Malayalam Short Story : അഞ്ച് പെണ്ണുങ്ങള്‍, ഒരേ കഥ, ഷാഫിയ ഷംസുദീന്‍ എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ഷീജ ജെ എഴുതിയ കവിത

chilla malayalam short story by Shafia Shamsudheen

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam short story by Shafia Shamsudheen

 

അന്നൊരു ഞായറാഴ്ചയായിരുന്നു. ഒരു മുരടന്‍ ഞായറാഴ്ച.

അവധി ദിനത്തിന്റെ ആലസ്യത്തോടൊപ്പം ദിനചര്യകളില്‍ അലസത പിടിമുറുക്കിയപ്പോള്‍ ഞാന്‍  ഫോണുമെടുത്ത് എന്റെ ചാരുകസേരയിലേക്ക് നീങ്ങി.

വല്ലാത്തൊരു സ്വാതന്ത്ര്യമാണീ വാടകവീട്ടില്‍ ഇപ്പോള്‍ ആസ്വദിക്കുന്നത്. എന്നും എപ്പോഴും മറ്റൊരാളുടെ പ്രീതിക്ക് വേണ്ടിയുള്ള കാത്തുനില്‍പില്‍ നിന്നും ഇഷ്ടമുള്ളതെന്തും ഇഷ്ടമുള്ളപ്പോള്‍ ചെയ്യാന്‍ കഴിയുന്ന മഹത്തായ സ്വാതന്ത്ര്യം.

എല്ലാ മോഹങ്ങളും ആഗ്രഹങ്ങളും ആശയങ്ങളും അധ്വാനവും സമ്പത്തും സമന്വയിപ്പിച്ചുണ്ടാക്കിയ എന്റെ സ്വപ്നഭവനത്തേക്കാള്‍ എന്തൊരു സ്വാതന്ത്ര്യമാണ് ഈ ഒറ്റമുറിയിലെ ഏകാന്തവാസം എനിക്ക് സമ്മാനിക്കുന്നത്!

പതിവില്ലാതെ അന്ന് ഞാന്‍ എന്റെ മൊബൈല്‍ ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റിലൂടെ ഒന്ന് കണ്ണോടിച്ചു.

ആദ്യം കണ്ടത് അനില എന്ന പേരാണ്. എന്റെ വീടിനടുത്തുള്ള സ്‌കൂളിലേക്ക് ഒരിക്കല്‍ സ്ഥലംമാറ്റം കിട്ടി വന്ന അനില ടീച്ചര്‍.

ഞാനും അനിലയും വീട്ടില്‍ നിന്നും ജോലിക്ക് ഇറങ്ങുന്നത് ഒരേസമയത്ത് ആയിരുന്നതിനാല്‍ ബസ്സ്‌റ്റോപ്പിലേക്ക് ഉള്ള നടത്തം ഞങ്ങള്‍ എന്നും ഒരുമിച്ചായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി മാറി. ഇപ്പോള്‍ സ്വന്തം നാട്ടില്‍ സ്ഥിരനിയമനം കിട്ടിയതിനാല്‍ ഭര്‍ത്താവും കുടുംബവുമായി (സ്വസ്ഥമായി) ജീവിക്കുകയാണ് അനില.

ഞാന്‍ ആ നമ്പറിലെ കോളിങ് ബട്ടണില്‍ വെറുതെ ഒന്നു തൊട്ടു.  നാലഞ്ച് തവണ അവിടെ റിങ്ങ് ചെയ്തതിനുശേഷം അങ്ങേത്തലയ്ക്കല്‍ അനിലയുടെ ശബ്ദം കേട്ടു.

'എന്താടോ ശാലിനി.. താന്‍ എവിടെയാ? കാണാറേയില്ലല്ലോ?'

ഞാന്‍ ചിരിയോടെ പറഞ്ഞു, 'ഞാനിവിടെ എന്റെ ഏകാന്തജീവിതവും അതിന്റെ  സ്വാതന്ത്ര്യവും അനുഭവിക്കുകയാണെടോ അനിലേ. എന്താ തന്റെ വിശേഷങ്ങളൊക്കെ?'

'തനിക്കറിയാത്ത എന്ത് വിശേഷമാടോ എനിക്ക്? രാവിലെ പ്രാതല്‍ കഴിഞ്ഞു. ഇനി ഉച്ചഭക്ഷണം. ഇപ്പോള്‍ കറിക്ക് അരിയുന്നു. അതിനിടയില്‍ തുണി അലക്കാന്‍ ഇട്ടിട്ടുണ്ട്. വീട് മൊത്തം അടിച്ചു തുടയ്ക്കണം. മക്കള്‍ക്ക് നാലക്ഷരം പറഞ്ഞു കൊടുക്കണം. എല്ലാ അവധിദിനങ്ങളും പോലെ തന്നെ ഇന്നും. ഇന്ന് അല്ലെ എനിക്ക് ഇതിനൊക്കെ വിശദമായി സമയം കിട്ടൂ..'

'സുമേഷ് എവിടെ?' ഞാന്‍ ചോദിച്ചു.

'ഉമ്മറത്തു പത്രം വായിച്ച് ഇരിപ്പുണ്ട്. സുമേഷിനെ പോലുള്ളവര്‍ക്ക് ഞായറാഴ്ചകളില്‍ ബോറടിക്കാതിരിക്കാന്‍ പത്രക്കാരും ശ്രദ്ധിക്കുന്നുണ്ട്. സണ്‍ഡേ സ്‌പെഷ്യല്‍ എന്നൊക്ക പറഞ്ഞ് പത്രത്താളുകള്‍ക്ക് ഇന്ന് എണ്ണം കൂടുതലാണല്ലോ. വായിച്ചു തീരാന്‍ സമയമെടുക്കും.'

അനിലയുടെ ചിറി കോട്ടിയുള്ള പുച്ഛച്ചിരി ഭാവനയില്‍ കണ്ട് ഞാനും ചിരിച്ചു.

'സുമേഷിന്റെ അമ്മ എവിടെ?'

'ഞാന്‍ വീട്ടിലുള്ള ദിവസമല്ലേ ശാലിനീ അമ്മയ്ക്ക് പുറത്തിറങ്ങാന്‍ പറ്റൂ. അമ്മ എല്ലാ ഞായറാഴ്ചകളിലും ബന്ധുവീടുകളില്‍ സവാരി പോകും. ഞാനാണെങ്കില്‍ ഇവിടെ ഞായറാഴ്ച ഒഴികെ ബാക്കി ദിവസങ്ങളില്‍ എല്ലാം സവാരി ആണല്ലോ. രാവിലെ തന്നെ കുളിച്ചൊരുങ്ങി സാരി ചുറ്റി ഒരു ദിവസത്തെ എന്റെ ആദ്യത്തെ സവാരി തുടങ്ങുന്നു സ്‌കൂളിലേക്ക്. ഓരോ ക്ലാസുകളിലേക്കും മാറിമാറി ഓടുന്നത് അടുത്ത സവാരി. കുട്ടികളോട് വായിട്ടലച്ച് അന്നത്തെ അവസാനസവാരിയും ചെയ്ത് വീട്ടിലേക്ക്. അപ്പൊ പിന്നെ ഞായറാഴ്ചകളിലെങ്കിലും ഞാന്‍ വീട്ടില്‍ ഇരുന്നല്ലേ പറ്റൂ. ചുരുക്കിപ്പറഞ്ഞാല്‍ എന്റെ ശാലിനി, ഈ ജീവിതത്തില്‍ എനിക്കൊന്ന്, ആഗ്രഹം തീര്‍ത്ത് കടപ്പുറത്ത് ഇരുന്ന് കാറ്റ് കൊള്ളാനുള്ള സ്വാതന്ത്ര്യം കിട്ടണമെങ്കില്‍ ഇനിയും വര്‍ഷങ്ങള്‍ ഏറെ കഴിയണം. അതായത് ഞാന്‍ ജോലിയില്‍ നിന്ന് റിട്ടയര്‍ ആവുന്ന കാലം വരണം. ങ്ഉം.. അപ്പോ എന്താ അവസ്ഥ എന്ന് അന്നറിയാം.'

അനില നിര്‍വികാരതയോടെ പറഞ്ഞു നിര്‍ത്തുമ്പോള്‍ ഞാന്‍ ഒരു ചെറിയ ചിരിയോടെ ആ ഫോണ്‍കോള്‍ കട്ട് ചെയ്തു.

വീണ്ടും കോണ്‍ടാക്ട് ലിസ്റ്റിലെ വേറൊരു നമ്പര്‍ എന്റെ കണ്ണില്‍ തങ്ങി. ആ നമ്പറിലേക്ക് ഞാന്‍ വിളിച്ചു.

എമിലി, ഇപ്പോഴും സ്‌നേഹം കാത്തുസൂക്ഷിക്കുന്ന എന്റെ സ്‌കൂള്‍ കാലത്തെ ഒരു നല്ല സുഹൃത്ത്.
എമിലിയുടെ 'ഹലോ' കേട്ടപ്പോള്‍ ഞാനെന്തോ പതിവിനു വിപരീതമായി 'എമിലി നിനക്ക് സുഖമല്ലേ?' എന്നാണ് അങ്ങോട്ട് ചോദിച്ചത്.

'എനിക്ക് സുഖമാണ് ശാലിനി. പരമസുഖം!'

പിന്നെ പ്രാരാബ്ദക്കെട്ട് ഒന്ന് അയച്ചു തുറന്ന് പതിവ് പോലെ എമിലി വാചാലയായി.

'നാലു വിഷയത്തിലും തോറ്റ് അന്ന് പത്താം ക്ലാസില്‍ പഠനം അവസാനിപ്പിച്ചപ്പോള്‍ അമ്മ പഠിപ്പിച്ചതാണല്ലോ എനിക്കീ തയ്യല്‍ പണി. അനിയത്തിമാരുടെ പാവാട തയ്ച്ചു തുടങ്ങിയ ആ പത്താം ക്ലാസുകാരിയുടെ ജീവിതം, ഇന്നൊരു പത്താം ക്ലാസുകാരിയുടെ അമ്മയുടെ റോളില്‍ എത്തിനില്‍ക്കുകയാണ്.
ഒരു ദു:ശീലങ്ങളും ഇല്ലാത്ത എന്റെ ഭര്‍ത്താവ്, ദു:ശീലങ്ങള്‍ പഠിക്കാത്ത കൂട്ടത്തില്‍ സ്വന്തമായി  ജോലി ചെയ്തു ജീവിക്കാനും പഠിച്ചില്ല. അതുകൊണ്ട് തയ്യല്‍ മെഷീന്റെ പെഡലില്‍ ആഞ്ഞുചവിട്ടി ഈ വലിയ ജീവിതഭാരം ഞാന്‍ ഉന്തിയും തള്ളിയും ഉരുട്ടിക്കൊണ്ടുപോകുന്നു.'

24 മണിക്കൂറും സര്‍വ സ്വാതന്ത്ര്യവും അനുഭവിച്ച് ജീവിക്കുന്ന, കുടുംബത്തോടുള്ള ഉത്തരവാദിത്തം എന്തെന്ന് പഠിക്കാത്ത ഒരു ഭര്‍ത്താവിന്റെ, പുറംലോകം കാണാന്‍ പോലും സ്വാതന്ത്ര്യം ഇല്ലാതെ സമയമില്ലാതെ, ഒരു വീടിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ ജീവിതം ഹോമിച്ച് തീര്‍ക്കുന്ന എമിലി എന്ന ഭാര്യയെ കുറിച്ച് ഓര്‍ത്ത് നെടുവീര്‍പ്പിട്ട് ഞാന്‍ എന്റെ ഫോണ്‍ സ്‌ക്രീനില്‍ എനിക്കിഷ്ടപ്പെട്ട അടുത്ത നമ്പറിലേക്ക് വിരല്‍ അമര്‍ത്തി.

എന്റെ ബാല്യകാല സുഹൃത്ത് ആയ സൈനബ. ഓരോ കാഴ്ചകളിലും ഒരുപാട് വിശേഷങ്ങള്‍ കൈമാറിയിരുന്ന, ജീവിതത്തെ ഏറെ സ്‌നേഹിക്കുന്ന സൈനബ.

അവള്‍ കോള്‍ അറ്റന്‍ഡ് ചെയ്ത് എന്നത്തെയും പോലെ എന്നെ നീട്ടി വിളിച്ചു, 'ശാലിന്യേ...'

പതിവുപോലെ ഞാന്‍ മറുപടി കൊടുത്തു, 'എന്താടീ.... നിന്റെ വിശേഷങ്ങള്‍ പറയടീ. നീ എന്താ ഇന്ന് ഫോണ്‍ എടുത്തപ്പോള്‍ പഴയപോലെ ചിരിച്ചില്ലല്ലോ പെണ്ണേ?'

സൈനബ വാക്കുകളില്‍ വിഷാദം കലര്‍ത്തി പതിയെ പറഞ്ഞു. 'പുള്ളിക്കാരന്‍ ഉണ്ടെടീ..'

'അതിനെന്താ.. നിനക്ക് ചിരിക്കാന്‍ പാടില്ലേ?'

അവള്‍ ഫോണുമായി അടുക്കളപ്പുറത്തേക്ക് നടക്കുകയാണെന്ന് പറഞ്ഞപ്പോള്‍ എനിക്ക് ചിരിവന്നു.

അവള്‍ അടക്കിപ്പിടിച്ച് പറഞ്ഞു, 'എനിക്ക് ഇപ്പൊ പഴയ പോലെ ചിരിച്ചില്ലെങ്കിലും സാരമില്ലടീ. പക്ഷേ..'

'പക്ഷേ..?'

'എന്റെ ജീവിതത്തില്‍ എനിക്ക് ഏറ്റവും സന്തോഷമുള്ള കാര്യം എന്താന്നറിയോ  ശാലിനീ നിനക്ക്?'

'ഇല്ല, അതെന്താ?'

'രാവിലെ കുറച്ചു നേരം സ്വസ്ഥമായി ഒന്ന് ഉറങ്ങണം. ഒരു ദിവസമെങ്കിലും അതിനുള്ള സ്വാതന്ത്ര്യം എന്റെ ജീവിതത്തില്‍ എനിക്ക് ഉണ്ടാവുമെന്ന് തോന്നുന്നില്ലടീ. നേരം പരപരാ വെളുക്കും മുമ്പ് അയാള്‍ എന്നെ അടിച്ചും തൊഴിച്ചും വിളിച്ച് എണീപ്പിക്കും. എന്തോ മുന്‍വൈരാഗ്യം ഉള്ളത് പോലെയാ എന്നോട് അയാള്‍ക്ക് ആ കാര്യത്തില്‍. ഞാന്‍ തൂങ്ങിയും ആടിയും അടുക്കളയിലേക്ക് എത്തിയാല്‍ പിന്നെ അയാള്‍ക്ക് സ്വസ്ഥമായ ഒരു ഉറക്കം ഉണ്ട്. അത് കാണുമ്പോള്‍ ഉണ്ടല്ലോ, നടുവിന് ഒരു ചവിട്ടു ചവിട്ടി കൊല്ലാന്‍ ആണ് എനിക്ക് തോന്നുക.'

സൈനബ ഒരിക്കലും ആ സാഹസം ചെയ്യില്ലെന്ന വിശ്വാസത്തോടെ ഞാന്‍ ആ കോളും അവസാനിപ്പിച്ചു.

വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുകിട്ടിയ കോളേജ് കാല സുഹൃത്ത് ആയ വനജയെ ആണ് ഞാന്‍ പിന്നീട് വിളിച്ചത്. വര്‍ഷങ്ങള്‍ക്കു ശേഷം സോഷ്യല്‍മീഡിയയില്‍ കണ്ടുമുട്ടിയ ആ ദിവസങ്ങളില്‍ സംസാരിച്ചിരുന്നത്ര അത്യുത്സാഹം ഒന്നുമില്ലാതെ ഒരു നിരാശയെ പോലെ അവള്‍ ഒരു ഹലോ പറഞ്ഞു. 'എന്തു പറ്റിയെടാ..? രണ്ടാഴ്ച മുന്‍പ് വിളിച്ചപ്പോള്‍ നീ ഇങ്ങനെ ആയിരുന്നില്ലല്ലോ. നിന്റെ ലൈക്കും കമന്റും ഒന്നും കാണുന്നില്ലല്ലോ ഇപ്പോള്‍ ഫേസ്ബുക്കില്‍? വാട്‌സ്ആപ്പിലും നീ സൈലന്റ് ആണല്ലോ. എന്തുപറ്റി?'

'എന്തുപറയാനാ ശാലിനി.. ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം നിങ്ങളെയൊക്കെ കണ്ടുമുട്ടിയപ്പോള്‍ ഞാന്‍ വല്ലാതെ എക്‌സൈറ്റഡ് ആയി പോയി എന്നത് ശരി തന്നെയാണ്. എങ്ങനെ ആ സന്തോഷം പ്രകടിപ്പിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു. നഷ്ടപ്പെട്ട ഒരു ലോകം എന്റെ ജീവിതത്തിലേക്ക് തിരിച്ചുവന്ന വല്ലാത്തൊരു ആനന്ദം ആയിരുന്നു അന്ന് എനിക്ക്. എന്റെ ഭര്‍ത്താവിനും മക്കള്‍ക്കും അത് ഒന്നും ഇഷ്ടപ്പെട്ടില്ല. ഞാന്‍ പഴയ പോലെ അവരുടെ ലോകത്ത് ഒതുങ്ങി ജീവിച്ചാല്‍ മതിയെന്ന് അവര്‍ പറഞ്ഞു. എന്റെ മൊബൈലിലെ വാട്‌സ്ആപ്പും ഫേസ്ബുക്കും എല്ലാം അവര്‍ ഡിലീറ്റ് ചെയ്തു.'

'എനിക്കെന്തോ ഇപ്പോ ഇതുവരെ ഇല്ലാത്ത വിധം വല്ലാതെ  നിരാശ തോന്നുന്നു ശാലിനി. എല്ലാം കഴിഞ്ഞ് അല്‍പനേരം എന്റെ ഇഷ്ടങ്ങള്‍ക്കൊപ്പം എനിക്കൊന്ന് സന്തോഷിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലല്ലോ എന്റെ ജീവിതത്തില്‍ എന്ന തോന്നല്‍'

അവളോട് മറുപടിയൊന്നും പറയാനില്ലാതെ ഞാന്‍ ആ സംസാരവും അവിടെ വച്ച് അവസാനിപ്പിച്ചു

അനിലക്കും  എമിലിക്കും സൈനബക്കും വനജക്കും കൊടുക്കാന്‍ എന്റെ കയ്യില്‍ വാക്കുകളും ഉപദേശങ്ങളും പ്രചോദനവും  ഒന്നും ഇല്ലാതെ അല്ല.

സ്വാതന്ത്ര്യമില്ലാത്ത ജീവിതം മടുത്ത് മടുത്ത്, വീടും പ്രാരാബ്ദങ്ങളും സ്വയം ഉപേക്ഷിച്ച് ഏകാന്തതയില്‍ സ്വാതന്ത്ര്യം ആസ്വദിക്കുന്ന, ആഘോഷിക്കുന്ന എന്നെ ഒരിക്കലും ഈ സമൂഹം അംഗീകരിക്കില്ല.

സ്വയം നശിച്ചത് പോരാഞ്ഞ് ഞാന്‍ എന്റെ കൂട്ടുകാരുടെ ജീവിതം കൂടെ തകര്‍ക്കാനുള്ള ഉപദേശങ്ങള്‍ കൊടുത്തു കൊണ്ടിരിക്കുകയാണെന്ന്  അവര്‍ക്ക് പോലും പിന്നീട് തോന്നും.

അസ്വസ്ഥമാകുന്ന അസ്വാതന്ത്ര്യങ്ങളില്‍ നിന്നും സ്വരക്ഷ ആഗ്രഹിക്കേണ്ടത് അവനവന്‍ തന്നെയാണ്. ആര്‍ക്കും കഴിയും, സ്വന്തമായി സ്വസ്ഥമായ ഒരു ജീവിതം തിരഞ്ഞെടുക്കാന്‍. സ്വയം ഓരോരുത്തരും തീരുമാനമെടുക്കണമെന്ന് മാത്രം.

ഓരോ മനുഷ്യരും പറയുന്നു  ഞാന്‍ കുടുംബജീവിതത്തിന്റെ സ്വാതന്ത്ര്യവും സന്തോഷവും അനുഭവിക്കുകയാണ് എന്ന്. യഥാര്‍ത്ഥത്തില്‍ ആരാണ് സന്തോഷം അനുഭവിക്കുന്നത്? പരസ്പരം സ്‌നേഹത്തിന്റെ പാരമ്യത്തില്‍ ആണ് ഞങ്ങള്‍ എന്ന് അഭിനയിച്ച് ജീവിക്കുമ്പോഴും പരസ്പരം സഹിച്ച് ജീവിക്കുകയല്ലാതെ മറ്റെന്താണ്?

എല്ലാം ഒരു അഡ്ജസ്റ്റ്‌മെന്റ്!

ജീവിതം തന്നെ ഒരു അഡ്ജസ്റ്റ്‌മെന്റ്! ആഴത്തിലുള്ള സ്‌നേഹം എന്ന് പറഞ്ഞ് മറ്റുള്ളവരെ പറ്റിച്ച് ആഴത്തിലുള്ള ഒരു അഡ്ജസ്റ്റ്‌മെന്റ്!

ഞാനെന്റെ ചാരുകസേരയിലേക്ക്  നീണ്ടു നിവര്‍ന്നു കിടന്നു.

ഒന്ന് കടല്‍ക്കരയില്‍ ഇരുന്നു കാറ്റുകൊള്ളാന്‍, സ്വന്തം അധ്വാനം കൊണ്ട് സ്വന്തം ഇഷ്ടത്തിന് എന്തെങ്കിലും ഒന്ന് വാങ്ങി ഉപയോഗിക്കാന്‍, ഒന്നുറക്കെ സംസാരിക്കാന്‍, ചിരിക്കാന്‍, ആഗ്രഹിച്ച നേരത്ത് ഉറങ്ങാന്‍, ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍, ഇഷ്ടമുള്ളപ്പോള്‍ പാചകം ചെയ്യാന്‍, ഇഷ്ടമില്ലാത്തപ്പോള്‍ ചെയ്യാതിരിക്കാന്‍, സ്വന്തം സുഹൃത്തുക്കളോടൊപ്പം അല്പസമയം ചെലവഴിക്കാന്‍ ഇങ്ങനെ ചില കൊച്ചു കൊച്ചു കാര്യങ്ങള്‍ക്കുപോലും സ്വാതന്ത്ര്യമില്ലാത്ത കുറെയേറെ മനുഷ്യജന്മങ്ങള്‍.

ഞാന്‍ ഫോണ്‍ താഴെ വെച്ച്, ചിന്തകളില്‍ നിന്നും എന്റെ കണ്ണുകളെ ഇരുട്ടിലേക്ക് വിട്ട്, തലയുടെ ഭാരം ഒരു കുഞ്ഞു സുഖനിദ്രക്ക് കൈമാറി സ്വസ്ഥമായി കിടന്നു.
 

Latest Videos
Follow Us:
Download App:
  • android
  • ios