Malayalam Short Story : അമൈറ, സൗമ്യ എബ്രഹാം എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സൗമ്യ എബ്രഹാം എഴുതിയ ചെറുകഥ

chilla malayalam short story by Soumya Abraham

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam short story by Soumya Abraham

 

ഡോ. റാഷിദ് മുഹമ്മദ്. ലിബിയയില്‍ ജോലി ചെയ്യുകയാണ്. ഫോറന്‍സിക്ക് സയന്‍സിലെ നൈപുണ്യവും ബിരുദങ്ങളും ഒപ്പം അനുഭവ സമ്പത്തും കൈ മുതലായുള്ള റാഷിദിനെ ലിബിയന്‍ സര്‍ക്കാര്‍ ട്രിപ്പോളിയില്‍ മെഡിക്കോ -ലീഗല്‍ ഉപദേഷ്ടാവായി നിയമിച്ചു. 

ആദ്യത്തെ രണ്ട് മാസം വലിയ കുഴപ്പമില്ലാതെ പോയി. സാധാരണ വരുന്ന കേസുകള്‍ മാത്രം. ഔദ്യോഗികമായി വലിയ തിരക്കുകള്‍ ഇല്ലാത്ത ഒരു ദിവസമാണ് അവരുടെ കേസ് വന്നെത്തിയത്. അഫ്‌സാനും അമൈറയും. നവദമ്പതികള്‍. അമൈറ വിവാഹത്തിനു മുന്‍പ് കന്യക അല്ലായിരുന്നു എന്നാണ് അഫ്‌സാന്റെ വാദം. 

അവിടെ അതൊരു കുറ്റമാണ്. നിയമപരമായി ഭര്‍ത്താവിന് ഭാര്യയെ വേണ്ടെന്നു വെയ്ക്കാം. പക്ഷേ തെളിവ് വേണം. ശരീരപരിശോധനയിലൂടെ ഡോക്ടര്‍ വേണം അത് തെളിയിക്കാന്‍. അതിനുള്ള കോടതി ഉത്തരവുമായി വന്നിരിക്കുകയാണ് അവര്‍. 

റാഷിദ് അവരെ ഒന്ന്  നോക്കി.  നവവധുവിന്റെതായ യാതൊരു ഭാവങ്ങളും ഇല്ലാതെ ഭര്‍ത്താവിന്റെ പുറകില്‍ തല കുനിച്ച് നില്‍ക്കുന്ന  അതിസുന്ദരിയായ പെണ്‍കുട്ടി. അക്ഷമനായി ഇരിക്കുന്ന യുവാവ്.. 

ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ട് വേണം അവള്‍ ഭാര്യയായി തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ എന്ന് അവന്റെ മുഖഭാവം വിളിച്ചു പറയുന്നുണ്ടായിരുന്നു. 

അഫ്‌സാന് എന്താണ് അമൈറ കന്യകയല്ല എന്ന് തോന്നാന്‍ കാരണം?  

'അത്.. ഡോക്ടര്‍..  ആദ്യരാത്രിയില്‍ രക്തം കണ്ടില്ല.'

റാഷിദിന് ആ മറുപടിയില്‍ ഒട്ടും അത്ഭുതം തോന്നിയില്ല. ഉത്തരം എന്താവും എന്ന് അറിഞ്ഞു തന്നെയാണ് ചോദിച്ചത്. പക്ഷേ ജോലിയാണ്, ചോദിക്കണം. ഇതേ പോലെ എത്രയോ കേസുകള്‍ ദിനവും വരുന്നതാണ്. ആദ്യ സംഭോഗത്തില്‍ രക്തം കണ്ടില്ലെങ്കില്‍ പ്രശ്‌നമാണ്. 

വിവാഹം കഴിഞ്ഞ് മണിയറയില്‍ കയറി വാതില്‍ അടച്ചാല്‍ പിന്നത് തുറക്കുന്നത് കട്ടിലിലെ വിരിപ്പില്‍ രക്തം പുരണ്ടോ ഇല്ലയോ എന്ന് പുറത്ത് കാത്തു നില്‍ക്കുന്ന  ബന്ധുക്കളെ അറിയിക്കാനാണ്. വിജയഭാവത്തോടെ വരുന്ന വരനെ കണ്ടാല്‍ പിന്നെ ബന്ധുക്കളുടെ ആഘോഷമാണ്. അങ്ങനെയൊന്നു സംഭവിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയുടെ ജീവിതം  ഇത് പോലൊരു ഡോക്ടറുടെ റിപ്പോര്‍ട്ട് അനുസരിച്ചു ഇരിക്കും. . 

'നോക്കൂ അഫ്‌സാന്‍, നിങ്ങള്‍ വിചാരിക്കുന്നത് പോലെയല്ല. രക്തം കണ്ടില്ല എന്നത് കൊണ്ടു പെണ്‍കുട്ടി കന്യക അല്ലാതാവുന്നില്ല. അതിന് പല കാരണങ്ങള്‍ ഉണ്ടാവാം.  ചിലരില്‍ കന്യാചര്‍മ്മം എന്നത് വളരെ നേര്‍ത്തതും ചിലരില്‍ അല്‍പ്പം കട്ടിയുള്ളതോ ആവാറുണ്ട്. നേര്‍ത്ത ചര്‍മ്മം ഉള്ളവരില്‍ ചിലപ്പോള്‍ ചെറുപ്പത്തില്‍ ഓടുകയും ചാടുകയും ചെയ്യുമ്പോള്‍ പോലും പൊട്ടിപോവാന്‍ സാധ്യതയുണ്ട്. അങ്ങനെ ഉള്ള ഒന്നിന്റെ പേരില്‍  ജീവിതം തുടക്കത്തിലെ കൈവിട്ട് കളയണോ?'
 
റാഷിദ് ഒരു ശ്രമം എന്ന നിലയില്‍ അഫ്‌സാനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. 

എന്നാല്‍ അതൊന്നും ഉള്‍ക്കൊള്ളാന്‍  ആ ചെറുപ്പക്കാരനായില്ല. സ്വയവും,  തന്നെയും കാത്തു നില്‍ക്കുന്ന ബന്ധുക്കളെയും പുറത്ത് വലിയൊരു സമൂഹത്തേയും ബോധ്യപ്പെടുത്തണമായിരുന്നു. അവിടെ വിശ്വാസങ്ങളും പൊതുബോധങ്ങളും അത്രമേല്‍ ജീവിതവുമായി കെട്ടുപിണഞ്ഞു കിടക്കുന്നവയാണ്. 

പരിശോധന കഴിഞ്ഞു. വിവാഹത്തിനു  മുന്‍പ് തന്നെ അവള്‍ക്ക്  കന്യകാത്വം നഷ്ടപ്പെട്ടതാണെന്ന റിപ്പോര്‍ട്ട് റാഷിദ് നല്‍കി. അക്കാര്യം കോടതിയിലും ബോധ്യപ്പെടുത്തി. 

'ഞാന്‍ പറഞ്ഞില്ലേ ഡോക്ടര്‍, ഇവള്‍.. ഇവള്‍ വഴി പിഴച്ചവളാ'- കൈ ചൂണ്ടി അഫ്‌സാന്‍  അത് പറയുമ്പോള്‍ അത് വരെ തല കുനിച്ച് നിര്‍വികാരയായി  നിന്നവളുടെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു. നീര്‍മുത്തുകള്‍ ഒന്നിന് പിറകെ ഒന്നായി തറയില്‍ വീണു ചിതറി. 

റാഷിദ് വല്ലാതെയായി. ആരുടെയാണെങ്കിലും കണ്ണുനീര്‍ സഹിക്കാന്‍ പറ്റില്ല. സാധാരണ പെണ്‍കുട്ടികള്‍ അപേക്ഷിക്കാറാണ് പതിവ്, കന്യകയായിരുന്നു എന്ന റിപ്പോര്‍ട്ട് കൊടുക്കണമെന്ന്. എന്തിനാണ് ഇങ്ങനൊരു  പരിശോധനയ്ക്ക് വിധേയ  ആകുന്നു എന്ന് പോലും അറിയാത്തവരുണ്ട്. അങ്ങനെയുള്ളവരെ രക്ഷിച്ചിട്ടും ഉണ്ട്. തിരിച്ചു കിട്ടിയ ജീവിതം മുറുകെപിടിച്ചു പോകുന്ന അവരുടെ കണ്ണിലെ തിളക്കം കാണുമ്പോള്‍ മനസ്സ്  നിറയും. അമൈറയുടെ കാര്യം അങ്ങനെ അല്ല. ലൈംഗികബന്ധത്തിലൂടെയാണ് അവള്‍ക്കു കന്യകാത്വം നഷ്ട്ടപ്പെട്ടിരിക്കുന്നത്. കണ്ണീര്‍ കാണാന്‍ വയ്യെങ്കിലും  ജോലിയില്‍ കൃത്രിമം കാണിക്കാനും വയ്യ.

പക്ഷേ ഇവള്‍...മറ്റുള്ളവരെപ്പോലെയല്ല.   ഇത് വരെ ഒരക്ഷരം മിണ്ടിയിട്ടില്ല. തവിട്ട് രാശി കലര്‍ന്ന മിഴികള്‍ താഴ്ത്തി ഒരേ നില്‍പ്പാണ്. 

കോടതി മുറ്റത്ത് തന്നെ അവളെ ഉപേക്ഷിച്ചു അഫ്‌സാന്‍ ബന്ധുക്കള്‍ക്കൊപ്പം പോയി. 

മണിക്കൂറുകള്‍ കഴിഞ്ഞ് പോകാനായി ഇറങ്ങിയപ്പോളും അവള്‍ അതേ സ്ഥലത്ത് നില്‍പ്പുണ്ടായിരുന്നു. 

'അമൈറ? താനിത് വരെ പോയില്ലേ?' 

അവള്‍ തലയുയര്‍ത്തിയപ്പോള്‍ കരഞ്ഞു ചുവന്ന കണ്ണുകളില്‍ നിന്നും വീണ്ടും കണ്ണീര്‍ തുളുമ്പി. 

പന്തികേട് തോന്നിയ റാഷിദ് നിര്‍ബന്ധിച്ചു അവളെ കാറില്‍ കയറ്റി.  രാവിലെ വന്നതാണ്. ഈ നേരം വരെ ഒരേ നില്‍പ്പും കരച്ചിലും. വെള്ളമോ ഭക്ഷണമോ കഴിച്ചിട്ടില്ല എന്നുറപ്പ്. കാര്‍ നിര്‍ത്തി ഭക്ഷണം  പാര്‍സല്‍ വാങ്ങി. വേണ്ട എന്ന് പറഞ്ഞെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങി അവള്‍ കഴിച്ചു. 

'ഇനി പറ?  എന്താണ് തന്റെ പ്രശ്‌നം?'-  ഒരു ഡോക്ടര്‍ എന്ന നിലയില്‍ എനിക്ക് സഹായിക്കാന്‍ കഴിഞ്ഞെങ്കിലോ?  

'ഇത് ഇങ്ങനെയെ അവസാനിക്കൂ എന്ന് എനിക്കറിയാമായിരുന്നു.'

അമൈറയുടെ പതിഞ്ഞ ശബ്ദം കേട്ട് റാഷിദ് അവളുടെ മുഖത്തേക്കു അത്ഭുതത്തോടെ നോക്കി. 

'പക്ഷേ അഫ്‌സാന്‍ പറഞ്ഞത് പോലെ ഞാന്‍ വഴിപിഴച്ചവള്‍ അല്ല. ഒരു മാസം മുന്‍പ് വരെ മറ്റു പെണ്‍കുട്ടികളെ പോലെ വിവാഹത്തെക്കുറിച്ചും  സന്തോഷമുള്ളൊരു ജീവിതവും സ്വപ്നം കണ്ടവളാണ് ഞാനും. ഭര്‍ത്താവാകാന്‍ പോകുന്നയാള്‍ക്കായി മനസ്സും ശരീരവും കളങ്കപ്പെടാതെ കാത്തു.  പക്ഷേ മനസ്സ് മാത്രമേ ഇപ്പോള്‍ കളങ്കപ്പെടാത്തതായുള്ളൂ..' 

'അമൈറ എന്താണ് പറയുന്നത്?' 

'സത്യം.' 

'ഞാനൊരു റേപ്പ് വിക്ടിം ആണ്. ഉമ്മയുടെ രണ്ടാം ഭര്‍ത്താവ്. അയാള്‍ ഒരിക്കലും ഒരു  മകളായി കണ്ടിട്ടില്ല. ഉമ്മയില്ലാതിരുന്ന ഒരു ദിവസം അയാള്‍ എന്നെ കീഴ്‌പ്പെടുത്തി. ആരോടും ഒന്നും പറയാനാവില്ലായിരുന്നു. പറഞ്ഞാലും ആരും വിശ്വസിക്കില്ല. മറ്റുള്ളവരുടെ മുന്നില്‍ സ്‌നേഹവാനായ 'അബ്ബാ' ആയിരുന്നു അയാള്‍. അതിന് ശേഷം അഫ്‌സാനുമായുള്ള വിവാഹത്തിന് മുന്‍കൈ എടുത്തതും നടത്തിയതും അയാള്‍ തന്നെയാണ്. 

പടച്ചോനെ... ഈ കുട്ടിയിതു നേരത്തെ പറഞ്ഞിരുന്നുവെങ്കില്‍...  

'നിനക്ക് ഇത് പറഞ്ഞു കൂടായിരുന്നോ അമൈറ? നിന്നെ രക്ഷിക്കാന്‍ എനിക്ക് കഴിയുമായിരുന്നു.' 

'കള്ളം പറഞ്ഞൊരു ജീവിതം എന്തിനാ ഡോക്ടര്‍?  ഞാന്‍ സത്യം പറഞ്ഞിരുന്നു എങ്കിലും അഫ്‌സാന്‍ ഇത് തന്നെ ചെയ്യുമായിരുന്നു.' 

ബ്ലേഡ് കൊണ്ടു മുറിവുണ്ടാക്കിയും രക്തം കുടിച്ച അട്ടയെ ഉപയോഗിച്ചും മണിയറയില്‍ കന്യകാത്വം തെളിയിക്കുന്നവരുടെ ഇടയില്‍ അവളൊരു അത്ഭുതമാണെന്ന് റാഷിദിനു തോന്നി. 

'തനിക്കു എങ്ങോട്ടാ പോകേണ്ടത്?'  

'അറിയില്ല,  ഇനി കാണാതിരിക്കട്ടെ എന്ന് പറഞ്ഞാണ് അഫ്‌സാന്‍ പോയത്. സ്വന്തം വീട്ടില്‍ ഇനി ഒരു അവകാശവും ഇല്ല. അല്ലെങ്കിലും അയാളുള്ള വീട്ടിലേക്ക് ഇനിയില്ല.'

ഇനി എന്ത് ചെയ്യും?  

വഴിയില്‍ ഇറക്കി വിടാന്‍ പറ്റില്ല. ഒറ്റയ്‌ക്കൊരു പെണ്ണിനെ കിട്ടിയാല്‍ സദാചാരം കുറച്ചു നേരത്തെക്ക് എങ്കിലും  മാറ്റി വെയ്ക്കുന്ന ആണുങ്ങള്‍ ലോകത്ത്  എല്ലായിടത്തും ഉണ്ട്. കാര്യം കഴിഞ്ഞ് ഒരു ഉളുപ്പും ഇല്ലാതെ  പിഴച്ചവള്‍ എന്ന് വിളിക്കാന്‍ അവര്‍ തന്നെയാവും ഏറ്റവും മുന്നില്‍. റാഷിദ് വണ്ടിയെടുത്തു. 

ട്രിപ്പോളിയില്‍ തന്നെ ഉള്ള സുഹൃത്തിന്റെ  ഫ്‌ളാറ്റിലേക്കാണ് പോയത്. ടീന അവിടെ  നഴ്‌സ് ആണ്. ഭര്‍ത്താവ് അലോഷി നാട്ടില്‍ പോയിരിക്കുന്നു. കാര്യങ്ങള്‍ പറഞ്ഞ് അമൈറയെ അവളെ ഏല്‍പ്പിച്ചപ്പോള്‍ ആണ് ആശ്വാസമായത്. ടീന സുഹൃത്ത് ആണെന്നും തല്ക്കാലം അവിടെ നില്ക്കാമെന്നും അവളെ  പറഞ്ഞ് മനസ്സിലാക്കി. 

'എന്തിനാണ് ഡോക്ടര്‍ നിങ്ങള്‍ എനിക്ക് വേണ്ടി ബുദ്ധിമുട്ടുന്നത്?  ദാ ഇപ്പോള്‍ ഞാന്‍ കാരണം നിങ്ങളുടെ സുഹൃത്തിനും കഷ്്ടപ്പാടായി.' 

ആ ചോദ്യം റാഷിദ് പലവട്ടം സ്വയം ചോദിച്ചതാണ്. ഇങ്ങനെ ഒരു ജോലിക്കിടയില്‍ കണ്ണീരും കഷ്ട്ടപ്പാടും മാത്രം നിറഞ്ഞ  ജീവിതങ്ങളും അതിലേറെ വികാരഭരിതമായ പല സാഹചര്യങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. അതില്‍ എത്രയോ പെണ്‍കുട്ടികള്‍. ആരോടും തോന്നാത്ത അനുകമ്പയും സ്‌നേഹവും ഇവളോട് എന്താണ്?  

സ്വയം ഉത്തരം കിട്ടാത്ത ചോദ്യമായതിനാല്‍ മറുപടി ഒരു പുഞ്ചിരിയില്‍ ഒതുക്കി റാഷിദ് അവിടെ നിന്നിറങ്ങി.  

 

chilla malayalam short story by Soumya Abraham


രണ്ട്

തണുപ്പുള്ള രാത്രിയാണ്. നല്ല ക്ഷീണം ഉണ്ടായിരുന്നിട്ടും റാഷിദിന് ഉറങ്ങാന്‍ കഴിഞ്ഞില്ല.  അമൈറയാണ് ഉള്ളില്‍. അവളെ അധികം ദിവസം ടീനയുടെ കൂടെ നിര്‍ത്താന്‍ പറ്റില്ല. അലോഷി ഉടനെ തിരിച്ചു വരും. എന്ത് ചെയ്യും?  ആരോരും ഇല്ല, വിട്ടു കളയാന്‍ തോന്നുന്നുമില്ല. 

തവിട്ട് നിറമുള്ള നിറഞ്ഞ രണ്ട് കണ്ണുകള്‍ ഉള്ളില്‍ തെളിഞ്ഞു വരുന്തോറും ഹൃദയം ആര്‍ദ്രമാകുന്നത് അവനറിഞ്ഞു. സുഖമുള്ള എന്തോ ഒന്ന് മനസ്സിനെ പൊതിയും പോലെ.   അവള്‍ക്ക് പേര്‍ഷ്യന്‍ ഛായയാണെന്ന് അവനു തോന്നി. അത്രയും സുന്ദരിയായ അവളെ നിഷ്‌കരുണം ഉപേക്ഷിച്ചു കളഞ്ഞ അഫ്‌സാനോട് ദേഷ്യമാണ് തോന്നിയതെങ്കിലും ഇപ്പോള്‍ നന്ദി തോന്നുന്നു. എത്ര ശ്രമിച്ചിട്ടും ഉറങ്ങാന്‍ പറ്റാതെയായപ്പോള്‍ ഫോണ്‍ എടുത്തു ടീനയെ വിളിച്ചു. 

'എന്താണ് മിസ്റ്റര്‍?  ഉറങ്ങാനും സമ്മതിക്കില്ലേ?'  

'എടി അവള് എവിടെ?  ഉറങ്ങിയോ? നിന്നോട് എന്തെങ്കിലും സംസാരിച്ചോ?' 

'ആഹാ കൊള്ളാലോ, നിനക്കെന്നാ  പ്രേമത്തിന്റെ അസുഖം  ആന്നോ?'  

'എടീ വട്ടത്തി പറ?'  

അവര്‍ അങ്ങനെയാണ്. ഇപ്പോഴും ഒരുമിച്ചു പഠിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്ന അതേ  സംസാരരീതിയാണ്. 

'അവള് മുറിയില്‍ ഉണ്ട്. കുറച്ചു മുന്‍പ് വരെ ഉറങ്ങിയിട്ടില്ല.  ഡിപ്രഷന്‍ ഉണ്ടോ എന്നൊരു ഡൗട്ട്.  രാവിലേ വിളിച്ചു പറയാന്‍ ഇരിക്കുവാരുന്നു. '

'ഹ്മ്മ്.. അത് എനിക്കും തോന്നിയതാ..  എന്തായാലും നീ ഒന്ന് ശ്രദ്ധിക്കണം.'

'ഉത്തരവ് പ്രഭോ.'
ചിരിച്ചു കൊണ്ടവള്‍ ഫോണ്‍ വെച്ചു. 

അതിരാവിലെ ടീനയുടെ വിളിയെത്തി. 

'റാഷീ.. അവളെ കാണുന്നില്ല' 

കണ്ണുകളില്‍ നിന്നും ഉറക്കത്തെ തട്ടിയെറിഞ്ഞു ചാടിയെഴുന്നേറ്റു. 

്'ങേ?  കാണുന്നില്ലെന്നോ?'  

'അതേ, മുറിയില്‍ നിനക്കൊരു ലെറ്റര്‍ വെച്ചിട്ടാ പോയത്.' 

പടച്ചോനെ.  അരുതാത്തതു ഒന്നും തോന്നിക്കരുതെ. ഡ്രൈവ് ചെയ്യുമ്പോള്‍ ഉള്ളില്‍ നിറയെ പ്രാര്‍ത്ഥനയായിരുന്നു. 

പ്രിയപ്പെട്ട ഡോക്ടര്‍,  വെറും ഒരു ദിവസത്തെ പരിചയം മാത്രമേ നമ്മള്‍ തമ്മില്‍ ഉള്ളൂ, നിങ്ങളുടെ ഉള്ളിലെ നന്മ തിരിച്ചറിയാന്‍ അത് ധാരാളമായിരുന്നു. ഇനിയും നിങ്ങളെപ്പോലെ ഒരു നല്ല മനുഷ്യനെ  ബുദ്ധിമുട്ടിക്കാന്‍  ആഗ്രഹിക്കുന്നില്ല. ഞാന്‍ ഇവിടെ നിന്നാല്‍ പുരുഷന് വേണ്ടി മാത്രമുള്ള ചില നിയമങ്ങള്‍ ചിലപ്പോള്‍ നിങ്ങളെയും  പ്രശ്‌നത്തിലാക്കിയെന്നു വരും. ഞാന്‍ എവിടെപോയാലും അതേചൊല്ലി വിഷമിക്കാന്‍ ആരും ഇല്ലെങ്കിലും നിങ്ങളോട് ഒരു വാക്ക് പറയണം എന്ന കടമ എനിക്കുണ്ട്. അത് കൊണ്ടാണീ ലെറ്റര്‍.  ഒരുപാട് നന്ദി. 

അമൈറ 

വായിച്ച് കഴിഞ്ഞതും എന്ത് ചെയ്യണമെന്നറിയാതെ റാഷിദ് നിന്നു.

'റാഷി, അന്വേഷിക്കണ്ടേ?'  

'നീയും വാ ടീന... ആദ്യം ഫ്‌ളാറ്റിലെ സെക്യൂരിറ്റിയോട് ചോദിക്കാം. പോകുന്നത് കണ്ടോ എന്ന്.' 

'ഞാന്‍ കണ്ടിരുന്നു സര്‍, ഏകദേശം അഞ്ചര  മണിക്ക് ആണ്. ഇത്ര നേരത്തെ എങ്ങോട്ടാ എന്ന് ചോദിച്ചപ്പോള്‍ മിണ്ടാതെ പോയിക്കളഞ്ഞു.' 

'അഞ്ചര.. ഇപ്പോള്‍ ആറേ കാല്‍. അധികമൊന്നും പോയിട്ടുണ്ടാവില്ല. മാത്രമല്ല ട്രിപ്പോളിയില്‍ അവള്‍ക്കധികം പരിചയമില്ല. ബെഹ്ങ്കാസിയിലാണ് അവളുടെ വീട്.  

'വാ ടീന.. എനിക്കറിയാം അവള്‍ എവിടെയാണെന്ന്.'

പെട്ടെന്ന് റാഷി കാറില്‍ കയറി. ടീനയുടെ ഫ്‌ളാറ്റിലേക്ക് വരുമ്പോള്‍ കദിഷാ നദിയിലേക്ക് കണ്ണിമയ്ക്കാതെ നോക്കിയിരുന്ന അവളെ ഓര്‍മ്മ വന്നു. ആഴങ്ങളിലേക്ക് അലിഞ്ഞു ചേരാനുള്ളൊരു അഭിനിവേശമായിരുന്നു അവളുടെ കണ്ണുകളില്‍.

ഹെഡ്‌ലാംപിന്റെ വെളിച്ചത്തില്‍ ദൂരെ നിന്നെ കണ്ടു. പാലത്തില്‍ നിന്നും താഴേക്കു നോക്കി നില്‍ക്കുന്ന അമൈറ. 

വണ്ടി നിര്‍ത്തി ചാടി ഇറങ്ങിയ അവരെ കണ്ടു അവള്‍ പിന്നോക്കം മാറി പകപ്പോടെ നോക്കി.. 

അത് വരെ അനുഭവിച്ച എല്ലാ  ടെന്‍ഷനും  ആവാഹിച്ച റാഷിയുടെ വലതു കൈ അവളുടെ കവിളില്‍ ആഞ്ഞു പതിച്ചു.  ഒന്ന് കറങ്ങി അവള്‍ അവന്റെ നെഞ്ചിലേക്ക് വീണു. 

'ഇതിനായിരുന്നുവെങ്കില്‍ നീ എന്തിനാ അമൈറ എന്റൊപ്പം വന്നത്? നിനക്ക് വേണ്ടി സങ്കടപ്പെടാന്‍ ഇത്രയും നാള്‍ ആരുമില്ലായിരുന്നിരിക്കാം. പക്ഷേ ഇന്നലെ മുതല്‍ അങ്ങനെ അല്ല. മരണത്തിനെന്നല്ല ആര്‍ക്കും നിന്നെയിനി വിട്ടു കൊടുക്കില്ല. പൊടിയാത്ത കുറച്ചു രക്തത്തുള്ളികളുടെ പേരിലോ ആര്‍ക്കിമെഡിസിന്റെ വാള് പോലെ പെണ്ണിന്റെ തലയ്ക്കു മീതെ തൂങ്ങിക്കിടക്കുന്ന കന്യകാത്വത്തിന്റെ പേരിലോ പെണ്ണിനെ  മനസ്സിലാക്കാതെ പോകുന്ന നിന്റെ നാട്ടുകാരെ പോലെയല്ല. ഇത് നെഞ്ചില്‍ നിറയെ സ്‌നേഹമുള്ളൊരു ആണിന്റെ വാക്കാണ്.' 

അമൈറ  ഒന്നിനും ശക്തിയില്ലാതെ അവന്റെ നെഞ്ചില്‍ തളര്‍ന്നു കിടന്നു. പ്രണയത്തിന്റെ തിളക്കം ഇന്നലയേ  അവള്‍ ആ  കണ്ണുകളില്‍ കണ്ടതാണ്. 

ടീന പകച്ച് പോയി. അങ്ങനൊരു റാഷിയെ അവളാദ്യം കാണുകയായിരുന്നു. 

കല്യാണമേ വേണ്ട എന്ന് പ്രഖ്യാപിച്ചു നടന്നവന്‍ ഇന്നലെ കണ്ട പെണ്ണിനെ നെഞ്ചോട് ചേര്‍ത്ത് നില്‍ക്കുന്നത് കണ്ടു ആ സമയത്തും അവള്‍ ചിരിച്ചു പോയി. എന്നാലും ഒരു ദിവസം കൊണ്ടു പ്രണയമോ? 

എന്നാ  മിഷ്ടര്‍ ഋശ്യശൃംഗന്‍ വൈശാലിയെ കൂട്ടി  വന്നാട്ടെ.

ചെറിയ ചമ്മലോടെ റാഷി അമൈറയെ അടര്‍ത്തി മാറ്റി. 

'എടാ കള്ളകാമുകാ നിനക്കുള്ളത് ഞാന്‍ തരാം.  നീ ഓളേം കെട്ടിപിടിച്ച് ബാക്കിലിരി. വണ്ടി ഞാന്‍ എടുത്തോളാ'-ടീന ചിരിയോടെ കാറിന്റെ ഡോര്‍ തുറന്നു. 

മൂന്ന് 

ചെറിയൊരു കുലുക്കം. ഒപ്പം ലാന്‍ഡിംഗ് അറിയിപ്പ് മുഴങ്ങി. 

റാഷി മയക്കത്തില്‍ നിന്നും ഉണര്‍ന്നു താഴേക്കു നോക്കി. അവിടെ കണ്ണൂര്‍ എയര്‍പോര്‍ട്ട് കാണാം,, പച്ചപ്പ് നിറഞ്ഞ സ്വന്തം നാട്.  തൊട്ടടുത്തു അമൈറയും അവരുടെ  കുഞ്ഞ് മാലാഖയും സുഖകരമായ ഉറക്കത്തിലാണ്. 

അവന്‍ ചിരിയോടെ രണ്ട് പേരുടെയും നെറുകയില്‍ തഴുകി. 

(എന്‍ ബി: പ്രശസ്ത ഫോറന്‍സിക് സര്‍ജന്‍ ഡോ. ബി. ഉമാദത്തന്‍ ന്റെ ആത്മകഥയില്‍ നിന്നും പ്രചോദനം കൊണ്ടെഴുതിയ കഥ.)


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios