പാഴ്പ്പുസ്തകം. പ്രതിഭാ പണിക്കര്‍ എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് പ്രതിഭാ പണിക്കര്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
പാഴ്പ്പുസ്തകം
പകുതി വായിക്കപ്പെട്ട്,
ഇടംവലം പാതികളായ് മുറിയ്ക്കപ്പെട്ട്,
പിന്നെ മറക്കപ്പെട്ട്
അലമാരത്തടവില്‍ കഴിയുന്ന
ഒരു പാഴ്പുസ്തകത്തെപ്പോലെയാണ്
ഏകാകിയായ് മാറിയ
മനുഷ്യന്‍.
മേല്‍ക്കവചങ്ങള്‍ക്കുള്ളില്‍
അവയുടെ ഉള്ളടക്കം
വെവ്വേറെയേയല്ല.
മറിയ്ക്കപ്പെടാതൊട്ടിച്ചേര്‍ന്ന
ഏടുകള്‍,
ഒരു പങ്കുവയ്ക്കലോളമായുസ്സുള്ള
പരിഭവങ്ങള്‍
(ഇന്നിഴുകിപ്പിണഞ്ഞു ദ്രവിച്ചവ),
ശേഷവായന കാത്തുകുഴഞ്ഞ
അക്ഷരങ്ങള്‍,
മുഷിഞ്ഞുപഴകിയ വല്ലായ്മകളുടെ
കലഹഗന്ധം.
ആക്രിയുടെ ഭാണ്ഡശേഖരങ്ങള്‍ കടന്ന്,
പിന്നെയും ഉടച്ചരച്ച് പുതുക്കപ്പെട്ട്,
പുറംചട്ട, ചായം മാറിയണിഞ്ഞ്
മറ്റുള്ളവരിലേയ്ക്ക് പോന്ന
പഴയ സഞ്ചാരങ്ങളുടെ ഓര്‍മ്മത്തെളിവ്.
ഒറ്റയ്ക്കിരിപ്പിന്റെ ചിതലുകള്‍
പിച്ചിപ്പറിച്ച് കഷണങ്ങളാക്കുന്ന നെഞ്ചറ,
എത്രയോ നാള്‍ അടുക്കിപ്പിടിച്ചിരുന്നിട്ടും
നൂലറ്റ്, പിഴുതെറിയപ്പെട്ട്
അവിടിവിടാകുന്ന താളൊതുക്കം.
കാല്‍വയ്പ്പുകള്‍ കനത്തുതൂങ്ങുന്നെന്നിരിയ്‌ക്കേ,
ലോകത്തിലേയ്ക്കയാള്‍ നടക്കുന്ന
ഒറ്റയാള്‍പ്പാത വിണ്ടറ്റുതുടങ്ങുന്നെന്നാകവേ
ഈ വഴി താനിനി വന്നെന്നിരിയ്ക്കില്ലെന്ന്
തീര്‍ത്തുപറഞ്ഞയാള്‍ മടങ്ങുന്നുണ്ട്.
പക്ഷേ,
വായിക്കപ്പെടാനുള്ള
നിര്‍ലജ്ജമായ ത്വരയാല്‍
ഓരോരുത്തരിലേയ്ക്കയാള്‍
വീണ്ടും വീണ്ടും
യാത്ര ചെയ്തുകൊണ്ടേയിരിയ്ക്കുന്നു.