Malayalam Short Story: അപ്പു, സബിത രാജ് എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. സബിത രാജ് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
നിര്‍ത്താതെ പെയ്ത മഴ മുഴുവന്‍ ഓലക്കീറുകളില്‍ നിന്നകത്തേയ്ക്ക് ഊര്‍ന്ന് വീണുകൊണ്ടിരുന്നു. അവിടിവിടെ നിരത്തി വെച്ച പാത്രങ്ങളില്‍ വെള്ളത്തുള്ളികള്‍ വീണ് ശബ്ദമുണ്ടാകുമ്പോള്‍ അപ്പൂന് ഉറക്കം നഷ്ടപ്പെടും. ഒപ്പം ഇടയ്ക്കിടയ്ക്ക് മുഖത്ത് വീഴുന്ന വെള്ളം പുതപ്പ് കൊണ്ട് തുടച്ച് തലവഴിയെ പുതപ്പ് മൂടി അവന്‍ കമഴ്ന്നുകിടക്കും.
ചിലപ്പോള്‍ അറിയാതെ ഉറങ്ങി പോകും.
കാലത്ത് എഴുന്നേല്‍ക്കുമ്പോള്‍ കിടന്ന പായും തുണിയും ഒക്കെ നനഞ്ഞ് കുതിര്‍ന്നിരിക്കും.
അപ്പു പായില്‍ നിന്നെഴുന്നേറ്റ് നേരെ പോയത് അടുക്കളപ്പുറത്തേയ്ക്കാണ്.
ഇല്ല, ഇന്നും അടുപ്പ് പുകയുന്നില്ല.
ആ എട്ടുവയസ്സുകാരന്‍റെ കണ്ണുകളില്‍ നിരാശ പടര്‍ന്നിറങ്ങി.
'അമ്മാ..'
തൊടിയിലെവിടെയോ നിന്നൊരു ശബ്ദം.
'തൊള്ള കീറേണ്ട ഞാന്‍ ഇവിടെ പണിയിലാ'
കാലുറപ്പിച്ച് തൊടിയിലേക്ക് നടക്കവേ അവന്‍റെ കാലുകള്‍ ചെളിവെള്ളത്തില്‍ പുതഞ്ഞു.
മുട്ടോളം പറ്റിയ ചെളിയുമായി അവന്‍ അമ്മയുടെ അടുക്കലേക്ക് ചെന്നു.
ഇന്നലെ മഴയത്ത് ഒടിഞ്ഞുവീണ വാഴയുടെ പൊട്ട് കായും വെട്ടി, വാഴ പിണ്ടിയും, വാഴക്കൂമ്പും എടുത്തുവെച്ചിരിക്കുന്നു അമ്മ.
നീളന്‍ വാഴ പിണ്ടിയില്‍ കൈ ചൂണ്ടി അവന്‍ ചോദിച്ചു.
'ഇത് ഉപ്പേരി വെക്കാനാ?'
അപ്പുന്‍റെ കണ്ണുകളില്‍ തെളിച്ചം.
'അല്ല... വടക്കേതിലെ നാണിയ്ക്ക് കൊടുക്കാന്‍...'
'ഇത് കൊടുത്താല്‍ ചിലപ്പോ അവളല്‍പം അരി തരാതിരിക്കില്ല. ഇന്നെങ്കിലും ഇത്തിരി കഞ്ഞി വെയ്ക്കേണ്ടേ അപ്പൂ...'
'ദാഹിക്കുന്നു.'
ഇടറിയ തൊണ്ട നനയ്ക്കാനിത്തിരി വെള്ളം...
അമ്മയുടെ മനസ്സ് പിടഞ്ഞു.
'അടുക്കളപ്പുറത്ത് ഇത്തിരി ചായ വെള്ളം ഇരുപ്പുണ്ട്.'
അപ്പു വേഗം അകത്തേയ്ക്ക് ഓടി.
കാലിലെ ചെളിയും അഴുക്കും അടുക്കളവാതിലില്‍ ചവിട്ടി തേച്ച് അവന്‍ ചായ വെള്ളത്തിനായി പരതി.
ഒരു ഗ്ലാസിലിരുന്ന മഞ്ഞ നിറത്തിലെ വെള്ളം അവന്‍ ആക്രാന്തത്തോടെ ഉള്ളിലാക്കി.
മധുരമില്ലാത്ത പലയാവര്‍ത്തി തിളപ്പിച്ച് ഇല്ലാതായ തേയില ചണ്ടിയുടെ അവസാന ചായയാവും ഇത്.
ഉമ്മറത്ത് അപ്പന്‍ ഇനിയും ഉണര്‍ന്നിട്ടില്ല.
ഇന്നലെ ചാരായം മോന്തി വന്നതില്‍ പിന്നെ കണ്ണ് തുറന്നിട്ടില്ല.
അപ്പു ഓടി അപ്പനരികില്‍ ചെന്നു.
ശ്വാസമുണ്ടോന്ന് സൂക്ഷിച്ചു നോക്കി.
'അനക്കമുണ്ട്...'
അവന്‍ ചിരിച്ചുകൊണ്ട് മുറ്റത്തേക്കിറങ്ങി.
പോക്കുവെയില്‍ ഉമ്മറത്ത് കാഴ്ച്ചകള്‍ നിറച്ച് വെച്ചിരിയ്ക്കുന്നു.
മഴ പെയ്ത് കെട്ടിയ വെള്ളം പതിയെ ഉള്‍വലിയുന്നു.
പെട്ടന്നാണ് പള്ളിക്കൂടത്തില്‍ പോകണം എന്ന കാര്യം ഓര്‍മ്മ വന്നത്.
അവിടെ പോയാല്‍ ഉച്ചയ്ക്ക് കഞ്ഞി കിട്ടും.
പക്ഷേ, പഠിക്കാന്‍ പുസ്തകമില്ലാതെ ഇനി അങ്ങോട്ട് ചെല്ലണ്ടന്ന് മാഷ് പറഞ്ഞത് ഓര്‍മ്മയുണ്ട്.
ക്ലാസിന് പുറത്ത് മുട്ടുകാലില്‍ നിര്‍ത്തും.
കഴിഞ്ഞ രണ്ടുദിവസം മാഷ് വന്നില്ല. അതുകൊണ്ട് രക്ഷപ്പെട്ടു.
പക്ഷേ, ഇന്ന് മാഷ് വന്നാല്‍ തന്‍റെ അവസ്ഥ.
' അപ്പൂ ... പള്ളിക്കൂടത്തില്‍ പോവാണ്ടിരുന്ന് കിനാവ് കാണാ നീയ്? പോയി കുളിച്ചു കുപ്പായം എടുത്തിട്ട് പോ ചെക്കാ. നാലക്ഷരം പഠിച്ച് എങ്കിലേ ഇനി രക്ഷയുള്ളൂ. അല്ലാണ്ട് നിന്‍റെ അപ്പനെ പോലെ ജോലി ചെയ്തതിന് മുഴുവന്‍ ചാരായം കുടിച്ച് വീട്ടില്‍ കയറിവന്ന് എന്‍റെയും നിന്‍റെയും കൂടി ജീവിതം നശിപ്പിക്കും പോലെ ആവരുത്.'
അപ്പു എഴുന്നേറ്റ് അയയില്‍ കിടന്ന തോര്‍ത്തുമെടുത്ത് തോട്ടിലേക്ക് കുളിയ്ക്കാനായി പോയി.
കുളികഴിഞ്ഞ് വരുമ്പോഴും അപ്പന്‍ ആ കിടപ്പ് കിടന്നു.
'അപ്പൂ, ദേ നാരായണി തന്ന ഇത്തിരി കഞ്ഞിയുണ്ട് നിനക്ക് തന്നതാ മോനിത് കുടിയ്ക്ക്.'
'എനിക്ക് വിശപ്പില്ലമ്മേ അമ്മ കുടിച്ചോ... എനിക്കിനി ഉച്ചയ്ക്ക് പള്ളിക്കൂടത്തിന്ന് കഞ്ഞി കിട്ടും. ഇതമ്മ കുടിച്ചോ. അപ്പന്‍ കാണണ്ട ഇല്ലെങ്കില്‍ ഇന്നും അമ്മ പട്ടിണിയാവും.'
ഒരെട്ടുവട്ടസ്സുകാരന്‍റെ കരുതല്‍.
അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു.
കയ്യില്‍ കിട്ടിയ പഴയ പുസ്തകങ്ങളുമായി അപ്പു പോയി.
വഴിയറ്റം നിന്ന് അവനെ യാത്രയാകുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
പള്ളിക്കൂടത്തിന്‍റെ ഗേറ്റ് കടക്കുമ്പോഴേ മാഷ് വരാന്തയിലൂടെ നടന്ന് പോകുന്നത് കണ്ടു.
ഇന്ന് പുറത്ത് തന്നെ. അവന്‍ ഉറപ്പിച്ചു.
അതെ, അതന്നെ സംഭവിച്ചു!
പരുപരുത്ത സിമന്‍റ് തറയില്‍ മുട്ടുകുത്തി അവന്‍ നിന്നു.
പുറത്ത് കഞ്ഞിപ്പുരയിലേക്ക് നോക്കുമ്പോള്‍ മനസ്സ് നിറയുന്നപോലെ തോന്നി അവന്.
ചൂട് കഞ്ഞിയും പുഴുങ്ങിയ പയറും പട്ടിണിയകറ്റുന്ന കുഞ്ഞ് മനസ്സിന് അതേറെ ആശ്വാസമായിരുന്നു.
ഉച്ചയാവാന്‍ ഇനിയും കുറെ സമയമുണ്ട്.
മുട്ടുകള്‍ ഉരഞ്ഞ് നീറി തുടങ്ങിയിരുന്നു.
ദേ വടക്കതിലെ നാണിയേടത്തി ക്ലാസ് ലക്ഷ്യമാക്കി വരുന്നു.
അവര്‍ തന്നെ കണ്ടു.
അവന്‍ തലതാഴ്ത്തി ആ നില്‍പ് തുടര്‍ന്നു.
അവര്‍ വന്ന് മാഷിനോടെന്തോ സംസാരിച്ചു.
'അപ്പു വീട്ടില്‍ പൊയ്‌ക്കോളൂ.'
മാഷിന്‍റെ ആ വാക്കുകള്‍ അവസാനിപ്പിച്ചത് മുഴുപട്ടിണിയായ ഒരു കുഞ്ഞിന്‍റെ ആഹാരമെന്ന പ്രതീക്ഷയെയാണ്.
' ഉച്ചക്കഞ്ഞി കഴിഞ്ഞ് പോകാം...'
ആ കുഞ്ഞിന്‍റെ വാക്കുകള്‍ ആ മാഷിനെ അത്രയധികം വേദനിപ്പിച്ചിട്ടുണ്ടാവണം. പട്ടിണിയുടെ വശങ്ങള്‍ കാണാതെ പോകുന്ന ഒരു മനുഷ്യനെന്ന നിലയില്‍ അയാള്‍ കുറ്റബോധം കൊണ്ട് ചൂളിപോന്നിരിക്കും.
'അപ്പു വാ ഏടത്തി കൊണ്ടുപോകാം.'
നാണിയുടെ വാക്കുകളില്‍ ഊര്‍ന്ന സഹതാപം ആ കുഞ്ഞ് മനസ്സ് അറിഞ്ഞിട്ടുണ്ടാവുമോ?
അവിടുന്ന് നാണിയ്‌ക്കൊപ്പം പോകുമ്പോള്‍ ആ കുഞ്ഞിക്കണ്ണുകള്‍ നീണ്ടത് കഞ്ഞിപ്പുരയിലേക്ക് തന്നെയായിരുന്നു.
തൊടിയിലേക്ക് എത്തുമ്പോഴേക്കും ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നു.
നാണി അവനെ അടുക്കളവഴി അകത്തേയ്ക്ക് കൊണ്ടുപോയി.
അപ്പന്‍ ആ കിടപ്പ് തന്നെ...
പഴകിയ ഒരു തുണിയിട്ടു പുതപ്പിച്ചെന്ന് മാത്രം.
അമ്മയുടെ അലമുറയിടലും കണ്ണുനീരും അവനെ നോവിക്കുന്നു.
അതിലേറെ വിശപ്പിന്‍റെ വിളിയും.
അമ്മയുടെ നിലവിളി പതിയെ പതിയെ ഇല്ലാതാവുന്നു.
അപ്പന്‍റെ അടക്കത്തിന് തോര്‍ത്തുടുത്ത് നിന്ന് കര്‍മ്മം ചെയ്യുമ്പോഴും ആ പിഞ്ചു മനസ്സ് നിറയെ രാവിലെ നാണിയേടത്തി തന്ന കഞ്ഞി അമ്മ കുടിച്ചിട്ടുണ്ടാകുമോ എന്നായിരുന്നു.
എല്ലാവരും പോയി കഴിഞ്ഞ് നാണിയേടത്തി പാത്രത്തില്‍ കൊണ്ടുവന്ന ചോറും ചമ്മന്തിയും വാഴപ്പിണ്ടി ഉപ്പേരിയും കഴിച്ച് അന്നത്തെ പട്ടിണി അവസാനിപ്പിക്കുമ്പോള്‍ ആ കുഞ്ഞ് മനസ്സ് നിറയെ സന്തോഷമായിരുന്നു.
'നാണിയേടത്തിടെ ചമ്മന്തിയ്ക്ക് എന്ത് രുചിയാ അല്ലെ അമ്മേ?'
അത് കേട്ടിട്ടും അമ്മ മിണ്ടിയില്ല.
അവളുടെ മടിയില്‍ തലവെച്ച് കിടന്ന് അപ്പു പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.
'ഇനിയൊരാഴ്ച പള്ളിക്കൂടത്തില്‍ പോവണ്ടാന്ന് ആരോ പറയണത് കേട്ടൂ...
'അപ്പനെ കാണാന്‍ മാഷ് വന്നിരുന്നു.'
'അമ്മ കണ്ടോ?'
ചോദിക്കുന്നതിനൊന്നും കണ്ണുനീരല്ലാതെ മറ്റ് മറുപടി വരാതിരുന്നപ്പോള്‍ ആ കുഞ്ഞ് ഉറക്കത്തിലേക്ക് വഴുതി.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...