Malayalam Short Story : അവസാനത്തെ ബസ്സിലെ ആദ്യത്തെ യാത്രക്കാരി, നീതു വിആര്‍ എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  നീതു വിആര്‍ എഴുതിയ ചെറുകഥ

chilla malayalam short story by neethu VR

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam short story by neethu VR


'ചില മുറിവുകള്‍ ഒരു മനുഷ്യന്റെ അവസാനത്തിന് കാരണമാവുന്നു. ചിലത് പുതിയ മനുഷ്യന്റെ ജനനത്തിന് കാരണമാകുന്നു.'

ഞാനിവിടെ നില്‍ക്കുമ്പോള്‍ അനേകം വര്‍ഷങ്ങളാണ് കണ്മുന്നിലൂടെ മിന്നിമാഞ്ഞുപോയത്.
ഈ ഇരുട്ടില്‍ അവസാനത്തെ ബസിലെ ആദ്യത്തെ യാത്രക്കാരി ഞാനാണ്. ഞാന്‍ കാത്തിരിക്കുന്നത് മറ്റാര്‍ക്കും വേണ്ടിയല്ല എനിക്ക് വേണ്ടി തന്നെയാണ്.

ഞാനും എന്റെ പ്രണയവും എന്റെ മുന്നിലൂടെ നടന്ന്  ബസ്സിന്റെ മുന്‍ഡോര്‍ വഴി കയറുന്നത് ഞാന്‍ കണ്ടു . എന്റെ ഉള്ളം നീറിപ്പുകഞ്ഞു, ഹൃദയം ഉച്ചത്തില്‍ കരഞ്ഞു എത്ര സന്തോഷവതിയാണ് ഞാന്‍!
അവന്റെ കൈ മുറുകെപ്പിടിച്ചു എന്റെ തൊട്ടു മുമ്പിലെ സീറ്റില്‍ ഇരിക്കുന്ന എന്നെ ഞാന്‍ ഒന്നേ നോക്കിയുള്ളു.

ഞാന്‍ അനാമിക. പണ്ടും എനിക്ക് ഒരുപാട് പേരുകള്‍ ചാര്‍ത്തി കിട്ടിയിരുന്നു .

ഞാന്‍ ഭാവിയില്‍ നിന്നും വന്നവളാണ്.

അന്തം വിടേണ്ട, ഇപ്പോള്‍ ഞാന്‍ നില്‍ക്കുന്ന സമയം 21/12/2018, രാത്രി 12മണി.

ബസ്സിലെ മുന്‍സീറ്റില്‍ കയറി കാമുകനോടൊപ്പം ഇരിക്കുന്ന എന്റെ പ്രായം 21, ഇനി നിങ്ങളോട് സംവദിക്കുന്ന ഞാന്‍ വന്നിരിക്കുന്ന വര്‍ഷം 2044 കൃത്യമായി പറഞ്ഞാല്‍ 10/5/2044!

 എന്റെ പ്രായം  നാല്‍പ്പത്തിയേഴ്.

ചിന്തിച്ചു വിയര്‍ക്കേണ്ട ഞാന്‍ തന്നെ പറഞ്ഞു തരാം.

പത്തു വര്‍ഷങ്ങളുടെ ഗവേഷണഫലങ്ങളുടെ ഫലമായാണ് ഞങ്ങള്‍ അത് നിര്‍മിച്ചത്, അതേ പ്രകാശവേഗതയെ തോല്പിക്കാന്‍ തക്ക ശേഷിയുള്ള ഒന്ന് 'വേം ഹോള്‍.'

പ്രകാശത്തിന്റെ അന്തരീക്ഷത്തിലെ വേഗത എന്നത് 3.0×10^8 ആണല്ലോ അതായത് ഒരു സെക്കന്റിനുള്ളില്‍  മൂന്ന് ലക്ഷത്തിനടുപ്പിച്ചാണ് (3lakhs/ സെക്കന്‍ഡ്സ് ) പ്രകാശ വേഗത. എന്നാല്‍ വ്യത്യസ്ത മാധ്യമങ്ങളില്‍ പ്രകാശവേഗത വ്യത്യസ്തമാണുതാനും.

ഒരു വേംഹോള്‍ എന്നത് നമ്മുടെ പ്രപഞ്ചത്തിലെ രണ്ട് വിദൂര ബിന്ദുക്കള്‍ക്കിടയിലുള്ള ഒരു തുരങ്കം പോലെയാണ്, ഒരു പോയിന്റില്‍ നിന്ന് മറ്റൊന്നിലേക്കുള്ള യാത്രാ സമയം അത് പരമാവധി കുറയ്ക്കുന്നു. ഒരു ഗാലക്‌സിയില്‍ നിന്ന് മറ്റൊന്നിലേക്ക് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ സഞ്ചരിക്കുന്നതിനുപകരം, ശരിയായ സാഹചര്യങ്ങളില്‍ ഒരാള്‍ക്ക് ഒരു വേംഹോള്‍ ഉപയോഗിച്ച് യാത്രാ സമയം മണിക്കൂറുകളോ മിനിറ്റുകളോ ആയി ചുരുക്കുന്നു.

വേം ഹോളിന്റെ പ്രത്യേകത എന്താണെന്ന് വച്ചാല്‍ ഇവിടെ സമയം മൈക്രോ സെക്കന്‍ഡുകള്‍ കൊണ്ടാണ് അളക്കുന്നത്. ഒരു പക്ഷേ സമയം അളക്കാന്‍ പോലും കഴിഞ്ഞെന്ന് വരില്ല. ലക്ഷ്യസ്ഥാനത്തേക്കുള്ള സാധാരണ ദൂരത്തേക്കാള്‍ പതിനായിരം മടങ്ങ് കുറവായിരിക്കും ഇവിടെ.

പ്രപഞ്ചത്തിന്റെ അനേകമനേകം രഹസ്യങ്ങള്‍ അറിയാനുള്ള മനുഷ്യരുടെ എക്കാലത്തെയും ത്വരയ്ക്ക് ഏകദേശം രണ്ടായിരം വര്‍ഷത്തെ പഴക്കം ഉണ്ടല്ലോ.  എന്നാല്‍ നമുക്ക് അധികം ദൂരം താണ്ടാന്‍ കഴിഞ്ഞിട്ടില്ല താനും.

നാസയിലെ ഞാനടങ്ങുന്നഅഞ്ചംഗ സംഘ ശാസ്ത്രജ്ഞന്മാരുടെ പത്തു വര്‍ഷത്തെ കാത്തിരിപ്പിന്റെ ഫലമാണീ വേം ഹോള്‍.

നെടു നീളന്‍ ഫോര്‍മുലകള്‍ക്കും ഉറക്കം വരാത്ത അനേകമനേകം രാത്രികള്‍ക്കും പകരമായി ഞങ്ങള്‍ വിശ്രമിച്ചു. എന്റെ സഹപ്രവര്‍ത്തകര്‍ വളരെ വലിയ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു .

എങ്കിലും അവരുടെ ആഘോഷങ്ങളിലൊന്നും ഞാന്‍ പങ്കെടുത്തില്ല അവരാരും തന്നെ എന്നെ ഓര്‍ത്തതും ഇല്ല. അല്ലെങ്കിലും ആരോടും തന്നെ എനിക്ക് വൈകാരികമായി ഒരടുപ്പവും ഇല്ലായിരുന്നല്ലോ. ചില നമ്പേഴ്‌സ് അനുസരിച്ചു ഞാന്‍ അവരെ ഓര്‍ക്കുന്നു.

എന്റെ പേര് അവര്‍ക്കറിയാമായിരിക്കുമോ?

ആാാാാ...അറിഞ്ഞിട്ടിപ്പോ എന്തിനാ, എന്നോട് ഞാന്‍ ചോദിച്ചു.

നാസയിലെ ആ ബഹിരാകാശ ഗവേഷക  സംഘത്തിലെ ഒരേയൊരു മലയാളി, അതിലുപരി ഒരേയൊരു ഇന്ത്യക്കാരി ഞാനാണ്. ബാക്കി രണ്ട് യൂറോപ്യന്‍സ്, ഒരു അമേരിക്കന്‍, പിന്നേ ഒരു ആഫ്രിക്കന്‍ ഇത്രയും അല്ലാതെ അവരെപ്പറ്റിയുള്ള മറ്റൊരു കാര്യവും എനിക്കറിയില്ല, ഈ പത്തു വര്‍ഷത്തിനിടെ ഞാനത് അന്വേഷിച്ചിട്ടില്ല.

അല്ല, എനിക്കതിന്റെ ആവശ്യം ഇല്ലായിരുന്നു.

ഞാനും എന്റെ ലക്ഷ്യവും അവര്‍ക്ക് മുന്‍പില്‍ ഇപ്പോഴും ഗൂഢമായിരിക്കും.

ഞാന്‍ ചെറുതായി മന്ദഹസിച്ചു. 

ഇങ്ങോട്ട് പുറപ്പെടുന്നതിന് തൊട്ട് മുന്‍പേ പോലും പറയുന്നുണ്ടായിരുന്നു 'അവിടെ ചെന്ന് ചെറിയൊരു മാറ്റം പോലും ഉണ്ടാക്കരുത്. അല്ല, നമ്മള്‍ അത് പരസ്പരം പറയേണ്ട കാര്യം പോലുമില്ല. ല്ലാര്‍ക്കുമറിയാവുന്നതല്ലേ. അവിടെ നമ്മള്‍ ചെറിയൊരു മാറ്റം പോലും സൃഷ്ടിച്ചാല്‍ ചരിത്രം ആകമാനം മാറിമറിയും. നമ്മുടെ പത്തു വര്‍ഷത്തെ ഈ ഗവേഷണം പോലും വൃഥാവിലാകും.'

സത്യത്തില്‍ ഞങ്ങളുടെ ഗവേഷണം പ്രപഞ്ചത്തിന്റെ രണ്ടറ്റങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുവാനുള്ള കണ്ണിയെത്തേടിയായിരുന്നു. എന്ന് പറഞ്ഞാല്‍ നമ്മുടെ സ്വന്തം ഗാലക്‌സി ആയ മില്‍ക്കി വേ പോലും നമ്മുടെ വരുതിയിലല്ല. പ്രപഞ്ചത്തിലെ കോടിക്കണക്കിന് ഗാലക്‌സികളില്‍ ഒന്ന് മാത്രമാണ് നമ്മുടെ മില്‍ക്കി വേ അഥവാ ക്ഷീരപഥ ഗാലക്‌സി.

അതിനുള്ളില്‍, കുറഞ്ഞത് 100 ബില്യണ്‍ നക്ഷത്രങ്ങള്‍ ഉണ്ട്, ശരാശരി. ഓരോ നക്ഷത്രവും കുറഞ്ഞത് ഒരു ഗ്രഹത്താലെങ്കിലും അതിനെ പരിക്രമണം ചെയ്യപ്പെടുന്നു. ഇതിനര്‍ത്ഥം നമ്മുടെ സൗരയൂഥം പോലെ ആയിരക്കണക്കിന് ഗ്രഹവ്യവസ്ഥകള്‍ ഗാലക്‌സിക്കുള്ളില്‍ ഉണ്ടെന്നാണ്!

എന്നാല്‍ അന്വേഷണകുതുകിയായ മനുഷ്യന്  സൗരയൂഥത്തിനെക്കുറിച്ച് പോലും ഇനിയും പൂര്‍ണമായും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. വേഗത ആയിരുന്നു മനുഷ്യന്റെ പോരായ്മ. പ്രകാശത്തെ അതിജീവിക്കുന്ന വേഗത കൊണ്ട് മാത്രമേ പ്രപഞ്ച രഹസ്യങ്ങള്‍ മുഴുവന്‍ കൈപ്പിടിയില്‍ ഒതുങ്ങൂ. അതിനുള്ള പരിഹാരമാണ് ഈ വേം ഹോള്‍.

ഇതുവഴി പ്രപഞ്ചത്തിന്റെ രണ്ടറ്റങ്ങളെ തമ്മില്‍ ഒരു പാലം പോലെ ബന്ധിപ്പിക്കാന്‍ കഴിയുന്നു. എളുപ്പം മനുഷ്യന് കടന്നുപോവാന്‍ കഴിയുന്നു.

ഞങ്ങളുടെ ലക്ഷ്യം സൗരയൂഥത്തിന് തൊട്ടടുത്തു കിടക്കുന്ന മറ്റൊരു ഗാലക്‌സി ആണ്. അതിന്റെ കേന്ദ്രവും സൂര്യനോളം വലിപ്പമുള്ള ഒരുനക്ഷത്രവും ഏകദേശം അഞ്ചു ഗ്രഹങ്ങളുമാണ്. അതില്‍ ഒരു ഗ്രഹത്തിനു ഭൂമിയോട് സാദൃശ്യവും ഉണ്ട്. ആ ഗ്രഹമാണ് ഞങ്ങളുടെ ലക്ഷ്യം.

അവിടെ മറ്റൊരു മനുഷ്യന്‍ ഉണ്ടോ എന്നതാണ്...ഉണ്ടെങ്കില്‍ തന്നെ അവന്റെ പരിണാമം എവിടെ എത്തി എന്നറിയാനാണ്.


ഭൂമിയിലെ മനുഷ്യന്റെ ഒപ്പമോ അതോ താഴെയോ? 

അതോ അതിലേറെ ഉയരത്തിലോ?

അഞ്ചു പേര്‍ക്കും വ്യത്യസ്തമായ സ്‌പേസ് ജെറ്റുകള്‍. അഞ്ചിനെയും ഓരോരുത്തരുടെ ഡി എന്‍ എ യുമായി കണക്ട് ചെയ്തിരിക്കുന്നു. ഈ അഞ്ചിനെയും വഹിക്കുന്ന മറ്റൊരു സ്‌പേസ് ജെറ്റ്. എവിടെ പോയാലും ഞങ്ങള്‍ക്കാവശ്യമുള്ള വെള്ളവും വായുവും ഭക്ഷണവും വേണമല്ലോ അതെല്ലാം ഈ വലിയ സ്‌പേസ് ജെറ്റിലാണ്.

യാത്രക്കായി തയ്യാറെടുപ്പുകള്‍ നടത്തവേയാണ് യാദൃശ്ചികമായി, അതേ തികച്ചും യാദൃശ്ചികമായി ഇതിന്റെ ടൈം ട്രാവല്‍ സാധ്യത മുന്‍പേ അറിയുമായിരുന്നിട്ടും അതൊന്ന് പരീക്ഷിച്ചു നോക്കാന്‍ ഞങ്ങള്‍ ഒരുങ്ങിയത്, അതും എന്റെ നിര്‍ബന്ധപ്രകാരം.

ആദ്യത്തെ യാത്രയെക്കാള്‍ സുഗമവും സുരക്ഷിതവും തന്നെയാണ് ടൈം ട്രാവലിങ്. എന്തെന്നാല്‍ ഭൂമി വിട്ട് പോകുന്നില്ലല്ലോ അതിനാല്‍ മേല്‍ പറഞ്ഞ മൂന്ന് അത്യാവശ്യ സാധനങ്ങള്‍ വേണ്ടിവരില്ല. അതിനാല്‍ തന്നെ അവര്‍ക്കാര്‍ക്കും തന്നെ ടൈം ട്രാവല്‍ ചെയ്യുന്നതിന് എതിര്‍പ്പുണ്ടായിരുന്നില്ല. സത്യത്തില്‍ ടൈം ട്രാവലിങ് ഞങ്ങളുടെ ലക്ഷ്യമേ അല്ലായിരുന്നു, എന്നാണ് ഞങ്ങളുടെ ടീമിലെ മറ്റുള്ളവരുടെ വിചാരം. എന്നാല്‍ പ്രപഞ്ച രഹസ്യങ്ങള്‍ അറിയുക എന്നതിലുപരി എന്റെ ലക്ഷ്യം എന്നത് അത് മാത്രം ആയിരുന്നു താനും.
പക്ഷേ അങ്ങനെ ഒരു യാത്രക്ക് അവര്‍ക്കാര്‍ക്കും ഒരു താല്പര്യവും ഉണ്ടായിരുന്നില്ല.

എല്ലാം എന്റെ താല്പര്യം ആയിരുന്നു. എനിക്ക് പോയേ മതിയാവുമായിരുന്നുള്ളു.

എനിക്കറിയാം ഭൂതത്തില്‍ കമിഴ്ന്നു കിടക്കുന്ന ഒരില നിവര്‍ത്തിയിട്ടാല്‍ പോലും അത് ഭാവിയെ നന്നായി ബാധിക്കുമെന്ന്. 

അവര്‍ എന്നെ വിശ്വസിച്ചതാണ്. യാതൊരു വിധത്തിലുള്ള വൈകാരികതയും ഇല്ലാത്ത തലച്ചോര്‍ കൊണ്ട് മാത്രം ചിന്തിക്കുന്ന ഞാന്‍ അങ്ങനെ ഒരു മാറ്റവും വരുത്തില്ലെന്ന് അവര്‍ അതിരറ്റു വിശ്വസിച്ചു.

ഞാന്‍  എന്റെ ഡി എന്‍ എ യുമായി ബന്ധിപ്പിക്കപ്പെട്ട സ്‌പേസ് ജെറ്റില്‍ കയറി ഇരുന്നു .

ഏത് വര്‍ഷത്തിലേക്ക് വേണമെങ്കിലും ടൈം സെറ്റ് ചെയ്തു പോവാം, ഭൂമിയിലെ ഏതിടത്തേക്ക് വേണമെങ്കിലും പോവാം. എന്നാല്‍ യാത്ര തുടങ്ങേണ്ടതും അവസാനിപ്പിക്കേണ്ടതും എപ്പോഴും 2044 എന്ന വര്‍ഷത്തില്‍ മാത്രമായിരിക്കും.

അങ്ങനെ ഞാന്‍ ടൈം സെറ്റ് ചെയ്തു 21/12/2018.. ഒരു ക്രിസ്മസ് വെക്കേഷന്‍ സമയം. ഒരിക്കലും ഞാന്‍ മറക്കാനിടയില്ലാത്ത ആ തിയ്യതി. സെക്കന്റുകള്‍ക്കുള്ളില്‍ ഞാന്‍ അവിടെയെത്തി.

സ്ഥലം : ബാംഗ്ലൂര്‍
സമയം : 12:03

12:30 -ന് എടുക്കേണ്ട വണ്ടിയാണ്, എറണാകുളത്തേക്ക്. 'ഞാന്‍' എത്താന്‍ പോവുന്നത് 12:09-ന് ആണ്. ഏത് സീറ്റിലാണ് ഞാന്‍ ഇരിക്കുക എന്ന് എനിക്ക് വ്യക്തമായി അറിയാം, ഒരിക്കല്‍ ഞാന്‍ അവിടെ ഇരുന്നിരുന്നു.
അവന്റെ കൈകള്‍ കോര്‍ത്തു പിടിച്ചു ഞാനിതാ ബസ്സിലേക്ക് കയറുന്നു.

എന്തൊരു സന്തോഷമാണാ മുഖത്ത്, ലോകത്ത് മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ തങ്ങള്‍ രണ്ടാളും മാത്രം ഒതുങ്ങുന്ന ഒരു ലോകം!

ഞാന്‍ അവസാനമായി സന്തോഷിച്ച ദിവസം.

ബാഗ്ലൂരിലെ പ്രശ്സ്തമായ കോളേജിലെ യു ജി സ്റ്റുഡന്റ് ആണ് മുന്നിലിരിക്കുന്ന പഴയ ഞാന്‍. അവസാന വര്‍ഷ ഫിസിക്‌സ് ബിരുദ വിദ്യാര്‍ത്ഥിനി. നല്ലൊരു ശാസ്ത്രഅധ്യാപിക ആവണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ എല്ലാം കാറ്റില്‍ പറപ്പിച്ച ആ ദിനം..

അന്ന് പുറപ്പെട്ട ബസ്സില്‍ ഞങ്ങളല്ലാതെ ഒരു കൗമാരക്കാരന്‍ പതിനേഴു വയസ് പ്രായമുള്ള പയ്യന്‍, പിന്നെ ബസ് ഡ്രൈവറായ നാല്പത്തിയൊമ്പതുകാരന്‍, ബസ്സിലെ രണ്ട് ജീവനക്കാരായ ഇരുപത്തിയെട്ടും മുപ്പത്തിയഞ്ചും വയസ്സുള്ള രണ്ട് പേര്‍ പിന്നെ വേറെ രണ്ട് യാത്രക്കാര്‍ നാല്പതും അറുപതും പ്രായമുള്ളവര്‍.

എല്ലാവരുടെയും പ്രായം ഓര്‍ത്തുവെക്കാന്‍ ഒരു കാരണം ഉണ്ട്. വലിയ ഒരു കാരണം. എന്റെ ജീവിതം തന്നെ മാറ്റി മറിച്ച ഒരു നശിച്ച കാരണം.

12.30ന് എടുക്കേണ്ട ബസ് 12:13 ആയപ്പോഴേ എടുത്തത് ശ്രദ്ധിക്കേണ്ടതായിരുന്നു. പക്ഷേ ഞങ്ങളുടെ പ്രണയലോകത്തില്‍ മറ്റൊന്നിനും സാധ്യത ഇല്ലായിരുന്നു.

ബസ് കുറച്ചു മുന്‍പോട്ട് നീങ്ങിയതും ഷട്ടറുകള്‍ എല്ലാ താഴ്ത്തിയതും ഒരുമിച്ചായിരുന്നു. എന്റെ പ്രാണന്റെ പാതിയെ അവര്‍ വലിച്ചിഴച്ചു പിന്നിലേക്ക് കൊണ്ടുപോയി. എന്നെ അവര്‍ അതിക്രൂരമായി...

ഹോ എനിക്കോര്‍ക്കാന്‍ പോലും പറ്റുന്നില്ല.

എങ്ങനെയാണ് ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ ഇത്രമേല്‍ ക്രൂരമായ് ഉപദ്രവിക്കാന്‍ കഴിയുന്നത്?

പിന്നില്‍ നിന്ന് അവന്റെ നിലവിളി കേള്‍ക്കാമായിരുന്നു. എല്ലുകള്‍ക്ക് മേല്‍ ഇരുമ്പ് കൊണ്ട് ആഞ്ഞടിക്കുന്നതിന്റെ ശബ്ദം.

ഞങ്ങളുടെ നിലവിളി പുറത്തു കേള്‍ക്കാതിരിക്കാന്‍ അവര്‍ ഉച്ചത്തില്‍ പാട്ട് വെച്ചിട്ടുണ്ടായിരുന്നു.

എന്നോട് ഏറ്റവും ക്രൂരമായി പെരുമാറിയത് ആ പതിനേഴുകാരന്‍ പയ്യനായിരുന്നു..

ഏറെ നേരം കഴിഞ്ഞ് പിന്നീട് ഞാനൊന്നും കേള്‍ക്കാതായി.

കണ്ണ് തുറക്കുമ്പോള്‍ ഞാന്‍ ഒരു ഹോസ്പിറ്റലില്‍ ആയിരുന്നു, അപ്പോഴേക്കും മാസം ആറ് കഴിഞ്ഞിരുന്നു.
ഞാന്‍ അവന്‍ എവിടെയെന്നു അന്വേഷിച്ചു. എന്റെ ആന്തരികവായവങ്ങള്‍ക്ക് മൊത്തം ക്ഷതം ഏറ്റിരുന്നു.
അപ്പോഴും ഒന്നെഴുന്നേല്‍ക്കാനോ നടക്കാനോ എനിക്ക് വീണ്ടും രണ്ട് വര്‍ഷം കൂടി കാത്തിരിക്കേണ്ടി വന്നു.

അവന്‍ ആന്തരിക രക്തസ്രാവം മൂലം രണ്ട് ദിവസങ്ങള്‍ കൂടിയേ ജീവിച്ചുള്ളൂ എന്ന് ഞാനറിഞ്ഞു.
എനിക്ക് ഞെട്ടലുണ്ടായില്ല.

അപ്പോഴേക്കും ഞാന്‍ ഞാനല്ലാതെ ആയിരുന്നു. മറ്റേതോ ഒരാള്‍.  ഒരു വികാരവും ഇല്ലാത്ത മരം പോലെ ഒരുത്തി .

അപ്പോഴേക്കും എനിക്ക് ഒരുപാട് പേരുകള്‍ ലഭിച്ചിരുന്നു.
നിര്‍ഭയ. നിരാമയ. അതിജീവിത. അങ്ങനെയങ്ങനെ..

ചിലത് ഞാന്‍ ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെട്ടില്ല. സോഷ്യല്‍ മീഡിയ എന്നത് എന്റെ ജീവിതത്തില്‍ നിന്ന് തന്നെ ഒഴിവാക്കി. തരം കിട്ടിയാല്‍ കാര്‍ന്നു തിന്നാന്‍ നടക്കുന്ന ചെന്നായകളെ ഞാനതില്‍ കണ്ടു.

ക്രൂരമായ് ബലാത്സംഗം ചെയ്യപ്പെട്ട ഞാന്‍ എന്തോ അപരാധി എന്ന പോലെ സമൂഹത്തിലേക്കിറങ്ങാതെ കഴിയണമെന്ന് പലരും വിധിയെഴുതി.

ഒടുവില്‍ എനിക്ക് ഞാന്‍ തന്നെ ഒരു പേരിട്ടു. അനാമിക അഥവാ നാമമില്ലാത്തവള്‍. എനിക്കൊരു നാമവും വേണ്ട, മറ്റുള്ളവരുടെ ജീവിതത്തിനുമേല്‍ വിധിയെഴുതുന്ന നശിച്ച നാടും.

ഒരൊറ്റ ലക്ഷ്യം മാത്രമായി ഉള്ളില്‍ എന്റെ നശിച്ച ആ ഭൂതം മാറ്റണം. മാറ്റിയെ പറ്റൂ.  ആ ഒരു ലക്ഷ്യം മാത്രം മുന്‍പില്‍ വെച്ച് മുന്നേറിയ എന്റെ മുറിവുകള്‍ ആണിന്നെന്നെ ഇവിടെ എത്തിച്ചിരിക്കുന്നത്.

ആ ദുരന്തം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം ആ ക്രൂരന്മാര്‍ക്ക് കോടതി ശിക്ഷ വിധിച്ചു, ഒരാള്‍ക്കൊഴികെ ബാക്കിയെല്ലാവര്‍ക്കും വധശിക്ഷ! ആ ഒഴിവാക്കപ്പെട്ടവന്‍ എന്നോട് ഏറ്റവും കൂടുതല്‍ ക്രൂരമായ് പെരുമാറിയ ആ പതിനേഴുകാരനായിരുന്നു.

അവന് പ്രായമായില്ലത്രേ. അവനെപ്പോലെ ഉള്ള മറ്റ് രണ്ട് ജീവികളെ ഇത്രമേല്‍ ക്രൂരമായ് ദ്രോഹിക്കാന്‍ അവന്റെ പ്രായം ഒരു തടസ്സമായിരുന്നില്ലേ?

ഞാന്‍ ചിന്തകളില്‍ നിന്ന് തിരിച്ചു വന്നു.


ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ബസ് പുറപ്പെടും.

പിന്നെ... പിന്നെ...

'എല്ലാം വിട്ട് നിന്ന് കണ്ട് മടങ്ങുക. ഒരു ചെറിയ മാറ്റം പോലും നമ്മുടെ ടൈം ലൈനില്‍ വലിയ മാറ്റം സൃഷ്ടിക്കും. മാനവരാശിയുടെ മാറ്റത്തിന് ഉതകുന്ന എക്കാലത്തെയും മഹത്തായ കണ്ടുപിടിത്തങ്ങളില്‍ ഒന്ന്, അത് നഷ്ടമാവും.'

എന്റെ മുന്‍പില്‍ രണ്ട് പ്രണയികള്‍ അവരുടേതായ ലോകത്തില്‍ ലയിച്ചു മതിമറന്നിരുന്നു.

ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അവരുടെ ജീവിതം മാറിമറിയാന്‍ പോവുന്നു, ഒരിക്കല്‍ പോലും ചിന്തിക്കാത്ത വിധത്തില്‍.

ഞാന്‍, ഞാനെന്തു ചെയ്യണം?
 

Latest Videos
Follow Us:
Download App:
  • android
  • ios