മുഖത്തേക്ക് പ്രവഹിച്ചത് ഒന്നേ മുക്കാല്‍ ലക്ഷം രൂപയാണ്.

എങ്ങനെയാണ് ഈ പിറന്നാള്‍ ട്വീറ്റിലെത്തിയത്? ''എന്താണ് ചെയ്യേണ്ടത് എന്നൊരു പിടിയുമില്ലായിരുന്നു. എങ്ങനെ സഹായം നല്‍കാനാവും. ഓക്സിജനൊന്നും ഉണ്ടാക്കാനോ വിതരണം ചെയ്യാനോ ഒന്നുമായില്ലെങ്കിലും കഴിയുന്ന സംഭാവനകള്‍ എത്തിക്കാനാവും. ആ ആലോചനയായിരുന്നു ട്വീറ്റായി വന്നത്. ഇന്നലെ എന്റെ ജന്‍മദിനമായിരുന്നു. ഞാനിന്നലെ വാക്സിനുമെടുത്തു. അതെല്ലാം ചേര്‍ന്ന തോന്നലായിരുന്നു അത്.''-സിദിന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.  

 

indian english novelist sidin vadukuts rare birthday gift to anti covid 19 struggle in india

ഡോര്‍ക് പരമ്പരയിലെ മൂന്ന് പുസ്തകങ്ങള്‍
 

ആധികള്‍, ആശങ്കകള്‍

ഇക്കാര്യം വിശദമായി അറിയാന്‍ ഇരിങ്ങാലക്കുടയില്‍ വേരുകളുള്ള സിദിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ചുമ്മാ ഒന്ന് റോന്തു ചുറ്റിയാല്‍ മതി. കഴിഞ്ഞ അഞ്ചാറു ദിവസങ്ങളായി, കൊവിഡ് രോഗം കാരണം ശ്വാസം മുട്ടുന്ന ഇന്ത്യയിലേക്ക് തിരിച്ചുവെച്ച റഡാറാണ് സിദിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍. ആധിയും ആശങ്കയും നിലവിളികളുമാണ് അതിലെ ട്വീറ്റുകളുടെ അടിവേര്. കിട്ടാവുന്ന സഹായങ്ങളുടെയെല്ലാം വിവരങ്ങള്‍ സിദിന്‍ ട്വീറ്റ് ചെയ്തു. എല്ലാ മാര്‍ഗങ്ങളും ഈ മനുഷ്യന്‍ അതിനായി സ്വീകരിക്കുന്നത് ട്വിറ്ററില്‍ കാണാം.

അഹമ്മദാബാദ് ഐ ഐ എമ്മില്‍നിന്നും എം ബി എ കഴിഞ്ഞ, മാനേജ്മെന്റ് കരിയര്‍ സ്വീകരിച്ച അനുഭവ സമ്പത്തില്‍നിന്നുള്ള മാര്‍ക്കറ്റിംഗ് സാദ്ധ്യതകള്‍, മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്തതിലൂടെ കിട്ടിയ ബന്ധങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ സഹായങ്ങള്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍. എഴുത്തുകാരന്‍ എന്ന നിലയിലും പ്രമുഖ ട്വീപ് എന്ന നിലയിലുമുള്ള സാദ്ധ്യതകള്‍ ഉപയോഗിച്ച് സഹായങ്ങള്‍ സ്വരൂപിക്കാനുള്ള യത്നങ്ങള്‍. ഇതിന്റെയെല്ലാം തുടര്‍ച്ച മാത്രമായിരുന്നു, സിദിന്റെ പിറന്നാള്‍ സമ്മാനം.

ഇതെല്ലാം കണ്ട്, മഹാ സീരിയസായ ഒരു നന്‍മമരമായോ മിടുമിടുക്കനായ സെല്‍ഫ് മാര്‍ക്കറ്റിംഗ് വിദഗ്ധനോ ആയി സിദിനെ കാണണമെന്നില്ല. ആള്‍ ഇതൊന്നുമല്ല. കടുംവെട്ട് തമാശയാണ് ആയുധം. മുനകൂര്‍ത്ത സറ്റയര്‍. ആളെ വായിപ്പിക്കുന്ന വിരുതും ഗംഭീര ആഖ്യാനവും ചേരുമ്പോള്‍, ഇംഗ്ലീഷില്‍ ഈ മലയാളിയുടെ അങ്കം വെട്ടിന് ആമുഖമാവുന്നു.

 

....................................................

"അവസാനത്തെ ഇന്ത്യക്കാരനു വരെ വാക്സിന്‍ ലഭിക്കുന്ന അവസ്ഥയാണ് ഉണ്ടാവേണ്ടത്. ഇതൊരു ഇന്റര്‍സ്റ്റേറ്റ് മല്‍സരമല്ല, ദേശീയമായ പോരാട്ടമാണ്.''

indian english novelist sidin vadukuts rare birthday gift to anti covid 19 struggle in india

സിദിന്‍ വടുകുട്ട്

 

ഇരിഞ്ഞാലക്കുട ക്ടാവ്

ചുഴിഞ്ഞു നോക്കിയാല്‍ ഇരിഞ്ഞാലക്കുടക്കാരനാണ് സിദിന്‍. കുട്ടിക്കാലത്തിന്റെ ഏറിയ പങ്കും അബൂദാബിയിലായിരുന്നു.  പിന്നീട് പഠനാവശ്യത്തിനായി നാട്ടിലേക്ക് മടക്കം. തിരുച്ചിറപ്പള്ളി എന്‍ ഐ ടിയില്‍നിന്നും മെറ്റീരിയല്‍സ് എഞ്ചിനീയറിംഗില്‍ ബിരുദം. അഹമ്മദാബാദ് ഐ ഐ എമ്മില്‍നിന്നും എംബിഎ.  മാനേജ്മെന്റ് കണ്‍സല്‍ട്ടന്‍സി സ്ഥാപനമായ AT Kearneyയില്‍ ജോലി ചെയ്യുന്നതിനിടെ 2010-ല്‍ ആദ്യ നോവല്‍ പുറത്തുവന്നു. ഡോര്‍ക്: ദ് ഇന്‍ക്രെഡിബിള്‍ അഡ്വഞ്ചേഴ്സ് ഓഫ് റോബിന്‍ ഐന്‍സ്റ്റീന്‍ വര്‍ഗീസ് എന്നായിരുന്നു പേര്. മാനേജ്മെന്റ് കണ്‍സല്‍ട്ടന്‍സി വ്യവസായത്തെക്കുറിച്ചുള്ള സറ്റയറായിരുന്നു അത്. അതിന്റെ രണ്ടാം ഭാഗം പിറ്റേ വര്‍ഷം പുറത്തുവന്നു. 'ഗോഡ് സേവ് ദ് ഡോര്‍ക്ക്.'  അവസാനം ഭാഗം 'ഹൂ ലെറ്റ് ദ് ഡാര്‍ക്ക് ഔട്ട്' പിറ്റേ വര്‍ഷം നവംബറില്‍ പുറത്തുവന്നു. 2014-ല്‍ ആദ്യ നോണ്‍ ഫിക്ഷന്‍ പുസ്തകമിറങ്ങി. ദ് സ്‌കെപ്റ്റിക്കല്‍ പാട്രിയറ്റ്: എക്‌സ്‌പ്ലോറിംഗ് ദ് ട്രൂത്ത്‌സ് ബിഹൈന്‍ഡ് ദ് സീറോ ആന്റ് അദര്‍ ഇന്ത്യന്‍ ഗ്ലോറീസ്. 


അവസാനത്തെ പുസ്തകമാവട്ടെ, അറം പറ്റിയതുപോലൊരു അനുഭവമായിരുന്നു. 'ബോബെ ഫീവര്‍' എന്നായിരുന്നു പേര്.  2017-ല്‍ അത്  പുറത്തുവരുമ്പോള്‍, മൂന്നു കൊല്ലത്തിനപ്പുറം കാത്തുനില്‍ക്കുന്നത് ഒരു മഹാമാരിയാണെന്ന് ആര്‍ക്കും അറിയുമായിരുന്നില്ല. എങ്കിലും, ആ പുസ്തകം അതിനെക്കുറിച്ച് പ്രവചിച്ചു. പേരു പറയും പോലെ, അതൊരു മഹാമാരിയെക്കുറിച്ചാണ്. ബോംബെയെ തുടച്ചു നക്കാനെത്തിയ ഒരു പനിയെക്കുറിച്ച്. കാട്ടുതീ പോലെ പടരുന്ന മഹാമാരിയെ നേരിടാന്‍ നഗരം ലോക്ക് ഡൗണാവുന്നതിനെ കുറിച്ച്. ''സത്യമാണ്, ആ പുസ്തകം വരാനിരിക്കുന്ന ആഗോള മഹാമാരിയെക്കുറിച്ചും ലോക്ക്ഡൗണിനെക്കുറിച്ചും ഒക്കെയായിരുന്നു.''-സിദിന്‍ പറയുന്നു.

നമുക്കാ പുതിയ നോവലിലേക്ക് തന്നെ തിരിച്ചുപോവാം. അതിലെ അഞ്ചു കഥാപാത്രങ്ങളാണല്ലോ, കൊവിഡ് പോരാട്ടത്തിനായി നല്ലവരായ സഹജീവികളില്‍നിന്നും  പേരുകള്‍ സ്വീകരിച്ചത്. ''അതും ബോംബെയെക്കുറിച്ചുള്ള കഥയാണ്. ഒരു പവര്‍കട്ടുമായി ബന്ധപ്പെട്ട കഥ. വേണമെങ്കില്‍ ക്രൈം ത്രില്ലര്‍ എന്നൊക്കെ വിളിക്കാവുന്ന, എന്നാല്‍, ഡിറ്റക്ടീവ് നോവല്‍ എന്ന് പറയാനാവാത്ത ഒന്ന്. പഴയൊരു പത്രവാര്‍ത്തയില്‍നിന്നാണ് ആ നോവലുണ്ടാവുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് സമയം ആവുമ്പോഴേക്കും നോവല്‍ ഇറങ്ങുമെന്നാണ് കരുതുന്നത്.''-സിദിന്‍ പറയുന്നു.

എന്തായിരിക്കും ആ നോവലിന്റെ പേര്?

ട്വിറ്ററിലെ പിറന്നാള്‍ സമ്മാനവുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയില്‍,  ഫോണില്‍ സംസാരിക്കുന്നേരം, തോന്നിയ ആ സംശയത്തിന് വന്ന മറുപടി രസകരമായിരുന്നു. ''പേരോ? എന്റെ നോവലെഴുത്തിനെ സംബന്ധിച്ച്, ഏറ്റവും അവസാനത്തെ കലാപരിപാടിയാണ് പേരിടല്‍. എങ്കിലും തല്‍ക്കാലത്തേക്ക് ഒരു പേരിട്ടിട്ടുണ്ട്. സ്ലീപിംഗ് ഡോഗ്സ്. ആ പേരൊക്കെ അവസാനമാവുമ്പോള്‍ മാറും.''

 

indian english novelist sidin vadukuts rare birthday gift to anti covid 19 struggle in india

അവസാനമെഴുതിയ രണ്ട് പുസ്തകങ്ങള്‍
 

കേരളത്തിനെക്കുറിച്ച് പ്രതീക്ഷയുണ്ട്

അറിയുന്നതിലും ഏറെ ഭീകരമാണ് കൊവിഡുമായി ബന്ധപ്പെട്ട ഇന്ത്യന്‍ അവസ്ഥ എന്ന് സിദിന് ഉറപ്പുണ്ട്. ''സഹായങ്ങള്‍ക്കായി പല വഴിക്ക് വിളികളുണ്ടാവുന്നുണ്ട്. ജേണലിസ്റ്റ് കാലത്തെ ബന്ധങ്ങളൊക്കെ ഉപയോഗിച്ച് ദില്ലിയില്‍ ഓക്സിജന്‍ എത്തിക്കാനും ബെഡ് ഒപ്പിക്കാനുമൊക്കെ ലണ്ടനില്‍നിന്നും ചില ശ്രമങ്ങള്‍ നടത്തുമ്പോഴാണ്, എത്ര മാത്രം ഭീകരമാണ് അവസ്ഥയെന്ന് മനസ്സിലാവുന്നത്.''

എന്നാല്‍, കേരളത്തെക്കുറിച്ച് കുറച്ചുകൂടി പ്രതീക്ഷകളുണ്ട് സിദിന്. ''കൊവിഡിന്റെ ആദ്യ തരംഗം മാനേജ്ചെയ്യാന്‍ കേരളത്തിന് കഴിഞ്ഞത് ഇവിടെ നിലവിലുള്ള, താഴെത്തട്ടോളം നീളുന്ന അതിശക്തമായ ആരോഗ്യ നെറ്റ്വര്‍ക്ക് കാരണമാണ്.  അതിപ്പോഴും ഇവിടെയുണ്ട്. എന്നാല്‍, ആദ്യ തരംഗത്തിന്റെ കാലമല്ല ഇത്. വെല്ലുവിളികള്‍ ശക്തമാണ്. കേരളത്തിന് അതും അതിജീവിക്കാനാവും എന്നാണ് പ്രതീക്ഷ.''

എന്നല്‍, കേരളം വെച്ച് ഇന്ത്യയുടെ അവസ്ഥ വിലയിരുത്താനാവില്ലെന്ന് പറയുന്നു സിദിന്‍. ''അവസാനത്തെ ഇന്ത്യക്കാരനു വരെ വാക്സിന്‍ ലഭിക്കുന്ന അവസ്ഥയാണ് ഉണ്ടാവേണ്ടത്. ഇതൊരു ഇന്റര്‍സ്റ്റേറ്റ് മല്‍സരമല്ല, ദേശീയമായ പോരാട്ടമാണ്.''

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios