Malayalam poem : മരണച്ചിരി, രുദ്ര സമംഗ എഴുതിയ കവിത

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. രുദ്ര സമംഗ എഴുതിയ കവിത

chilla malayalam poem by Rudra Samanga

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam poem by Rudra Samanga

 

ശവം എടുത്തതിന്റെ അന്ന് രാത്രി
ചെക്കനൊന്ന് ചിരിച്ചു.
നീട്ടിച്ചിരിച്ചു, 
പിന്നെ പയ്യെ ചിരിച്ചു.

പുരയുടെ പിന്നാമ്പുറത്ത് പോയി
വീണ്ടുമൊന്ന് ചിരിച്ചു. 
ചുമരില്‍ ഒട്ടിച്ച അമ്മച്ചിയുടെ
ഫോട്ടോ നോക്കി കുലുങ്ങിച്ചിരിച്ചു.

അപ്പന്‍ ചത്തതിന് ഈ ചെക്കന്‍ 
എന്തിനാ ചിരിക്കണേ എന്ന്
വായില്‍ കൊന്തവച്ചുകൊണ്ട് ചീരമ്മായി
മുഖത്ത് മറുകുള്ള കാരച്ചന്‍.
വെറ്റില ചവച്ചു നീരു തുപ്പാതെ
കാല് കവച്ചുകൊണ്ട് നായര്.

നീ എന്തിനാടാ ചെക്കാ കിണിക്കുന്നെ
അപ്പന്‍ ചത്തു മേലേനിക്കുവാ ഓര്‍മ വേണം.

ചെക്കന്‍ വീണ്ടും നായരെ നോക്കി നീണ്ടു ചിരിച്ചു.

പറയാനൊക്കുവോ...
കാലിലെ മാറാത്ത നീര്
അപ്പന്‍ തച്ചതിന്റെയാണെന്ന്
അമ്മച്ചി ദണ്ണിച്ച് മരിച്ചത്
അപ്പന്റെ കൊണം കൊണ്ടാണെന്ന്

അമ്മച്ചി മരിച്ചു കിടക്കുമ്പോ അപ്പന്‍
നോക്കിച്ചിരിക്കുവാര്‍ന്ന്.
കാലില്‍ പതിഞ്ഞ ചിരവയുടെ
നാക്കിന്റെ മൂര്‍ച്ച നോക്കിയിട്ട്, 
പള്ളയില്‍ കല്ലിച്ച 
അപ്പന്റെ മൂന്നുവിരലിന്റെ 
പാട് നോക്കിയിട്ട്.
നഖം കീറിപ്പറിഞ്ഞ ചെറു-
വിരല്‍ നോക്കിയിട്ട്.

ചെക്കനന്ന് തോന്നി
അപ്പന്‍ മരിച്ചാലും ചിരിക്കണം
അപ്പനേക്കാള്‍ നന്നായി
ചിരിക്കണന്ന്.

ആരോ അപ്പന്റെ ഫോട്ടോ
ചുമരില്‍ അമ്മച്ചിയുടെ
ഫോട്ടോയുടെ അടുത്ത് തൂക്കിയിട്ടു.

ചെക്കന്‍ വീണ്ടും ചിരിച്ചു
നാവ് പുറത്തേക്കിട്ട് ചിരിച്ചു.
ചിറിയിലൂടെ ഇറങ്ങിയ 
ഉപ്പുവെള്ളവും കൂടെ 
നക്കിയെടുത്ത് 
നീണ്ടുനിവര്‍ന്നു
നീട്ടി ചിരിച്ചു...!

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Latest Videos
Follow Us:
Download App:
  • android
  • ios