Malayalam Short Story : ഹാ! വിജിഗീഷു മൃത്യുവിന്നാമോ..., റോസിലി ജോയ് എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. റോസിലി ജോയ് എഴുതിയ ചെറുകഥ

chilla malayalam  short story by Rosili Joy

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam  short story by Rosili Joy

 

മോണിക്കാന്റി മരിച്ചു. ശവമടക്ക് നാളെ രാവിലെ ഒന്‍പതു മണിക്ക്.  മോണിക്കാന്റിയുടെ കാര്യത്തില്‍ ശവമടക്ക് എന്ന ആ വാക്ക് ഉച്ചരിക്കാന്‍ പോലുമെനിക്കിഷ്ടമില്ല. കാരണം ആന്റിക്ക് ശവമടക്ക് ഇഷ്ടമല്ല. ഇത് കേള്‍ക്കുമ്പോള്‍ അവനവന്റെ ശവമടക്ക് ആര്‍ക്കാണിഷ്ടം എന്നൊരു ചോദ്യം വരാം. പറയാം.

ഒരു മാസം മുമ്പ് മോണിക്കാന്റി കുളിമുറിയില്‍ ഒന്ന് തെന്നി വീണിരുന്നു. പ്രായമായവര്‍ വീണാല്‍ സൂക്ഷിക്കണം, കിടപ്പും തുടര്‍ന്നുള്ള മരണവും  എപ്പഴെത്തീന്ന്  ചോദിച്ചാല്‍ മതി. വീടുകളിലെ കുളിമുറികള്‍ ടൈലിട്ട് മിനുസപ്പെടുത്തി വെച്ചിരിക്കുന്നത്  സമയമായിട്ടും അങ്ങേ ലോകത്തേക്ക് പോകാത്തവര്‍ക്കുള്ള ആപ്പാണെന്ന് തോന്നിയിട്ടുണ്ട്. ഞാനിത് പറയാന്‍ കാരണമുണ്ട്. ഞങ്ങളുടെ കുടുംബത്തില്‍ത്തന്നെ വേറെയും രണ്ട് പേര്‍ കുളിമുറിയില്‍ തെന്നി വീണ് കിടപ്പിലായി മരിച്ചിട്ടുണ്ട്. അത് ഓര്‍മ്മിപ്പിച്ചപ്പോള്‍ 'വായടക്കടീ..അസത്തെ...'ന്നും പറഞ്ഞ് പപ്പയും മമ്മിയും എന്റെ നേരെയൊരു ചാട്ടം. കാരണം ആന്റിക്ക് എഴുപതായിട്ടേയുള്ളൂ.

'കുളിമുറിയല്ല പ്രശ്‌നം. വീഴ്ചയാണ്.  ആരോഗ്യം കുറയുമ്പോള്‍ മനുഷ്യര്‍ വീഴും. അത് നടയിറങ്ങുമ്പോഴോ കുളിമുറിയിലോ മറ്റെവിടെയുമാകാം. അതിന് ടൈലിട്ടതിനെ പറഞ്ഞിട്ട് കാര്യമുണ്ടോ....?'

സച്ചിയുടെ ചോദ്യം. 

എന്തായാലും ഇടുപ്പെല്ലൊടിച്ച ആ വീഴ്ച്ച ഊര്‍ജ്വസ്വലയായിരുന്ന ആന്റിയെ കിടത്തിക്കളഞ്ഞു. ഓപ്പറേഷനും മരുന്നും ഒന്നും ആ വീഴ്ച്ചയെ താങ്ങിയില്ല. ആള് പോയി. 

മോണിക്കാന്റി  എഴുപതു വയസ്സിലും സുന്ദരി, അവിവാഹിത. ഏറ്റവും ഇളയവനായ പപ്പയടക്കം അഞ്ചു പേരുടെ മൂത്ത ചേച്ചി. മൂത്തവള്‍ എന്ന സ്ഥാനമാണ് ആന്റിക്ക്  ജീവിതത്തില്‍ വിനയായത്.  

മദ്രാസിലെ സ്റ്റെല്ലാ മാരിസിലാണ് വെല്യപ്പച്ചന്‍ ആന്റിയെ ഡിഗ്രി പഠിപ്പിച്ചത്. അവിടെവെച്ച് പഠിപ്പിനൊപ്പം കക്ഷി നല്ലൊരു പ്രണയിനിയുമായി. കോളേജിന്റെ തൊട്ടടുത്ത  ബാങ്കിലെ കാഞ്ചീപുരംകാരന്‍ മുത്തുവേലുമായി കടുത്ത പ്രണയം. ആന്റിയുടെ പഠിത്തം കഴിഞ്ഞ വര്‍ഷം മുത്തുവേല്‍ അപ്പാ അമ്മവേ കൂട്ടി ഇവിടെ കല്യാണമുറപ്പിക്കാന്‍ വന്നുകളഞ്ഞു. നോക്കണേ, അന്നത്തെ കാലം, ഒരു തമിഴ് പയ്യന്‍ അങ്ങു കാഞ്ചീപുരത്തു നിന്ന് എറണാകുളത്തെ ഒരു നസ്രാണി വീട്ടില്‍ പെണ്ണുചോദിച്ചു വന്നെങ്കില്‍ ആ പ്രണയമെത്ര തീവ്രമെന്ന്. 

സ്വീകരണ മുറിയിലെ പട്ടുചേലയുടെ തിളക്കവും ജമന്തിമുല്ലപ്പൂ സുഗന്ധവും കളഭസിന്ദൂര കാഴ്ച്ചയും  കണ്ട് വെല്യപ്പച്ചനും വെല്യമ്മച്ചിയും അന്തംവിട്ടു. നിങ്ങളുടെ മകളെ തിരുമണം ചെയ്തില്ലെങ്കില്‍ മകന്‍ ജീവിച്ചിരിക്കില്ല എന്നൊക്കെ അവര്‍ തമിഴില്‍ പേശിയത് വെല്യപ്പച്ചന് മനസ്സിലായോ ആവോ...? പക്ഷേ, മകള്‍ ഒരു തമിഴന്റെ കൂടെ ഇറങ്ങിപ്പോകും എന്നദ്ദേഹത്തിന് മനസ്സിലായി. 


വെല്യപ്പച്ചന്‍ മോണിക്കാന്റിയുടെ അഞ്ച് ഇളയത്തുങ്ങളെ  തമിഴരുടെ മുന്നില്‍ നിരത്തി നിര്‍ത്തി.  തൊട്ടുതാഴെയുള്ള ഫിലാന്റി, ലൂസിയാന്റി, അഗസ്റ്റിനങ്കിള്‍, ആനിയാന്റി ഒടുവില്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ പപ്പ. എന്നിട്ട് മോണിക്കാന്റിയെ വിളിച്ചു. കൂസലില്ലാതെ ആന്റി സ്വീകരണ മുറിയിലേക്ക്  ചെന്നു. 

'നീ..ഈ തമിഴനെ കെട്ടിപ്പോയാല്‍ ഈ ബാക്കിയുള്ളതുങ്ങളെ ഞാനെന്ത് ചെയ്യണം....? അത് പറഞ്ഞിട്ട് ഇപ്പൊ പൊക്കോളണം ഇവരുടെ കൂടെ.'

ഇപ്പൊ കൊണ്ടു പോകാനല്ലെന്നും ആലോചനക്ക് വന്നതാണെന്നും ക്ഷമപണത്തോടെയുള്ള തമിഴ് പേച്ചിനെ കടുപ്പമുള്ള ഒരൊറ്റ മൂളലില്‍ വെല്യപ്പച്ചന്‍ തടഞ്ഞു. 

താഴെയുള്ള മക്കളെ ചൂണ്ടി വെല്യപ്പച്ചന്‍ ചോദ്യം കടുപ്പിച്ചു. മോണിക്കാന്റി  പതറിപ്പോയി. മിണ്ടാതെ മുഖം കുനിച്ച് കുറച്ചു നേരം നിന്നു. ഒടുവില്‍ തലയുയര്‍ത്തി. പിന്നെ, 'മുത്തു പൊയ്‌ക്കോളൂ'-എന്ന് പറഞ്ഞ് തിരിഞ്ഞു നടന്നു.

വല്യപ്പച്ചന്‍ വന്നവരെ വിളിച്ച ചെവിപൊട്ടുന്ന ചീത്ത മോണിക്കാന്റി  കേട്ടില്ല. മുറിക്കുള്ളിലിരുന്ന്  മുറ്റത്തെ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു പോകുന്ന ശബ്ദം മാത്രം കേട്ടു. 

വീട്ടിലാരും പിന്നീടാ വിഷയം സംസാരിച്ചില്ല. ആന്റിയുടെ എതിര്‍പ്പിനെ വകവെക്കാതെ പിറ്റേക്കൊല്ലം തൃശൂരില്‍ നിന്ന് പെണ്ണു കാണാന്‍ വന്ന ഓട്ടുകമ്പനിക്കാരന്‍ ചെറുക്കനോട് മോണിക്കാന്റി തന്റെ തകര്‍ന്ന പ്രണയ കഥ  പറഞ്ഞു. അതോടെ ആന്റിയുടെ കല്യാണാലോചനകള്‍ക്കും തീര്‍പ്പായി. 

'എങ്കില്‍ നീ മഠത്തില്‍ പോ... മോണിക്കേ. ഫിലയെ കെട്ടിക്കണ്ടേ...? അവള്‍ക്ക് ആലോചന വരുമ്പോള്‍ ഞങ്ങളെന്ത്  ചെയ്യും..? അവള്‍ക്ക് രണ്ട് വയസ്സിന്റെ എളപ്പേയുള്ളു എന്നോര്‍മ്മ വേണം.'

അത്താഴ മേശയില്‍ ഇരുന്ന വെല്യമ്മച്ചിക്ക് ദേഷ്യവും നിസ്സഹായതയും ഒരുമിച്ചായി. ഫിലാന്റി പ്രതീക്ഷയോടെ മോണിക്കാന്റിയെ നോക്കി. കഞ്ഞി കുടിച്ചു കൊണ്ടിരുന്ന ആന്റി തലയുയര്‍ത്തി.

'മഠത്തിലോ.. ഞാനോ..അമ്മക്ക് വേണേല്‍ അമ്മ പോയി ചേര്.'

'ഉവ്വടീ... കേട്ട്യോനും അഞ്ചാറു മക്കളുമുള്ള ഞാനല്ലേ മഠത്തില്‍ പോകണ്ടത്..?കന്യാസ്രീ മഠമേ, കന്യകമാര്‍ക്കുള്ളതാ..'

'ആണല്ലോ..? എങ്കില്‍ എനിക്കുമവിടം പറ്റില്ല.'

ആന്റി പഴയ പോലെ കഞ്ഞികുടി തുടര്‍ന്നു. അപ്പനുമമ്മയും മുതിര്‍ന്ന സഹോദരങ്ങളും തമ്മില്‍ത്തമ്മില്‍ നോക്കി. അങ്ങനെ കല്യാണക്കാര്യം പറഞ്ഞു  ചോദ്യം ചെയ്യപ്പെടേണ്ടവള്‍ എന്ന ലേബല്‍ മോണിക്കാന്റി എടുത്തു മാറ്റി.

ഫിലാന്റിയുടെ കല്യാണത്തിനും മുമ്പേ കോട്ടയത്തൊരു സ്‌കൂളില്‍ ജോലിയുമായി മോണിക്കാന്റി വീട്ടില്‍ നിന്നും രക്ഷപ്പെട്ടു. അവിടെ ആന്റിക്ക് ഒത്തൊരു കൂട്ടുകാരിയെയും കിട്ടി. സംശയരോഗിയായ ഭര്‍ത്താവില്‍ നിന്നും വിവാഹത്തിന്റെ പിറ്റേക്കൊല്ലം രക്ഷപ്പെട്ട ജാനകി ടീച്ചര്‍. സ്വതന്ത്രരായ ആ രണ്ട് ഉദ്യോഗസ്ഥപ്പെണ്ണുങ്ങള്‍ ഒഴിവ് ദിനങ്ങളില്‍  കറങ്ങി നടന്നും സിനിമ കണ്ടും ജീവിതം ആഘോഷമാക്കി. കെട്ട്യോന്‍ ഉപേക്ഷിച്ച ആ ടീച്ചറാണ് മോണിക്കയെ വഷളാക്കിയെന്ന് ഞങ്ങളുടെ വീട്ടുകാരും കല്യാണം കഴിക്കാത്ത ആ ധിക്കാരി ടീച്ചര്‍ ഞങ്ങളുടെ പെണ്ണിനെ വഴി തെറ്റിച്ചെന്ന് ജാനകിയാന്റിയുടെ വീട്ടുകാരും അടക്കം പറഞ്ഞ് അരിശം തീര്‍ത്തു. 

കൊല്ലങ്ങള്‍ കഴിഞ്ഞ് അഗസ്റ്റിനങ്കിള്‍ അമേരിക്കയില്‍ നിന്ന് മദാമ്മയാന്റിയെ കൂട്ടി വീട്ടില്‍ വന്ന ദിവസം 'പൊറുക്കടീ...കൊച്ചേ..'ന്ന് പറഞ്ഞു വല്യമ്മച്ചി ആന്റിയെ കെട്ടിപ്പിടിച്ചു കരഞ്ഞു. 

അതാണ് കാലത്തിന്റെ വലിയ കുഴപ്പം. ശരിതെറ്റുകളെ തോന്നിയ പോലെ മാറ്റിമറിച്ചു കൊണ്ടിരിക്കും. അതിനിടെ നിലവിട്ട ജീവിതങ്ങളെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അതിന്റെ സഞ്ചാരം തുടരുകയും ചെയ്യും.

ആന്റി ഔട്ട് ഹൗസിലുള്ളപ്പോഴൊക്കെ എന്റെയും വാസം അവിടെ. ആന്റിക്കായി  വെല്യപ്പച്ചന്‍ തറവാട് വീടിനടുത്തു പണിത കൊച്ചൊരു വീടാണത്. ചില അവധിക്കാലങ്ങളില്‍ ഔട്ട്ഹൗസില്‍ ജാനാകിയാന്റിയുമുണ്ടാകും. ഇടക്ക്  മോണിക്കാന്റിയും ഞാനും ജാനാകിയാന്റിയുടെ കൊല്ലത്തും.

രണ്ടു പേരുടെയും റിട്ടയര്‍മെന്റും അടുത്തടുത്തായിരുന്നു. റിട്ടയര്‍ ചെയ്തതോടെ മോണിക്കാന്റി മുടി കഴുത്തിനൊപ്പം ക്രോപ്പ് ചെയ്ത് ഒന്നൂടെ സ്‌റ്റൈലിഷായി. ഒത്തു കൂടലുകളില്‍ നേര്‍മ്മയില്‍ ലിപ്സ്റ്റിക്കുമിട്ട്  ഇളംനിറത്തിലെ സില്‍ക്ക് സാരികളില്‍ ഞങ്ങള്‍ ന്യൂജെന്‍സിനെ പോലും നിഷ്പ്രഭരാക്കി. ആന്റി അങ്ങനെയാണ്. പ്രായത്തിനൊത്ത് കാലത്തോട് ചേര്‍ന്ന് നടക്കും. 

'പേറും പെറപ്പുമൊന്നും ഇല്ലാഞ്ഞിട്ടാ...'

 വര്‍ഷാവര്‍ഷം ദുര്‍മ്മേദസ്സ് അധികരിക്കുന്ന മറ്റാന്റിമാര്‍ അസൂയപ്പെട്ടു. 

റിട്ടയര്‍ ചെയ്തതിന്റെ പിറ്റേ വര്‍ഷമാണ് ജാനകിയാന്റി മരിച്ചത്. ക്യാന്‍സറിന്റെ ഞണ്ടിന്‍ കാലുകള്‍ പ്രിയ കൂട്ടുകാരിയെ വേദനിപ്പിച്ച ആ നാളുകളില്‍ മോണിക്കാന്റി കൂടെ നിന്നു ശുശ്രൂഷിച്ചു. ശവദാഹം കഴിഞ്ഞു വീട്ടിലെത്തിയ ആന്റി, ഒന്നു തീരുമാനിച്ചു. മരണശേഷം തന്നെയും ദഹിപ്പിച്ചാല്‍ മതി. അത് മുദ്രപ്പത്രത്തില്‍ എഴുതി രേഖയുമാക്കി. അടുത്ത പള്ളിപ്പെരുന്നാളിന് കൂടപ്പിറപ്പുകള്‍ ഒത്തുകൂടിയ നേരം അതവരെ പറഞ്ഞു കേള്‍പ്പിച്ചു. 

'എന്റെ മോണിക്കേച്ചി....ഇതൊക്കെ നടക്കുന്ന കാര്യങ്ങളാണോ...?' 

മുദ്രപ്പത്രം കണ്ടവര്‍ അന്തംവിട്ടു.

'എന്താ നടത്തിയാല്..?'

മണ്ണിനടിയില്‍ കിടന്ന് പുഴൂം കീടങ്ങളും തിന്നുന്നതിലും ഭേദം അതാണ്. എനിക്കത് മതി. ജാനകി ചാരമാകുന്നത്  ഞാന്‍ നോക്കിക്കണ്ടതാണ്. ഒരൊറ്റ രാത്രി. എത്ര അന്തസ്സോടെയാണ് അവള്‍ ചാരപ്പൊടിയായത്.'

'മോണിക്കേച്ചി...അത്  ഹിന്ദുക്കള്‍ക്ക്. അവരുടെ മോക്ഷം അങ്ങനെ. നമുക്കങ്ങനെയാണോ...? അന്ത്യ വിധിയില്‍ ശവകുടീരങ്ങള്‍ തുറക്കപ്പെടുമ്പോള്‍ ഉയിര്‍ക്കണമെങ്കില്‍  ശരീരം കല്ലറയില്‍ അടക്കണ്ടേ..?'

എല്ലാവരുടെയും ചോദ്യം കോറസ്സായി. 

'ഓ.. എന്റെ രക്ഷയോര്‍ത്തു നിങ്ങളാരും വ്യാകുലപ്പെടേണ്ട. ജീവിച്ചിരിക്കുമ്പോള്‍ ചെയ്യുന്ന പ്രവൃത്തിയിലാണ് മോക്ഷം. 

എന്റെ കാര്യത്തില്‍ ദഹനം. അതു മതി. ഒരാള്‍ മരിച്ചാല്‍ മൈക്കും വെച്ചു കെട്ടി ആളെക്കൂട്ടി പാട്ടു പാടുകയല്ല, വേണ്ടപ്പെട്ടവര്‍ കണ്ടുകഴിഞ്ഞാല്‍ എത്രയും വേഗം സംസ്‌കരിക്കുകയാണ് ചെയ്യേണ്ടത്. എനിക്കതും അങ്ങനെ മതി.'  

' പണ്ട് തമിഴനെ കെട്ടാന്‍ പറ്റാഞ്ഞതിന് കണക്കു പറയിപ്പിക്കണതാ..'

മമ്മിയും ലൂസിയാന്റിയും ചേര്‍ന്ന്  കുശുകുശുത്തു. 

മോണിക്കാന്റിയുടെ ശരീരം ആശുപത്രിയില്‍ നിന്നും നേരെ തറവാട്ടിലേക്കാണു കൊണ്ടുവന്നത്. ചില്ലുകൂടിനുള്ളില്‍, വെള്ളപ്പൂക്കള്‍ക്ക് നടുവില്‍ മറ്റൊരു തണുത്ത പൂവായി ആന്റി. കുറെ നേരത്തേക്ക് കാഴ്ചക്കാരും ഒപ്പീസുമൊക്കെയായി ആകെ ബഹളമായിരുന്നു. പപ്പയും മമ്മിയും മുറിയില്‍  സംസാരിക്കുന്നിടത്തേക്ക് ഞാന്‍ ചെന്നു.

'പപ്പാ... ആന്റി പറഞ്ഞിട്ടുണ്ടല്ലോ ആന്റിക്ക് അടക്കു വേണ്ട, ദഹിപ്പിക്കുന്നതാണിഷ്ടമെന്ന്.  ആ കടലാസ് എന്നെയേല്‍പ്പിച്ചിട്ടുണ്ട്.'

'എടീ....മിണ്ടാതിരുന്നോളണം. ഈ നേരത്ത് ഓരോന്ന് വിളിച്ചു പറഞ്ഞാലൊണ്ടല്ലോ...'

മമ്മി ചിതറി.

'ശ്ശ്.....പതുക്കെ...പോയി വാതിലടക്കടീ.'

പപ്പ ശബ്ദമില്ലാതലറി. മമ്മി പേടിച്ചു വാതിലടച്ചു.

'ജീവിച്ചിരുന്നപ്പോഴേ കുടുംബത്തിന്  സൈ്വര്യം തരില്ലായിരുന്നു. വിചിത്രമായി എന്തെങ്കിലും എപ്പോഴും എഴുന്നള്ളിക്കും. ഇപ്പോ ദേ.. മരിപ്പിലും. മുദ്രപ്പത്രവും പൊക്കിക്കൊണ്ട് വരാന്‍ ഒരുത്തിയും...ശരിയാക്കി കളയും ഞാന്‍.'

അടിക്കാനോങ്ങി പപ്പ പാഞ്ഞു വന്നു. ഞാന്‍ കിടുങ്ങിപ്പോയി. മുതിര്‍ന്ന ശേഷം ആദ്യമായാണ് പപ്പ എന്റെ നേരെ കൈയ്യോങ്ങുന്നത്. 

രക്ഷയില്ലെന്നെനിക്ക് മനസ്സിലായി.  മിണ്ടാതെ വാതില്‍ തുറന്ന് ആന്റിയുടെ അരികില്‍ പോയിരുന്നു. ചുറ്റും ബന്ധുക്കള്‍, നാട്ടുകാര്‍, മരണപ്പാട്ട്.  ജീവിതത്തിലും മരണത്തിലും ആന്റി തോറ്റു പോകുന്നത് എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല. ഇതെങ്ങനെ പരിഹരിക്കും...?

കണ്ണു നിറഞ്ഞൊഴുകുന്നതിനിടെ കാഴ്ച്ചക്കാരുടെ കൂട്ടത്തില്‍ സച്ചിയെയും കണ്ടു.

അതേ സച്ചി, അവന് മാത്രമേ എന്നെ സഹായിക്കാനാവൂ. കാര്യം പറഞ്ഞൊരു മെസേജ് ഇട്ടു. കൂടെ ആന്റിയുടെ മുദ്രപ്പത്രത്തിന്റെ ചിത്രവും.

നേരമേറെ കഴിഞ്ഞിട്ടും ഒരു മറുപടിയുമില്ല. ഇടക്കിടെ ബാത്‌റൂമില്‍ പോകുന്ന ഭാവത്തില്‍ മുറിയില്‍ പോയി ഫോണ്‍ നോക്കികൊണ്ടിരുന്നു. ഒടുവില്‍ വന്നു മറുപടി.

'ശരിയാക്കാം. വിഷമിക്കേണ്ട.'

സംശയിച്ചു നോക്കുന്ന എമോജിക്ക് മറുപടിയായി  'കൂള്‍'  എന്ന അവന്റെ മറുപടിയില്‍ വിശ്വസിച്ചാണ്  മനസ്സൊന്ന് അടങ്ങിയത്. എന്നാലും എങ്ങനെ...?

പിറ്റേന്ന് പ്രാര്‍ത്ഥനക്ക് ശേഷം ആന്റിയെ പള്ളിയിലേക്ക് കൊണ്ടുപോകാന്‍  ആംബുലന്‍സില്‍ വെച്ചപ്പോഴും കുത്തിയൊഴുകുന്ന സങ്കടത്തിന് മേലെ സച്ചിയുടെ  മെസേജ് മനസ്സില്‍ ചോദ്യചിഹ്നമായി മനസ്സിലിരുന്നു വിലങ്ങി.

അടക്കു കഴിഞ്ഞു കുടുംബക്കല്ലറ  സ്ലാബിട്ടു, മീതെ പൂച്ചെണ്ടുകള്‍ അടുക്കി, മെഴുകുതിരിയും കത്തിച്ചു വെച്ചു വീട്ടിലെത്തിയപ്പോള്‍ ഉച്ചയായി. ഫോണ്‍ നോക്കിയപ്പോള്‍ സച്ചിയുടെ വക കുറെ ഫോട്ടോസ്. അടക്ക് ഫോട്ടോസ് ആയിരിക്കും. അവന്‍ അടക്കിനുണ്ടായിരുന്നോ...? ചിത്രങ്ങള്‍ കറങ്ങി തിരിഞ്ഞു തുറന്നപ്പോള്‍ കുറച്ചു സിമന്റ്, സിമന്റ് ചട്ടി, കമ്പിപ്പാര, ഒരു പുത്തന്‍ പിക്കപ്പുവാന്‍. 

'ഇതൊക്കെ....?'

അറിയാതെ ഉറക്കെപ്പറഞ്ഞു പോയി.

ഉടന്‍ തന്നെ മുറിയില്‍ കയറി അവനെ വിളിച്ചു.

'എല്ലാം ഏര്‍പ്പാടാക്കി. രാത്രി ഒരുമണിക്ക് സ്‌ളാബ് ഇളക്കി പെട്ടിക്ക് മേലേയുള്ള ചെറിയ ലെയര്‍ മണല് മാറ്റി ബോഡി എടുത്ത് നേരേ ശ്മശാനത്തിലേക്ക്. മൂന്ന്, നാല് മണിക്കൂര്‍ മതി. തിരിച്ചു ചാരം കല്ലറയില്‍ വെക്കുന്നു. സ്ലാബും അതിന്റെ മേലുള്ള പൂച്ചെണ്ടുകളും നേരം വെളുക്കുമ്പോള്‍ പഴയപടി.'

'ദൈവമേ... ആരെങ്കിലും അറിഞ്ഞാല്‍ എന്താ  സംഭവിക്കുമെന്ന ബോധമുണ്ടോ സച്ചീ...? എനിക്കിതൊന്നും താങ്ങാന്‍ വയ്യ.'

'ഒന്നുമുണ്ടാവില്ല നീനേ.. എല്ലാം കൃത്യമായി ഏര്‍പ്പാടാക്കിയിട്ടുണ്ട്. ശ്മശാനത്തിന്റെ ഇക്കൊല്ലത്തെ കോണ്‍ട്രാക്റ്റ്  എനിക്കറിയാവുന്ന കക്ഷിക്കാണ്. അയാളെ ആ മുദ്രപ്പത്രം കാണിച്ചു കുറച്ചു ചില്ലറയില്‍ അതും പരിഹരിച്ചു. നീ പേടിക്കാതിരി.' 

നെഞ്ചിനുള്ളില്‍ ഒരു തീ ഗോളം പാഞ്ഞോടി നടക്കുന്നു. എങ്ങാനും ഇത് ലീക്കായാല്‍... പോലീസ്, ചാനലുകള്‍, പത്രങ്ങള്‍... സിമിത്തേരിയുടെ ഇരിപ്പ് പള്ളിയില്‍ നിന്നും ഒറ്റപ്പെട്ടാണ്. അവിടെ ക്യാമറയില്ല എന്നതാണ് ഏക ആശ്വാസം. 

വീടിനുള്ളില്‍ അങ്കിള്‍മാരും ആന്റിമാരും മക്കളും. ഒരു മരണ വീടിന് ചേരാത്ത അവരുടെ വര്‍ത്തമാന കൂട്ടത്തിന് മുഖം കൊടുക്കാതെ പൊട്ടിപ്പൊളിയുന്ന തലവേദനയെ കൂട്ടുപിടിച്ച് മുകളിലെ മുറിയിലേക്ക് പോയി. വേണ്ട, ഒന്നും വേണ്ട. ഇതിപ്പോത്തന്നെ നിര്‍ത്തിച്ചേക്കാം. 

'സച്ചീ... ആന്റിയുടെ ആഗ്രഹം ഞാന്‍ പപ്പയെ ഓര്‍മ്മിപ്പിച്ചു. നമ്മള്‍ ഇത്രയും വലിയ റിസ്‌ക് എടുക്കണം എന്ന് ആന്റി ഒരിക്കലും ആഗ്രഹിക്കില്ല.'

'നീ ഒട്ടും പേടിക്കണ്ട. നിന്റെ ലൂസിയാന്റിയുടെ  മോന്‍ എല്‍ബിനുണ്ട് കൂടെ. സഹായത്തിന് ഞങ്ങളുടെ രണ്ട് ഫ്രണ്ട്‌സും. എല്ലാം പരമ രഹസ്യമായിരിക്കും.'

അവന്‍, എല്‍ബിന്‍ താഴത്തെ വര്‍ത്തമാന കൂട്ടത്തിലുണ്ട്. അവര് രണ്ടും ഫ്രണ്ട്‌സാണെന്നും അറിയാം. എന്നാലും ഒന്നും അറിയാത്ത പോലെ. പഠിച്ച കള്ളന്‍ തന്നെ.  രാത്രി  പന്ത്രണ്ട് മണി കഴിഞ്ഞപ്പോള്‍ സച്ചി ഒന്നൂടെ വിളിച്ചു.

'ഇനി ഇടക്ക് വിളിച്ചേക്കരുത്. എല്ലാം ഓക്കെയാണ്. ഇനിയെല്ലാം കഴിഞ്ഞിട്ട്. ആ കല്ലറയുടെ ഫോട്ടോ അത്യാവശ്യമായി വേണം. എല്ലാം പഴയത് പോലെതന്നെ വെക്കേണ്ടേ.'

'സച്ചീ....എനിക്കൊരു കാര്യം പറയാനുണ്ട്.'

ഏതോ ഉള്‍വിളി പോലെ ഞാന്‍ തുടര്‍ന്നു.

'വേഗം പറ. സമയമില്ല.'

'ആന്റിയെ എടുത്ത ഉടനെ സ്ലാബ് സിമന്റിട്ട് പഴയ പോലെ വെച്ചോ. ആഷ് എനിക്ക് ബീച്ചില്‍ കൊണ്ടുപോയൊഴുക്കണം.'

'ബീച്ചിലോ...? അത് വേണോ..?'

'വേണം. അത് തന്നെ വേണം.'

മോണിക്കാന്റിയുമായി ഔട്ട് ഹൗസിലുറങ്ങിയ രാത്രിയില്‍ ഒരിക്കല്‍ ആന്റിയുടെ പ്രേമം ആദ്യമായും അവസാനമായും ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്.

'ആ ആളെ പിന്നെ ഒരിക്കലും കണ്ടില്ലേ ആന്റി..?'

'അതിന് ശേഷം മരിച്ചു കളഞ്ഞോ, വേറെ കല്യാണം കഴിഞ്ഞു ജീവിച്ചോ, എന്നൊന്നും ഞാന്‍ അന്വേഷിച്ചില്ല. എല്ലാം അന്നത്തോടെ അവസാനിച്ചു. പണ്ടത്തെ കാലമല്ലേ. ഇന്നത്തെ പോലെ ഫേസ്ബുക്കും  വാട്സ്ആപ്പുമൊക്കെ ഉണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍..'

'അതൊക്കെ ഇപ്പോഴുണ്ടല്ലോ, ആന്റി...

 ആ പേരും ഇനിഷ്യലും ഒന്ന് പറഞ്ഞേ, നമുക്ക് ഇന്‍സ്റ്റയിലും എഫ്ബിയിലും ഒരു സെര്‍ച്ചു നടത്താം.'

ഞാന്‍ ചാടിയെഴുന്നേറ്റു ഫോണ്‍ കയ്യിലെടുത്തു. ആന്റി ബെഡ് ലൈറ്റ് ഇട്ട് എഴുന്നേറ്റിരുന്നു. 

'നീന, കഴിഞ്ഞത് കഴിഞ്ഞു. ഇനി ഒന്നുമില്ല. ഇനിയുള്ളത്  ഞങ്ങളുടെ രണ്ടു പേരുടെയും മരണ ശേഷം. ആര് മുന്‍പിന്‍ മരിച്ചാലും. അപ്പോഴാണ് എന്റെ മോക്ഷം.'

ലൈറ്റണച്ച ആന്റി ഉറങ്ങാന്‍ കിടന്നു. ഉറങ്ങാതെ കിടന്ന എന്റെ അരികില്‍  പ്രണയത്തിന്റെ പുതിയ നിര്‍വചനമായി ആന്റിയുടെ ശാന്തമായ കൂര്‍ക്കം വലി ശബ്ദം. 

വെളുപ്പിന് സച്ചിയുടെ മെസേജ്. എല്ലാം ഭംഗിയായി കഴിഞ്ഞു. സിമിത്തേരി പുതുക്കിപ്പണിയാന്‍ പിന്നിലെ മതില്‍ പൊട്ടിച്ചിട്ടിട്ട് സിമന്റും മണലും ഇറക്കിയ പള്ളിക്കാര്‍ക്ക് അവനൊരു സ്തുതിയും ചൊല്ലി. അങ്ങോട്ടുള്ള ഇടവഴിക്കും. 

'ആഷ് എന്റെ മുറിയില്‍ ഉണ്ട്. ഉച്ചയ്ക്ക് ബീച്ചില്‍ ആള് കുറവായിരിക്കും അത് കണക്കാക്കി ഇങ്ങു വാ..'

രാവിലെ  ഒട്ടുമുറങ്ങാത്ത ഒരു രാത്രിയുടെ സംഘര്‍ഷം ഉലച്ച ശരീരവുമായി പേടിച്ചു പേടിച്ചാണ് സിമിത്തേരിയില്‍ എത്തിയത്. ആരെങ്കിലും കണ്ടുപിടിക്കുമോ..? നെഞ്ചു പടപാടാ മിടിക്കുന്നത് പുറത്തു കേള്‍ക്കുമെന്നു തോന്നി. കല്ലറയില്‍ ആന്റിമാരും കൂട്ടരും മെഴുകുതിരി കത്തിക്കുന്നതിനിടെ ഫോണിലെ ഫോട്ടോ എടുത്തു ചെക്കുചെയ്തു. ഇല്ല ഒരു മാറ്റവുമില്ല. സ്ലാബിന്റെ നടുവില്‍ പഴയ പോലെ തന്നെ സെന്റ് ജോസഫ് വാര്‍ഡ് എന്നെഴുതിയ പൂച്ചെണ്ട്, അരികിലെ മറ്റു ചെണ്ടുകള്‍, ഒന്നു പോലും സ്ഥാനം മാറിയിട്ടില്ല. ആശ്വാസത്തോടെ ഒപ്പീസില്‍ പങ്കു കൊണ്ടു. അന്ത്യനാളില്‍ കല്ലറ തുറന്നു എല്ലാ മരിച്ചവര്‍ക്കുമൊപ്പം ആന്റിയും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ പ്രാര്‍ത്ഥിച്ചു. എല്‍ബിനെ അവിടെയെങ്ങും കണ്ടില്ല. ഒരു രാത്രിയുടെ ഉറക്കം ബാക്കിയുണ്ടല്ലോ അവനും. 

പതിനൊന്നു മണി കഴിഞ്ഞു സച്ചിയുടെ മുറിയിലെത്തിയപ്പോള്‍. എല്‍ബിനുമുണ്ടവിടെ. മേശപ്പുറത്ത്  ഇടത്തരം വലിപ്പമുള്ള ഒരു കാര്‍ഡ് ബോഡ് പെട്ടി. അടുത്തു ചെന്ന്  തൊട്ടുനോക്കി. ഇളം ചൂടുണ്ടോ..

ബീച്ചിലെ ആളൊഴിഞ്ഞ ഇടം തേടി ഞാനും സച്ചിയും എല്‍ബിനും ചേര്‍ന്നാണ് മുട്ടിന് മേല്‍ വെള്ളത്തില്‍ നിന്ന്, പെട്ടി തുറന്ന്  ആന്റിയെ തിരയിലേക്ക് വെച്ചത്. കുറച്ചു ചാരം തിരകള്‍ക്കൊപ്പം കടലിലേക്ക് പോയി. അടുത്തൊരു കൂറ്റന്‍ തിരയില്‍ ആ പെട്ടിയും.  ഒരു ശരീരം മുഴുവനും എരിഞ്ഞു തീര്‍ന്ന ആ ചാരത്തിന്റെ ഒരു തന്മാത്രയെങ്കിലും കാഞ്ചിപുരത്ത് മരിച്ചതോ മരിക്കാനിരിക്കുന്നതോ ആയ ഒരു ജീവന്റെ, പുഴയിലോ നദിയിലോ കടലില്‍ തന്നെയോ  ഒഴുക്കിയ ചാരവുമായി എന്നെങ്കിലും സംഗമിക്കാതിരിക്കില്ല. അന്നാണ് ആ ജന്മത്തിന്റെ,  അന്‍പതു കൊല്ലം മുമ്പ് കൈവിട്ടുപോയ ഒരു വലിയൊരു കാത്തിരിപ്പിന്റെ മോക്ഷം. രണ്ട് ദിവസത്തെ എന്റെ വിഹ്വലതകള്‍ കണ്ണിലൂടെ കടലായി ഒഴുകി. 

പിന്നോട്ട് നടന്ന ഞാന്‍ കുറച്ചു നേരം കടലിനെ ആദ്യമായി കാണുന്ന പോലെ നോക്കി നിന്നു. മുന്നില്‍ വലിയൊരു ദൗത്യം ഏറ്റെടുത്ത കടല്‍. 

കാലില്‍ വന്ന് തട്ടുന്ന തിരകളില്‍ ഞാന്‍ സൂക്ഷിച്ചു നോക്കികൊണ്ടിരുന്നു. ഇല്ല ഒന്നുമില്ല. തിരിച്ചുവരില്ല. പ്രണയനിക്ഷേപവുമായി തിരകള്‍ യാത്രയാരംഭിച്ചു കഴിഞ്ഞിരുന്നു.

എല്ലാ നദികളും പുഴകളും കടലിലേക്കാണ്.

ലോകത്തില്‍ ഒരേയൊരു കടലേയുള്ളൂ. അതിനെ അറബിക്കടല്‍  ബംഗാള്‍ ഉള്‍ക്കടല്‍ എന്നൊക്കെ സൗകര്യാര്‍ത്ഥം നമ്മള്‍ വിളിക്കുന്നതാണ്. അതുപോലെതന്നെ ജീവിതാഭിലാഷങ്ങളില്‍ ഓരോ മനുഷ്യ ജന്മവും  പേറുന്ന കടല്‍. അതിങ്ങിനെ നിറഞ്ഞും നിറയാതെയും...

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Latest Videos
Follow Us:
Download App:
  • android
  • ios