Malayalam Short Story : കുഞ്ഞുടല്‍ മുറിവുകള്‍, രതി രമേഷ് എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. രതി രമേഷ് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
നട്ടപ്പാതിരയാണെന്ന ഭയമൊന്നും കൂടാതെ, തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ ഓടുകയായിരുന്നു വര്‍ഷ മോള്‍. അല്ലെങ്കിലും ആകെ നനഞ്ഞവള്‍ക്ക് കുളിരില്ലല്ലോ.
ഓടിയെത്തിയത് ഏത് ദിശയിലേക്കാണെന്ന് നിശ്ചയമില്ലെങ്കിലും ഓട്ടം തുടങ്ങിയത് എന്നും സ്‌കൂള്‍ ബസില്‍ കയറിയ സ്ഥലത്ത് നിന്നായിരുന്നു എന്ന് നല്ല ബോധ്യമുണ്ടായിരുന്നു.
തെരുവ് വിളക്കുകള്‍ തെളിയാത്ത ഇടവഴിയാണ്. ഇരുട്ട് പോലും പേടിച്ചു പോകുന്നത്രയും കൂറ്റാകൂരിരുട്ട്. കണ്ണില്‍ തുളച്ച് കയറിയാല്‍ പോലും ഒന്നും കാണാന്‍ വയ്യ.
എന്തിനാണ് താന്‍ ഇങ്ങനെ കിടന്നോടുന്നത്? രക്ഷിക്കാന്‍ ആരെങ്കിലും വരുമോ?
ആവോ! എന്നാലും ഓടുക തന്നെ. ശ്യാമ ടീച്ചര്‍ പറഞ്ഞിട്ടുണ്ടല്ലോ, വര്‍ഷ മോള്‍ ഇനി സ്വയം രക്ഷിക്കാന്‍ ധൈര്യം കാട്ടണം അല്ലെങ്കില്‍ കുട്ടികളെ രക്ഷിക്കാന്‍ നിമിഷനേരം കൊണ്ട് ഓടിയെത്തുന്ന പോലീസ് മാമനെ വിളിച്ചാല്‍ മതിയെന്ന്. അന്നത്തെ സംഭവത്തിന് ശേഷം അച്ഛനും അമ്മയും ആരും ഫോണ്‍ തന്റെ കണ്‍മുന്നില്‍ ഉപയോഗിക്കുന്നത് പോലും കണ്ടിട്ടില്ല.
ഫോണ്‍ കിട്ടാത്തതിനാലാണ് ഓടിപ്പോകാമെന്ന് കരുതിയത്. ആരും രക്ഷിക്കാന്‍ എത്തിയില്ലെങ്കില്‍ ടീച്ചറിന്റെ വീട്ടിലേക്ക് പോകാമെന്നോര്‍ത്തു. സ്‌കൂളിന്റെ തൊട്ടടുത്ത വളവിലാണല്ലോ ടീച്ചറിന്റെ വീട്. തന്നെ മറന്നു പോയി കാണുമോ, ടീച്ചര്‍?
ഏയ്, അങ്ങനെ മറക്കുമോ, മോളെന്റെ എന്നത്തേയും പ്രിയപ്പെട്ട വിദ്യാര്‍ത്ഥിനിയാണ് എന്ന് എപ്പോഴും പറയുന്നതല്ലേ.
രണ്ട്
സ്‌കൂളില്‍ പോയിട്ട് തന്നെ എത്ര വര്‍ഷങ്ങള്‍ ആയി കാണും. അന്ന് പ്രിന്‍സിപ്പല്‍ അച്ഛനെ വിളിപ്പിക്കാന്‍ വേണ്ടി എഴുതി തന്ന ഡയറി നോട്ടീസ് അമ്മയുടെ കൈയ്യിലായിരുന്നു ഒപ്പിടാന്‍ കൊടുത്തത്. പാരന്റ്‌സ് ടീച്ചേഴ്‌സ് മീറ്റിംഗില്‍ അമ്മയും അച്ഛനും മുടക്കം കൂടാതെ പങ്കെടുക്കാറുണ്ടായിരുന്നു. (അന്ന് ടീച്ചര്‍മാരുടെ മുന്നില്‍ വെച്ചായിരിക്കും അവര്‍ക്ക് മോളോട് ഏറ്റവും കൂടുതല്‍ സ്‌നേഹം). പിന്നെ ഇതെന്താണ് പ്രത്യേകിച്ച് ഒരു നോട്ടീസ് എന്ന് അച്ഛന്‍ ചോദിച്ചപ്പോള്‍
'ങ്ഹാ! നിങ്ങളുടെയല്ലേ മോള് എന്തെങ്കിലും ഒപ്പിച്ചിട്ടുണ്ടാകും' എന്ന ഉത്തരമായിരുന്നു അമ്മയുടെ നാവില്‍ നിന്നും വീണത്.
അല്ലെങ്കിലും താന്‍ അച്ഛന്റെ മാത്രം മോളാണല്ലോ; അമ്മ എന്ന് വിളിക്കുന്നത് തന്നെ അവര്‍ക്ക് ഇഷ്ടമല്ല. 'നീ തന്നെയാണ് എന്റെ ആദ്യത്തെ കണ്‍മണി' എന്ന് മറ്റുള്ളവരുടെ മുന്നില്‍ നാട്യങ്ങളോടു കൂടി ചൊല്ലിയിരുന്നു അവര്‍. എന്നാല്‍, ആരുമില്ലാത്തപ്പോള്‍, 'ഞാന്‍ നിന്നെ പ്രസവിച്ചിട്ടൊന്നുമില്ലല്ലോ പെണ്ണേ; പിന്നെന്തിനാ നീ എന്നെ അമ്മ എന്ന് വിളിക്കുന്നത്?' എന്ന കുത്തുവാക്കുകള്‍ കൊണ്ട് നോവിക്കുമായിരുന്നു.
എന്ത് പറഞ്ഞാലും തനിക്ക് പരാതിയില്ലായിരുന്നു. കാരണം വിശക്കുമ്പോള്‍ ഭക്ഷണവും ഇഷ്ടമുള്ള വസ്ത്രവും ലഭിക്കുന്നുണ്ട്.
അതിന്റെ കാരണം വീടിന്റെ മുന്നില്‍ സ്വര്‍ണ്ണ ലിപിയില്‍ 'വര്‍ഷാലയം' എന്ന നാമധേയമാണെന്ന് അവള്‍ക്കറിയില്ലല്ലോ! എന്നാലും കുഞ്ഞനുജനെ ഒന്നോമനിക്കാന്‍ അനുവാദം ലഭിക്കാതിരിക്കുമ്പോള്‍ സങ്കടം തോന്നാറുണ്ട്.
അമ്മ സ്റ്റെയര്‍കേസില്‍ നിന്ന് വീണു മരിച്ച് അധിക നാളുകള്‍ കഴിയുന്നതിന് മുന്‍പേ പുതിയമ്മയും കുഞ്ഞനുജനും ഞങ്ങളുടെ വീട്ടില്‍ സ്ഥിര താമസത്തിനെത്തിയിരുന്നു. അന്ന് അമ്മയുടെ വീട്ടിലേക്ക് തന്നെ കൊണ്ടുപോകാന്‍ അമ്മൂമ്മയും അപ്പൂപ്പനും എത്തിയതായിരുന്നു. ഇവള്‍ എന്റെ പിറക്കാത്ത മോളല്ലേ എന്ന പുതിയമ്മയുടെ കരച്ചിലും മോളും കൂടി പോയാല്‍ ഞാന്‍ എങ്ങനെ ജീവിക്കും എന്ന അച്ഛന്റെ കരച്ചിലും കൂടി ആയപ്പോള്‍ എനിക്ക് അച്ഛന്റെ കൂടെ നിന്നാല്‍ മതി എന്ന് വാശി പിടിക്കുകയായിരുന്നു.
അമ്മ മരിച്ചപ്പോഴും അമ്മൂമ്മ കരഞ്ഞു കൊണ്ട് പറഞ്ഞതാണ് 'മോള് അമ്മൂമ്മയുടെ കൂടെ വാ, അല്ലെങ്കില്‍ അമ്മയെ തള്ളിയിട്ടതു പോലെ എന്റെ കുഞ്ഞിനെയും ആ ദുഷ്ടന്‍ തള്ളിയിട്ട് കൊല്ലുമെന്ന്!' അന്ന് ദേഷ്യമായിരുന്നു അമ്മൂമ്മയോട്. കാല്‍ തെറ്റി വീണല്ലേ അമ്മ മരിച്ചത് വെറുതെ അച്ഛനെ കുറ്റപ്പെടുത്തുന്നത് എന്തിനാണ് എന്ന് ചിന്തിച്ചു.
അന്ന് താന്‍ മൂന്നാം ക്ലാസിലായിരുന്നല്ലോ. അമ്മയെ വെള്ള തുണിയില്‍ പുതപ്പിച്ച് കൊണ്ടു പോയപ്പോള്‍ ഒരുപാട് സങ്കടം തോന്നി. എന്നാല്‍ അധികം താമസിയാതെ അമ്മയെ പോലെ മോളെ സ്‌നേഹിക്കാന്‍ അച്ഛന്‍ വേറൊരാളെ കൊണ്ടു വരട്ടെ എന്ന് ചോദിച്ചപ്പോള്‍ സന്തോഷമായിരുന്നു. സ്‌കൂളില്‍ പോകാന്‍ രാവിലെ യൂണിഫോമൊക്കെ ഇടുവിച്ച് ഒരുക്കി തരാനും, മുടി രണ്ടു ഭാഗത്ത് പിന്നിയിടാനും, ടിഫിന്‍ ബോക്‌സ് പാക്ക് ചെയ്യാനും, വൈകിട്ട് സ്‌കൂളില്‍ നിന്നും തിരിച്ചു വരുമ്പോള്‍ കുളിപ്പിച്ച് വസ്ത്രം മാറ്റി തരാനും, സ്‌നേഹത്തോടെ നിര്‍ബ്ബന്ധിച്ച് പാലും ബിസ്‌ക്കറ്റും കഴിപ്പിക്കാനും, ഹോം വര്‍ക്ക് ചെയ്യിക്കാനും ഒരു അമ്മ വരുന്നത് നല്ലതല്ലേ എന്ന സന്തോഷമായിരുന്നു. എന്നാല്‍ അമ്മ വന്നതിനുശേഷവും എണ്ണയില്ലാതെ അലക്ഷ്യമായി പാറി നടക്കുന്ന, രണ്ട് ഭാഗത്ത് പിന്നിയിടാത്ത മുടിയെയും, അലക്കി വൃത്തിയാക്കാത്ത യൂണിഫോമിനെയും ക്ലാസ് ടീച്ചര്‍ കുറ്റം പറഞ്ഞു.
പുതിയമ്മ വന്നപ്പോള്‍ അവരുടെ കയ്യില്‍ ഒരു കുഞ്ഞുവാവ കൂടി ഉണ്ടായിരുന്നല്ലോ. അവനെ നോക്കാന്‍ തന്നെ അവര്‍ക്ക് സമയമില്ലത്രേ!
'അവന് വേറൊരു ഭാര്യയും കുഞ്ഞുമുണ്ട് അതല്ലേ, ഇതിന്റെ അമ്മയെ തള്ളിയിട്ട് കൊന്നത്!' സ്‌കൂള്‍ ബസിന് വേണ്ടി കാത്തു നില്‍ക്കുമ്പോള്‍ ആരൊക്കെയോ പറയുന്നത് കേട്ടിരുന്നു.
മൂന്ന്
ഒരു ദിവസം സ്‌കൂളിലെ വാഷ് റൂമില്‍ കരഞ്ഞു കൊണ്ടിരിക്കുന്ന തന്നെ ആയ ആന്റിയായിരുന്നു ക്ലാസിലേക്ക് കൈപിടിച്ചു കൊണ്ടു വന്നത്. ശ്യാമ ടീച്ചറുടെ പിരിയഡായിരുന്നു. എന്തിനാ മോള്‍ കരയുന്നതെന്ന് ചോദിച്ചപ്പോഴാണ് മൂത്രമൊഴിക്കുമ്പോള്‍ തനിക്ക് പുകച്ചിലെടുക്കുന്നു അവിടെയൊക്കെ മുറിഞ്ഞിട്ടുണ്ടെന്നും പറഞ്ഞത്. പിരിയഡ് കഴിഞ്ഞതിനു ശേഷം ടീച്ചര്‍ തന്നെ വിളിച്ച് ആരുമില്ലാത്ത ഒരു ക്ലാസില്‍ ചെന്നിരുന്നു.
അല്ലെങ്കിലും താന്‍ സ്‌കൂളില്‍ വൃത്തിയില്‍ ചെന്നില്ലെങ്കിലും സ്‌നേഹത്തോടെ ചേര്‍ത്തുപിടിച്ച് വീട്ടിലെ കാര്യങ്ങള്‍ ചോദിച്ചിരുന്നത് ശ്യാമ ടീച്ചര്‍ മാത്രമായിരുന്നു. ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ടായിരുന്ന പുതിയമ്മയുടെ അനുജന്റെ കാര്യം അങ്ങനെയാണ് ടീച്ചറോട് പറഞ്ഞത്. എല്ലാവരും ഉറങ്ങി കഴിയുമ്പോള്‍ തന്റെ മുറിയില്‍ ആ മാമന്‍ കയറുന്നതും തന്റെ ശരീരത്തില്‍ എന്തൊക്കെയോ ചെയ്ത് വേദനിപ്പിക്കുന്നതും, നിലവിളിക്കുമ്പോള്‍ വായില്‍ തുണി കുത്തി നിറച്ചിരുന്നതും, ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയുമെന്ന് പറഞ്ഞതുമെല്ലാം വിവരിച്ചത് അന്നാണ്. ശ്യാമ ടീച്ചര്‍ അന്ന് തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞത് എന്തിനായിരുന്നു എന്ന് മനസ്സിലായില്ല. എന്നാല്‍ പിറ്റേന്ന് അച്ഛനെയും അമ്മയെയും കൂട്ടി വരാന്‍ പറഞ്ഞ് ക്ലാസ് ടീച്ചര്‍ ഡയറിയില്‍ നോട്ടീസ് തന്നിരുന്നു.
പിറ്റേന്ന് സ്‌കൂളില്‍ നിന്നും വന്നതിനു ശേഷം പുതിയമ്മയും അച്ഛനും കൂടി എത്രമാത്രം തല്ലി, ഞങ്ങളുടെ നാണം കെടുത്താനായിട്ട് എന്നും പറഞ്ഞ്. ആ മാമന്‍ ഇനി ഇവളെ സ്‌കൂളില്‍ വിടേണ്ട എന്ന് പറഞ്ഞപ്പോള്‍ 'എന്നാല്‍ നീ പോക്‌സോ കേസില്‍ അകത്ത് പോയി കിടക്ക്' എന്നവനോട് പറയുന്നത് കേട്ടു.
'അവരുടെ കാലും കൈയ്യും പിടിച്ചിട്ടാണ് അവര്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നത്. ഈ നാശം പിടിച്ചവള്‍ കളിച്ചു കൊണ്ടിരുന്നപ്പോള്‍ മെറ്റലില്‍ കാല്‍ തട്ടി വീണതാണെന്നും നീ അവളെ രക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞത് മുഴുവനായൊന്നും അവര്‍ വിശ്വസിച്ചു കാണില്ല' എന്ന് കൂടി കേട്ടപ്പോഴാണ് ശ്യാമ ടീച്ചറോട് താന്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ച് ചോദിച്ചറിയാനാണ് അവരെ സ്‌കൂളില്‍ വിളിപ്പിച്ചത് എന്ന് മനസ്സിലായത്.
പിറ്റേന്ന് സ്‌കൂളില്‍ എത്തിയപ്പോള്‍ ശ്യാമ ടീച്ചര്‍ ആദ്യം ചോദിച്ചത്, 'മോളെ അവര്‍ തല്ലിയിരുന്നോ?' എന്നായിരുന്നു. ഇല്ലെന്ന് കള്ളം പറഞ്ഞെങ്കിലും ടീച്ചര്‍ വിശ്വസിച്ചില്ല. അന്ന് ടീച്ചറുടെ ഫോണ്‍ നമ്പറും പോലീസ് മാമന്റെ ഫോണ്‍ നമ്പറും എന്നെ കാണാപ്പാഠം പഠിപ്പിച്ചു തന്നു. ഇനി ആര് എന്തു ചെയ്താലും ഈ നമ്പറില്‍ വിളിച്ചാല്‍ മതിയെന്ന് പറഞ്ഞു.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ആ മാമന്‍ വീണ്ടും വന്നപ്പോഴായിരുന്നു പുതിയമ്മയുടെ ഫോണില്‍ നിന്നും ടീച്ചറുടെ നമ്പറിലേക്ക് ഡയല്‍ ചെയ്തത്. അന്നത്തെ സംഭവത്തോടെ തന്റെ കണ്‍മുന്നില്‍ നിന്നും ഫോണ്‍ തന്നെ അപ്രത്യക്ഷമായി. അധികം വൈകാതെ സ്‌കൂള്‍ മാറുകയാണെന്ന കള്ളം പറഞ്ഞ് ടി.സി വാങ്ങി തന്റെ പഠനവും എന്നത്തേക്കുമായി അവസാനിപ്പിച്ചു. അന്ന് ശ്യാമ ടീച്ചര്‍ കുറെ നേരം തന്നെ കെട്ടിപ്പിടിച്ച് 'എന്തു വിഷമമുണ്ടെങ്കിലും ടീച്ചറിനെ വിളിക്കണമെന്ന്' ചെവിയില്‍ പറഞ്ഞു.
'സ്‌കൂളില്‍ പോകുന്നുണ്ടായിരുന്നു എങ്കില്‍ ആറാം ക്ലാസില്‍ എത്തിയേനെ വര്‍ഷ മോളും. പക്ഷെ, അച്ഛന് പോലും മോളെ പഠിപ്പിക്കേണ്ട. മോളെ കൂടെ കൊണ്ടുപോകാന്‍ രണ്ടു മൂന്ന് പ്രാവശ്യം അമ്മൂമ്മ തേടി വന്നപ്പോള്‍ തന്നെ അകത്തെ മുറിയില്‍ പൂട്ടിയിട്ട് അവളെ നല്ല വിദ്യാഭ്യാസത്തിനായി ബോര്‍ഡിംഗ് സ്‌കൂളില്‍ ചേര്‍ത്തു' എന്ന് കള്ളം പറഞ്ഞ് തിരിച്ചയച്ചു. തനിക്ക് ആ വീടിന് പുറത്തിറങ്ങാന്‍ അനുവാദം ഇല്ലായിരുന്നു.
നാല്
ശ്യാമ ടീച്ചര്‍ പറഞ്ഞതു പോലെ താന്‍ ഇന്ന് സ്വയം രക്ഷിക്കാന്‍ പഠിച്ചു. വേദനിക്കുന്നു എന്ന് പറഞ്ഞിട്ടും വീണ്ടും വീണ്ടും തന്നെ ദ്രോഹിച്ച് രസിച്ച് ഒടുവില്‍ ആ കള്ള മാമന്‍ ഉറങ്ങിയപ്പോള്‍ അടുക്കളയില്‍ ചെന്ന് ആരും കാണാതെ മുളക് പൊടിയും പിച്ചാത്തിയും എടുത്തു കൊണ്ടുവന്നു. അവന്റെ ശരീരം മുഴുവന്‍ മുളക് തേച്ച് പുകച്ചില്‍ കൊണ്ട് പിടയുമ്പോള്‍ കഴുത്തിലും ഉടുതുണിയില്ലാതെ കിടക്കുന്ന അരക്ക് താഴെയുള്ള ഭാഗവും പിച്ചാത്തി കൊണ്ട് കുറെ തലങ്ങും വിലങ്ങും പെന്‍സില്‍ കൊണ്ട് വരയിടുന്നത് പോലെ വരഞ്ഞു കൊടുത്തു.
അവന്റെ നിലവിളി കേട്ട് പുതിയമ്മയും അച്ഛനും വരും മുന്‍പ് പിന്‍വശത്തെ വാതിലും ഗേറ്റും തുറന്ന് ഓടുകയായിരുന്നു. അഴിച്ചിട്ട മുടിയും കീറിപ്പറിഞ്ഞ വസ്ത്രവും പിന്നെ എന്റെ അട്ടഹാസവും കേട്ട് തെരുവുപട്ടികളും ഭ്രാന്തിയെ ഓടിക്കാന്‍ പിന്നാലെ കൂടിയിട്ടുണ്ട്. പട്ടികള്‍ കൂട്ടിനുണ്ടായതു കൊണ്ട് മറ്റ് പട്ടികള്‍ ആക്രമിക്കാനും ധൈര്യപ്പെടില്ല.
ശ്യാമ ടീച്ചറിന്റെ വീട്ടില്‍ എത്തിയിട്ടു വേണം ഈ ഓട്ടം ഒന്നു നിര്‍ത്താന്‍. ഈ ഭ്രാന്തിയ്ക്ക് നിശാഗന്ധിയെ പോലെ ഒറ്റ രാത്രി മാത്രമേ ആയുസ്സ് കാണൂ. വര്‍ഷ മോള്‍ സ്വയം രക്ഷിക്കാന്‍ പഠിച്ചു എന്നറിയുമ്പോള്‍ ടീച്ചറിനും ഒത്തിരി സന്തോഷമാകും.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...