Malayalam Short Story : അപരിചിത, ശിവപ്രസാദ് പി എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ശിവപ്രസാദ് പി എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ശരിരം അതിയായി വേദനിക്കുന്നുണ്ട് കണ്ണുകള്‍ തുറക്കാന്‍ കഠിനമായി ശ്രമിച്ചിട്ടും കഴിയുന്നില്ല ആകെ അവശതയാണ് കൈകാലുകള്‍ കിഴടങ്ങിക്കഴിഞ്ഞു. ചലനമില്ലാതെ കിടക്കുമ്പോഴും എഴുന്നേല്‍ക്കുവാനുള്ള ആഗ്രഹം മനസ്സ് വീണ്ടും ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.
വേദന സഹിച്ച് വളരെ കഷ്ടപ്പെട്ട് വലതു കൈ ഉയര്‍ത്തി മേശയ്ക്ക് മുകളിലായി ഉണ്ടായിരുന്ന മൊബെല്‍ഫോണ്‍ എടുത്തു കണ്ണുകള്‍ ശക്തിയായി തുറന്ന് പിടിച്ച് മൊബെലില്‍ സേവ് ചെയ്തിരിക്കുന്ന നമ്പരുകളില്‍ വേഗത്തില്‍ കണ്ണോടിച്ചു. വളരെ കുറച്ച് നമ്പരുകളെ അതില്‍ സുക്ഷിച്ചിട്ടുണ്ടായിരുന്നുള്ളൂ. മൊബെല്‍ പിടിച്ചിരുന്ന കൈ പതിയെ താഴെയ്ക്ക് പതിച്ചു, മനസ്സ് വിണ്ടും നിരാശയിലേക്കും.
പെട്ടെന്ന് ഓടി വരാനുള്ള ഒരൂ സൗഹൃദവും ആ മൊബെലിലില്ല. മൊബെലില്‍ എന്നല്ല മനസ്സിലും.
അതെ, ഞാന്‍ തികച്ചും ഒറ്റപ്പെട്ടവനാണ്. എകാന്തതയെ ഇഷ്ടപ്പെട്ടിരുന്നവന്‍. ഇന്നോ ഇന്നലെയോ അല്ല വളരെ നാളുകളായി ഞാന്‍ അങ്ങനെ ആയിരുന്നു.
നിസ്സഹായതയുടെ ഈ നശിച്ച നിമിഷത്തില്‍ ഉണ്ണിയെ ഓര്‍ത്തു. അവന്‍ വരൂമായിരുന്നു. എത് രാത്രിയിലും, എത്ര ദൂരത്തിലും, എന്താവശ്യത്തിനും അവന്‍ വരുമായിരുന്നു, മരിച്ചില്ലായിരുന്നെങ്കില്‍.
രണ്ട്
മരണം അതൊരൂ സത്യമാണ്. എന്തിനാണിപ്പോള്‍ എഴുന്നേല്‍ക്കുന്നത്? ആര്‍ക്കുവേണ്ടിയാണിപ്പോള്‍ ജീവിക്കുന്നത്? ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി ഇങ്ങനെ കിടക്കാം, മരിക്കട്ടെ.
ഇന്നലെ പതിവിലധികം മദ്യപിച്ചിരുന്നു. ഇതിനുമുന്‍പ് പലവട്ടം ഇതിലധികവും മദ്യപിച്ചിരുന്നു. പക്ഷേ ഇന്ന് എന്റെ ശരിരം എന്നെ ദുര്‍ബലനാക്കി. എന്റെ അവശത എന്നെ പരാജിതനും.
മരിക്കട്ടെ, ഇങ്ങനെ കിടന്നു മരിക്കട്ടെ.
കണ്ണുകള്‍ ഇറുക്കി അടച്ച് ഞാന്‍ ധീരമായി മരണത്തെ അന്വേഷിച്ചു. മരണത്തെ നേരിടാന്‍ തയ്യാറായി.
പക്ഷേ, തലയ്ക്കുള്ളില്‍ തീവണ്ടിയുടെ മുഴക്കം പോലെ ഭികരമായ ശബ്ദം. കൈകാലുകളില്‍ അസ്ഥികള്‍ മുറിഞ്ഞു പോയ വിധമുള്ള വേദന. ഞാന്‍ ഉറക്കെ നിലവിളിച്ചു-'രക്ഷിക്കണേ...'
ഇല്ല, ആരും കേട്ടില്ല.
വിണ്ടും ഒരിക്കല്‍ കൂടി വിളിച്ചു-'രക്ഷിക്കണേ...'
ഇപ്പോഴും ആ ശബ്ദം ആരും കേട്ടില്ല. കാരണം എന്റെ ശ്രമങ്ങള്‍ രണ്ടും പരാജയമായിരുന്നു. ശബ്ദം പുറത്തേയ്ക്ക് വരുന്നില്ല. നാവുകള്‍ ഉയര്‍ന്നു താഴുന്നില്ല. എനിക്ക് ശബ്ദിക്കാനോ സംസാരിക്കാനോ ഉള്ള ശക്തിയും നഷ്ടപ്പെട്ടിരിക്കുന്നു.
'ദൈവമേ' ആത്മഗതം പോലെ വിളിച്ചു.
ദൈവമോ? എത് ദൈവം? ഇക്കാലമത്രയും ഇക്കണ്ട കഠിനപരിക്ഷണങ്ങളിലുടെ കടന്നുപോയിട്ടും കരൂണ കാണിക്കാത്ത ആ വിശ്വാസത്തിന്റെ പേരാണ് ദൈവമെങ്കില്‍ അതു നുണയാണെന്ന് പറഞ്ഞത് നാലുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അന്നുമുതല്‍ തികഞ്ഞ യുക്തിവാദിയായ ഞാനാണ് ദൈവത്തെ വിളിച്ചത്. ശബ്ദം പുറത്ത് വരാത്തത് നന്നായി എന്നു തോന്നി. വീണ്ടും കണ്ണുകളടച്ച് മരണത്തിനായി മനസ്സിനെ പാകപ്പെടുത്തി കിടന്നു. ഇല്ല ഇനി ഞാനില്ല, എന്റെ ഓര്‍മ്മകളും. എല്ലാം ഇന്നുകൊണ്ടു കഴിഞ്ഞു.
മൂന്ന്
പുറത്ത് ആരോ വാതിലില്‍ ശക്തിയായി മുട്ടുന്നു.
രണ്ടുമുന്നു വട്ടം ആ ശബ്ദം കേട്ടു. നിസ്സഹായനാണെന്ന ബോധ്യം എന്റെ പ്രതികരണശേഷിയെ ആകെ തളര്‍ത്തി. ഞാന്‍ കണ്ണുകള്‍ തുറന്നില്ല. എങ്കിലും മനസ്സില്‍ അതിയായി ആഗ്രഹിച്ചു, ഒരിക്കലും സാക്ഷയിടാത്ത ആ വാതില്‍ ആരെങ്കിലും ഒന്നു ശക്തിയായി തള്ളി തുറന്നിരുന്നെങ്കില്‍ എന്ന്.
'അകത്ത് ആളില്ലേ, അകത്ത് ആളില്ലേ...?'
പുറത്ത് നിന്ന് രണ്ടുവട്ടം ആ ശബ്ദം ഞാന്‍ കേട്ടു. ഫ്‌ലാറ്റില്‍ തൂക്കാനും തുടക്കാനും വേസ്റ്റെടുക്കാനും വരാറുള്ള പെണ്ണാണ് അത് എന്ന് ഞാന്‍ ഊഹിച്ചു. അവളുടെ മുഖം എന്തുകൊണ്ടോ ഓര്‍മ്മയില്‍ വന്നില്ല.
കുറച്ച് കഴിഞ്ഞപ്പോള്‍ ആ ശബ്ദവും കേള്‍ക്കാതെയായി. സ്ഥിരം മദ്യപിക്കാന്‍ കൂടാറുള്ള ബാറില്‍ ലഹരിയിലമരാറുള്ള സൂഹൃത്തിനെ ഓര്‍ത്തു. മൊബെല്‍ വിരലുകളാല്‍ മുഖത്തിനു നേരെ ഉയര്‍ത്താന്‍ ശ്രമിച്ചു. തളര്‍ന്നുപോയ വിരലുകളില്‍ നിന്ന് ഫോണ്‍ സാവധാനം ഊര്‍ന്നിറങ്ങി പോകുന്നത് ഞാന്‍ അറിഞ്ഞു. അത് നിലത്തുവിണ് ചിതറി തെറിച്ച ശബ്ദം കേട്ടു.
വീണ്ടും പരാജിതനായ ഞാന്‍ മറ്റു വഴികളില്ലാതെ മരണത്തെ തന്നെ ഓര്‍ത്തു. എത്ര നിരാശയിലും ജീവിക്കാനുള്ള ആഗ്രഹമവസാനിക്കാത്ത വിചിത്ര മനസ്സിനുടമായണ് മനുഷ്യനെന്നും ഓര്‍ത്തു. എന്തുകൊണ്ടോ അപ്പോള്‍ ഞാന്‍ അമ്മയെ കുറിച്ചും ഓര്‍ത്തു. ആത്മഹത്യ ചെയ്തവരാരും ജീവിച്ച് കൊതിതീര്‍ന്നവരല്ലെന്നും.
കരയണമെന്ന് തോന്നി, പിന്നെ അതിനു ശ്രമിച്ചില്ല.
നാല്
കണ്ണുകള്‍ അടച്ച് പിടിച്ചാണ് കിടക്കുന്നത്. വേദന കൂടി വരുന്നു. കൈയും കാലും ചലിക്കുന്നില്ല. നിലവിളിക്കാന്‍ കഴിയുന്നില്ല. ഇതിലും നിസ്സഹായമായ അവസ്ഥ മനുഷ്യനു വരാനുണ്ടോ?
തലയ്ക്കല്‍ വിളക്ക് കത്തിച്ച്, വിരലുകള്‍ കൂട്ടിക്കെട്ടിയ പാദത്തിനരികില്‍ മുറിത്തേങ്ങയിലെ കത്തുന്ന തിരിയും പുകയുന്ന അഗര്‍ബത്തിയും ഒക്കെയായി മരിച്ചുകിടക്കുന്ന എന്നെ സങ്കല്‍പ്പിച്ച് നോക്കി. ആരെങ്കിലും എന്റെ ഭൗതിക ശരിരത്തിനുമുന്നില്‍ കൈകൂപ്പി നില്ക്കുമോ? ആരെങ്കിലും എന്റെ ശവശരിരത്തില്‍ പുഷ്പചക്രമര്‍പ്പിക്കുമോ?
ഇന്നലെവരെ എഴുതി ഉപേക്ഷിച്ച കഥകള്‍ക്ക് പകരമായി പത്രമോഫീസിലെ ചിലര്‍ വരും, ഔപചാരികതയുടെ പുഷ്പചക്രവും പേറി.
കാലുകള്‍ കെട്ടിയിട്ടില്ലെങ്കില്‍ മുഖംനോക്കി തൊഴിക്കാമായിരുന്നു. നീതിയ്ക്ക് വേണ്ടി പോരാടാന്‍, അനീതിയെ എതിര്‍ക്കാന്‍, ശരികള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍... അങ്ങനെ ആഗ്രഹിച്ചതൊന്നും നല്കാതെ അക്ഷരങ്ങള്‍കൊണ്ട് നൂണകള്‍ തിര്‍ക്കാന്‍ എന്നെ നിര്‍ബന്ധിച്ചതിന് അവരെ ആട്ടി പുറത്താക്കാമായിരുന്നു.
എന്തായാലും എന്റെ മരണം ആരെയും വേദനിപ്പിക്കില്ല. ആരും കരയില്ല, അത്രമാത്രം.
അഞ്ച്
പെട്ടന്ന് വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു.
ചിന്തകളെ ഉപേക്ഷിച്ച് ഞാന്‍ ശക്തിയായി കണ്ണുകള്‍ തുറന്നുനോക്കി.
അവളാണ്.
കുറച്ചുമുന്‍പ് ആളുണ്ടോ എന്ന് വിളിച്ചുചോദിച്ചവള്‍. ഇവിടെ താമസമായ മൂന്ന് വര്‍ഷത്തില്‍, ഇന്നാദ്യമായി വാതിലിനുമുന്നിലെ വേസ്റ്റ് ബക്കറ്റ് ശ്യൂന്യമായതെന്താകുമെന്ന ചിന്ത ഒന്നുമാത്രം കൊണ്ട് അവള്‍ വാതില്‍ തുറന്നിരിക്കുന്നു. നിരാശയിലും ജീവിക്കാനുള്ള പ്രതീക്ഷയുടെ അവസാന വഴി അതാ കണ്‍മുന്നില്‍ നില്‍ക്കുന്നു. കൈയ്യൂര്‍ത്തി അവളെ വിളിക്കാന്‍ ശ്രമിച്ചു. കൈ ഉയരുന്നില്ല. കാലുകള്‍ തളര്‍ച്ചയിലാണ്.
'സാര്‍ എന്തെങ്കിലും വേസ്റ്റ് ഉണ്ടോ?'
രണ്ടുവട്ടം ചോദിച്ച് എന്റെ നിശ്ശബ്ദത മറുപടിയായി കണ്ട് അവള്‍ മടങ്ങുകയാണ്. ഞാന്‍ സകല ശക്തിയുമെടുത്തു എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. മുഖമടച്ചാണ് വീണത്. വിഴ്ചയില്‍ ഉമിനീരും രക്തവും കലര്‍ന്ന ഒരൂ ചെറിയ നിലവിളി പുറത്തേക്ക് വന്നു.
തിരിഞ്ഞു നോക്കിയ മാത്രയില്‍ അവളും നിലവിളിച്ചു, അതിശക്തമായി.
നിമിഷങ്ങള്‍ക്കകം സെക്യൂരിറ്റിക്കാരന്‍ വന്നു. എന്റെ അവസ്ഥ തിരിച്ചറിഞ്ഞതിനാലാകാം അധികം വൈകാതെ ആുബംലന്‍സും.
ആറ്
'ആരെങ്കിലും കൂടെ വരണം'- ആംബുലന്‍സിലേക്ക് കയറ്റുന്നതിനിടയില്‍ ഡ്രൈവര്‍ പറയുന്നുണ്ടായിരുന്നു. നാലോ അഞ്ചോ പേര്‍ വാതിലിനരികിലായി കൂട്ടം കൂടി നില്പുണ്ട്. ഞാന്‍ അവരെ ആകെയൊന്നു നോക്കി. ഒരൂ മുഖത്തിലും പ്രതീക്ഷയില്ലാതെ നിരാശയില്‍ കണ്ണടച്ചു.
ആരുടെയും കുറ്റമല്ല, എന്റേതുമാത്രമാണ്.
ഇന്നലെവരെ ആരെയും നോക്കാതെ നടന്നൂപോയ എന്റെ മാത്രം കുറ്റം.
പെട്ടെന്ന് എന്തോ ഓര്‍ത്തിട്ടെന്ന പോലെ കണ്ണുകള്‍ തുറന്നു. ആ കൂട്ടത്തില്‍ അവളുടെ മുഖം തിരയുകയായിരുന്നു. അതെ അവളുണ്ട്. വിയര്‍ത്തു ക്ഷീണിച്ച് നനഞ്ഞ വസ്തങ്ങളുടുത്ത അവള്‍ എണ്ണമയം നഷ്ടപ്പെട്ട പാറിപ്പറക്കുന്ന മുടി മാടി ഒതുക്കി എന്നെ നോക്കുന്നുണ്ട്. വളരെ ദയനീയതയോടെ ഞാന്‍ അവളെ നോക്കി.
നിസ്സഹായന്റെ നിശ്ശബ്ദ ഭാഷ അവള്‍ക്ക് മനസ്സിലായി. അതിനാലകാം ആബുംലന്‍സിന്റെ വാതിലടഞ്ഞതും ആ വണ്ടി നിലവിളിച്ചുകൊണ്ട് പാഞ്ഞു.
ആശങ്കയും ഉത്കഠ്ണയും അവളുടെ മുഖത്ത് പ്രകടമായിരുന്നു. അപരിചിതയായ അവള്‍. പേരോ ഊരോ നാളോ അറിയാത്ത അപരിചിതയായ അവള്‍.
എഴ്
അതിജീവിച്ച അവസ്ഥ പക്ഷാഘാതമായിരുന്നു. കുറച്ചു നാളത്തെ ആശുപത്രിവാസം കഴിഞ്ഞുതിരികെ വീട്ടിലേക്ക് മടങ്ങി. അവശതയുടെ അനുഭവങ്ങളുമായി കട്ടിലിലേക്ക് കിടക്കാന്‍ അവള്‍ എന്നെ സഹായിച്ചു.
ആദ്യമായി ഞാനവളുടെ കണ്ണുകളിലേക്ക് സുക്ഷിച്ചു നോക്കി. നിരാശയുടെ, വേദനയുടെ, ദൈന്യതയുടെ അടയാളമുണ്ടവിടെ. പക്ഷേ അതൊക്കെ ചുണ്ടിലെ ചിരികൊണ്ട് ബുദ്ധിപൂര്‍വ്വം അവള്‍ മറയ്ക്കുന്നുണ്ട്.
ചിരി...
എട്ട് വര്‍ഷം മൂന്‍പ് മകളുടെ ധാര്‍മ്മികാവകാശം കോടതിമുറിയില്‍ സ്ഥാപിച്ചവളുടെ പരിഹാസച്ചിരി ഓര്‍മ്മവന്നു. ആ ചിരിക്കുമുന്നിലിരുന്ന് ഒറ്റയ്ക്കാവാനുള്ള സമ്മതപത്രങ്ങളില്‍ കണ്ണുനിരോടെ ഒപ്പിട്ട് നടന്നുപോയതില്‍ പിന്നെ, അവഗണിക്കുന്നതിനായിപോലും ഒരൂ സ്ത്രീയെ പരിഗണിച്ചിട്ടില്ല ഒരിക്കലും.
കുടിച്ചുതീര്‍ത്ത മദ്യക്കുപ്പികളില്‍, എഴുതിത്തീര്‍ത്ത അക്ഷരക്കുട്ടങ്ങളില്‍ എല്ലാം പ്രകടമായ സ്ത്രീ വിരുദ്ധതയുണ്ടായിരുന്നു.
അതെ, എഴുതി ചുരുട്ടി എറിഞ്ഞ കടലാസ് കഷ്ണങ്ങള്‍ ഈ മുറിയെ വികൃതമാക്കിയിട്ടുണ്ട്. അതൊക്കെ അടിച്ചുവാരി പുറത്തേക്ക് എടുത്തുപോകുന്ന അവളെ ഞാന്‍ നോക്കി. കുറച്ചുനാള്‍ മുന്‍പ് വരെ അവഗണിച്ച് കടന്ന് പോയതിനാല്‍ നരച്ച് പോയ സാരിക്കുള്ളിലെ നന്മയുടെ ആ മനുഷ്യക്കോലമെന്റെ ചിന്തകളെ പാടെ തോല്‍പ്പിച്ചു കഴിഞ്ഞിരുന്നു.
ജനലുകള്‍ തുറന്നപ്പോള്‍ പ്രകാശം മുഖത്ത് വീണു. അപ്പോഴാണ് കണ്ണുകള്‍ തുറന്നത്. ഇന്നലെ വരെ എന്റെ ചിന്തയിലെ നന്‍മയും തിന്മയും തമ്മില്‍ ഈ മുറിയുടെ ഇരുട്ടില്‍ വെട്ടിമരിച്ചതോര്‍ത്തു. വിരുന്നുകാരില്ലാത്ത ഈ മുറികളിലൊക്കെ എന്റെ കുത്തഴിഞ്ഞ ജീവിതത്തിന്റെ പൊട്ടിയ ചില്ലുകഷ്ണങ്ങളായിരുന്നു.
പ്രകാശം കടന്ന് വന്നപ്പോള്‍ രൂപപ്പെട്ട നിഴലുകളൊക്കെ എനിക്കു പുതിയതായിരുന്നു. എന്റെ മുറികളില്‍ ഇത്തരം രൂപങ്ങള്‍ ആദ്യമായിരുന്നു.
എട്ട്
ഇരൂപത് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു, ആശുപത്രിയില്‍ നിന്ന് വന്നിട്ട്. രോഗത്തെ പൂര്‍ണ്ണമായി അതിജിവിച്ചില്ലെങ്കിലും നാളെ പത്രമോഫിസില്‍ പോകണം. അവശതയുടെ മുറിപ്പാടുകള്‍ മായ്ക്കാന്‍ അവിടത്തെ അക്ഷരങ്ങള്‍ക്ക് കഴിയുംഴ
പതിവിലും നേരത്തെ എഴുന്നേറ്റു. കുളിച്ച് ഓഫിസില്‍പോകാന്‍ റെഡിയായി. പിന്നെ ഇന്നലെ വരെ മുറിക്കുള്ളിലായിരുന്ന വേസ്റ്റ് ബക്കറ്റ് വാതിലിനു പുറത്തേക്ക് എടുത്തു വച്ചു.
സമയം ഇഴഞ്ഞു നീങ്ങി. അവള്‍ വരാനുള്ള സമയം ആകുന്നതേയുള്ളു. തൊട്ടടുത്ത മുറിയുടെ വാതില്‍ തുറന്നടഞ്ഞ ശബ്ദം കേട്ടു. നിമിഷനേരം കൊണ്ട് ഞാന്‍ വാതില്‍ തുറന്ന് പുറത്തിറങ്ങി. പുറത്ത് അവള്‍ നില്ക്കുന്നുണ്ട്. വേസ്റ്റ് ബോക്‌സില്‍ അവശേഷിക്കുന്നത് എടുത്തു തിരിഞ്ഞതും അവളെന്നെ കണ്ടു. ഭാവഭേദമില്ലാതെ അവള്‍ ചിരിച്ചു. പിന്നെ പതിയെ അടുത്ത വാതിലിനെ ലക്ഷ്യമാക്കി നടന്നു.
'ഒരൂ നിമിഷം നില്‍ക്കൂ'-എന്റെ വാക്കുകള്‍ അവളെ തടഞ്ഞു നിര്‍ത്തി. കൈയില്‍ കരുതിയിരുന്ന ഒരു സാരി അവള്‍ക്ക് നേരെ നിട്ടി. അതിനുള്ളിലായി കുറച്ചധികം കാശും.
അവള്‍ അത് വാങ്ങാതെ മടിച്ചുനിന്നു. അവളുടെ കൈകളിലേക്ക് അതു നല്‍കി നിര്‍വികാരതയുടെ മുഖവുമായി ഞാന്‍ അവളെ ഇരൂകരങ്ങളാല്‍ തൊഴുതു. കരയുമെന്ന് തോന്നി. അതുണ്ടായില്ല. ആ ഇടനാഴിയിലുടെ അവശതയെ അതിജീവിച്ച് ഞാന്‍ നടന്നു.
അപരിചിതയായ അവളില്‍ നിന്ന് ഞാന്‍ അകലുകയാണ്. ഒന്നു ചിരിക്കാമായിരുന്നു. നന്ദിയെന്ന രണ്ടക്ഷരം പറയാമായിരുന്നു-ഞാന്‍ എന്നോട് തന്നെ പറഞ്ഞു.
നന്ദിയും സ്‌നേഹവും ഏതോ സാഹിത്യകാരന്റെ തൂലികയില്‍ ജന്മമെടുത്ത നൂണകളായിരുന്നെന്ന് വിശ്വസിക്കാനുള്ള കാരണങ്ങളായിരുന്നു ഇതിനുമുന്‍പ് ഉണ്ടായ അനൂഭവങ്ങളിലെറെയും. ഇപ്പോള്‍ അത് തിരുത്താന്‍ ഒരവസരമായിരുന്നു. വേണ്ട, ഒരൂ വിശ്വാസവും തിരുത്തേണ്ടതില്ല. കാരണം, ധാരണകള്‍ തെറ്റെന്നു ബോധ്യപ്പെടുമ്പോള്‍ ഹ്യദയം നിലയ്ക്കും. മനസ്സ് പിടയും. ജീവിച്ചുകൊണ്ട് മരിക്കും. ഒരിക്കല്‍കൂടി ആ അവസ്ഥ വയ്യ. വിശ്വാസങ്ങള്‍ അങ്ങനെ തന്നെ നില്‍ക്കട്ടെ.
അവള്‍, അപരിചിതയായ അവള്‍...അവള്‍ എന്റെ ചിരി പ്രതീക്ഷിക്കുന്നുണ്ടാകില്ല. നന്ദി വാക്കുകള്‍ ആഗ്രഹിക്കുന്നുണ്ടാകില്ല.
കാരണം ഇന്നലെകളിലേപ്പോഴോ, ഇതൊക്കെ കപടമായ പ്രഹസനമാണെന്ന് കാലമവളെയും ബോധ്യപ്പെടുത്തിയിട്ടുണ്ടാകും.
എന്നെ തേടിവന്ന ദൂരനുഭവങ്ങളും എന്നിലെ തിന്മയും എനിക്കൊപ്പം മണ്ണടിയട്ടെ. നീ പടര്‍ത്തിയ നന്മയുടെ വെളിച്ചം എനിക്കു ശേഷവും ഇവിടെ പ്രകാശിക്കട്ടെ. അപരിചിതയായ പ്രിയപ്പെട്ടവളെ, അതുമാത്രമാണ് നിന്നോട് പറയാത്ത എന്റെ മനസ്സിലെ നന്ദി.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...