Malayalam Short Story : ഒരു ലെസ്ബിയന്‍ കുമ്പസാരം, രേഷ്മ കൃഷ്ണകുമാര്‍ എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. രേഷ്മ കൃഷ്ണകുമാര്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
07/11/2021, ഞായര്‍.
ബാംഗ്ലൂര്‍, സരോവര്‍ ഹോട്ടല്‍, റൂം നമ്പര്‍ 25.
വരണ്യ മനോഹറിന്റെ മടിയില്‍ തല ചായ്ച്ച് കിടക്കുമ്പോള്‍ വിശ്വം വിദ്യാസാഗറിന്റെ അവസാന വാക്കുകള്‍, വല്ലാത്തൊരു അസ്വസ്ഥത കോരി ചൊരിയുന്നപോലെ തോന്നി.
മരണത്തിന്റെ പിടിയില്‍ മുറുകി ഇല്ലാതാകും മുമ്പ് വിശ്വം എന്നെ കാണണമെന്ന് അറിയിച്ചിരുന്നു. തന്നെ മരണക്കിടക്കയില്‍ കിടത്തിയവളോട് അയാള്‍ ശബ്ദമുയര്‍ത്തിയില്ല, ദേഷ്യപ്പെട്ടില്ല, പരാതി പറഞ്ഞില്ല. തളര്‍ന്ന ഒരു ചിരി മാത്രം. കൂടെ ഒരു ചോദ്യവും.
''എന്തിനു വേണ്ടിയായിരുന്നു രേഖ ഇത്?''
ആ ചോദ്യത്തിന് എന്താണ് മറുപടി പറയേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ മൗനം പാലിച്ച് നില്‍ക്കുകയല്ലാതെ വേറെ ഒന്നിനും എനിക്ക് കഴിഞ്ഞില്ല.
''ഇനിയും ആരുടെയും... രേഖാ..''
ആ വിളിക്ക് അപ്പുറത്തേക്ക് പറയാനുള്ളത് മുഴുപ്പിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. കണ്ണുകള്‍ പാതി അടഞ്ഞു. വായ പകുതി തുറന്നിരിപ്പുണ്ടായിരുന്നു. എന്തോ പറയാന്‍ ബാക്കിയുണ്ടെന്ന ഓര്‍മപ്പെടുത്തല്‍ ആയിരുന്നു അത്.
ലോകേഷ് നാഥിന്റെ ഭാര്യയാകാന്‍ ഞാന്‍ സമ്മതം മൂളിയത് വഞ്ചനയുടെ ആദ്യപടിയിലേക്കുള്ള കാല്‍വയ്പ്പാണ് അതെന്ന് അറിഞ്ഞുകൊണ്ട് തന്നെയായിരുന്നു. മാലിദ്വീപിലെ തന്റെ കാമുകിയായ നേഴ്‌സ് സുന്ദരി അഹിജ ഭാനുവിനെ മാത്രമേ തന്റെ ഭാര്യാസ്ഥാനത്ത് അംഗീകരിക്കാന്‍ കഴിയൂ എന്നുള്ള ലോകേഷിന്റെ തുറന്നു പറച്ചില്‍ ശരിക്കും ഒരു സുരക്ഷയുടെ കവാടം പോലെ എനിക്ക് അനുഭവപ്പെട്ടു. എന്റെ സ്ഥിതിയും തുറന്നു പറയണമെന്ന് കരുതിയിരുന്നുവെങ്കിലും അവിടെ അതിന് പ്രസക്തിയില്ലാത്തതുകൊണ്ടുതന്നെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
വിവാഹത്തിന്റെ മൂന്നാം നാള്‍ നിനച്ചിരിക്കാതെ ഉണ്ടായൊരു അപകടത്തില്‍ ലോകേഷ് വിട പറഞ്ഞപ്പോള്‍ വന്നു കയറിയവളുടെ ജാതകദോഷമെന്ന് ആരൊക്കെയോ അടക്കം പറഞ്ഞപ്പോഴും അതില്‍ ഞാന്‍ ഒരു രക്ഷാമാര്‍ഗം കണ്ടെത്തി. പക്ഷെ അതിന് അല്പായുസ്സേ ഉണ്ടായിരുന്നുള്ളൂ.
മുറച്ചെറുക്കനായ വിശ്വത്തിന്റെ വിവാഹാലോചനയ്ക്ക് വിലങ്ങു തടി എന്നോണം ഈ ജാതകങ്ങള്‍ കൂട്ടി ചേര്‍ക്കരുതെന്ന് ജ്യോത്സ്യന്‍ പ്രവചിച്ചിട്ടും മൂടി വയ്ക്കാന്‍ ഉള്ളതുകൊണ്ടു തന്നെയാണ് വീട്ടുകാര്‍ എത്രയും വേഗം ആ ബന്ധം കൂട്ടി ചേര്‍ക്കാന്‍ തിടുക്കം കാട്ടിയതെന്നെനിക്ക് അറിയാമായിരുന്നു.
പ്രതിഷേധിക്കാന്‍ തന്നെ ആയിരുന്നു തീരുമാനം. ആത്മഹത്യാ ഭീഷണിക്ക് പകരം പ്രിയപ്പെട്ട ഒന്നിനെ ഇല്ലാതാക്കുമെന്നതായിരുന്നു മുന്നറിയിപ്പെങ്കിലും തളരാതെ വിശ്വത്തിനെ ചിലത് ധരിപ്പിക്കാന്‍ ശ്രമിച്ചു. ചെകുത്താനെ പോലെ വായ തുറന്നുള്ള അയാളുടെ അട്ടഹാസം എന്റെ കൊലക്കയറും കൊണ്ട് മുന്നില്‍ നില്‍ക്കുന്ന കാലനെ പോലെ തോന്നിപ്പിച്ചു.
ആദ്യരാത്രിയില്‍ ഭര്‍ത്താവിനാല്‍ പീഡിപ്പിക്കപ്പെടേണ്ടി വന്നവളുടെ പ്രതികാരം വിവാഹപിറ്റേന്ന് ടെറസില്‍ നിന്ന് കാല്‍ തെറ്റി വീണുള്ള അയാളുടെ അപകടമരണത്തില്‍ അവസാനിപ്പിച്ചു. ഒരു രീതിയിലുള്ള സംശയത്തിനും ഇടക്കൊടുക്കാതെയുള്ള രക്ഷപെടലായിരുന്നു അത്.
രണ്ടു പേരുടെ മരണം. ജാതകദോഷമുള്ള പെണ്ണ് എന്നുള്ള അടയാളം എനിക്കുമേല്‍ തെളിഞ്ഞുനിന്നു. ഒരര്‍ത്ഥത്തില്‍ ഞാന്‍ അത് ആഗ്രഹിച്ചിരുന്നു. വീട്ടുകാരുടെ ഉള്‍പ്പെടെ പലരുടെയും പിടിയില്‍ നിന്നുള്ള മോചനത്തിന്റെ ആദ്യപടിക്ക് അത്രയും മതിയായിരുന്നു. ജോലി കിട്ടി പോകുന്നുവെന്ന ഒരു വാക്കില്‍ വീടുവിട്ടിറങ്ങുമ്പോ ഇനിയെന്ത് എന്നതിന് കൃത്യമായൊരു ഉത്തരം വരണ്യയെ ഞാന്‍ അറിയിച്ചിരുന്നു.
ലോകേഷിന്റെയും വിശ്വത്തിന്റെയും കിടപ്പറയിലേക്ക് കടന്നുചെല്ലുമ്പോള്‍ ആത്മവഞ്ചനയുടെ തീക്കനല്‍ എന്നെ ചുട്ടുപൊള്ളിക്കുന്നുണ്ടായിരുന്നു. ഇന്ന് വരണ്യയുടെ വിരലുകള്‍ എന്റെ മുടിയിഴകള്‍ക്കിടയില്‍ കളിച്ചു നടക്കുമ്പോള്‍ എനിക്കറിയാം ഈ രണ്ട് ലെസ്ബിയന്‍ പെണ്‍കുട്ടികളുടെ കഥ നാളെ തിരിച്ചറിയുന്നവര്‍ വിശ്വത്തിന്റെ മരണത്തില്‍ സംശയമുന്നയിച്ചേക്കാം. പക്ഷെ ഒന്നെനിക്കുറപ്പുണ്ട്. ആത്മവഞ്ചനയെക്കാള്‍ ഭീകരമല്ല ഒരു കാരഗൃഹവും.
ഞാന്‍ ഇന്ന് സ്വതന്ത്ര്യയാണ് എന്നതിനേക്കാള്‍ എന്റെ ആത്മാവ് അതിന്റെ ആശ്വാസ മേഖലയിലേക്ക് മോക്ഷം പ്രാപിക്കുന്നു എന്ന് പറഞ്ഞവസാനിപ്പിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.
എന്ന് സ്വന്തം
രേഖ ചാന്ദിനി
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...