Malayalam Short Story : കാന്താരിപായസം, സന്തോഷ് ഗംഗാധരന്‍ എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സന്തോഷ് ഗംഗാധരന്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
കേട്ടറിവ്, കണ്ടറിവ്, കൊണ്ടറിവ്! അങ്ങനെ പല തരത്തില്‍ അറിവ് ലഭിക്കാനുള്ള അവസരങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. അതില്‍ കേട്ടറിവില്‍ നിന്നും കിട്ടിയ ഒരു കഥയാണ് ഇവിടെ പങ്ക് വയ്ക്കാമെന്ന് കരുതിയത്. കഥയല്ല, നടന്നത് തന്നെയാണ്. ഇതിലെ കഥാപാത്രങ്ങളാരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല എന്നുള്ളതിനാല്‍ അവരുടെ ശരിയായ പേരുകള്‍ തന്നെ ഉപയോഗിച്ചാലും ഒരു പ്രശ്‌നവുമില്ലെന്ന് എനിയ്ക്കുറപ്പുണ്ട്. ഇന്നത്തെക്കാലത്ത് അവരുടെ താഴേയ്ക്ക് താഴെയുള്ള തലമുറയ്ക്ക് അതൊന്നും അറിയാനും വഴിയുണ്ടാകില്ല. ആര്‍ക്കുണ്ട് ഇതിനെല്ലാം സമയം! അല്ലെങ്കില്‍ തന്നെ ഒരു പേരിലെന്തിരിക്കുന്നു!
ഭാസ്‌ക്കരന്‍ തന്റെ ഉത്തമ സുഹൃത്തായ ഗോപാലനെ കാണാന്‍ പോകുന്നതില്‍ നിന്നാണ് കഥ തുടങ്ങുന്നത്. അല്ലെങ്കില്‍ അത് മുതല്‍ക്കാണ് എനിയ്ക്കുള്ള കേട്ടറിവ്.
തന്റെ പട്ടണത്തില്‍ നിന്നും വല്ലപ്പോഴുമുള്ള ബസ് പിടിച്ച് നഗരത്തില്‍ വന്ന് കോടതിപ്പടിയ്‌ക്കെ നിന്നും വഞ്ചിയില്‍ വേണം ഭാസ്‌ക്കരന് ഗോപാലന്റെ മുളവുകാട് ദ്വീപിലെത്താന്‍. അത് വലിയൊരു സംരംഭമായതിനാല്‍ രണ്ട് മാസത്തിലൊരിക്കലോ മറ്റോ മാത്രമേ അയാള്‍ അതിന് ഉദ്യമിക്കാറുള്ളു.
അന്ന് അയാള്‍ക്ക് ഗോപാലനെ കണ്ടിട്ട് ആവശ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് അതിന് ഇറങ്ങിപ്പുറപ്പെട്ടത്. നീന്തല്‍ നല്ല വശമില്ലാത്തതുകൊണ്ട് വളരെ പ്രയാസപ്പെട്ടാണ് അയാള്‍ വഞ്ചിയില്‍ കയറി പറ്റിയത്. ജീവനും കൈയില്‍ പിടിച്ച് ഒരുവിധം മുളവുകാടില്‍ എത്തിച്ചേര്‍ന്നപ്പോഴാണ് ശ്വാസം നേരെ വിട്ടതെന്ന് പറയാന്‍ അയാള്‍ക്ക് യാതൊരു മടിയുമില്ലായിരുന്നു.
ഗോപാലന്റെ വീട്ടില്‍ എത്തുമ്പോള്‍ വൈകുന്നേരം ആറായിരുന്നു. ഗോപാലന്‍ വീട്ടിലില്ലായിരുന്നു. ദ്വീപിന്റെ ഒത്ത നടുവിലായി ഒരു ചെറിയ അമ്പലമുണ്ട്. അവിടേയ്ക്ക് പോയിരിക്കയാണെന്ന് മനസ്സിലായി. ഭാസ്‌ക്കരന്‍ സമയം കളയാതെ നേരെ അമ്പലത്തിലേയ്ക്ക് വച്ചുപിടിച്ചു.
അമ്പലത്തില്‍ എന്തോ കാര്യമായിട്ട് നടക്കുന്നുണ്ടെന്ന് തോന്നി. അധികം ജനവാസമില്ലാത്ത ആ ദ്വീപിലെ അമ്പലത്തില്‍ സാധാരണ വലിയ തിരക്കൊന്നും ഉണ്ടാകാത്തതാണ്. ഇന്നിപ്പോള്‍ പതിവിന് വിരുദ്ധമായി പത്ത് പതിനഞ്ച് പേര്‍ കൂടിയിട്ടുണ്ട്. അവര്‍ ആരുടേയൊ പുറകെ പ്രദക്ഷിണം വയ്ക്കുകയാണ്. ഗോപാലന്റെ അമ്മയേയും കൂട്ടത്തില്‍ കണ്ടു.
ഭാസ്‌ക്കരന്‍ അവരുടെ കൂടെ കൂടി. അമ്മയോട് ചോദിച്ചാല്‍ അറിയാമല്ലോ ഗോപാലന്റെ വിവരം. പതുക്കെ ഇടയില്‍ കൂടി കയറി അമ്മയുടെ അടുത്തെത്തിയപ്പോഴാണ് പ്രദക്ഷിണവഴിയില്‍ ഉരുളുന്ന രൂപത്തെ ശ്രദ്ധിച്ചത്. ഗോപാലനാണല്ലോ! ഇവനിതെന്ത് പറ്റി? ഒന്നും മിണ്ടാതെ ഭാസ്‌ക്കരന്‍ അവരോടൊപ്പം നടന്നു.
പാവം ഗോപാലന്‍! എന്തിന് വേണ്ടിയായാലും സംഗതി കഷ്ടം തന്നെ. അവന്റെ വെളുത്ത ശരീരത്തില്‍ ചെറിയ കല്ലുകള്‍ കൊണ്ട് മുറിഞ്ഞ് ചോര പൊടിയുന്നുണ്ട്. അതിനിടയില്‍ ആരോ പറയുന്ന കേട്ടു, ''ദേവകിയമ്മ മൂന്നേ നേര്‍ന്നുള്ളു. അപ്പോപിന്നെ ഇതോടെ ശയനപ്രദക്ഷിണം തീരും. എന്നിട്ട് വേണം പ്രസാദം വാങ്ങി പോകാന്‍.''
ആ പാവത്തിനെ അവിടമെല്ലാം ഉരുട്ടിയിട്ട് പ്രസാദം കിട്ടാന്‍ കാത്തിരിക്കുന്ന ഒരു കൂട്ടരും. പക്ഷേ, ആ പ്രസാദത്തിന്റെ പ്രത്യേകത അപ്പോള്‍ ഭാസ്‌ക്കരന് അറിയില്ലായിരുന്നു.
ഭാസ്‌ക്കരനും ഗോപാലനും തമ്മിലുള്ള കൂട്ടുകെട്ട് ഒരുവിധം നാട്ടില്‍ എല്ലാവര്‍ക്കും അറിയാം. നാട്ടിലെന്ന് പറഞ്ഞാല്‍ മുളവുകാടില്‍. ഭാസ്‌ക്കരന്റെ നാട്ടിലേയ്ക്ക് ഗോപാലന്‍ പോകുന്നത് വളരെ ചുരുക്കം. രണ്ടാളുടേയും വിക്രസ്സുകള്‍ കൂടുതലും അരങ്ങേറുന്നത് ദ്വീപിലാണ്. അവര്‍ കേള്‍ക്കാതെ നാട്ടുകാര്‍ അവരെ 'പാച്ചുവും കോവാലനും' എന്നാണ് വിളിച്ചിരുന്നത്. വിളിക്കുന്നത് അവര്‍ കേള്‍ക്കാതെയാണെങ്കിലും അവര്‍ക്കും അറിയാമായിരുന്നു അവരുടെ വിളിപ്പേര്. അതില്‍ വിഷമിക്കുന്നതിന് പകരം ഊറ്റം കൊള്ളുകയാണ് അവര്‍ ചെയ്തത്. അങ്ങനെയെങ്കില്‍ അങ്ങനെ, നാലാള്‍ തങ്ങളെ അറിയുമല്ലോ.
ശയനപ്രദക്ഷിണക്കാരന്‍ ഭഗവാന്റെ നടയ്ക്കലെത്തി. കൂട്ടത്തോടെയുള്ള 'ഓം നമശിവായ' വിളികളാല്‍ അന്തരീക്ഷം ആവേശം കൊള്ളുന്നതിനിടയില്‍ ഭഗവാന്റെ നേരെ സാഷ്ടാംഗമനസ്‌ക്കാരം നടത്തി, ഗോപാലന്‍ എഴുന്നേറ്റു.
അപ്പോഴാണ് ഭാസ്‌ക്കരന് തന്റെ സ്‌നേഹിതന്റെ തനിരൂപം കാണാന്‍ കഴിഞ്ഞത്.
പ്രദക്ഷിണം തുടങ്ങുന്നതിന് മുമ്പ് ദേഹം മുഴുവന്‍ തേച്ച് പിടിപ്പിച്ചിരുന്ന കളഭത്തിന്റെ കൂടെ ചുമന്ന രക്തത്തുള്ളികള്‍ ചേര്‍ന്ന് ഒരു പ്രത്യേക നിറം. പുറത്തും നെഞ്ചത്തും ഇടതൂര്‍ന്ന് വളര്‍ന്നിരുന്ന രോമകൂപങ്ങള്‍ ഉരുളലിന്റെ ഊക്കത്തില്‍ ചുറ്റിപ്പിണഞ്ഞ് ബാര്‍ബര്‍ ഷാപ്പിന്റെ മൂല പോലെയായിട്ടുണ്ട്. ഇനി കുളിക്കുമ്പോളറിയാം അനന്തരഫലം.
ഗോപാലന്‍ എഴുന്നേറ്റ് നിന്ന് ഉള്ളിലേയ്ക്ക് നോക്കി പ്രാര്‍ത്ഥിക്കുന്നതിനോടൊപ്പം പ്രസാദകാംക്ഷികള്‍ കൂട്ടത്തോടെ നമശിവായ നാമം ഉരുവിട്ടു.
അന്നത്തെ പ്രധാന പരിപാടി കഴിഞ്ഞു എന്ന് മനസ്സിലാക്കിയിട്ടെന്ന വണ്ണം കീഴ്ശാന്തി ഒരു തട്ടുമായി ശ്രീകോവിലില്‍ നിന്നും പുറത്തേയ്ക്ക് വന്നു. പ്രസാദവിതരണം നടക്കാന്‍ പോകുന്നതിന് മുന്നോടിയായി കിണ്ടിയിലെ തീര്‍ത്ഥം ചുറ്റിനുമൊന്ന് തളിച്ചിട്ട് ഓരോരുത്തര്‍ക്കായി തീര്‍ത്ഥവും പ്രസാദവും നല്‍കി.
പലരും പ്രസാദം രണ്ടും മൂന്നും വട്ടം വാങ്ങിക്കഴിക്കുന്നത് കണ്ട് ഭാസ്‌ക്കരന് അത്ഭുതമായി. ഇത്ര കേമമോ ഇവിടത്തെ പ്രസാദം! അയാളും മുന്നില്‍ കേറി നിന്ന് കൈ നീട്ടി. ആദ്യം കുറച്ച് തീര്‍ത്ഥം. അയാള്‍ അത് കുടിച്ചിട്ട് തലയില്‍ തൊട്ടു. വീണ്ടും കൈ നീട്ടി. സ്വാമി കട്ടിയിലുള്ള ശര്‍ക്കരപായസം കൈയിലിട്ട് കൊടുത്തു. അയാള്‍ അതപ്പാടെ വായിലാക്കി. നല്ല മധുരം. കീഴ്ശാന്തി സ്ഥലം വിടുന്നതിന് മുന്നേ വീണ്ടും കൈ നീട്ടി. അയാള്‍ നാല് പ്രാവശ്യം കൂടി പായസം അകത്താക്കി. ഇനി അയാളുടെ മുന്നില്‍ നിന്നാല്‍ കാര്യം പന്തിയാവില്ലെന്ന് മനസ്സിലായ സ്വാമി അവിടെ നിന്നും നടന്ന് നീങ്ങി.
ഭാസ്‌ക്കരന്‍ പായസത്തിന്റെ മധുരം നുണഞ്ഞുകൊണ്ട് ഗോപാലന്റെ അടുത്തേയ്ക്ക് ചെന്നു. ഗോപാലന് കൂട്ടുകാരനെ കണ്ടപ്പോള്‍ സന്തോഷമായി.
''നീയെന്താ ശയനപ്രദക്ഷിണത്തിന്റെ കാര്യമൊന്നും പറഞ്ഞില്ലല്ലോ? എന്താണ് പെട്ടെന്നൊരു ഭക്തി?'' ഭാസ്‌ക്കരന്‍ ചോദിച്ചു.
''അമ്മ നേര്‍ന്നതാണ്. അനുജത്തിയുടെ കല്യാണം വേഗം നടക്കാനായിട്ട്. അപ്പോള്‍ പിന്നെ പറ്റില്ലെന്ന് പറയാന്‍ വയ്യാതായി. എന്റെ വിശ്വാസങ്ങള്‍ തല്ക്കാലം മാറ്റി വച്ചു, അവര്‍ക്ക് വേണ്ടി.'' ഗോപാലന്‍ കിതപ്പിനിടയില്‍ പറഞ്ഞു. അത്രയും ഉരുണ്ടതിന്റെ ക്ഷീണം മാറിയിട്ടില്ലായിരുന്നു.
''എന്തായാലും ഇന്ന് വന്നത് നന്നായി. നിന്റെ പ്രകടനം കാണാന്‍ പറ്റിയല്ലോ. മാത്രമല്ല, നല്ല ഉഗ്രന്‍ പ്രസാദവും. എന്താ അതിന്റെ സ്വാദ്! ഞാന്‍ അഞ്ച് പ്രാവശ്യം വാങ്ങി കഴിച്ചു.'' ഭാസ്‌ക്കരന്‍ പായസത്തിന്റെ സ്വാദ് നുണഞ്ഞ് കൊണ്ട് പറഞ്ഞു.
''അഞ്ച് പ്രാവശ്യമോ? ദൈവമേ, നീ എന്ത് മണ്ടത്തരമാണ് കാണിച്ചത്!'' ഗോപാലന്‍ തലയില്‍ കൈ വച്ചു.
''അതിനെന്താ?'' അത് പറയുന്നതിനിടയില്‍ ഭാസ്‌ക്കരന് നാവിലും തൊണ്ടയിലും പുകയുന്നതായി അനുഭവപ്പെട്ടു. വല്ലാത്ത ഒരു എരിവ് വയറ്റില്‍ നിന്നും അന്നനാളം വഴി തൊണ്ടയിലും നാവിലും എത്തി നില്‍ക്കുന്നു. അയാള്‍ 'ശ് ... ശ് ...'' എന്ന് ശബ്ദിച്ച് കൈ മുഖത്തിന് നേരെ വീശാന്‍ തുടങ്ങി. ആ കാറ്റില്‍ എരിവ് കുറയട്ടേയെന്ന് കരുതിയപോലെ.
''എടാ, അതില്‍ കാന്താരി മുളക് അരച്ച് ചേര്‍ത്തിട്ടുണ്ട്. ചില പ്രത്യേകദിവസങ്ങളില്‍ ഭഗവാന് നേദിക്കുന്ന ഒരു പ്രത്യേക പ്രസാദമാണത്. നെല്ലിക്കയുടെ വിപരീതമാണ്. ആദ്യം മധുരിക്കും പിന്നെ അണ്ടം കീറുന്ന എരിവും.'' ഗോപാലന്‍ വിശദീകരിച്ചു.
ഭാസ്‌ക്കരന് എരിഞ്ഞിട്ട് നില്‍ക്കപ്പൊറുതിയില്ലാണ്ടായി. അയാള്‍ വെള്ളത്തിന് വേണ്ടി അമ്പലത്തിന് വെളിയിലുള്ള ചെറിയ കടയിലേയ്‌ക്കോടി. എണ്ണയും ചന്ദനത്തിരിയും മറ്റ് നേദ്യവസ്തുക്കളും വില്‍ക്കുന്ന കടയില്‍ ദൈവാനുഗ്രഹത്താല്‍ കടക്കാരന്‍ കുടിക്കാന്‍ വേണ്ടി വച്ചിരുന്ന വെള്ളമുണ്ടായിരുന്നു. ഭാസ്‌ക്കരന്റെ അരക്ഷിതാവസ്ഥ മനസ്സിലാക്കിയ അയാള്‍ കുറച്ച് വെള്ളം അതില്‍ നിന്നും ഒഴിച്ച് കൊടുത്തു. മണ്‍കലത്തില്‍ വച്ചിരുന്ന വെള്ളത്തിന്റെ കുളിര്‍മ്മ!
തല്ക്കാലത്തേയ്‌ക്കൊരാശ്വാസം കിട്ടിയ ഭാസ്‌ക്കരന്‍ കടക്കാരനെ വാനോളം സ്തുതിച്ചിട്ട് ഗോപാലന്റെ അടുത്ത് തിരിച്ചെത്തി.
എല്ലാവരും കൂടി ഗോപാലന്റെ വീട്ടിലേയ്ക്ക് നടക്കുന്നതിനിടയില്‍ ഗോപാലന്റെ അമ്മയാണ് ആ പ്രത്യേക പ്രസാദത്തിന്റെ പിന്നിലുള്ള കഥ പറഞ്ഞത്.
അമ്മയുടെ അമ്മൂമ്മ പറഞ്ഞറിഞ്ഞ കഥയാണ്. കഥയല്ല, അത് നടന്നതാവാനെ തരമുള്ളു. അല്ലെങ്കില്‍ ഈ വിചിത്ര പ്രസാദം, വേറെങ്ങുമില്ലാത്ത കാന്താരിപായസം അവിടെ മാത്രം, അതും പ്രത്യേക ദിവസങ്ങളില്‍ മാത്രം ഉണ്ടാക്കേണ്ട കാര്യമില്ലല്ലോ.
ആ അമ്പലം അവിടെ സ്ഥാപിച്ചിട്ട് എത്ര നാളായെന്ന് ആര്‍ക്കും അറിയില്ല. പക്ഷേ, അതിന്റെ നടത്തിപ്പും പൂജാദികര്‍മ്മങ്ങളും പണ്ട് നടത്തിയിരുന്നത് ദ്വീപിലെ ഒരു ബ്രാഹ്മണകുടുംബമായിരുന്നു. അവിടെ തലമൂത്ത നമ്പൂതിരിയും അനുജനും ആണ് ശാന്തിക്കാരായി പൂജകള്‍ ചെയ്തിരുന്നത്. കൊല്ലാക്കൊല്ലങ്ങളില്‍ അവര്‍ മാറി മാറി മേല്‍ശാന്തിയായി. മേല്‍ശാന്തിയ്ക്ക് ബ്രഹ്മചര്യം ആവശ്യമായതിനാല്‍ അയാള്‍ക്ക് ആ സമയം താമസിക്കാന്‍ പ്രത്യേകം ഒരു ചെറിയ വീട് അടുത്ത് തന്നെയുണ്ടായിരുന്നു.
മൂത്ത നമ്പൂതിരിയുടെ മകള്‍ വിശാലം ഒരു സുന്ദരിയും മിടുക്കിയുമായിരുന്നു. ആര് കണ്ടാലും മോഹിക്കുന്ന വശ്യത. പക്ഷേ, ആ ദ്വീപിലുള്ളവരെല്ലാം ആ നമ്പൂതിരി കുടുംബത്തോടുള്ള ബഹുമാനത്താല്‍ ആ സുന്ദരിക്കുട്ടിയേയും അതേ വിധത്തില്‍ ബഹുമാനിക്കുകയാണ് ചെയ്തിരുന്നത്. അപ്പോഴാണ് കുറച്ച് വടക്ക് നിന്നും ഒരാള്‍ ദ്വീപില്‍ എത്തുന്നത്. ആലുവയ്ക്കടുത്ത് ചൊവ്വരയിലെ ഒരു ബ്രാഹ്മണകുടുംബത്തില്‍ നിന്നും ഇവിടത്തെ മേല്‍ശാന്തിയ്ക്കുള്ള ഒരു സന്ദേശവുമായാണ് അയാളുടെ വരവ്.
സ്വതവേ മണ്ണുണ്ണിയും പേടിത്തൊണ്ടനുമായ പാര്‍ത്ഥന്‍. പാര്‍ത്ഥനെ സ്‌നേഹപൂര്‍വ്വം നാട്ടുകാര്‍ പൊട്ടന്‍ എന്നാണത്രെ വിളിച്ചിരുന്നത്. അവന്റെ ആസ്ഥിതി മാറ്റിയെടുക്കണം.
കാണാന്‍ അഴകുറ്റ പാര്‍ത്ഥനെ കണ്ട് മേല്‍ശാന്തിയുടെ മകള്‍ക്ക് പ്രണയമായി. എങ്ങനെയായാലും വിവാഹം ചെയ്‌തേ മതിയാകു. പക്ഷേ, ഒരു പൊട്ടന് തന്റെ മകളെ കെട്ടിച്ച് കൊടുക്കാന്‍ സ്വാമിയ്ക്ക് ഒട്ടും താല്പര്യമില്ലായിരുന്നു. മുളക് തിന്നാല്‍ ധൈര്യവും ബുദ്ധിയും കൂടുമെന്ന് പറഞ്ഞ് കേട്ടിട്ടുള്ള അറിവ് വച്ച് വിശാലം പാര്‍ത്ഥനെ മുളക് തിന്നാന്‍ നിര്‍ബ്ബന്ധിച്ചു കൊണ്ടിരുന്നു. പക്ഷേ, സ്വതവേ മധുരപ്രിയനായ പാര്‍ത്ഥനെങ്ങനെയാണ് മുളക് തിന്നുന്നത്?
പൊട്ടനെ ശരിയ്ക്കും പാര്‍ത്ഥനാക്കാനുള്ള വഴിയാലോചിച്ച് വിഷമിച്ചു വിശാലം. അങ്ങനെയൊടുവില്‍ കൊച്ചച്ഛനായ കീഴ്ശാന്തിയോട് പറഞ്ഞ് വൈകുന്നേരത്തെ പായസത്തിന്റെ ഒരു പങ്കില്‍ മാത്രം കാന്താരി മുളകരച്ച് ചേര്‍ത്ത് പാര്‍ത്ഥന് കൊടുക്കാന്‍ തീരുമാനിച്ചു. പായസത്തിന്റെ മധുരം കാരണം പാര്‍ത്ഥന്‍ കൂടുതല്‍ വാങ്ങി കഴിക്കാന്‍ തുടങ്ങി. അനന്തരഫലം തിക്തമായിരുന്നെങ്കിലും പൊട്ടനായ പാര്‍ത്ഥന്‍ പിറ്റേന്നേയ്ക്ക് അത് മറന്ന് വീണ്ടും പ്രസാദം വാങ്ങി കഴിച്ചുകൊണ്ടിരുന്നു.
ഒടുവില്‍ കാന്താരി പൊട്ടനെ മിടുക്കനും ധൈര്യശാലിയുമാക്കിയെന്നാണ് കഥ. അത് മാത്രമല്ല, വിശാലത്തിനോടുള്ള ബഹുമാനവും ഇഷ്ടവും കാണിക്കാനായി അമ്പലത്തിന് ചുറ്റും അയാള്‍ മൂന്ന് പ്രാവശ്യം ശയനപ്രദക്ഷിണവും നടത്തി.
അന്ന് മുതലാണ് ഈ അമ്പലത്തില്‍ കല്യാണം നടക്കാനായി ശയനപ്രദക്ഷിണവും കാന്താരി പായസവും നേര്‍ച്ചയായി തീരുന്നത്. അതിപ്പോഴും മുടങ്ങാതെ പലരും നടത്തുന്നുണ്ട്, അവരവരുടെ വിശ്വാസപ്രകാരം. പഴയ തറവാട്ടുകാരായ ഗോപാലന്റെ അമ്മ ദേവകിയമ്മയ്ക്ക് ഇതിലുള്ള വിശ്വാസമാണ് ഗോപാലന്റെ ശയനപ്രദക്ഷിണ വഴിപാട്.
പഴയൊരു സത്യം കഥയുടെ രൂപത്തില്‍ കേട്ട് നടക്കുന്നതിനിടയില്‍ അവര്‍ ഗോപാലന്റെ വീട്ടിലെത്തി.
ഗോപാലന്‍ കുളിക്കാന്‍ പോയി. ഭാസ്‌ക്കരന്‍ അമ്മയുടെ കൂടെ ഉമ്മറത്ത് വര്‍ത്തമാനം പറഞ്ഞിരുന്നു. മകളുടെ കല്യാണക്കാര്യമായിരുന്നു ദേവകിയമ്മയുടെ പ്രധാന സംസാരം. അമ്പലത്തിലെ ഈ വഴിപാട് നടത്തിയാല്‍ പിന്നെ അധികം താമസിയാതെ എല്ലാം ശരിയാവുമെന്ന വിശ്വാസം അവര്‍ ഉറപ്പിച്ച് പറഞ്ഞു.
''ഭാസ്‌ക്കരനെന്താണ് ഇന്ന് ഇത്രയും വൈകി ഇങ്ങോട്ടൊരു വരവ്? എന്തെങ്കിലും കാര്യമുണ്ടാകുമല്ലേ?'' ദേവകിയമ്മ മകളുടെ വിവാഹകാര്യം തെല്ലൊന്ന് മാറ്റി വച്ചിട്ട് ചോദിച്ചു.
''അമ്മ എന്റെ കല്യാണക്കാര്യം പറഞ്ഞ് നിര്‍ബ്ബന്ധിച്ചു കൊണ്ടിരിക്കുകയാണ്. അതിനാണ് ഇവിടെ മുളവുകാടില്‍ വന്ന് ...'' ഭാസ്‌ക്കരന്‍ മുഴുവന്‍ പറഞ്ഞ് തീര്‍ക്കാന്‍ ദേവകിയമ്മ സമ്മതിച്ചില്ല.
''അത് ശരിയാണല്ലോ. ഭാസ്‌ക്കരന്റെ അമ്മയ്ക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കില്‍ എന്തുകൊണ്ട് നമുക്ക് ആലോചിച്ച് കൂടാ! നല്ല കാര്യം. എനിയ്ക്ക് സമ്മതം. ഗോപാലാ, നീ വേഗം ഇങ്ങ് വാ.'' ദേവകിയമ്മ കസേരയില്‍ നിന്നും എഴുന്നേറ്റു. അവര്‍ ഗോപാലനെ വിളിക്കാന്‍ അകത്തേയ്ക്ക് പോയി.
എന്താ സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ എന്താണ് പറയേണ്ടതെന്ന് അറിയാതെ ഭാസ്‌ക്കരന്‍ മിഴിച്ചിരുന്നു. ഷര്‍ട്ടിന്റെ കീശയില്‍ വച്ചിരുന്ന ഫോട്ടോയും മേല്‍വിലാസം കുറിച്ച കടലാസും അയാള്‍ തൊട്ട് നോക്കി. ഇനിയെന്ത് ചെയ്യും?
അതിനിടയില്‍ ഗോപാലന്റെ അനുജത്തി കാര്‍ത്തിക ചായയുമായി അവിടേയ്ക്ക് വന്നു. ഭാസ്‌ക്കരനെ നോക്കി പുഞ്ചിരിച്ചിട്ട് അവള്‍ ചായക്കപ്പ് ഭാസ്‌ക്കരന്റെ കൈയില്‍ കൊടുത്തു.
ഇവള്‍ക്ക് ഇത്ര ഭംഗിയുണ്ടെന്ന് ഇതുവരെ ചിന്തിച്ചിട്ടേയില്ലായിരുന്നു. അല്ലെങ്കിലും സ്‌നേഹിതന്റെ അനുജത്തിയെ മറ്റൊരു കണ്ണ് കൊണ്ട് കാണാന്‍ വയ്യല്ലോ. പക്ഷേ, ഇന്നിതാ എല്ലാം തിരിഞ്ഞ് മറിഞ്ഞിരിക്കുന്നു. കാര്‍ത്തികവിളക്കിന്റെ പ്രഭാവലയം സൃഷ്ടിച്ച് കാര്‍ത്തിക അയാളുടെ മുന്നില്‍. അയാളും കാര്‍ത്തികയെ നോക്കി ചിരിച്ചു.
''ചേട്ടന്‍ ഇപ്പോ വരൂട്ടോ.'' അതും പറഞ്ഞ് കണ്ണുകള്‍ പാതിയടച്ച് പുഞ്ചിരി തൂകി കാര്‍ത്തിക അകത്തേയ്ക്ക് പോയി.
ഭാസ്‌ക്കരന്‍ ധൃതിയില്‍ തന്റെ കീശയില്‍ കിടന്നിരുന്ന ഫോട്ടോയും കടലാസും പുറത്തെടുത്ത് ചുരുട്ടിക്കൂട്ടി വളപ്പിലെ ചെടികള്‍ക്കിടയിലേയ്ക്ക് വലിച്ചെറിഞ്ഞു.
കാര്‍ത്തിക കൊടുത്ത കപ്പില്‍ നിന്നും ഒരിറുക്ക് ചായ മൊത്തിക്കുടിച്ചു. പായസത്തിന്റെ മധുരത്തിനോടൊപ്പം ചായ തൊണ്ടയില്‍ കൂടി ഇറങ്ങുമ്പോള്‍ അയാള്‍ക്ക് വീണ്ടും കാന്താരിയുടെ എരിവനുഭവപ്പെട്ടു. പക്ഷേ, ആ എരിവിനും മധുരമാണെന്ന് അയാള്‍ അപ്പോള്‍ തിരിച്ചറിഞ്ഞു.
കഥയില്‍ ചോദ്യമില്ല. പണ്ട് നടന്നതാണെങ്കില്‍ പിന്നെ ഇപ്പോള്‍ ചോദിച്ചിട്ട് കാര്യവുമില്ല.
കാന്താരിപായസത്തിന്റെ മാഹാത്മ്യം കൊണ്ടറിയുന്നത് വരെ കേട്ടറിവില്‍ വിശ്വസിക്കാം!
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...