സാറയുടെ മണിയറ, ഷബ്‌ന ഫെലിക്‌സ് എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. ഷബ്‌ന ഫെലിക്‌സ് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
'സാറാ... ഇനിയും നീയെന്നെ ഇത്രയും ഭയക്കുന്നതെന്തിന്? നിന്നോടുള്ള പ്രണയം എന്നെ എത്രമാത്രം ഉന്‍മത്തനാക്കുന്നുണ്ട് എന്ന് നീ കാണുന്നില്ലേ. നിന്നോടുള്ള അവാച്യമായ പ്രേമത്താല്‍ ഈ ലോകത്തില്‍ എനിക്ക് നല്‍കിയിരിക്കുന്ന സര്‍വ്വഅധികാരവും ഉപേക്ഷിച്ച് നിന്നില്‍മാത്രം വിലയം പ്രാപിച്ചിട്ടും നീ എന്നെ അറിയുന്നില്ലല്ലോ!'
ഇരുണ്ട മുറിയില്‍ പ്രണയാര്‍ദ്രമായ ആ ശബ്ദം അവള്‍ക്ക് നേരെ അടുത്തുകൊണ്ടിരുന്നു. പതുപതുപ്പാര്‍ന്ന വിരിയമരുന്നതും ശക്തമായ ഒരു കരം തന്നെ പുണരുന്നതും അവളറിഞ്ഞു. അവളുടെ ഇളം മേനിയില്‍ അത് അരിച്ചിറങ്ങുകയും കൊടുങ്കാറ്റായി പടര്‍ന്നു കയറുകയും ചെയ്യുമ്പോള്‍ അവള്‍ ഭീതിയോടെ കണ്ണുകള്‍ ഇറുകിയടച്ചു. അടിമച്ചമര്‍ത്തിയ നെടുവീര്‍പ്പുകള്‍ മിഴിക്കോണില്‍ നിന്നും അശ്രുക്കളായ് പെയ്തിറങ്ങികൊണ്ടിരുന്നു
സാറാ എന്നില്‍ നിന്നൊരു മോചനം നിനക്ക് സാധ്യമല്ല. നീയില്ലാത്ത ലോകം, അത് എന്റെ അധികാരചിഹ്നത്തെ മുറിവേല്‍പിക്കുന്ന വലിയ ചോദ്യചിഹ്നമാണ്, സാറാ..'
കാലങ്ങളായി തന്നില്‍ അധിനിവേശം നടത്തിക്കൊണ്ടിരുന്ന, കാതില്‍ മുരളുന്ന, ഭ്രമണം ചെയ്യുന്ന ശബ്ദമായി, ആ വാക്കുകള്‍ അവളുടെ ശിരസ്സിനുള്ളില്‍ വീശിയടിച്ചു. അതിനെ മറികടക്കാനാവാതെ അവള്‍ ഉച്ചത്തില്‍ അലറി.
ആബ്ബാ...
രണ്ട്
എക്ബത്താനയിലെ ഭവനങ്ങളില്‍ വിളക്കുകള്‍ തെളിഞ്ഞുകഴിഞ്ഞിരുന്നു. തെരുവുകളില്‍ നിന്നും ജനം അപ്രത്യക്ഷമായി. അപൂര്‍വമായി അന്നേരം കടന്നുപോകുന്ന യാത്രക്കാര്‍ സത്രങ്ങളുടെ സൂക്ഷിപ്പുകാരുമായി വിലപേശിനിന്നു.
റഗുവേലിന്റെ ഭവനത്തില്‍ പതിവിലധികം വിളക്കുകള്‍ കൊളുത്തിവെച്ചത് അകലെ വീടുകളിലിരുന്ന് കണ്ടവര്‍ ഊറിച്ചിരിച്ചു
'ശവദാഹത്തിനു മുന്‍പുള്ള ആഘോഷം'-ആരോ അടക്കംപറഞ്ഞു.
'എന്നാലും ആരാണ് ആ ഹതഭാഗ്യന്‍?'-ആകാംക്ഷയോടെ അവര്‍ പരസ്പരം ചോദിച്ചു.
നിലക്കണ്ണാടിയ്ക്കുമുന്നില്‍, നിരത്തിവെച്ച ആടയാഭരണങ്ങള്‍ക്കു മുന്നില്‍ സുന്ദരിയായ സാറ ജീവനറ്റിരുന്നു. തോഴികള്‍ ചുറ്റും കൂടി പിറുപിറുത്തിട്ടും പരിഹാസവിത്തുകള്‍ എറിഞ്ഞിട്ടും പ്രതികരിക്കാനാവാതെ അവളുടെ നാവ് അണ്ണാക്കില്‍ ഒട്ടിയിരുന്നു.
'കഴുത്തുഞെരിച്ചു കൊന്നതല്ലേ? എന്നിട്ടും വീണ്ടുമിപ്പോള്‍? നിനക്കും ആ ഏഴുപേരുടെ കൂടെ പോകാമായിരുന്നില്ലേ?'
വിഷം പുരട്ടിയ വാക്കുകള്‍ ഹൃദയത്തില്‍ തറച്ചുകയറുന്നു കണ്ണുകള്‍ ഇറുക്കിയടച്ച്, ഈ നിമിഷം താന്‍ മരിച്ചുപോയെങ്കില്‍ എന്നവള്‍ ചിന്തിച്ചുപോയി. ഒരല്‍പനിമിഷം മുന്‍പ് വരെ മരണത്തെ പുല്‍കാനായി മനസ്സ് വെമ്പിയിരുന്നു. ജന്മം തന്ന മാതാപിതാക്കളുടെ നിസ്സഹായതയുടെ മുഖം, തന്നെ വേട്ടയാടുന്ന വിധിയുടെ ക്രൂരമുഖം, പാപക്കറയില്ലാത്ത ഏഴു നിരപരാധികളുടെ മുഖം, ശാപവാക്കുകള്‍ ഉതിരുന്ന അവരുടെ രക്തബന്ധുക്കളുടെ മുഖങ്ങള്‍...
മുഖങ്ങളുടെ കൂമ്പാരങ്ങള്‍ക്ക് നടുവിലിരുന്നു അവള്‍ എങ്ങലടിച്ചുകരഞ്ഞു. മരണ വിധി പ്രഖ്യാപിച്ചുകൊണ്ട് അവള്‍ക്ക് നേരെ അവ വിരലുകള്‍ ചൂണ്ടി.
'ഇല്ല. ഞാന്‍ ആത്മഹത്യ ചെയ്യില്ല. എന്റെ മാതാപിതാക്കളെ തനിച്ചാക്കി ഞാന്‍ ജീവനൊടുക്കില്ല.'-അവളിരുന്ന് പുലമ്പി. പിന്നെ ആകാശങ്ങളിലേയ്ക്ക് നോക്കി ഹൃദയം നുറുങ്ങുമാറ് നിലവിളിച്ചു.
'ഞാന്‍ ജീവിക്കണമെന്നാണ് നിന്റെ ഹിതമെങ്കില്‍ എന്നെ കരുണാപൂര്‍വ്വം കടാക്ഷിക്കണമേ...'
ഇന്ന് വീട്ടില്‍ സുഹൃത്തിനോടൊപ്പം വന്നു കയറിയ സുമുഖനായ ചെറുപ്പക്കാരന്‍, അദ്ദേഹം തന്നില്‍ അനുരക്തനാവുമെന്ന് അറിഞ്ഞിരുന്നുവെങ്കില്‍, അതേ ദിവസം മണിയറ ഒരുങ്ങുമെന്നറിഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെടാതെ നോക്കിയേനെ! എല്ലാം അറിഞ്ഞിട്ടും പിന്നെയും തന്റെ പിതാവ് ഈ വിവാഹകര്‍മ്മത്തിന് മുതിര്‍ന്നതെന്തുകൊണ്ട്?
അവള്‍ സ്വയം പരിതപിച്ചുകൊണ്ടിരുന്നു
ഏഴുപേരുടെ ജീവനെടുത്ത സ്ത്രീ. താന്‍ തന്നെയാണ് അവരെ വധിച്ചത്? തന്നെ പ്രാപിക്കാനായി എത്തുന്ന അവരെ ഏഴുപേരെയും... ഈ കൈകള്‍ കൊണ്ട്...
സത്യമാണ്. അവര്‍ മണിയറയില്‍ എത്തുന്ന വേളയില്‍ തന്റെ ശരീരത്തില്‍ അമാനുഷികശക്തി പടരുന്നതറിഞ്ഞിരുന്നു. നാഡിഞരമ്പുകള്‍ വലിഞ്ഞു മുറുകുന്നതും കണ്ണില്‍ തീ പാറുന്നതും ശരീരം ബലം പ്രാപിക്കുന്നതും അറിഞ്ഞു. മനസ്സില്‍ ആ നിമിഷങ്ങളുടെ ചിത്രങ്ങള്‍ മിന്നിമറിഞ്ഞ്, ആ രാത്രികളുടെ ഇരുളുകള്‍ കിരാതരൂപം പൂണ്ട് അലറിവിളിച്ച, ചിന്തകളുടെ വേലിയേറ്റം നടക്കുമ്പോള്‍, ചുറ്റുമുള്ള വിവാഹചടങ്ങുകളുടെ വാഗ്ദാനമേളങ്ങള്‍ അവള്‍ അറിഞ്ഞതേയില്ല.
മൂന്ന്
മണിയറ ഒരുങ്ങിക്കഴിഞ്ഞു. ജീവിതത്തിലെ നിര്‍ണ്ണായക നിമിഷം.
തോബിയാസ് വധുവിന്റെ അരികിലേക്ക് പോകാനൊരുങ്ങി. പിതാവിന്റെ ബന്ധുവായ സ്ത്രീയെ വിവാഹം കഴിക്കുക വഴി പിതാവിന്റെ ഇഷ്ടങ്ങളെ പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. എന്നാല്‍, തന്റെ ആയുസ്സ് ഈ മണിയറയ്ക്കുള്ളില്‍ പണയം വെയ്ക്കപ്പെടാന്‍ പോവുകയാണ്. ഈ രാത്രി സൗഹൃദത്തിന്റെ മാറ്റും വിശ്വാസത്തിന്റെ ആഴവും ഉരച്ചുനോക്കപ്പെടും.
അവന്‍ ദീര്‍ഘനിശ്വാസത്തോടെ അവളുടെ മുറിയിലേയ്ക്ക് കാലുകള്‍ നീട്ടി. മനസ്സില്‍ സഹയാത്രികനായ അസറിയാസിന്റെ വാക്കുകള്‍ മുഴങ്ങിക്കൊണ്ടിരുന്നു
'മുറിയില്‍ നീ മീനിന്റെ ചങ്കും കരളും പുകയ്ക്കണം.'
കത്തിച്ചു വെച്ച വിളക്കുകളുടെയു സാമ്പ്രാണികളുടെയും സുഗന്ധദ്രവ്യങ്ങളുടെയും ധൂപശകലങ്ങളും ഭ്രമിപ്പിക്കുന്ന ഗന്ധവും മുറിയില്‍ നിറഞ്ഞുനിന്നു. അവയ്ക്ക് നടുവില്‍ നമ്രശിരസ്‌കയായി മറ്റൊരു കല്‍വിളക്കുപോല്‍ സാറ എരിഞ്ഞുനിന്നു.
'സാറാ....' -അവന്‍ അവളുടെ കരം ഗ്രഹിച്ചുകൊണ്ട് മൃദുശബ്ദത്തില്‍ വിളിച്ചു.
ഇതിനു മുന്‍പും ഏഴുപേര്‍ തന്റെ കരം ഗ്രഹിച്ച് ഇതുപോലെ പേര് വിളിച്ചിരുന്നു. വിവാഹവാഗ്ദാനം ചൊല്ലി, തന്നെ പ്രാപിക്കാന്‍ എത്തിയ വരന്മാരുടെ ചേതനയറ്റ ശരീരം മുറിയില്‍ ബാക്കിയാവുന്നതല്ലാതെ മറ്റൊന്നും ഓര്‍മ്മയില്‍ അവശേഷിച്ചിട്ടില്ല.
ഇപ്പോഴിതാ, തോബിയാസിന്റെ സ്പര്‍ശം ഏറ്റ മാത്രയില്‍ തനിയ്ക്ക് വ്യതിയാനം സംഭവിക്കുന്നത് അവളറിഞ്ഞു. ഇന്നലെവരെ അറിയാത്ത മറ്റെന്തോ ഒന്ന്. ശരീരത്തിന്റെ ഭാരം ലഘുവായി. ശിരസ്സ് മുതല്‍ കാല്‍പാദം വരെ ജ്വലിയ്ക്കാന്‍ തുടങ്ങുന്നു. മുറിയിലതാ തോബിയാസിന്റെ സ്വരം. പ്രാര്‍ത്ഥനാഗീതമായ് അത് അലയടിയ്ക്കുന്നു. ആ സ്വരവീചികള്‍ കര്‍ണപുടങ്ങളില്‍ തുളഞ്ഞുകയറുന്നു.
'കര്‍ത്താവേ, ഞാന്‍ ഇവളെ സ്വീകരിക്കുന്നത് ജഡികമായ അഭിലാഷത്താലല്ല, നിഷ്‌കളങ്കമായ പ്രേമത്താലാണ്. അങ്ങയുടെ കാരുണ്യം എനിക്ക് ഉണ്ടാകണമേ! ഇവളോടൊത്തു വാര്‍ധക്യത്തിലെത്തുന്നതിന് അവിടുന്ന് അനുഗ്രഹിച്ചാലും!'
അവന്റെ പ്രാര്‍ഥനയ്ക്ക് മറുസ്വരമായി, ജീവിതത്തിലെ നിര്‍ണ്ണായകനിമിഷത്തിന് സാക്ഷിയായ് , ഒരു മനസ്സും ഒരു ശരീരവുമെന്ന സങ്കല്പത്തിന് ഉത്തരമായ് ഭാവിയുടെ വാതായനങ്ങള്‍ക്ക് മുന്നില്‍ നിന്നുകൊണ്ട് അവള്‍ ഉച്ചത്തില്‍ പറഞ്ഞു, 'ആമേന്‍...'
ഇന്നേവരെ കാതില്‍ പതിക്കാത്ത പുരുഷന്റെ പ്രാര്‍ത്ഥനാശീലുകള്‍. ഒരു പെണ്ണിന്റെ മനസ്സിനെ തൃപ്തിപ്പെടുത്തുന്ന, അവളുടെ ശരീരത്തെ വിലയ്‌ക്കെടുക്കാത്ത പുരുഷന്റെ സ്‌നേഹവായ്പ്പ്.
'നിമിഷാര്‍ദ്ധങ്ങളുടെ വ്യത്യാസങ്ങളിലെ തിരഞ്ഞെടുപ്പുകളാണ് പലപ്പോഴും ജീവിതഗതി നിര്‍ണ്ണയിക്കുന്നത്.'
എത്ര സത്യമാണത്!
ഇറുക്കിയടച്ച കണ്ണുകള്‍ അവള്‍ മെല്ലെ തുറന്നു. തോബിയാസിന്റെ കരം അവളുടെ കരത്തെ അപ്പോഴും ഗ്രഹിച്ചിരുന്നു. പ്രണയമെന്ന മഹാസത്യം മനസ്സുകളെ കീഴടക്കുന്ന മായാജാലം അവളപ്പോള്‍ അനുഭവിച്ചറിഞ്ഞു.
'പറയു, ആരാണ് നിങ്ങള്‍? എന്താണ് സംഭവിച്ചത്? നിങ്ങളെ ആരും ഒന്നും ചെയ്തില്ലേ?'
നാവില്‍ ഉടക്കിനിന്ന അനേകം ചോദ്യശരങ്ങള്‍ അവളുടെ മിഴികളിലൂടെ പുറത്തുവന്നു
'ഞാന്‍ തോബിയാസ്, അന്യന്റെ വേദനയില്‍ കരുണ കാണിക്കുന്ന, അനാഥ ശവശരീരങ്ങളെ മറവുചെയ്യാന്‍ മനസ്സുള്ള, നീതിമാനായ തോബിത്തിന്റെ പുത്രന്‍. എന്താ ഭവതിയ്ക്ക് ഈ ഉത്തരം മതിയാവുമോ?'
തോബിയാസിന്റെ ചുണ്ടില്‍ ചിരി വിരിഞ്ഞു. അവന്‍ അവളെ മാറോടു ചേര്‍ത്തു ആശ്വസിപ്പിക്കുമ്പോള്‍ സന്തോഷം കൊണ്ടവള്‍ ഒരു കുഞ്ഞിനെപ്പോലെ തേങ്ങിക്കരഞ്ഞുകൊണ്ടിരുന്നു സംഭവിക്കുന്നതെല്ലാം സ്വപ്നമോയെന്ന് ഭയന്നുകൊണ്ട് അവള്‍ വീണ്ടും ചോദിച്ചു.
'അത് പോയോ?'
'ഏത്?'
'ആ ദുഷ്ടപിശാച്?'
'ഇവിടെ അങ്ങനൊരു പിശാച് ഉണ്ടായിരുന്നോ? എനിക്കറിയാവുന്ന സ്‌നേഹപിശാച് ഇതാണ്.'
കളിവാക്ക് പറഞ്ഞ് അവളുടെ അധരങ്ങളില്‍ ചുണ്ടുകള്‍ അമര്‍ത്തി, സ്‌നേഹം പങ്കുവെച്ച്, കിടക്കയില്‍ അമരുമ്പോള്‍ അവളുടെ മനസ്സില്‍ സന്തോഷത്തിന്റെ അലയൊളികള്‍ ടൈഗ്രീസിലെ വെള്ളരിപ്പറവകളായി പറന്നുയര്‍ന്നു.
ഇന്നലെ വരെ ഈ മുറിയില്‍ തന്റെ ശയ്യയില്‍ തന്നെ മുറുകെ പുണര്‍ന്നിരുന്ന, പതുപതുത്ത കിടക്കയില്‍ തന്നെ ശല്യം ചെയ്തിരുന്ന, തന്റെ മനസിനെ നിയന്ത്രണവിധേയമാക്കി മരണം കൊയ്തു നിലയുറപ്പിച്ച അരൂപി ഇവിടെയുണ്ടായിരുന്നു. ന്റെ തന്നെ സൃഷ്ടിയെന്നു താന്‍ വിശ്വസിച്ച ഒന്ന്. ഇന്നതിന് തോബിത് എന്ന വിശുദ്ധനായ മനുഷ്യന്റെ മകനിലൂടെ മോചനം കൈവന്നിരിക്കുന്നു.
മരണഹാരമണിയിച്ച് പുരുഷന്മാരെ പാണീഗ്രഹണം ചെയ്യുന്നവള്‍ക്ക് സ്‌നേഹസ്പര്‍ശമേറ്റിരിക്കുന്നു. മോക്ഷം സിദ്ധിച്ച ആത്മാവിന്റെ ആത്മഹര്‍ഷത്താലെന്നപോലെ.
അവള്‍ അദ്ദേഹത്തെ ഇറുകിപ്പുണര്‍ന്നു.
അന്നേരം, പുകമറയില്‍ നിന്നും രക്ഷിച്ചെടുത്ത ജീവന്‍ തനിയ്ക്ക് സമ്മാനിയ്ക്കാന്‍, യാത്രയ്ക്ക് വേണ്ടി വഴിയില്‍ നിന്നും താന്‍ കൂലിയ്ക്ക് വിളിച്ച അസറിയാസ് എന്ന വിചിത്രനായ മനുഷ്യന്റെ വാക്കുകള്‍ തോബിയാസിന്റെ മനസില്‍ മുഴങ്ങികൊണ്ടിരുന്നു
'അസ്‌മോദേവൂസ്, അതൊരു പിശാചാണ്. റഗുവേലിന്റെ മകള്‍ സാറായെ ഭര്‍ത്താക്കന്മാരാല്‍ രമിക്കാന്‍ അനുവദിക്കാത്ത പിശാച്. അവളുമായി ചേരുന്ന പുരുഷന്‍മാരെ വധിക്കുന്ന, അവളെ ഗ്രസിച്ചിരിക്കുന്ന ദുഷ്ടപിശാച്. നീ മണിയറയില്‍ കയറിയ ഉടന്‍ ടൈഗ്രീസ് നദിയില്‍ നിന്നും പിടിച്ച മീനിന്റെ ചങ്കും കരളും മുറിയില്‍ പുകയ്ക്കുക.'
'അസറിയാസ്...ജീവിതയാത്രയില്‍ എനിക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ തന്ന നീ സത്യത്തില്‍ എന്റെ പിതാവിന്റെ പ്രാര്‍ഥനയ്ക്ക് ഉത്തരമായി കടന്നുവന്ന മാലാഖയാണോ?'
ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും അവശേഷിക്കെ സാറയുടെ ദീര്‍ഘമായ ചുംബനത്താല്‍ പെട്ടെന്ന് അവയ്‌ക്കെല്ലാം നിത്യശാന്തി നല്‍കപ്പെട്ടു.
നാല്
മരണം പുല്‍കുമെന്നറിഞ്ഞിട്ടും തന്റെ മകളെ വരിയ്ക്കണമെന്ന് വാശിയോടെ വന്ന, തോബിയാസ് മണിയറയിലേക്ക് പോയപ്പോള്‍ തന്നെ സാറയുടെ പിതാവ് റഗുവേല്‍ പതിവു ശവക്കുഴി തയ്യാറാക്കി വെച്ചിരുന്നു.
തോബിയാസിന്റെ മരണം സ്ഥിരീകരിക്കാന്‍ പോയ ദാസികളുടെ മറുപടികേട്ട് അവന്‍ ആകാശത്തേക്ക് ഒരു നിമിഷം കണ്ണുകള്‍ ഉയര്‍ത്തി നന്ദി പറഞ്ഞു. പിന്നീട് ഭൃത്യന്മാരെ നോക്കി ആജ്ഞാപിച്ചു.
'ശവക്കുഴി ഉടന്‍ മൂടിക്കളയുവിന്‍..'
അകലെ ഈജിപ്തിലേയ്ക്ക് അസ്‌മോദേവൂസ് എന്ന പിശാചിന്റെ യാത്രയെ അകക്കണ്ണില്‍കണ്ട് അസറിയാസ് തന്റെ നായുമായ് വീടിനു വെളിയില്‍ കാവലായ് നിലയുറപ്പിച്ചുനിന്നു. കുടിയിരുന്ന ഇരുളിനെ വകഞ്ഞുമാറ്റി ആ ആകാശഗോളം പുതിയ വെള്ളിവെളിച്ചത്തിലേയ്ക്കുള്ള യാത്രയിലായിരുന്നു. എഴുതപ്പെടാനിരുന്നതും എഴുതപ്പെടേണ്ടതുമായ പുസ്തകങ്ങളിലിടം പിടിയ്ക്കുകയിരുന്നു സാറയപ്പോള്‍.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...