Malayalam Short Story : അപരിചിത യാമം, ശാന്തി രാജശേഖര്‍ എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ശാന്തി രാജശേഖര്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
കുറെയേറെ അഴിഞ്ഞ ചിന്തകളുമായി, നനഞ്ഞു കിടന്ന രാത്രിയുടെ വിജനതയിലേക്ക് നോക്കി ഇരിക്കുകയായിരുന്നു അവള്‍. മുന്നില്‍ നിന്നു വന്ന കാറില്‍ നിന്നൊരു ചെറുപ്പക്കാരന്‍ അവളെ നോക്കി ചിരിച്ചു- 'ഫ്രീയാണോ?'
അവള്‍ മനസിലാകാതെ അയാളെ നോക്കി.
അയാളുടെ ചുണ്ടില്‍ ഒരു ചിരി വിടര്‍ന്നു നിന്നു. 'ഫ്രീയാണെങ്കില്‍ കയറിക്കോ.'
അയാള്‍ പറഞ്ഞത് എന്താണെന്ന് മനസിലായപ്പോള്‍ അവള്‍ സ്വയം ഒന്നു നോക്കി. തലയ്ക്കുള്ളില്‍ ഒരു വെളിച്ചം മിന്നിയത് പോലെ പിന്നെയവള്‍ ചുറ്റുപാടും നോക്കി. ഇരുണ്ട മൂലകളില്‍ നിന്നു കടും ചായങ്ങള്‍ അണിഞ്ഞ മുഖങ്ങള്‍ എത്തി നോക്കുന്നു. അവജ്ഞയോടെ പിറുപിറുക്കുന്നു. അയാള്‍ക്ക് നേരെ ശബ്ദമുയര്‍ത്തി വാഗ്ദാനങ്ങള്‍ നീട്ടുന്നു.
താന്‍ ഏറെനേരമായി നഗരത്തിലെ ഒഴിഞ്ഞ ആ ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്നു എന്നു അവള്‍ പതിയെ ഓര്‍ത്തെടുത്തു. അരികിലിരുന്ന ചെറിയ ബാഗ് കൈയിലെടുത്ത് അവള്‍ എഴുന്നേറ്റു. ചെറുപ്പക്കാരന്‍ ആവേശത്തോടെ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു. അവള്‍ വെയ്റ്റിംഗ് ഷെഡില്‍ നിന്നിറങ്ങി എങ്ങോട്ട് പോകണം എന്നില്ലാത്ത പോലെ ഒരു നിമിഷം നിന്നു. പിന്നെ ഡോര്‍ തുറന്നു പിടിച്ചു അവളെ കാത്തു നില്‍ക്കുന്ന ചെറുപ്പക്കാരനെ ഒന്നു നോക്കി.
എന്തോക്കെയൊ കാരണങ്ങളാല്‍ കൂടുതല്‍ ഒന്നും ആലോചിക്കാന്‍ നില്‍ക്കാതെ അയാള്‍ ഡോര്‍ തുറന്നു പിടിച്ച കാറിലേക്ക് അവള്‍ പെട്ടെന്ന് കയറി ഇരുന്നു. അയാള്‍ വണ്ടി മുന്നോട്ടെടുത്തു കൊണ്ട് അവളോട് ചോദിച്ചു- 'മുന്‍പ് ഇവിടെ എങ്ങും കണ്ടിട്ടില്ലല്ലോ.'
'നഗരത്തില്‍ എത്തുന്ന എല്ലാവരെയും അറിയുമെന്നു തോന്നുന്നല്ലോ?'- അവളുടെ മറു ചോദ്യത്തില്‍ അയാള്‍ ചിരിച്ചു.
'എല്ലാവരെയും അറിയണം എന്നില്ല. പക്ഷെ ഈ സമയത്തു ഇവിടെ കാത്തു നില്‍ക്കുന്ന സ്ത്രീകളെ മിക്കവാറും അറിയും. ഞാന്‍ അവരുടെ സ്ഥിരം കസ്റ്റമര്‍ ആണ്.'- അവള്‍ അമ്പരന്ന മട്ടില്‍ അയാളെ നോക്കി.
'ഭയങ്കര അഭിമാനം ഉണ്ടെന്നു തോന്നുന്നല്ലോ'- അതു കേട്ട് അയാള്‍ വീണ്ടും ചിരിച്ചു.
'എങ്ങോട്ട് ആണ് പോകേണ്ടത്? സ്ഥിരം സങ്കേതം വല്ലതും ഉണ്ടോ അതോ ഞാന്‍ കണ്ടു പിടിക്കണോ?'- അവള്‍ ഒന്നും മിണ്ടിയില്ല. അയാള്‍ അവളെ ഒന്നു നോക്കിയിട്ട് ഡ്രൈവിംഗ് തുടര്‍ന്നു. അവളുടെ നിശബ്ദത തുടര്‍ന്നപ്പോള്‍ അയാള്‍ വീണ്ടും അവളെ നോക്കി -'ഹലോ, ഇങ്ങനെ കാറിലിരുന്ന് നേരം വെളുപ്പിക്കാന്‍ ആണോ ഉദ്ദേശം?'
'എനിക്ക് വിശക്കുന്നു'- അവള്‍ മറുപടി നല്‍കി.
'ഓഹ്..ഓക്കെ..ആദ്യം ഭക്ഷണം. എവിടെ പോകണം?'
'എനിക്കിവിടെ പരിചയമുള്ള സ്ഥലം ഒന്നുമില്ല'- അവളുടെ മറുപടി കേട്ട് അയാള്‍ വീണ്ടും അവളെ ഒന്നു നോക്കി. പിന്നെ അടുത്തു കണ്ട ഹോട്ടലിലേക്ക് കാര്‍ കയറ്റി പാര്‍ക്ക് ചെയ്തു. ദിവസങ്ങളായി ഭക്ഷണം കാണാത്ത ഒരുവളെ പോലെ കഴിക്കുന്ന അവളെ നോക്കി അയാള്‍ ഇരുന്നു. ഇടയ്ക്ക് മുന്നിലെ ഗ്ലാസ്സില്‍ നിന്നു വെള്ളം എടുത്തു കുടിച്ചു. അവള്‍ പെട്ടെന്ന് തന്നെ ഭക്ഷണം കഴിച്ചു തീര്‍ത്തു കൈ കഴുകി വന്നു. അയാള്‍ ബില്ലുമായി എഴുന്നേറ്റപ്പോള്‍ അവള്‍ അത് കൈനീട്ടി വാങ്ങി.
'ഞാന്‍ കൊടുക്കാം'- അയാള്‍ പാന്റിന്റെ പോക്കറ്റില്‍ നിന്നു പേഴ്‌സ് എടുത്തു.
'വേണ്ട..എന്റെ കൈയ്യിലുണ്ട് പൈസ'- അവള്‍ ബാഗ് എടുത്ത് കൗണ്ടറിലേക്ക് നടന്നു. അയാള്‍ ഒരു നിമിഷം അലോചിച്ചു നിന്നിട്ട് പാര്‍ക്കിങ് ഏരിയായിലേക്ക് നടന്നു. അവള്‍ ബില്‍ അടച്ചിട്ട് നടന്നു വരുന്നത് അയാള്‍ കാറില്‍ ചാരി നിന്നു കൊണ്ട് കണ്ടു. അവള്‍ അടുത്തു വന്ന് അയാളെ നോക്കി ചിരിച്ചു. 'പോകാം'
'എങ്ങോട്ട്?'
'എങ്ങോട്ടേലും'- അവളുടെ മുഖത്ത് ചിരി മാഞ്ഞിരുന്നില്ല. അയാള്‍ സംശയത്തോടെ അവളുടെ മുഖത്തു നോക്കി ഒന്നു മൂളിയിട്ട് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. അവളും കയറി ഇരുന്ന് ഡോര്‍ അടച്ചു.
'എനിക്ക് ഒരു ഐസ് ക്രീം കഴിക്കണം'- അവള്‍ പറഞ്ഞത് കേട്ട് അയാള്‍ അമ്പരന്ന് അവളെ നോക്കി.
'അത് ആ ഹോട്ടലില്‍ കിട്ടുമായിരുന്നല്ലോ'
'അവിടുന്നു വേണ്ട..ബീച്ചില്‍ പോകാം. അവിടുന്ന് മതി.'
'ഓഹോ..ശരി..'- അയാള്‍ വണ്ടി മുന്നോട്ട് എടുത്തു..
മഴ ചെറുതായി പെയ്തു തുടങ്ങിയിരുന്നു.
.............................
അയാള്‍ എന്തോ പറയാന്‍ വന്നിട്ട് അത് അടക്കി. അവള്‍ പുറത്തേക്ക് നോക്കി. ബീച്ചിലെ ലൈറ്റുകളുടെ വെളിച്ചം കാറിന്റെ ചില്ലില്‍ തട്ടി തിളങ്ങി.
വണ്ടിയിലിരുന്നു ഐസ് ക്രീം കഴിക്കുന്ന അവളെ നോക്കിയിരുന്നിട്ട് അയാള്‍ പുറത്തേക്ക് നോക്കി ഒന്നു ദീര്‍ഘമായി നിശ്വാസിച്ചു. വീണ്ടും തിരിഞ്ഞ് അവളെ നോക്കി. അവള്‍ അയാളെ ശ്രദ്ധിക്കാതെ കഴിപ്പ് തുടര്‍ന്നു..
'ഹലോ..എന്തെങ്കിലും ഒന്നു പറയുമോ?'
'ഉം..' -അവള്‍ ചോദ്യ ഭാവത്തില്‍ അയാളെ നോക്കി.
'എവിടുന്നാണ്? എങ്ങോട്ടാണ്? എന്താ ഉദ്ദേശം?'
' എനിക്കൊരു ഉദ്ദേശവും ഇല്ല. നിങ്ങളല്ലേ എന്തോ ഉദ്ദേശത്താല്‍ എന്നെ വിളിച്ചത്?'
'അങ്ങനെ ഒരു വിളി വരാന്‍ വേണ്ടി കാത്തു നിന്നതല്ല എന്നു മനസിലായി.' -മറുപടി പറയാതെ
അവള്‍ കഴിപ്പിനിടയില്‍ അയാളെ തല ചരിച്ചു നോക്കി ചിരിച്ചു.
'പിന്നെ എന്തിനാണ് വിളിച്ചയുടനെ വന്നു വണ്ടിയില്‍ കയറിയത്?'- അയാള്‍ ചോദ്യം തുടര്‍ന്നു.
അവള്‍ കഴിച്ചു കഴിഞ്ഞു ബാഗില്‍ നിന്നു ടവല്‍ എടുത്ത് കൈ തുടച്ചു കൊണ്ട് ഒന്നുകൂടി ചാരി ഇരുന്നു. അവളുടെ മറുപടി പ്രതീക്ഷിച്ചു അയാള്‍ അക്ഷമയോടെ ഇരുന്നു.
'ഒന്നും പറഞ്ഞില്ല!'- അയാള്‍ വീണ്ടും ചോദിച്ചു.
'ഓഹ്..അതോ..എനിക്ക് വേറെ ആരെയും പരിചയം ഉണ്ടായിരുന്നില്ല.'
'എന്നെയും മുന്‍പരിചയം ഇല്ലല്ലോ.'
'അപ്പോള്‍ വന്നു വിളിച്ചപ്പോള്‍ പരിചയം ആയില്ലേ. അതു കൊണ്ട് കയറി'- അയാള്‍ കൈ കൊണ്ട് സ്വന്തം നെറ്റിക്ക് ഒന്ന് അടിച്ചു.
'അതിനു ഞാന്‍ എന്തിനാ വിളിച്ചത് എന്നു മനസിലായില്ലേ!'
'അതും മനസിലായി. അതു കൊണ്ടല്ലേ കാറില്‍ കയറിയത്'-അയാളുടെ മുഖത്തു വീണ്ടും അമ്പരപ്പ് നിറഞ്ഞു.
'സത്യത്തില്‍ നിങ്ങള്‍ എന്താ ഉദ്ദേശിക്കുന്നത്?'
അവള്‍ ഒന്നും മിണ്ടാതെ അയാളെ നോക്കി ചിരിച്ചു.
'ഇനി അപ്പോള്‍ ഞാന്‍ എന്താ ചെയ്യേണ്ടത്. എവിടേലും ഡ്രോപ്പ് ചെയ്യണം എങ്കില്‍ പറഞ്ഞോ..കൊണ്ട് വിടാം.'
'കൊണ്ടു വിടണം..കുറച്ചു കഴിഞ്ഞു മതി.'
അയാള്‍ ഒരു ദീര്‍ഘ നിശ്വാസമെടുത്തു കൊണ്ട് സീറ്റിലേക്ക് ചാരി ഇരുന്നു.
'ഇന്നൊരു ദിവസം സാങ്കേതങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുന്നത് കൊണ്ട് കുഴപ്പമില്ല.'- അവള്‍ പറഞ്ഞത് കേട്ട് അയാള്‍ അവളെ ഒന്നു നോക്കി.
'ഒരു ദിവസം വിശ്രമം നല്ലത് ആണ്'- അവള്‍ അടക്കി ചിരിച്ചു.
അയാള്‍ എന്തോ പറയാന്‍ വന്നിട്ട് അത് അടക്കി. അവള്‍ പുറത്തേക്ക് നോക്കി. ബീച്ചിലെ ലൈറ്റുകളുടെ വെളിച്ചം കാറിന്റെ ചില്ലില്‍ തട്ടി തിളങ്ങി. ചെറിയ മഴച്ചാറ്റല്‍ മുന്‍ ചില്ലില്‍ പോറല്‍ വീഴ്ത്തിയപോലെ ചിതറി വീഴുന്നുണ്ടായിരുന്നു. അയാള്‍ ഒന്നും മിണ്ടുന്നില്ല എന്നു കണ്ടപ്പോള്‍ അവള്‍ അയാളുടെ നേരെ തിരിഞ്ഞിരുന്നു.
'എന്നോട് എന്തെങ്കിലും സംസാരിക്കൂ'
അയാള്‍ എന്ത് എന്ന ഭാവത്തില്‍ അവളെ നോക്കി.
'എന്തെങ്കിലും... ഒന്നും സംസാരിക്കാനില്ലാതായിട്ട് കുറെ കാലങ്ങള്‍ ആയത് പോലെ.'- അയാള്‍ ചെറിയൊരു കൗതുകത്തോടെ അവളെ നോക്കി.
'നിങ്ങളീ ടൗണില്‍ ഈ സമയത്തു ഒറ്റയ്ക്ക് എങ്ങനെ വന്നു പെട്ടു? വീട് എവിടെയാണ്?'- അവള്‍ ഒന്നു നിശ്വാസിച്ചു. എന്നിട്ട് എന്തോ ഓര്‍ത്തെടുക്കുന്നത് പോലെ ഇരുന്നു അല്പനേരം മിണ്ടാതെ ഇരുന്നു.
'ഇറങ്ങിയതാണ്. കുറെ വര്‍ഷങ്ങളുടെ കണക്കുകള്‍ ഉപേക്ഷിച്ച്. ഒരു തിരിച്ചു പോക്കിന് ഉണ്ടാവേണ്ട അവസാന പ്രതീക്ഷയും ഇല്ലാതായപ്പോള്‍ ഒന്നും നോക്കാതെ ഇറങ്ങി.'- അയാള്‍ മനസിലാക്കാത്തത് പോലെ നെറ്റി ചുളിച്ചു കൊണ്ട് അവളെ നോക്കി.
അവള്‍ ഒന്നു ചിരിച്ചു കൊണ്ട് തുടര്‍ന്നു. 'വീട് കുറച്ചു ദൂരെയാണ്, ഇതു വരെ താമസിച്ചിരുന്നത്. പക്ഷേ, ഈ നഗരം ആണ് എന്നെ വളര്‍ത്തിയത്. ഇങ്ങോട്ടേക്കുള്ള വഴി മറന്നിട്ട് വര്‍ഷങ്ങളായി. എന്റേതെന്നു കണ്ടെടുക്കാന്‍ പറ്റിയ ഒന്നും അവശേഷിച്ചിട്ടില്ല. ഈ നഗരത്തിലേക്കുള്ള വണ്ടി കയറുമ്പോള്‍ മറ്റൊന്നും കരുതിയില്ല. ഒരു ചെറിയ വീട് എനിക്കെന്നും പറഞ്ഞു മാറ്റി വെയ്ക്കപ്പെട്ടത് ഉണ്ട്. അത് മാത്രം ആണ് ഈ നഗരത്തെ ഞാനുമായി ചേര്‍ത്തു നിര്‍ത്തുന്ന ബന്ധം. അവിടെ എത്തണം. ഇനിയിപ്പോള്‍ നേരം വെളുത്തിട്ട് പോകാം എന്ന് കരുതി കാത്തിരിക്കുകയായിരുന്നു. അതുവരെ ഒറ്റയ്ക്ക് ഒരു രാത്രി ഉണ്ടല്ലോ കൂട്ടിന് എന്നോര്‍ത്തു. ഇതു വരെ ഉള്ളതിനെ എല്ലാം ഓര്‍ത്തെടുക്കാനും ഇനി ഓര്‍ക്കാത്ത വിധം മറക്കാനും ഈ ഒരു രാത്രി കൂടി മതിയാകും എനിക്ക്.'- അവളുടെ സ്വരം താഴ്ന്നു.
കുറച്ചു നിമിഷങ്ങള്‍ നിശബ്ദമായി കടന്നു പോയി.അവള്‍ തല ചെരിച്ചു അയാളെ നോക്കി.അയാള്‍ അവളെ നോക്കി അമ്പരന്ന മട്ടില്‍ ഇരിപ്പുണ്ടായിരുന്നു. അയാളുടെ ഇരിപ്പ് കണ്ട് അവള്‍ ഒന്നു ചിരിച്ചു. അതിലൊരു വേദന മറഞ്ഞു കിടക്കുന്നത് അയാള്‍ക്ക് കാണാന്‍ കഴിഞ്ഞു..
'ഉം..സത്യത്തില്‍, പറഞ്ഞത് കാര്യമായി ഒന്നും എനിക്ക് അങ്ങോട്ട് മനസ്സിലായില്ല. ഒരര്‍ത്ഥത്തില്‍ കൂടുതല്‍ മനസിലാക്കാതിരിക്കുന്നത് തന്നെ ആണ് നല്ലത്. ഒത്തിരി അങ്ങോട്ട് മനസിലാക്കുമ്പോഴാണ് മനുഷ്യന്മാര്‍ തമ്മില്‍ ഇല്ലാത്ത പ്രശ്‌നങ്ങള്‍ എല്ലാം ഉണ്ടാകുന്നത്.'- അവള്‍ വീണ്ടും ചിരിച്ചു.
'അത് വിട്. അതെന്തെങ്കിലും ആകട്ടെ. ഇപ്പോള്‍ ഞാന്‍ എങ്ങനെയാ സഹായിക്കേണ്ടത്. അതു പറ.' അയാള്‍ ചോദിച്ചു.
'തിരിച്ചെത്തിയ എന്റെ ഈ നഗരത്തില്‍ എന്നോട് ആദ്യം സംസാരിച്ച വ്യക്തി ആണ് നിങ്ങള്‍. ഈ നഗരത്തോടുള്ള എന്റെ ഇപ്പോഴത്തെ പരിചയമില്ലായ്മയില്‍ എന്റെ ഒരേ ഒരു പരിചയം. അതു തന്നെ വലിയ സഹായം.'
'അല്ല. എന്തു വിശ്വാസത്തില്‍ ആണ് എന്റെ കൂടെ കയറി പോരുന്നത്. അതും ഈ നട്ടപാതിരാത്രിക്ക്?'
'എന്തിനെ എങ്കിലും വിശ്വസിക്കുക എന്നല്ലാതെ എനിക്ക് വേറെ ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല.'- അവള്‍ തിരക്കൊഴിഞ്ഞ് വിജനമായ റോഡിലേക്ക് നോക്കിയിരുന്നു കൊണ്ട് പറഞ്ഞു.
'ഇവിടെ ആരെയും പരിചയം ഇല്ലെന്നല്ലേ പറഞ്ഞത്. ഒറ്റക്ക് എന്തു ചെയ്യും ഇനി?'
'ഒറ്റയ്ക്ക് ചെയ്യാന്‍ ആണ് ഇനി എനിക്കുള്ളതെല്ലാം. ഇവിടുന്ന് പോകുമ്പോള്‍ എല്ലാവരും ഉണ്ടായിരുന്നു. ഇവിടുന്ന് പോയി കഴിഞ്ഞും എല്ലാം ഉണ്ടായിരുന്നു. അല്ല, അതായിരുന്നു വിശ്വാസം, ഇന്നലെ വരെ. ഒരര്‍ത്ഥത്തില്‍ സ്വയം പറ്റിക്കാന്‍ അത്തരം വിശ്വാസങ്ങള്‍ നല്ലതാണ്. പ്രത്യേകിച്ച്, സ്വയം തെരഞ്ഞെടുത്ത വഴികളിലൂടെ സഞ്ചരിക്കുമ്പോള്‍.'-കാറിന്റെ ചില്ലില്‍ വീഴുന്ന മഴത്തുള്ളികള്‍ നോക്കി സ്വയമെന്നോണം സംസാരിച്ചു കൊണ്ടിരിക്കുന്ന അവളെ അയാള്‍ ഒരു ആശങ്കയോടെ നോക്കി.
'മനുഷ്യന് മനസിലാകുന്ന ഭാഷയില്‍ സംസാരിക്കാന്‍ അറിയില്ലല്ലേ?'
അവള്‍ തല തിരിച്ചു അയാളെ നോക്കി. അയാളുടെ ഭാവം കണ്ട് അവള്‍ക്ക് ചിരി പൊട്ടി. അതുകണ്ട് അയാള്‍ക്കു പിന്നെയും ദേഷ്യം കയറി.
'ഏത് നേരത്തണോ എന്തോ എനിക്കിങ്ങനെ ഒരു ബുദ്ധി തോന്നിയത്'- അയാള്‍ മുകളിലേക്ക് നോക്കി രണ്ടു കൈയും മലര്‍ത്തി പിറുപിറുപിറുത്തു. അവള്‍ അയാളുടെ നേരെ തിരിഞ്ഞിരുന്നു.
'അല്ലാ, എവിടെയാണ് തന്റെ വീട്? ഒറ്റക്കാണോ താമസം?' അവളെ ഒന്നു നോക്കിയിട്ട് അയാള്‍ അത് കേള്‍ക്കാത്തത് പോലെ ഇരുന്നു.
'എന്നെ തന്റെ വീട്ടിലേക്ക് കൊണ്ടു പോകുമോ ഇന്ന്?'
അയാള്‍ അവളെ നോക്കി കണ്ണു മിഴിച്ചു.
'അല്ലാ, എന്താ താന്‍ ഉദ്ദേശിക്കുന്നെ? സത്യം പറ, പോകാന്‍ സ്ഥലം ഒന്നും ഇല്ലേ? ഇല്ലെങ്കില്‍ പറ, ഞാന്‍ എവിടേലും താമസം ശരിയാക്കാം'
അവള്‍ ഒന്നും മിണ്ടിയില്ല. അയാള്‍ ഒരു മറുപടിക്കെന്നോണം അവളുടെ മുഖത്ത് നോക്കി ഇരുന്നു. അവള്‍ വീണ്ടും അയാളെ നോക്കി ചിരിച്ചു.
'എന്തായാലും നമ്മള്‍ ആദ്യമായിട്ട് കാണുന്നതല്ലേ. ഇനി കാണുമോ എന്ന് ഉറപ്പുമില്ല. അപ്പോള്‍ പിന്നെ തന്റെ വീടൊക്കെ ഒന്നു കണ്ട് ഒരു കാപ്പി ഒക്കെ കുടിച്ചു പിരിയാം എന്നു കരുതി പറഞ്ഞെന്നെ ഉള്ളു.'
'അവിടങ്ങനെ കാപ്പി ഉണ്ടാക്കാന്‍ പറ്റിയ സൗകര്യം ഒന്നും ഇല്ല.'
'പിന്നെ? ഇങ്ങനെ പതിരാത്രികളില്‍ വണ്ടിയില്‍ കയറുന്നവരെ കൊണ്ട് ചെന്നു സല്‍രിക്കാന്‍ ഉള്ള സൗകര്യമേ ഉള്ളൂ?'
അയാള്‍ അവളെ നോക്കി തൊഴുതു. 'ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല.'-അവള്‍ ചിരിയമര്‍ത്തി.
'ഓക്കെ. അപ്പോള്‍ പിന്നെ നമുക്ക് പോയേക്കാം.' അതു കേട്ട് അയാള്‍ പ്രത്യേകിച്ചു ഭാവഭേദങ്ങള്‍ ഒന്നും ഇല്ലാതെ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. അവള്‍ പറഞ്ഞ വഴികളിലൂടെ അയാള്‍ വണ്ടിയോടിച്ചു. രാത്രിയുടെ നിശബ്ദതയില്‍ റോഡ് വിജനമായി കിടന്നു. അവള്‍ ഒന്നും സംസാരിക്കാതെ എന്തൊക്കെയോ ഓര്‍മകളില്‍ എന്നവണ്ണം ഇടയ്ക്ക് നനുത്ത നിശ്വാസങ്ങള്‍ ഉതിര്‍ത്തു. കുറച്ചു ദൂരം ഓടിയതിനു ശേഷം
അവള്‍ പറഞ്ഞയിടത്തു അയാള്‍ വണ്ടി നിര്‍ത്തി.
അവള്‍ ബാഗ് എടുത്ത് ഡോര്‍ തുറന്നിറങ്ങി. അയാളും വണ്ടി നിര്‍ത്തി ഇറങ്ങി. അവള്‍ നിന്നിരുന്ന ഗേറ്റിന്റെ മുന്നിലെത്തിയിട്ട് അയാള്‍ അതിന്റെ ഉള്ളിലേക്ക് നോക്കി. ഇരുട്ട് മൂടിയൊരു പഴയ വീട് അയാള്‍ കണ്ടു.
'ഒറ്റയ്ക്ക് ഇനി എന്തു ചെയ്യും? എന്തെങ്കിലും സഹായം വേണമെങ്കില്‍ ചോദിക്കാം.'-അയാള്‍ ഒരു സംശയത്തോടെ അവളെ നോക്കി ചോദിച്ചു.
അവള്‍ ചിരിച്ചു. 'ഇത്രകാലം വീട് നോക്കിയിരുന്ന, അച്ഛന്റെ ഒരു കുടുംബസുഹൃത്ത് ഉണ്ട് . ഞാന്‍ ഇന്ന് വരും എന്ന് പറഞ്ഞത് കൊണ്ട് ആള്‍ ഇവിടെ ഉണ്ട്. പുള്ളി നേരത്തെ തന്നെ വീടൊക്കെ വൃത്തിയാക്കാന്‍ ഉള്ള ഏര്‍പ്പാടൊക്കെ ചെയ്തിട്ടുണ്ട്.'
'ഓഹ്..എന്നാല്‍ പിന്നെ അങ്ങനെ ആകട്ടെ. ഞാന്‍ ഈ നഗരത്തില്‍ തന്നെ ഉണ്ട്. എന്തെങ്കിലും ഉണ്ടെങ്കില്‍ തമ്മില്‍ കാണുന്നതിന് മടി ഒന്നും വേണ്ട.'- അയാള്‍ ചിരിച്ചു. അവളും ചിരിച്ചു കൊണ്ട് കൈ നീട്ടി.
'കാണണം എന്നുണ്ടെങ്കില്‍ ഞാന്‍ ആ വെയ്റ്റിംഗ് ഷെഡില്‍ കാത്തിരിക്കാം. ആ പരിസരത്ത് തന്നെ ഉണ്ടാകുമല്ലോ എല്ലാ രാത്രികളിലും' അവള്‍ കുസൃതിയോടെ ചിരിച്ചു.
അവള്‍ നീട്ടിയ കൈ പിടിച്ചിട്ട് അയാള്‍ വേദനിക്കും വിധം ഒന്നമര്‍ത്തി.
'എല്ലാ ദിവസവും അവിടെ കാണാന്‍ അത്ര ബുദ്ധിമുട്ടില്‍ അല്ല ഞാന്‍ ജീവിക്കുന്നത്'- അയാളുടെ പിടുത്തത്തില്‍ വേദനിച്ചപ്പോള്‍ അവള്‍ കൈ ബലമായി പിന്‍വലിച്ചു കൊണ്ട് അയാളെ നോക്കി ചിരിച്ചു.
'എന്തായാലും, ഈ ഒരു രാത്രി എനിക്ക് ഏറ്റവും മനോഹരമായ ഒരു ഓര്‍മ ആയിരിക്കും.
അവിചാരിതമായിട്ടാണെങ്കിലും അങ്ങനെ ഒന്നു തന്നതിന് താങ്ക്‌സ്.'- അയാള്‍ മറുപടി ഒന്നും പറയാതെ അവളുടെ കണ്ണില്‍ നോക്കി ചിരിച്ചു കൊണ്ട് ഒരു നിമിഷം നിന്നു.
എന്നിട്ട് തിരിഞ്ഞു വണ്ടിയില്‍ കയറി. അവളില്‍ നിന്ന് അകന്ന് ഇരുട്ടില്‍ മറയുന്ന അയാളുടെ വണ്ടിയിലെ പ്രകാശം നോക്കി നില്‍ക്കെ അവള്‍ മനസ്സിലോര്‍ത്തു, 'പേര് ചോദിക്കാമായിരുന്നു.'
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...