Malayalam Poem : അന്തിക്കാട്, സ്മിത്ത് അന്തിക്കാട് എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സ്മിത്ത് അന്തിക്കാട് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
അന്തിക്കാടിനെക്കുറിച്ചു
എഴുതാന്‍ തുടങ്ങുബോള്‍
എനിക്കറിയാം
ചെത്തുസമരങ്ങളുടെ
വീര്യം നിറഞ്ഞ ഞരമ്പുകളുള്ള,
വംശനാശഭീഷണിയുള്ള
ഏതെങ്കിലും
കമ്മുണിസ്റ്റ്കാരനില്‍ നിന്നാവണം
മുറിച്ചാലില്‍ നിന്നുമാവുമ്പോള്‍
തീര്‍ച്ചയായും
പ്രതിഷേധങ്ങള്‍ കാണും
ആല്‍
മുറിച്ചാല്‍ ആകുന്നതിനുമുന്‍പ്
ഒരിടവപ്പാതി പെരുമഴയില്‍
ആല്‍ വേരറ്റ്
ഉടലറ്റ്
വീഴുന്നതിനു മുന്‍പ്
അന്തിക്കാടിന്റെ സിരകളിലൂടെ
ഒഴുകിയെത്തുന്ന സമരവീര്യങ്ങള്‍
ആലിനുകീഴില്‍
പ്രളയമായി ചുവക്കുമായിരുന്നു
താരാസൗണ്ടിന്റെ
കോളാമ്പി മൈക്കിലൂടെ
വയലാറിന്റെയും, ഓയെന്‍വിയുടെയും
വിപ്ലവഗീതികള്‍
ബുധനാഴചകളിലാണ്
ആല്‍ സജീവമാകുന്നത്
പിരിവുകാര്‍
പലിശക്കാര്‍
ഉണക്കമീന്‍ കച്ചവടക്കാര്‍
അന്നു ചെത്തുകാര്‍
സമ്പന്നരായിരുന്നു
പറ്റു വരവുകള്‍ തീര്‍ത്ത്
പലവ്യജ്ഞനങ്ങളും
പചക്കറികളും
മൂത്തുപുളിച്ച കള്ളിന്റെ
മണവുമായി
അവര്‍ വീടുകളിലേക്ക്
തിരിച്ചു പോകും
തല്ലിത്തളര്‍ത്തിയ പൂക്കുലയുടെ
മദഗന്ധവും
കരുത്തുമായി
ആകാശത്തുനിന്നെന്നപോലെ
അവരിറങ്ങിവരും
ഇടവഴികളിലൂടെ
പാടവരമ്പിലൂടെ
തലയുയര്‍ത്തിപിടിച്ച്
കത്തിയൊറയുടെ
അരമണിതാളത്തോടെ
നടന്നു പോകും.
പെണ്ണുങ്ങള്‍
വേലിമറക്കണ്ണിലൂടെ
ഇലതലപ്പുകള്‍ക്കു പിറകിലൂടെ
ആരാധനയോടെ,
കാമത്തോടെ
അവരെ നോക്കിനില്‍ക്കും
പിന്നെ ചെത്തുകാര്‍
രൂപാന്തരപ്പെടാന്‍ തുടങ്ങി
സൈക്കിളുകളിലും,
മോപെഡുകളിലും
അവര്‍ വന്നിറങ്ങാന്‍ തുടങ്ങി
എല്ലൈസി,
ആഴ്ചക്കുറി,
ഇലക്ട്രീഷ്യന്‍
തെങ്ങില്‍ കയറാതെ
അവര്‍ കള്ളുണ്ടാക്കാന്‍ പഠിച്ചു
പൂക്കുല തല്ലിത്തളര്‍ത്തി
കള്ളുണ്ടാക്കിയ
കൈകരുത്തു പോയി
മൂര്‍ച്ചയുള്ള വാക്കു പോയി
ഉടലിനു
പുളിച്ച കള്ളിന്റെ മണം പോയി
പഴയ സമരചരിതങ്ങള്‍
കഥയും കവിതയും
ഓര്‍മക്കുറിപ്പുകളുമായി
ആല്‍ വേരറ്റ് വീണു
മുറിച്ചാലായി.
ബുധനാഴ്ചകളില്‍
മുറിച്ചാലില്‍ ആളൊഴിഞ്ഞു
വിപ്ലവസമരകഥകള്‍
പഴമ്പുരാണങ്ങളായി
രക്ത സാക്ഷികളും
വിപ്ലവകാരികളും
തുരുമ്പിച്ച
ഇരുമ്പുവേലിക്കപ്പുറത്തുനിന്നു
പിന്മുറക്കാരെ വേദനയോടെ നോക്കി
കണ്ണുകളില്‍ നിന്നു
രക്താഭമായ
മൂര്‍ച്ചയുള്ളൊരു നോട്ടം,
മഴയും വെയിലുമേറ്റാവണം
അവര്‍ക്കും നഷ്ടപെട്ടിരുന്നു
ഒറ്റുവഴികളിലെ
നാണയകിലുക്കങ്ങളോട്
അന്തിക്കാട്ടുകാര്‍ക്കിപ്പോള്‍
പകയോ രോഷമോ ഇല്ല
വിധേയത്വമല്ലാതെ
അന്തിക്കാട്ടെ ചെത്തുകാര്‍
ഇപ്പോള്‍
സ്മാരകങ്ങള്‍ മാത്രമാണ്
വാക്കും, വെളിച്ചവും കെട്ട വീട്ടില്‍
മഴവിരലുകളുടെ
വികൃത ചിത്രങ്ങളുള്ള ചുമരില്‍
ചുവപ്പു നിറം മങ്ങിയ
കൃഷ്ണപിള്ളയുടെയും
ഏകെജിയുടെയും
ഈയെമ്മസ്സിന്റെയും
ചിത്രങ്ങള്‍ക്കു കീഴെ
ചിതലരിച്ച ചിത്രമാകാന്‍ പോലും
കഴിയാത്ത
രണസ്മാരകങ്ങള്‍
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...