Malayalam Short story: സുന്ദരിയും സുന്ദരനും, സുരേഷ് മേനോന്‍ എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സുരേഷ് മേനോന്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
സ്റ്റാര്‍ ബേക്കറിക്ക് മുന്‍പിലെ വലിയ ആല്‍മരത്തിന് ചുവടെ എത്തിയപ്പോഴാണ് സ്‌കൂട്ടറില്‍ വരികയായിരുന്ന സുന്ദരനെ പോലീസ് കൈ കാണിച്ച് നിര്‍ത്തിയത്.
'വണ്ടി അങ്ങോട്ട് സൈഡിലേക്ക് മാറ്റിയിട്.'
ഇന്‍സ്‌പെക്ടര്‍ ബാലഗോപാലന്‍ രൂക്ഷമായി അത് പറഞ്ഞപ്പോള്‍ പേടിച്ചരണ്ട് സുന്ദരന്‍ സ്‌കൂട്ടര്‍ സൈഡിലേക്കൊതുക്കി.
പോലീസുകാരനായ ജോസുട്ടിയും വനിതാ പോലീസായ ലക്ഷ്മിയും സുന്ദരന്റെ അടുത്തേക്ക് ചെന്നു. 'ലൈസന്‍സും പേപ്പറുകളും എല്ലാം എടുക്ക്.'
അതെല്ലാം മേടിച്ച് അവര്‍ ഇന്‍സ്‌പെക്ടറുടെ മുന്നിലെത്തി. ബാലഗോപാല്‍ അതെല്ലാം നോക്കി.
'അവനെയിങ്ങ് വിളിക്ക്...'
സുന്ദരന്‍ ഇന്‍സ്‌പെക്ടറുടെ മുന്നിലെത്തി.
'നിന്റെ പേരെന്താ ന്നാ പറഞ്ഞെ?'
'സുന്ദരന്‍.'
'ങ്ങാ സുന്ദരാ, ഈ സ്‌കൂട്ടറോടിക്കുമ്പോള്‍ ഒരു സാധനം അത്യാവശ്യമാണെന്ന് അറിഞ്ഞുകൂടെ.'
പെട്ടെന്ന് ഭയത്താല്‍ എന്ത് പറയണമെന്നറിയാതെ പൊതുവെ പേടിത്തൊണ്ടനായ സുന്ദരന്‍ ഒന്ന് വിറച്ചു. പിന്നെ ജോസുട്ടിയുടെയും ലക്ഷ്മിയുടെയും മുഖത്തേക്ക് നോക്കി.
'നീ സാറ് ചോദിച്ചതിന് മറുപടി പറ സുന്ദരാ'
'സാര്‍ വണ്ടിയോടിക്കാന്‍ അത്യാവശ്യം വേണ്ടത് പെട്രോളല്ലെ. അത് അതിലുണ്ട് സര്‍.'
സുന്ദരന്റെ മറുപടി കേട്ട ലക്ഷ്മി വായ പൊത്തി പതിയെ ചിരിച്ചു. ബാലഗോപാല്‍ സുന്ദരന്റെ അടുത്തേക്ക് ചെന്നു. ഉരുക്കു പോലെയുള്ള തന്റെ കൈകള്‍ സുന്ദരന്റെ രണ്ടു ചുമലിലും വച്ചു. ഭയം കൊണ്ട് സുന്ദരന്റെ സര്‍വ്വഞരമ്പുകളും നിലച്ച പോലെയായി.
'നീ ആളൊരു തമാശക്കാരനാണല്ലൊ സുന്ദരാ. പെട്രോള്‍ മാത്രം പോരല്ലൊ വണ്ടി ഓടിക്കാന്‍. നിന്റെ തലയിലൊന്നും ഇല്ലല്ലൊ സുന്ദരാ.'
ഭയന്നുപോയ സുന്ദരന്റെ തൊണ്ട വരണ്ടു. മറുപടി പറഞ്ഞില്ലെങ്കില്‍ പ്രശ്‌നമാകും എന്ന് കരുതി സുന്ദരന്‍ പെട്ടെന്ന് പറഞ്ഞു
'അല്ലേലും എന്റെ തലയില്‍ ഒന്നും ഇല്ലാന്ന് അഞ്ചാം ക്ലാസില്‍ കണക്ക് പഠിപ്പിച്ച വര്‍ക്കി സാര്‍ പണ്ടേ പറയുമായിരുന്നു സര്‍.'
ഇത് കേട്ട ജോസുട്ടിയും ലക്ഷ്മിയും അറിയാതെ പൊട്ടിച്ചിരിച്ചു പോയി ....
'രാവിലെ തന്നെ എവിടുന്ന് ഒപ്പിച്ചെടോ ഈ സാധനത്തെ'- ബാലഗോപാലന്‍ അവരോടായി ചോദിച്ചു.
'ടാ സാറ് നിന്നോട് ചോദിച്ചത് നിന്റെ ഹെല്‍മറ്റ് എവിടെ ന്നാണ്'
'അയ്യോ സാറെ ഞാനത് മറന്നു പോയതാണ്. ക്ഷമിക്കണം.'
'ക്ഷമിക്കാനല്ലല്ലൊ സുന്ദരാ പോലീസ്. തെറ്റ് കണ്ടാല്‍ ശിക്ഷിക്കാനല്ലേ. ഹെല്‍മറ്റില്ലാതെ ഈ രാവിലെ തന്നെ എങ്ങോട്ടായിരുന്നു സുന്ദരന്റെ യാത്ര.'
'ഞാന്‍ കുറച്ചു മുല്ലപ്പൂ മേടിക്കാന്‍ പോകയായിരുന്നു സര്‍. ഇന്ന് ഞങ്ങളുടെ മൂന്നാം വിവാഹ വാര്‍ഷികമാണ്. ഓള്‍ക്ക് മുല്ലപ്പൂ എന്ന് പറഞ്ഞാല്‍ ഭയങ്കര ഇഷ്ടാ.'
'ഹോ ഹോ, വിവാഹ വാര്‍ഷികത്തിന്റെയന്ന് പൂ മേടിക്കാന്‍ പോകുമ്പോള്‍ ഹെല്‍മറ്റ് വെക്കാന്‍ പാടില്ലാന്ന് നിന്നോട് ഭാര്യ പറഞ്ഞൊ.'
'ഏയ് ഞാന്‍ വരുമ്പോള്‍ അവള്‍ നല്ല ഉറക്കായിരുന്നു. അതോണ്ട് എന്നോടൊന്നും പറഞ്ഞില്ല.'
നിഷ്‌കളങ്കമായ സുന്ദരന്റെ മറുപടി കേട്ട ബാലഗോപാലനും അറിയാതെ ചിരിച്ചു പോയി.
'ജോസുട്ട്യേ ഇവന്‍ ആളൊരു രസികന്‍ ക്യാരക്റ്ററാണല്ലൊ'
തൊട്ടടുത്ത ചായക്കടയിലെ പയ്യന്‍ കൊണ്ടു വച്ച ചായ കുടിക്കുന്നതിനിടയില്‍ ബാലഗോപാലന്‍ ജോസുട്ടിയോടായി പറഞ്ഞു.
'ന്താ നിന്റെ ഭാര്യയുടെ പേര്.'
'സുന്ദരി. പ്രേമവിവാഹമായിരുന്നു സര്‍.'
'നിന്നോട് ഞാന്‍ ചോദിച്ചോ?'
'ഇല്ല, ഞാനങ്ങ് അറിയാതെ പറഞ്ഞു പോയതാ... ക്ഷമിക്കണം.'
'സാരമില്ല ഞാനീ ചായ കുടിച്ചു കഴിയുമ്പോഴേക്കും നിന്റെ പ്രേമകഥയൊന്ന് കേള്‍ക്കാം, അല്ലെ ലക്ഷ്മി.'
'കേള്‍ക്കാം സര്‍.'
ബാലഗോപാലിന്റെ ചോദ്യത്തിന് ലക്ഷ്മി തലകുലുക്കി.
എന്താണ് സംഭവിക്കുന്നതെന്ന് ഒരു വ്യക്തതയുമില്ലാത്ത സുന്ദരന്‍ നിഷ്‌കളങ്കമായി തന്റെ കഥ പറഞ്ഞു തുടങ്ങി. അത് കേട്ടാലെങ്കിലും തന്നെ വെറുതെ വിടുമെന്നുള്ള ചിന്തയില്‍.
'എന്റെ അച്ഛനും സുന്ദരിയുടെ അച്ഛനും ഉറ്റകൂട്ടുകാരായിരുന്നു. ആദ്യം ഉണ്ടായത് ഞാനാ. അപ്പൊ തന്നെ സുന്ദരിയുടെ അച്ഛന്‍ പറഞ്ഞു, അയാള്‍ക്കൊരു മോള്‍ ഉണ്ടാവുകയാണെങ്കില്‍ അവള്‍ക്ക് സുന്ദരിയെന്ന് പേരിടും. പറഞ്ഞ പോലെ തന്നെ പെണ്‍കുട്ടി ജനിച്ചു. ഓള്‍ക്ക് സുന്ദരിയെന്ന് പേരിട്ടു. പിന്നെ വലുതായപ്പൊ ഓളില്ലാതെ നിക്കും ഞാനില്ലാതെ ഓള്‍ക്കും ജീവിക്കാന്‍ പറ്റാതായി അങ്ങിനെ ഞങ്ങള്‍ കെട്ടി.'
സുന്ദരന്‍ കഥ തുടര്‍ന്നുകൊണ്ടിരുന്നപ്പോള്‍ ബാലഗോപാലന്റെ ചായ കുടി കഴിഞ്ഞു.
'സുന്ദരാ കഥയൊക്കെ കൊള്ളാം. നീ തല്‍ക്കാലം ഹെല്‍മറ്റില്ലാത്തതിനാല്‍ പെനാല്‍റ്റി അടച്ചിട്ട് പോയാ മതി.'
'അയ്യോ സാറെ ഇത്തവണ മാപ്പാക്കണം. ആറ് മാസമായിട്ട് കൈ ഒടിഞ്ഞ് പണിക്ക് പോകാതെ കിടപ്പായിരുന്നു ഞാന്‍. സുന്ദരി ഓരോ വീടു പണിക്ക് പോയിട്ടാ ചിലവ് കഴിഞ്ഞിരുന്നത് തന്നെ. സാറെ കനിയണം. ഓള്‍ക്ക് കുറച്ച് മുല്ലപ്പൂ മേടിക്കാനുള്ള കാശെ ന്റെ കയ്യിലുള്ളു.'
'നിനക്ക് ഞാനൊരു പൂവല്ലെടാ ഒരു പൂക്കാലം തന്നെ തരാം, വേണാ'-ബാലഗോപാലന്‍ തന്റെ മുഷ്ടി ചുരുട്ടി.
'ജോസുട്ട്യേ ഇവനെ വിടണ്ട അപ്പുറത്തേക്ക് മാറ്റി നിര്‍ത്ത.'
'ശരി സര്‍.'
സുന്ദരന് സഹിക്കാന്‍ കഴിഞ്ഞില്ല കൊച്ചു കുട്ടികളെ പോലെ അവിടെ നിന്ന് കരയാന്‍ തുടങ്ങി.
'ഛീ കരയാതെ ടാ കൊച്ചു കുട്ടികളെ പോലെ.'
ജോസുട്ടി അവനെ താക്കീത് ചെയ്തു. സുന്ദരന്‍ തന്റെ കണ്ണുകള്‍ തുടച്ചു. തന്നെ കാണാതെ സുന്ദരി വിഷമിക്കുന്നുണ്ടെന്ന് ഓര്‍ത്തപ്പോള്‍ സുന്ദരന് സങ്കടം സഹിക്കാനായില്ല.
'ചേച്ചി'- സുന്ദരന്‍ വനിതാ പോലീസിനെ വിളിച്ചു ...
'ചേച്ചിയൊ, ആരെടാ നിന്റെ ചേച്ചി'-ലക്ഷ്മി സുന്ദരനോട് ചൂടായി.
'ഒന്ന് സാറിനോട് പറ എന്നെ വിടാന്‍ എനിക്ക് പേടിയാകണ്. സുന്ദരി എന്നെ കാണാതെ വിഷമിക്കും.'- സുന്ദരന്‍ വീണ്ടും കരയാന്‍ തുടങ്ങി.
'ജോസുട്ടി, നീ അവന്റെ സ്‌കൂട്ടര്‍ ആ കടയുടെ മുമ്പില്‍ പാര്‍ക്ക് ചെയ്തിട്ട് അവനെ പിടിച്ച് വണ്ടി കേറ്റ.് അവനാളൊരു തരികിടയാണ്. അവനും അവന്റെയൊരു മുല്ലപ്പൂവും.'
അത് കേട്ടതോടെ സുന്ദരന്‍ ആകെ തളര്‍ന്നു. അലറി വിളിക്കാന്‍ തോന്നി. എന്നാല്‍ ശബ്ദം പുറത്ത് വന്നില്ല.
ജോസുട്ടി അവനെ പിടിച്ച് വണ്ടിയില്‍ കയറ്റ. അവരെ നാല് പേരെയും കൊണ്ട് വണ്ടി സ്റ്റേഷനിലേക്ക് പാഞ്ഞു.
'ടാ ഇവിടെ വാ...'സ്റ്റേഷനില്‍ പുറത്ത് നിര്‍ത്തിയിരുന്ന സുന്ദരനെ ജോസുട്ടി വിളിച്ചു.
'ഇവിടെ കുറച്ച് പണിയുണ്ട് അത് മുഴുവന്‍ ചെയ്ത് കഴിഞ്ഞാ നിനക്ക് പോകാം ന്ന് സാറ് പറഞ്ഞ്. ദാ സ്റ്റേഷന്റെ അകത്ത് ഒരു സ്റ്റോര്‍ ഉണ്ട് . അതൊക്കെ വൃത്തിയാക്കി പൊടിയൊക്കെ തട്ടി ഫയലുകളൊക്കെ അടുക്കി വെക്കണം. ഗേറ്റ് വരെയുള മുറ്റത്തെ പുല്ല് മുഴുവന്‍ പറിച്ച് ഇതൊക്കെയൊന്ന് വൃത്തിയാക്കണം. പിന്നെ ആ മതില്‍ ഒന്ന് വെള്ളമൊഴിച്ച് വൃത്തിയാക്കണം ....'
'ശരി സര്‍... '
'നിന്റെ സുന്ദരിയുടെ നമ്പര്‍ ഇങ്ങ് താ. നീ ഇവിടെയുണ്ടെന്ന് ഞങ്ങള്‍ വിളിച്ച് പറഞ്ഞോളാം.'
ജോസുട്ടി പോയി. വൈകുന്നേരം ആറ് മണി കഴിഞ്ഞപ്പോള്‍ പോലീസ് സ്റ്റേഷനിലെ പണിയൊക്കെ തീര്‍ന്ന സുന്ദരനെ റൈറ്റര്‍ വിളിച്ചു.
'സുന്ദരാ, നീയടക്കാനുള്ള പിഴ കഴിച്ച് ബാക്കിയുള്ള നിന്റെ കൂലി ന്നാ: ഇവിടെ ഒരൊപ്പിട്.'
സുന്ദരന്‍ ഒപ്പിട്ടു. കിട്ടിയത് എണ്ണി നോക്കി.
'ഇതൊന്നുമില്ലല്ലൊ'അവന്‍ മനസ്സില്‍ വിഷമത്തോടെ പറഞ്ഞു.
'സാറെ വല്ലാതെ കുറഞ്ഞു പോയി സാറെ. ഒരു നൂറ് ഉറുപ്പികയും കൂടി തന്നാല്‍ സുന്ദരിക്ക് ഒരു ബ്ലൗസിന്റെ തുണിയെങ്കിലും മേടിച്ചു കൊണ്ട് പോകായിരുന്ന്. ഇന്ന് ഞങ്ങളുടെ വിവാഹ വാര്‍ഷികമാണ് സര്‍. ഇന്ന് ഓള്‍ക്ക് ഒന്നും മേടിച്ചു കൊടുക്കാന്‍ പറ്റിയിട്ടില്ല ' സുന്ദരന്‍ വിഷമത്തോടെ കെഞ്ചി.'
'ഇയ്യ് സമയം കളയാതെ പോയെ ന്റെ സുന്ദരാ.'
'ഞാന്‍ എസ് ഐ സാറിനെ ഒന്ന് കണ്ട് പറഞ്ഞാലൊ'
'ആ വേഗം ചെല്ല്. ഒരു തല്ല് പിടിക്കേസില്‍ എം എല്‍ എയുടെ മകന്‍ റെക്കമെന്റേഷനുമായി ചെന്നതിന് കരണക്കുറ്റി നോക്കി രണ്ടെണ്ണം കൊടുത്തതിന് പണിഷ്‌മെന്റ് ട്രാന്‍സ്ഫറായിട്ട് വന്ന സാറാണ്, ബേഗം ചെല്ല് പ്പോ കിട്ടും'-പോലീസുകാരന്‍ പരിഹാസത്തോടെ പറഞ്ഞു.
ഒന്നും പറയാതെ കിട്ടിയതും മേടിച്ച് സുന്ദരന്‍ പടിയിറങ്ങി. വിവാഹ വാര്‍ഷികമായിട്ട് ഇന്നത്തെ ദിവസം രാവിലെ ഇറങ്ങിയതാണ്. പാവം സുന്ദരി, ഈ വൈകിയ സമയത്ത് അവള്‍ക്കെന്ത് മേടിച്ചു കൊണ്ടുപോകും. പോക്കറ്റില്‍ തപ്പി നോക്കി. എന്തായാലും കുറച്ച് നാരങ്ങാ മിഠായി മേടിക്കാം. ഓള്‍ക്ക് ഭയങ്കര ഷ്ടാ നാരങ്ങ മിഠായി അത് മതി.
സുന്ദരന്‍ വീട്ടിലെത്തിയപ്പോള്‍ സന്ധ്യ കഴിഞ്ഞു. കയ്യിലെ നാരങ്ങ മിഠായി മുറുകെ പിടിച്ച് സുന്ദരന്‍ പാതി ചാരിയ ഉമ്മറവാതില്‍ തുറന്നു.
വീട്ടിലെ ചെറിയ മേശയുടെ മേല്‍ ഒരു വലിയ കേക്കും പിന്നെ പേരുകേട്ട തുണിക്കടയിലെ ഒരു ബാഗും. കുറെ മുല്ലപ്പൂവും. സുന്ദരന് ഒന്നും മനസ്സിലായില്ല. കരിപിടിച്ച ആ ചെറിയ അടുക്കളയിലേക്ക് സുന്ദരന്‍ ചെന്നു. രണ്ട് പാക്കറ്റ് ബിരിയാണി അടുക്കളപ്പുറത്ത് സുന്ദരന്‍ കണ്ടു.
ഒന്നും മനസ്സിലാകാതെ നിന്ന സുന്ദരന്റെ അടുത്തേക്ക് അടുത്ത വീട്ടിലെ കിണറില്‍ നിന്ന് ഒക്കത്ത് വെള്ളവുമായി അടുക്കളയിലേക്ക് വന്ന സുന്ദരി പുഞ്ചിരിച്ചു കൊണ്ട് ചെന്നു.
'സുന്ദരേട്ടാ എപ്പാ വന്നെ ... ദേ ഇത് കണ്ടാ'
സുന്ദരന് അപ്പോഴും ഒന്നും മനസ്സിലായില്ല.
'വൈകുന്നേരമായപ്പൊ ഒരു പോലീസുകാരനും ഒരു പോലീസ് ചേച്ചിയും കൂടി വന്ന്. ഇന്ന് വിവാഹ വാര്‍ഷികമല്ലേ, ഇത് ഞങ്ങളുടെ വക ഒരു കൊച്ചു സമ്മാനമാണെന്ന് പറഞ്ഞു തന്നു. സുന്ദരേട്ടന്‍ സന്ധ്യയോടെ എത്തുമെന്നും പറഞ്ഞു. ഞാന്‍ നോക്കിയപ്പൊ എനിക്കൊരു സാരിയും ഒരു കേക്കും പിന്നെ കഴിക്കാന്‍ ബിരിയാണിയും. ഇതെന്താ സുന്ദരേട്ടാ നിക്കൊന്നും മനസ്സിലാകണില്ല്യ.
'നിനക്ക് ഞാനൊരു പൂക്കാലം തരാടാ..'-എസ് ഐ ബാലഗോപാലിന്റെ ആക്രോശം സുന്ദരന്റെ ചെവിയില്‍ മുഴങ്ങി.
പൊടുന്നനെ സുന്ദരന്റെ കണ്ണുകള്‍ നിറഞ്ഞു. സുന്ദരിയോട് എന്ത് പറയണമെന്നറിയാതെ സുന്ദരന്‍ കണ്ണുകളടച്ചു. സുന്ദരന്റെ മൊബൈല്‍ ശബ്ദിച്ചു.
'ഹലോ...'
'സുന്ദരനും സുന്ദരിക്കും ജനമൈത്രി പോലീസ് സ്റ്റേഷന്റെ വിവാഹ വാര്‍ഷിക ആശംസകള്‍:'
ശബ്ദം കേട്ട സുന്ദരന്‍ കണ്ണുകള്‍ തുടച്ചു. പോലീസ് സ്റ്റേഷനില്‍ നിന്നായിരുന്നു ആ ഫോണ്‍.
'സര്‍ എനിക്ക് എസ് ഐ സാറുമായി ഒന്ന് സംസാരിക്കാന്‍ പറ്റുമോ?'
'ഹാ സുന്ദരാ ഞാനാണ് ബാലഗോപാല്‍. വിവാഹ വാര്‍ഷികാശംസകള്‍.'
ബാലഗോപാലിന്റെ ശബ്ദം കേട്ട വഴി സുന്ദരന്റെ തൊണ്ടയിടറി.
'സര്‍, എനിക്കെന്ത് പറയണമെന്നറിഞ്ഞൂടാ. സുന്ദരന്‍ പതിയെ ഒന്നു തേങ്ങി.
'എന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു സമ്മാനം ആരും തന്നിട്ടില്ല സര്‍'-സങ്കടം കൊണ്ട് സുന്ദരന്റെ വാക്കുകള്‍ മുറിഞ്ഞു.
'ഏയ് സുന്ദരാ കൊച്ചു കുട്ടികളെ പോലെ ഇങ്ങനെ കരയാതെ. ഇതൊക്കെ ഒരു സന്തോഷമല്ലെ .ഒരു കാര്യം മനസ്സിലാക്കണം. ഞങ്ങള് പോലീസുകാരും നിങ്ങളെ പോലെ സാധാരണ മനുഷ്യരാണ്. പിന്നെ തെറ്റ് കണ്ടാല്‍, നിയമ ലംഘനം കണ്ടാല്‍ ഞങ്ങള്‍ ഇടപെടും അതുറപ്പ്. അതുകൊണ്ട് ഒരിക്കല്‍ കൂടി പറയുന്നു ആദ്യരാത്രി ആയാലും വിവാഹ വാര്‍ഷികമായാലും സ്‌ക്കൂട്ടറില്‍ പോകുമ്പോള്‍.'
'ഹെല്‍മറ്റിടാന്‍ മറക്കരുത്'-സുന്ദരന്‍ അതു കൂട്ടി ചേര്‍ത്തപ്പോള്‍ ബാലഗോപാല്‍ അത് കേട്ട് പൊട്ടിച്ചിരിച്ചു.
'സര്‍ ഞാന്‍ ഒരു കാര്യം പറയട്ടെ, ങ്ങള് ശരിക്കും ആവനാഴിയിലെ മമ്മുക്ക പോലെയാണ്. പുറമെ പരുക്കനാണെങ്കിലും അകത്ത് നല്ലൊരു മനുഷ്യനാണ. ഒരു പാട് നന്ദി ണ്ട് സര്‍.'
സന്തോഷം കൊണ്ട് സുന്ദരന്റെ കണ്ണില്‍ നിന്ന് കണ്ണീര്‍ ഒലിച്ചിറങ്ങി ...
ഒ കെ, വിഷ് യു എ ഹാപ്പി ആനിവേഴ്‌സ് റി സുന്ദരാ'-ബാലഗോപാല്‍ ഫോണ്‍ കട്ടു ചെയ്തു..
എന്താണ് സംഭവിച്ചത് എന്നൊന്നും മനസ്സിലാകാതെ നിന്ന സുന്ദരിയെ സുന്ദരന്‍ തന്നോട് ചേര്‍ത്ത് പിടിച്ചു. സന്തോഷം കൊണ്ട് അവളുടെ നെറ്റിയിലും കവിളിലും ചുണ്ടിലും മാറി മാറി ഉമ്മ വെച്ചു.
'സുന്ദരേട്ടാ, ങ്ങള് തന്ന എല്ലാ സമ്മാനങ്ങളും നിക്കിഷ്ടായി.ന്നാലും ഇങ്ങടെ ആ നാരങ്ങ മിഠായി അതെനിക്ക് വേണം'-സന്തോഷവും സങ്കടവും എല്ലാം നിറഞ്ഞ സുന്ദരന്‍ തന്റെ പ്രിയപ്പെട്ട സുന്ദരിയെ കൈകളില്‍ കോരിയെടുത്തു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...