Malayalam Poem : അവിഹിതം, പ്രദീപ് കെ. എസ് എഴുതിയ കവിത

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  പ്രദീപ് കെ. എസ് എഴുതിയ കവിത

chilla malayalam poem by Pradeep KS

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam poem by Pradeep KS

 

വാക്കുകള്‍ മരിച്ച
കിടപ്പുമുറിയില്‍
നെടുവീര്‍പ്പിന്‍ ചുഴിയില്‍ നിന്നും
മൗനത്തിന്‍
പെരുംകടലിലേക്ക് നീന്തുന്ന
രണ്ടുപേര്‍

മറ്റൊരിടത്ത്,
മറ്റൊരു മുറിയില്‍
അതേ നാലുകാലുള്ള
കട്ടിലില്‍ മറ്റുരണ്ടുപേര്‍ക്കിടയിലൂടെ
പകുത്തു പോകുന്ന
ഒരു സാങ്കല്പിക ചില്ലുമതില്‍.

പരസ്പരം പോരടിക്കുന്ന
രണ്ടായി വിഭജിക്കപ്പെട്ട
ഒരു മാതൃ രാഷ്ട്രത്തിന്റെ
ഇരുവശവും എന്ന പോലെ 
വെടിമരുന്ന് നിറച്ച്
എപ്പോള്‍ വേണമെങ്കിലും
പൊട്ടിപ്പുറപ്പെടുന്ന
ഒരു യുദ്ധഭീതി നിറച്ചങ്ങിനെ.

പൊട്ടിച്ചിരികളെ
കൊലചെയ്ത് ആദ്യത്തെ
രണ്ടുപേര്‍
കറുത്ത നിശബ്ദയില്‍
പരസ്പരം
ശ്വാസമടക്കിക്കിടക്കുന്നു.
ഉപ്പുകലര്‍ന്ന ഒരു നിലവിളി
പാതിരാക്കാറ്റില്‍ പരക്കുന്നു
വെന്തചോറിന്നും പങ്കിടാതെ
അടുപ്പിലെ തീ കെട്ടൊടുങ്ങുന്നു

നാക്കിലയില്‍
വിരുന്നൂട്ടിയിട്ടും
വറ്റുകൊത്താതെ
തലതല്ലി കാറി
രാചില്ലയില്‍ കലപിലകൂടും
കാക്കകളായി നാലാളുകള്‍

അതില്‍ ഒരു പേര്
രണ്ടാമത്തെ
രണ്ടുപേരുടെ സ്വപ്നത്തിലേക്ക്
പച്ചകുത്തിയ പാമ്പിനെ
പോലെ പുതപ്പിനടിയിലേക്ക്
ഇഴഞ്ഞു പോകുന്നു.
പിച്ചളത്തണുപേറ്റ്
ഉറക്കത്തില്‍
ഒരവള്‍ ഞെട്ടിത്തെറിക്കുന്നു

പ്രഭാതത്തില്‍
നാലിടങ്ങളിലേക്ക്
നാലുപേര്‍ നടന്നു പോകുന്നു
വീണ്ടുമന്തിയില്‍ കൂടണയുന്നു
വീഞ്ഞും വിശപ്പും ഒഴിഞ്ഞ
മേശമേല്‍ ആറിത്തണുത്ത
രുചികള്‍
മൗനം കുടിച്ചങ്ങനെ
രക്തം കുടിക്കുന്ന യക്ഷിയെ പോലെ 
ഐഫോണ്‍
ചിലയ്ക്കുന്നു

നീലവെട്ടത്തില്‍ ആരെയോ
അഭിമുഖം കണ്ട്
കണ്ടുപുഞ്ചിരിക്കുന്നു

കാതരമായ
പുതിയ രണ്ടുശബ്ദങ്ങള്‍
വീട്ടുമൗനം ഭേദിച്ച്
മതില്‍ കെട്ടിന് പുറത്ത്
റോഡ് നീളെ
തോരാതെ പെയ്തങ്ങിനെ

നാലുപേര്‍ക്കിടയില്‍
എന്നോ മരവിച്ച രണ്ടുപേര്‍
വിലങ്ങുതടികള്‍ പോലെ
കൊടുമിരുട്ടില്‍
ഉരുകിമയങ്ങുന്നു

ആ പച്ചപ്പാതിരയില്‍
ആകെയുള്ള നാല് പേരില്‍ നിന്നും
രണ്ടു പേര്‍ പുതിയ സമവാക്യം തേടി,
മുന്തിരികള്‍
വിളഞ്ഞുതിരുന്ന താഴ് വരയില്‍
കറുപ്പും വെള്ളപ്പുള്ളിയുമുള്ള ആട്ടിന്‍ പറ്റങ്ങള്‍
ഇണചേരുന്നത് കാണാന്‍ പോയി.

എന്തൊരു സ്വാതന്ത്ര്യമാണവയ്ക്ക് 
എന്നൊരുവള്‍ പറഞ്ഞ രാത്രിയില്‍
ആണൊരുത്തന്‍ ആദ്യപ്രേമം
ഒരാപ്പിള്‍ പോലെ
പകുത്തുനല്‍കുന്നു.

പെരുമരം
പുല്‍ക്കൊടിയെ പുല്‍കുന്നു
ശ്വാസവേഗങ്ങള്‍ തീക്കാറ്റാകുന്നു
സര്‍പ്പഗന്ധസന്ധ്യയില്‍
രക്തത്തില്‍
മതം മാറ്റം.

കടുത്ത വേനല്‍
പെരുമരത്തിന്‍
ഇലക്കുരവകള്‍
അടര്‍ത്തിമാറ്റി
അടിക്കാടിലൊരു അവിഹിതമായ
തീപ്പൊരിവീണു
തീ വായില്‍നിന്ന് തെന്നി മാറാന്‍
പുല്‍നാമ്പിനുകഴിഞ്ഞില്ല
വനനിയമത്തിന് ഇരയായി
ചാരമായി രണ്ടുപേര്‍

പിറ്റേന്നത്തെ പത്രത്തില്‍
അഭിമാനം തൂക്കിവില്‍ക്കാന്‍
പാകത്തില്‍
അവരുടെ മക്കള്‍ക്കായി
നല്ല കനമുള്ള ചൂടുവാര്‍ത്ത
ഒരുങ്ങുന്നു:
'കമിതാക്കള്‍
ആത്മഹത്യ ചെയ്തു.'

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Latest Videos
Follow Us:
Download App:
  • android
  • ios