Malayalam Short Story : വാച്ച് , ദിവ്യ ശ്രീകുമാര്‍ എഴുതിയ ചെറുകഥ
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ദിവ്യ ശ്രീകുമാര്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ഡോ. അരുണ്‍ റൗണ്ട്‌സ് കഴിഞ്ഞു റൂമില്‍ എത്തിയപ്പോഴാണ് ഡ്യൂട്ടി നഴ്‌സ് ഒരു കവര്‍ അയാളെ ഏല്‍പ്പിച്ചത്. രണ്ടാഴ്ചയ്ക്ക് മുന്‍പ് അപകടത്തില്‍ മരണപ്പെട്ട മനോജിന്റെ ഭാര്യയും അച്ഛനും ഡോക്ടറെ കാണാന്‍ വന്നിരുന്നുവെന്നും വാര്‍ഡിലെ പരിശോധന കഴിഞ്ഞ് തിരിച്ചെത്താന്‍ വൈകുമെന്ന് മനസ്സിലായതിനാല്‍ ആ കവര്‍ ഡോക്ടര്‍ക്ക് നല്‍കാന്‍ തന്റെ കയ്യില്‍ തന്നിട്ട് പോയെന്നും, കുറച്ചു കഴിഞ്ഞു അവര്‍ വന്നിട്ട് ഡോക്ടറോട് സംസാരിക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും സിസ്റ്റര്‍ പറഞ്ഞു.
എന്താവും കവറില്‍ എന്ന ആശ്ചര്യത്തോടെ ഡോ. അരുണ്‍ ആ പൊതി തുറന്നു. ഒരു പഴയ വാച്ചായിരുന്നു അതില്‍.
എന്തിന് വേണ്ടിയാവും ഈ പഴയ വാച്ച് തന്നെ എല്‍പ്പിച്ചതെന്ന സംശയം ഡോക്ടര്‍ക്ക് തോന്നി. ബൈക്ക് ആക്‌സിഡന്റില്‍പ്പെട്ട് മനോജ് എന്ന പേഷ്യന്റ് ഇവിടെ എത്തുമ്പോള്‍ തന്നെ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. വൈകാതെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയും ചെയ്തു. അന്ന് അവയവദാനത്തിന്റെ സാധ്യതകളെക്കുറിച്ച് മനോജിന്റെ കുടുംബത്തോട് സംസാരിച്ചത് അരുണ്‍ ആയിരുന്നു. ആകെ തകര്‍ന്ന് നില്‍ക്കുന്ന അവസ്ഥയില്‍ മനോജിന്റെ ബന്ധുക്കള്‍ ആദ്യം ഡോക്ടറോട് വളരെ രൂക്ഷമായി പ്രതികരിച്ചുവെങ്കിലും, അഞ്ചുപേര്‍ക്ക് ജീവനേകാന്‍ തന്റെ ഭര്‍ത്താവ് ഒരു നിമിത്തം ആകുമെങ്കില്‍ ആവട്ടെയെന്നു പറഞ്ഞുകൊണ്ട്, ചങ്കു പറിഞ്ഞുപോവുന്ന വേദനയോടെയാണെങ്കിലും മനോജിന്റെ ഭാര്യ, അവയവദാന സമ്മതപത്രത്തില്‍ ഒപ്പിടാന്‍ സമ്മതിക്കുകയായിരുന്നു. അങ്ങനെ കണ്ണുകളും കരളും വൃക്കകളും ഹൃദയവും കൈകളും പല രോഗികളിലായി വെച്ചു പിടിപ്പിച്ചു.
കൈമാറ്റ ശസ്ത്രക്രിയ നടത്തിയത് ഈ ഹോസ്പിറ്റലില്‍ വെച്ചു തന്നെ ആയിരുന്നു. കൈ സ്വീകരിച്ചയാളെ കാണാന്‍ ഒരു അവസരമുണ്ടാക്കാമെന്ന് അന്ന് ഡോക്ടര്‍ അരുണ്‍ മനോജിന്റെ കുടുംബത്തിന് ഉറപ്പു നല്‍കിയിരുന്നു. നാളെ അവരെ അതിനു വേണ്ടി വിളിക്കാനിരിക്കെയാണ് ഇന്ന് യാദൃശ്ചികമായി അവര്‍ വന്നതെന്ന് ഡോക്ടര്‍ ഓര്‍ത്തു.
മനോജിന്റെ കുടുംബം പുറത്തു നില്‍ക്കുന്നുണ്ടന്ന് നേഴ്‌സ് വന്ന് പറഞ്ഞപ്പോള്‍ ഡോക്ടര്‍ അവരെ അകത്തേക്ക് കടത്തിവിടാന്‍ അനുമതി നല്‍കി.
ജീവച്ഛവം കണക്കെ മനോജിന്റെ ഭാര്യയും അച്ഛനും അകത്തേക്ക് കടന്നു ചെന്നു.ന ഷ്ടത്തിന്റെ ആഴം അവരുടെ കണ്ണുകളില്‍ നിന്നും വായിച്ചെടുക്കാനാവുമായിരുന്നു. പ്രായം വെറും മുപ്പതുകളില്‍ എത്തിനില്‍ക്കുമ്പോള്‍ സ്വന്തം ജീവിതം കൈപ്പിടിയില്‍ നിന്നും വിട്ടുപോയ ആ യുവതിയും വയസ്സുകാലത്ത് തുണയാവേണ്ട മകന്‍ മരിച്ചു തലയ്ക്ക് മുകളില്‍ നില്‍ക്കുന്ന കാഴ്ച കാണേണ്ടി വന്ന അച്ഛനും പരസ്പരം ഊന്നുവടികളായി ഡോക്ടറുടെ മുന്നിലിരുന്നു. അവര്‍ക്ക് എന്തോ തന്നോട് പറയാനുള്ളതായി അയാള്‍ക്ക് തോന്നി.
ഒടുവില്‍ ഏതാനും നിമിഷത്തെ നിശ്ശബ്ദത അവസാനിപ്പിച്ച് ആ അച്ഛന്‍ സംസാരിച്ചു തുടങ്ങി. മകന്‍ എന്നും കെട്ടിയിരുന്ന വാച്ചാണ് ഡോക്ടറുടെ മേശപ്പുറത്ത് ഇരിക്കുന്നതെന്നും അവന് ആ വാച്ചുമായി ഉണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ചും അദ്ദേഹം ഡോക്ടറോട് പറഞ്ഞു. അകാലത്തില്‍ അവനെ വിട്ടുപിരിഞ്ഞ അമ്മ പിറന്നാളിന് സമ്മാനമായി നല്‍കിയിരുന്ന വാച്ചായിരുന്നു അതെന്നും അത് കെട്ടുമ്പോള്‍ അമ്മ കൂടെയുണ്ടെന്ന ധൈര്യമായിരുന്നു അവനെന്നും പറയുമ്പോള്‍ ആ വൃദ്ധന്‍ വിങ്ങിപ്പൊട്ടി.
മരുമകള്‍ അദ്ദേഹത്തിന്റെ ചുമലില്‍ തലോടിക്കൊണ്ടിരുന്നു. താന്‍ കല്യാണം കഴിഞ്ഞുവന്ന കാലംതൊട്ട് ഈ വാച്ചുമായുള്ള ഭര്‍ത്താവിന്റെ അടുപ്പം കാണുന്നതാണെന്നും ഒരുപക്ഷേ, തന്നെയും മക്കളെയും നഷ്ടപ്പെടുന്നതിനേക്കാള്‍ വേദന ഈ വാച്ച് കൈവിട്ടു പോയാല്‍ അദ്ദേഹത്തിന് ഉണ്ടായേക്കാമെന്ന തരത്തില്‍ തങ്ങള്‍ക്കിടയില്‍ കളിയായി സംസാരം ഉണ്ടാകാറുണ്ടെന്നും പറയുമ്പോള്‍ ഓര്‍മ്മകളില്‍ നീന്തി അവര്‍ ചിരിക്കുകയും കരയുകയും ചെയ്തുകൊണ്ടിരുന്നു.
അന്ന് അപകടമുണ്ടായതും ഈയൊരു വിശ്വാസത്തിന്റെ പേരില്‍ വീട്ടില്‍ മറന്നുപോയ വാച്ച് എടുക്കാന്‍ തിരികെ വരുമ്പോഴായിരുന്നു. ഒരു ദിവസം വാച്ച് കെട്ടിയില്ലെങ്കില്‍ ഒന്നും സംഭവിക്കില്ലെന്നും, അതിനുവേണ്ടി മാത്രമായി തിരികെ വരേണ്ടെന്നും ആവുമ്പോലെ പറഞ്ഞിട്ടും കേള്‍ക്കാതെ വീട്ടിലേക്ക് തിരികെ പുറപ്പെട്ട ഭര്‍ത്താവിനെ പിന്നെ ഈ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന അവസ്ഥയിലാണ് താന്‍ കണ്ടതെന്നു പറഞ്ഞ് ആ യുവതി ഡോക്ടറുടെ മുന്നില്‍ പൊട്ടിക്കരഞ്ഞു.
ഈ സമയം മുഴുവന്‍ അവര്‍ വാച്ച് തനിക്ക് കൊണ്ടുതന്നതിലെ യുക്തി ആലോചിക്കുകയായിരുന്നു ഡോക്ടര്‍ അരുണ്‍. അയാളുടെ ചിന്തയ്ക്ക് വിരാമമിട്ട് മനോജിന്റെ അച്ഛന്‍ വീണ്ടും സംസാരിച്ചു തുടങ്ങി. എന്നും തന്റെ മകന്റെ കയ്യില്‍ അവന്റെ ധൈര്യവും ആത്മവിശ്വാസവുമായി ഉണ്ടായിരുന്ന വാച്ച് ഇനിയും അവന്റെ കൈകളില്‍ത്തന്നെ; അത് മറ്റൊരാളുടെ ദേഹത്തോട് ചേര്‍ന്നെങ്കിലും വേണമെന്ന കുടുംബത്തിന്റെ ആഗ്രഹം ആ വൃദ്ധനായ പിതാവ് ഡോക്ടര്‍ അരുണിനോടു പങ്കുവച്ചു.
ഒന്ന് അന്ധാളിച്ചുവെങ്കിലും മനോജിന്റെ കൈ സ്വീകരിച്ച വിദേശിയായ യുവാവിനോടും ബന്ധുക്കളോടും സംസാരിക്കാന്‍ ഡോക്ടര്‍ ആലോചിച്ചു. മറ്റൊരാളുടെ കൈ സ്വീകരിക്കാമെങ്കില്‍പ്പിന്നെ അയാള്‍ ഉപയോഗിച്ചിരുന്ന ഒരു വസ്തു ഏറ്റെടുക്കുന്നതിനും വിമുഖത കാണിക്കേണ്ട കാര്യമില്ലെന്ന് അരുണ്‍ ആത്മഗതം ചെയ്തു.
ഡോക്ടര്‍ അരുണ്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതനുസരിച്ച് കൈമാറ്റ ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്ന സക്കീര്‍ ഹുസൈന്‍ എന്ന ചെറുപ്പക്കാരന്‍ ഡോക്ടറുടെ മുറിയിലേക്ക് വന്നു. പരസ്പരം കണ്ടപ്പോള്‍ വികാരവിക്ഷോഭത്താല്‍ മൂവരും വാക്കുകളില്ലാതെ മൂകമായി നിന്നുപോയി. ഒടുവില്‍ മനോജിന്റെ അച്ഛന്‍ പതുക്കെ എഴുന്നേറ്റ് സക്കീറിന്റെ അടുത്ത് ചെന്ന് അയാളുടെ വലതുകയ്യെടുത്ത് തന്റെ നെഞ്ചോടു ചേര്‍ത്തു. പൊതിയിലെ വാച്ച് കയ്യില്‍ കെട്ടിക്കൊടുത്തപ്പോള്‍ ആ പാവം അച്ഛന്‍ ഹൃദയം നുറുങ്ങുന്ന വേദനയിലും 'എന്റെ മോനിപ്പോ സന്തോഷായിട്ടുണ്ടാവും' എന്നു പറഞ്ഞു പുഞ്ചിരിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
സക്കീര്‍ അദ്ദേഹത്തെ സ്‌നേഹാധിക്യത്താല്‍ പൊതിഞ്ഞു പിടിച്ചു. ഇതൊക്കെ കണ്ട് മാറിയിരുന്നു വിതുമ്പുന്ന മനോജിന്റെ ഭാര്യയുടെ അടുത്തേക്ക് ചെന്ന അയാള്‍ വലതുകരം തെല്ലൊന്നുയര്‍ത്തി അവരുടെ മുടിയിഴകളില്‍ വാത്സല്യത്തോടെ തഴുകി പിന്നെ കൈകള്‍ കൂപ്പി കണ്ണീര്‍ വാര്‍ത്തു.
എല്ലാറ്റിനും സാക്ഷിയായി ഡോക്ടര്‍ അരുണും ചാരിതാര്‍ത്ഥ്യത്തോടെ നിന്നു.
കാലദേശഭാഷാവ്യത്യാസമില്ലാതെ സ്‌നേഹം സംവദിക്കുമ്പോള്‍ സക്കീറിന്റെ കയ്യില്‍ കെട്ടിയ മനോജിന്റെ വാച്ചിലെ സമയസൂചി അനുസ്യൂതം ചലിച്ചുകൊണ്ടിരുന്നു. 'ഞാനെവിടെയായാലും എന്റെ വാച്ചിനെ കൈവിടില്ല' എന്ന മനോജിന്റെ ആത്മവിശ്വാസം നിറഞ്ഞ വാക്കുകള്‍ ആശുപത്രി മുറിയുടെ ചുമരുകളില്‍ തട്ടി പ്രതിധ്വനിക്കുന്നതുപോലെ ഡോക്ടര്‍ക്ക് തോന്നി.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...