മണിക്കുട്ടീസ് കാക്കസ്പാ, വെള്ളായണി പി ഒ, വെള്ളായണി

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. ദേവന്‍ അയ്യങ്കേരില്‍ എഴുതിയ ചെറുകഥ

chilla malayalam  short story by devan ayyangeril

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

chilla malayalam poem by maneesha mohan


ഒരു വ്യക്തിയുടെ ഉള്ളില്‍ നുരഞ്ഞു പൊന്തുന്ന ആത്മരോഷമാണ് പിന്നീട് വലിയ പ്രസ്ഥാനങ്ങളായി മാറുന്നതെന്നാണ്  മോട്ടിവേഷന്‍ ക്ലാസ്സുകളില്‍ ഇതുമാത്രം ഉപജീവനമാക്കിയ പല മഹാന്മാരും പറഞ്ഞിട്ടുള്ളത്. തീവണ്ടിയില്‍നിന്നും തൂക്കിയെറിയപ്പെട്ട ഏതോ ഒരു മോഹന്‍ദാസ് ഇത്തരത്തില്‍ ഒരുവനായിരുന്നത്രെ!

(വിളയില്‍ തെക്കേതില്‍ മോഹന്‍ദാസ് ആണ് അതെന്ന് എന്റെ അക്ക ബലമായി വിശ്വസിക്കുന്നു). 

എന്തായാലും ഒരു മോഹന്‍ദാസിനെക്കുറിച്ചും ഇപ്പോള്‍ നാട്ടാര്‍ക്ക് അറിവീല തന്നെ. പിന്നെ ബസിന്റെ പുറകിലേക്ക് തള്ളിയപ്പോള്‍ (ഇവിടെ തള്ളല്‍ ഒരു വലിയ പ്രസ്ഥാനമാകുന്നതിനും വളരെ മുന്‍പേ) തള്ളപ്പെടാന്‍ വിസമ്മതിച്ച ഒരു റോസാ പാര്‍ക്ക്, പാര്‍ക്കിന്റെ മൂലയില്‍ അനധികൃതമായി കുടിലുകെട്ടി താമസിച്ചിരുന്ന ഒരു റോസയാണതെന്ന് ഇവിടുത്തെ ചരിത്ര വിശാരദന്മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 

എന്തായാലും വെണ്ടൂല അമേരിക്കയില്‍ അടിമത്തം അവസാനിച്ചൂന്നും ഭാരതത്തില്‍നിന്നും ബ്രിട്ടീഷുകാര്‍ ഭാര്യയുടെ കാമുകന് ചെങ്കോല്‍ ഏല്‍പ്പിച്ചു സ്ഥലം വിട്ടു എന്നുമൊക്കെയാണ് കഥകള്‍.

അതൊക്കെ പോട്ടെ. വല്യ വല്യ കാര്യങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ദരിദ്രന്മാരല്ലാത്ത നാരായണന്മാര്‍ ഇവിടെ അനവധി ഉള്ളതുകൊണ്ടും മേല്‍പ്പടിയല്ലാത്ത നാരായണന്മാര്‍ ചെറിയ ചെറിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യമായതുകൊണ്ടും, നാമിന്നു മണിക്കുട്ടീസ് കാക്കസ്പായെക്കുറിച്ചാണ് സംസാരിക്കുന്നത്.

 

......................................

Also Read : വെള്ളായണിയിലെ കുളക്കോഴി, ദേവന്‍ അയ്യങ്കേരില്‍ എഴുതിയ ചെറുകഥ

chilla malayalam  short story by devan ayyangeril

 

വെള്ളായണിക്കായലിന്റെ തീരത്താണ് മണിക്കുട്ടി വസിക്കുന്നതെന്നു നമ്മള്‍ പറഞ്ഞുവച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ അവിടെ പ്രാണികളുടെ ശല്യം അല്പം കൂടുതലാണ്. ( മനുഷ്യന്റെ ശല്യം കൂടുതലാണെന്നു പ്രാണികളും.) അതിനാല്‍ തന്റെ പ്രധാന ജോലിയായ പുല്ലുതിന്നല്‍  നന്നായി നടക്കുന്നില്ല എന്ന ആവലാതി മണിക്കുട്ടിയ്ക്കുണ്ട്. പകരം തന്റെ വാലുകൊണ്ട് ഇടത്തുനിന്നു വലത്തോട്ടും, വലത്തുനിന്നു ഇടത്തോട്ടും അവള്‍ സദാ താഡിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ ചെവിയിട്ടിളക്കുക, രോമാഞ്ചം വന്നപോലെ ഉടല്‍ ആകെ വിറപ്പിക്കുക എന്നിങ്ങനെ ആകെ അസ്വസ്ഥയാണ് മണിക്കുട്ടി. 

മുന്‍കാലുകളുടെ പുറകുവശംവരെ മാത്രമേ വാലിനു റെയിഞ്ചുള്ളു എന്നുള്ളതുകൊണ്ട് മണിക്കുട്ടി വലത്തോട്ടടിക്കുമ്പോള്‍ ട്രെന്‍ഡ് നോക്കി ഇടതുവലതു മുന്നണികളില്‍ ചേക്കേറുന്ന കേരളാധിഷ്ഠിത പാര്‍ട്ടികളെപ്പോലെ ചോരകുടിയന്‍ ഈച്ചകള്‍ ഇടത്തോട്ട് പറക്കും, മണിക്കുട്ടി ഇടത്തോട്ടടിക്കുമ്പോള്‍ അവ വലത്തോട്ട് പറക്കും. പിന്നെ നാക്കിനും ചെവികള്‍ക്കുമൊന്നിനും റെയിഞ്ചില്ലാത്ത സ്ഥലത്തു കയറിപ്പറ്റുന്ന ചില 'വട്ടന്‍'മാരുമുണ്ട്. പട്ടുണ്ണി നായുണ്ണി എന്നും ഇവരെ വിളിക്കുമെങ്കിലും  അനുജന്‍ ഉണ്ണി ഈ കഥ തിരസ്‌ക്കരിക്കും എന്നുള്ളതുകൊണ്ട് ഇവരെ വട്ടന്‍ എന്നുതന്നെയാണ് നാമീക്കഥയില്‍ വിളിക്കുന്നത്. 

പുല്‍പ്പടര്‍പ്പില്‍നിന്നു അവസരം നോക്കി അവളുടെ കൊമ്പിന്റെ ഇടയില്‍, കേന്ദ്ര തലസ്ഥാനത്തു ഒക്കെ കയറിപ്പറ്റും ഈ പശു സ്‌നേഹികള്‍. 'കാറ്റില്‍ ടിക്ക്', 'റിപ്പേ സെഫിലസ് മൈക്രോപ്ലസ്' എന്നിങ്ങനെ വായിക്കൊള്ളാത്ത പേരൊക്കെ ഉള്ളതുകൊണ്ട് ഇവരെ ഇറക്കിവിടാന്‍ അത്ര എളുപ്പമല്ലത്രെ. ഒരു സൂചിക്കുഴയോളം വലിപ്പം പോലുമില്ലാത്ത ഇവര്‍ അവിടെ കടിച്ചുപിടിച്ചിരുന്ന് ചോരകുടിച്ചൂ ഒരു മുന്തിരിങ്ങയുടെ വലുപ്പത്തില്‍ വീര്‍ത്തുവരും. ചൊറിച്ചില്‍ സഹിക്കാതെവരുമ്പോള്‍ മണിക്കുട്ടി നാലുകാലും പറിച്ചു ചാടും. അടുത്തുള്ള മരങ്ങളിലൊക്കെ ഉരച്ചുനോക്കും, ചെളിയില്‍ കിടന്നു പെരളും, പുല്ലില്‍ കിടന്നു ഉരുളും, കുളത്തില്‍ ചാടും. ഇവരെ താഴയിറക്കാന്‍ പഠിച്ചപണി പന്ത്രണ്ടും (പശുക്കള്‍ക്ക് പതിനെട്ടു പണി ആരും പറഞ്ഞുകൊടുത്തിട്ടില്ല) നോക്കിയാലും വട്ടന്മാര്‍ അവിടെത്തന്നെയിരിക്കും. ഒടുവില്‍ ചോരകുടിച്ചുവീര്‍ത്ത് പിടിച്ചിരിക്കാന്‍ വയ്യാതെ അവര്‍ ഉരുണ്ടുവീഴും. ഇത് മനസിലാകുന്നതോടെ, എന്നാപ്പിന്നെ ഇച്ചിരി പുല്ലുതിന്നേക്കാം എന്ന് മണിക്കുട്ടി കരുതും. 

രാവിലെ കുളിച്ചു ശുദ്ധിവൃത്താദികള്‍ വരുത്തി ജോലിക്കിരുന്നാലും, മൂത്രശങ്ക ( ബ്രെയ്ക്ക്), മുറുക്കല്‍ ശങ്ക (ബ്രെയ്ക്ക്), ചായക്കുള്ള വിളികള്‍ ( ബ്രെയ്ക്ക് ബ്രെയ്ക്ക്), യൂണിയന്‍ മീറ്റിംഗില്‍ പങ്കെടുക്കാനുള്ള ആഹ്വാനങ്ങള്‍ ( ലോ....ങ്ങ്  ബ്രെയ്ക്ക്) എന്നീ ജനോപകാരപ്രദമായ കടമകള്‍ ഉള്ളതുകൊണ്ട് വളരെക്കുറച്ചു മാത്രം പണിയെടുക്കാനേ കഴിയൂന്നുള്ളൂ എന്നോര്‍ത്ത് വിലപിക്കുന്ന സാറിനെപ്പോലെ,  രാവിലെമുതല്‍ വൈകുന്നേരംവരെ പുല്ലുതിന്നാനുള്ള പെര്‍മിറ്റുണ്ടങ്കിലും ക്ഷുദ്രജീവികളുടെ ഇടപെടല്‍മൂലം വളരെക്കുറച്ചു പുല്ലേ തനിക്കും തിന്നാന്‍ കഴിയുന്നുള്ളൂ എന്നോര്‍ത്തപ്പോള്‍ ഇതുവരെ  സര്‍ക്കാര്‍ സംവിധാനത്തിനെ കുറ്റം പറഞ്ഞിരുന്ന മണിക്കുട്ടിക്ക് കുറ്റബോധം  ഉളവാകുകയും  മേല്‍പ്പടിക്കാര്‍ക്കു ഒരു ജയ് വിളിക്കണമെന്നു തോന്നുകയും, അറിയാതെ വാലൊന്നുപൊക്കിപ്പോവുകയും ചെയ്തു. അതുവഴി നടന്നുവന്ന വെള്ളായണി അപ്പുവിന് ( മേല്‍പ്പടിയാന്‍ എന്റെ ശുനക സ്യാലനാണെന്നു നേരത്തെതന്നെ പറഞ്ഞു വച്ചിട്ടുണ്ടല്ലോ) ഇതുകണ്ട് ധര്‍മ്മരോഷമുണ്ടായി. 'എന്തിനും ഏതിനും ഒരു സമയവും  സന്ദര്‍ഭവും ഒക്കെയില്ലേ പയ്യേ?'

വിശകലനാത്മകമായ ഒരു സംഭാഷണത്തിന്  ത്വരയില്ലാത്തതിനാല്‍ മണിക്കുട്ടി വിളിച്ചു, അപ്വേ.....! വാട്ട് ഈസ് ദിസ്, വുമണ്‍!'

ഫെയ്ക്ക് ആക്സെന്റ് എന്ന് ഉള്ളില്‍ തോന്നിയെങ്കിലും അപ്പു അത് പ്രകടിപ്പിക്കാതെ ഒന്ന് മുരണ്ടു.

മണിക്കുട്ടി തുടര്‍ന്നു, 'അപ്വേ ..നീയെനിക്കൊരു ഫേവര്‍ ചെയ്തുതരണം. എന്റെ തലസ്ഥാനത്തു കുടിയിരിക്കുന്ന ഈ ചോരകുടിയന്മാരെ നീയൊന്നു കുടിയിറക്കിത്തരണം'

'ഹൗ ഹൗ?-അപ്പു ചോദിച്ചു. 

'നീ ഇവറ്റകളെ കടിച്ചെടുക്കണം, എന്നിട്ട് മനുഷ്യര്‍ കുക്കുചെയ്യുന്ന അടുപ്പിലിടണം. പെറ്റുപെരുകിയാല്‍ ഇവര്‍ നിന്റെ ദഹത്തും കയറും,നിന്റെ ലൂക്‌സ് എല്ലാം പോകും'-മണിക്കുട്ടി വെള്ളായണി അപ്പുവിന്റെ സോഫ്റ്റ് സ്‌പോട്ടിലേയ്ക്ക് അമ്പെയ്തു. 

ലുക്സിന്റെ കാര്യം കേട്ടപ്പോള്‍ അപ്പു കുളക്കരയിലേക്ക് ഓടി. വെള്ളത്തില്‍ തന്റെ പ്രതിബിംബത്തിലേക്കു നോക്കി, നകുലനെപ്പോലെ. വല്യ കുഴപ്പമില്ല എന്നുകണ്ടപ്പോള്‍ തിരിച്ചുവന്നു. (ഷാജിപ്പാപ്പന്‍ വണ്ടി പുറകോട്ടെടുത്തപ്പോള്‍ അവന്റെ താടിയെല്ലില്‍ ഒന്ന് തട്ടി. ഒരു കോമ്പല്ല് അല്പം പുറത്തേക്കുവന്നു.  പുറത്തേയ്ക്കു  വന്നത് അകത്തേക്കു പോകാന്‍ വിസമ്മതിച്ചു നില്‍ക്കുകയാണിപ്പോഴും. പക്ഷെ ഇത് അപ്പുവിന്റെ  പൗരുഷത്തിനു ഒരു മുതല്‍ക്കൂട്ടായി. അവന്റെ മുഖത്തും മലയാളിയുടെ സ്ഥായീഭാവമായ പുച്ഛം ഇപ്പോള്‍ വിജൃംഭിച്ചു നില്‍ക്കുന്നു.)

ഇതുകൊണ്ട് എനിക്കെന്താണ് ഗുണം എന്ന് സ്വതസിദ്ധമായ പട്ടിത്തരത്തോടെ അവന്‍ ചിന്തിച്ചു. ഒന്നും കാണാത്തതുകൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടാവും. അതുകൊണ്ട് 'നോ' പറയണ്ട എന്ന് തീരുമാനിച്ചു. എന്നിട്ട് അവന്‍ വരെ കേട്ടുമടുത്ത ഒരു ഡയലോഗ് അങ്ങ് പറഞ്ഞു. 'നോക്കാം വഴിയുണ്ടാക്കാം.'

'നിന്നോട് റോഡ് വെട്ടാനല്ല എന്റെ തലയില്‍ കയറിയിരുന്ന് ചോരകുടിക്കുന്ന ഇവറ്റകളെ ഇറക്കണമെന്നാ പറഞ്ഞെ'- എന്ന് മണിക്കുട്ടി ക്രുദ്ധയായി ചിന്തിച്ചു, എന്നിട്ട് സോഫ്റ്റായി പറഞ്ഞു, താങ്ക്‌സ്.

ഈ പെര്‍ഫോമന്‍സോടെ മണിക്കുട്ടി തളര്‍ന്നു. അവള്‍ കിടന്നതും വിശന്നുവന്ന കാക്ക ലാന്‍ഡുചെയ്യാന്‍ സിഗ്‌നല്‍ കാത്തിരുന്നതും ഒരുമിച്ചായിരുന്നു. കാക്ക മണിക്കുട്ടിയുടെ തലയില്‍ ലാന്‍ഡുചെയ്തു. വിളഞ്ഞുപഴുത്തിരുന്ന ഒരു വട്ടനെ ഒറ്റക്കൊത്തിനകത്താക്കി, റെയര്‍ലി ടണ്‍ സ്റ്റെയ്ക്കുപോലെ. അതിന്റെ ആഹ്ലാദത്തില്‍ കാക്ക വിളിച്ചു, കാ കാ... വാ വാ..ദേ പുട്ട്! 

ഇതുകേട്ട്  കാക്കകള്‍ പറന്നു വന്നു മണിക്കുട്ടിയുടെ തലയിലും ഉടലിലുമെല്ലാം ലാന്‍ഡുചെയ്തു സമൃദ്ധമായി കൊത്തിപ്പെറുക്കാന്‍ തുടങ്ങി. ചോരകുടിച്ചു വീര്‍ത്തിരുന്ന വട്ടന്മാര്‍ കാക്കോദരങ്ങളിലേക്ക് ബുള്‍സൈ പോലെ വഴുതിയിറങ്ങി. കാക്കമാരെ ശല്യം ചെയ്യാതെ മണിക്കുട്ടി തിരിഞ്ഞും മറിഞ്ഞും കിടന്നുകൊടുത്തു. പത്തുപതിനഞ്ചു മിനിറ്റുകൊണ്ട് മണിക്കുട്ടിയുടെ കോട്ടു ക്‌ളീന്‍. മണിക്കുട്ടി ആഹ്ലാദതുന്ദിലയായി  ഒന്ന് മന്ദഹസിച്ചു.


ഈ സമയത്താണ് ചെമ്പോത്ത് ബ്രോ അതുവഴി വന്നത്. ചെമ്പോത്ത് ബ്രോയെ ഉപ്പനെന്നും വിളിക്കും. 'ഉപ്‌സ് ബ്രോ' യെക്കാള്‍ 'ചെമ്പോത്ത് ബ്രോ'ക്കാണ് ഒരു ഗും എന്നുള്ളതുകൊണ്ടാണ് അദ്ദേഹം ആ പേര് ഓപ്റ്റുചെയ്തതെന്നാണ് സംസാരം. ആള് കാക്കയെ പോലെയിരിക്കുമെങ്കിലും മള്‍ട്ടി കളേഡാണ്. കറുത്ത കുര്‍ത്തയാണ് സദാ വേഷം. പിന്നെ ടിവി അവതാരകരെപ്പോലെ ഒരു ബ്രൗണ്‍ വെസ്റ്റ് മസ്റ്റാ പുള്ളിക്ക്. ഈ വെസ്റ്റില്ലങ്കില്‍ അടിച്ചു ഫിറ്റായ ഒരു സാദാ കാക്കയെപ്പോലിരിക്കും ചെ: ബ്രോ. 

കണ്ണിന്റെ ചുവപ്പ് ഉപ്പന്‍ ഫാമിലിക്ക് പരമ്പരാഗതമായി കിട്ടിയതാണെന്നും ചാരായജന്യമല്ലെന്നും  ഇപ്പോള്‍ നാട്ടാര്‍ക്കറിയാം. പേരെടുക്കാന്‍ പല പണിയും പയറ്റിയ ആളാണ് ചെ: ബ്രോ. ആണാണെങ്കിലും അമ്മച്ചിയുടെ ചട്ടേം മുണ്ടും വരെ ഇട്ടുനടന്നു. അവസാനം ബ്രൗണ്‍ വെസ്റ്റിട്ടു വ്‌ളോഗറും ഫുഡ് ക്രിട്ടിക്കും ആയി നടക്കുകയാണിപ്പോള്‍  ചെ:ബ്രോ. 

തിയറി ഓഫ് വെലോസിറ്റി ക്ലാസ്സില്‍ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ അമ്പഴങ്ങ പറിക്കാന്‍ പോയിരുന്നതുകൊണ്ട് ബ്രോയുടെ റിലേറ്റീവ്‌സ് ഒക്കെ റോഡില്‍ ടാറുമായി ലയിച്ചിരിക്കുന്നതു കണ്ടിട്ടുണ്ട് എന്നത്  ഏവരും റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു കാര്യമാണ്.

ഒരു എപ്പിഡോഡിനുള്ള പോസിബിലിറ്റി കണ്ട ചെബ്രോ മണിക്കുട്ടിയോടു ചോദിച്ചു, വാട്ട് ഈസ് ഹാപ്പനിംഗ് ഹിയര്‍? കാക്കയല്ലാതാകാന്‍ ബ്രൗണ്‍ വെസ്റ്റിട്ടു വന്നിരിക്കുന്ന ഒരു വേസ്റ്റ് കാക്കയെ ആണ് മറ്റുള്ള കാക്കകള്‍ കണ്ടെത്. 

 

...............................

Also Read : ഞാന്‍ വെള്ളായണി അപ്പുവിന്റെ പട്ടിയാകുന്നു

chilla malayalam  short story by devan ayyangeril

Also Read : ഗജാനന ചരിതം, ദേവന്‍ അയ്യങ്കേരില്‍ എഴുതിയ കവിത

.........................................

 

ബ്രോയെ ആക്കാന്‍ ഹെഡ് കാക്ക പറഞ്ഞു, 'ദിസ് ഈസ്  മണിക്കുട്ടി'സ് കാക്കസ്പാ.'

അവരുടെ കാക്കത്തത്തില്‍ അത്ര അഭിമാനമായിരുന്നു അവര്‍ക്ക്. കാക്ക സ്പായോ!? 'കറുപ്പിനഴക് ഓഹോഹോ കാക്കയഴക്....' പാടി കാക്കകള്‍ ഊറ്റം കൊണ്ടു. വല്യ കാര്യമൊന്നും പറയാനില്ലെങ്കില്‍ ഉള്ള കാര്യത്തെയെടുത്തുടുത്തു വല്യതാക്കുക എന്ന  കാക്കത്തന്ത്രം മന്ത്രമോതിരമണിഞ്ഞു പുളച്ച പുണ്യ മുഹൂര്‍ത്തം.

ചെമ്പോത്ത് ബ്രോ വാസ് ഫാസിനേറ്റഡ്, ഇന്‍സ്റ്റന്റലി.

ഹെഡ്കാക്ക പറഞ്ഞു, ദിസ് ഈസ് എ ന്യൂ കണ്‍സെപ്റ്റ്, വൈല്‍ മിസ് മണിക്കുട്ടി ഈസ് ഗെറ്റിങ് സൂംബ ലെസണ്‍സ്, മഡ് ബാത്, ബോഡി റബ്ബ്, കുളം വാഷ് ആന്‍ഡ് ഗ്രാസ് റോള്‍സ്, മൈ  റ്റീം ഡയ്ന്‍. ബൈ ദി ടൈം വി ആര്‍ ഫിനിഷ്ഡ് ഷി ഈസ് ഹാപ്പി.  ബൈ ദി ടൈം ഷി ഈസ്  ഫിനിഷ്ഡ് വി ആര്‍ ഹാപ്പി. ഇവിടെ ക്ലയന്റും കാവല്‍ക്കാരും ഒന്നുമില്ല. ഓണര്‍ സിസ്റ്റമാ. ചെമ്പോത്ത് ബ്രോ കണ്‍ഫ്യൂസ്ഡായി. 

ഓക്കേ ദെന്‍, ആരാണ് ഇതിന്റെ ഓണര്‍. ഹോ.. ഹോ.. ഹോണര്‍ സിസ്റ്റം  ഹെഡ്കാക്ക തിരുത്തി. 

സാദ്ധ്യതകളുടെ സാന്നിധ്യമറിഞ്ഞു ഉള്‍പുളകിതനായി ചെമ്പോത്ത് ബ്രോ. 

മണിക്കുട്ടിയുടെ മുഖത്തെ കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന്‍ ചേ:ബ്രോയെ ഉന്മത്തനാക്കി. കാക്കകളുടെയും മണിക്കുട്ടിയുടെയും മൂവ്‌മെന്റ്‌സ് അദ്ദേഹം സ്ലോ മോഷനിലും സാദാമോഷനിലും ഷൂട്ട് ചെയ്തു, സ്‌പോട്ടില്‍ എഡിറ്റ് ചെയ്തു, യൂട്യൂബില്‍ അപ്ലോഡ് ചെയ്തു, ഇന്‍സ്റ്റയില്‍ റീലിട്ടു. 

കൂടാതെ ചൊറിച്ചില്‍ സഹിക്കാതെ മണിക്കുട്ടി നാലുകാലും പറിച്ചു ചാടുന്നത്, ചെളിയില്‍ പെരളുന്നത്, മരങ്ങളിലൊക്കെ ഉരക്കുന്നത്, പുല്ലില്‍ കിടന്നു ഉരുളുന്നത് , കുളത്തില്‍ ചാടുന്നത് ഇവയൊക്കെ മണിക്കുട്ടി'സ് സൂമ്പ ലെസണ്‍സ്, മണിക്കുട്ടി'സ്  മഡ് ബാത്,   മണിക്കുട്ടി'സ് ബോഡി റബ്ബ്, മണിക്കുട്ടി'സ്  കുളം വാഷ് ആന്‍ഡ് ഗ്രാസ് റോള്‍സ് എന്നിങ്ങനെ വെവ്വേറെ തലക്കെട്ടില്‍ ഷോര്‍ട്‌സുമിട്ടു, കോണ്ടാക്ട് ലിസ്റ്റിലുള്ള എല്ലാര്‍ക്കും ടാഗ് ചെയ്തു കാത്തിരുന്നു. 

പിന്നെപ്പറയണോ ക്ലിക്കുകള്‍ കുതിച്ചു, ഷെയറുകള്‍ മദിച്ചു, ഇന്‍ ബോക്‌സുകള്‍ കമെന്റുകള്‍കൊണ്ട് കമഴ്ന്നു വീണു. 

എല്ലാവര്‍ക്കും അറിയണം എവിടെയാണീ സ്ഥലം? ആരാണിതിന്റെ ഓണര്‍? അപ്പോയ്ന്റ്‌മെന്റ് കിട്ടാന്‍ ഏതു മന്ത്രി റെക്കമെന്റുചെയ്യണം? അതോടെ മണിക്കുട്ടി കുളത്തിന്റെ കരയില്‍ ഒരു ബോര്‍ഡ് വച്ചു. 
മണിക്കുട്ടീസ് കാക്കസ്പാ,
വെള്ളായണി പി ഒ,
വെള്ളായണി.

പിന്നെ പറയണ്ടല്ലോ!

Latest Videos
Follow Us:
Download App:
  • android
  • ios